ഇടയ്ക്കിടെ ഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ? ഒഴിഞ്ഞ വയറുമായി ഇരുന്ന് അൽപനേരം കഴിയുമ്പോൾ നിങ്ങൾക്ക് പലപ്പോഴും തലവേദന അനുഭവപ്പെടാറുണ്ടോ? പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ലേഖനങ്ങൾ നാമെല്ലാവരും കണ്ടിട്ടുണ്ട്, എന്നാൽ ഉച്ചഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുമോ? സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിന്റെ ദൂഷ്യവശങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
തലച്ചോർ അതിൻ്റെ പ്രാഥമിക ഊർജ്ജ സ്രോതസ്സായി ആശ്രയിക്കുന്നത് ഗ്ലൂക്കോസിനെയാണ്. നിങ്ങൾ ഭക്ഷണം ഒഴിവാക്കുമ്പോൾ, ശരീരത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് കുറയുന്നു, ഇത് തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കുന്നു. ഏകാഗ്രത കുറയുന്നതിനും ഓർമ്മക്കുറവിനും കാരണമാകുന്നു.
നീണ്ടുനിൽക്കുന്ന ഗ്ലൂക്കോസിൻ്റെ കുറവ് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂടുന്നതിന് കാരണമാകുന്നു, ഇത് വൈജ്ഞാനിക പ്രവർത്തനത്തെ കൂടുതൽ ദുർബലമാക്കുകയും ദേഷ്യവും ഉത്കണ്ഠയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടിയ സന്ദർഭങ്ങളിൽ, മസ്തിഷ്കം ഊർജ്ജത്തിനായി കെറ്റോണുകളിലേക്ക് മാറിയേക്കാം, ഈ പരിവർത്തനം മാനസികമായ പ്രശ്നങ്ങളുണ്ടാകുന്നതിന് കാരണമായേക്കാം.
ഒഴിഞ്ഞ വയറുമായി ഇരിക്കുമ്പോഴുണ്ടാകുന്ന തലവേദന പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ (ഹൈപ്പോഗ്ലൈസീമിയ) കുറവുമൂലമാണ്, ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഗ്ലൂക്കോസിൻ്റെ അഭാവം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകളുടെ വർധനവിന് കാരണമാകുന്നു, ഇതുമൂലം രക്തക്കുഴലുകൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുകയും തലവേദന അനുഭവപ്പെടുകയും ചെയ്യുന്നു.
നിർജ്ജലീകരണവും വിശപ്പ് മൂലമുണ്ടാകുന്ന പേശികളുടെ പിരിമുറുക്കവും അസ്വസ്ഥത വർദ്ധിപ്പിക്കുന്നു.
6 മണിക്കൂറിലധികം ഭക്ഷണം കഴിക്കാതെ തുടരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുമെന്നും ഇത് വിശപ്പ് മൂലമുണ്ടാകുന്ന തലവേദനയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. പ്രോട്ടീനുകളും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും ഉൾപ്പെടെയുള്ള സമീകൃത ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കുന്നത് ഏറ്റവും നല്ലതാണ്, ഇത് ഊർജ്ജം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
content summary; On empty stomach for a while? what happens to the brain when you skip meals