കൺമുന്നിൽ കത്തിയമർന്ന് സകലതും. തിങ്കളാഴ്ച മദീനയ്ക്ക് സമീപം 42 പേരുടെ ജീവനെടുത്ത സൗദി അറേബ്യയിലെ ബസപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടത് ഒരേയൊരാൾ മാത്രം. 24 വയസുകാരൻ മുഹമ്മദ് അബ്ദുൾ ഷൊഐബാണ് അപകടത്തിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ടത്.
മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന ബസ് ഒരു ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചപ്പോൾ ഷൊഐബ് ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് 44 പേരാണ് ബസിലുണ്ടായിരുന്നത്. ഷൊഐബ് ഹൈദരാബാദ് സ്വദേശിയാണ്. നിലവിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്, എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമല്ലെന്നും സ്രോതസ്സുകൾ അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 1:30 ഓടെ എണ്ണയുമായി പോയ ടാങ്കർ ലോറിയുമായി ബസ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവർക്കുമുള്ള സഹായം ഏകോപിപ്പിക്കുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ മിഷൻ ഒരു കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
സൗദി അറേബ്യയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചാണ് 42 പേർ മരിച്ചത്. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നു. മരിച്ച 42 പേരും ഹൈദരാബാദ് സ്വദേശികളാണെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 43 യാത്രക്കാരുണ്ടായിരുന്ന ബസിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
അപകടം സംഭവിച്ചത് ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫ്രഹത്ത് റോഡിൽ വച്ചാണ്. അപകടം നടക്കുമ്പോൾ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അപ്രതീക്ഷിത അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും മരണപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും കുടുംബാംഗങ്ങൾക്കും വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ ഇരകളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും വിവരങ്ങൾ നൽകുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, പ്രാദേശിക അധികാരികൾ, ബന്ധപ്പെട്ട ഉംറ ഓപ്പറേറ്റർമാർ എന്നിവരുമായി ഏകോപനം നടത്തുന്നു. ഇരകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി കോൺസുലേറ്റ് ജീവനക്കാരും ഇന്ത്യൻ കമ്മ്യൂണിറ്റി വോളണ്ടിയർമാരും ഉൾപ്പെടുന്ന ഒരു സംഘം ആശുപത്രികളിലും അപകടസ്ഥലങ്ങളിലും നേരിട്ട് സഹായം നൽകുന്നുണ്ടെന്ന് കോൺസുലേറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
content summary: The Story of the Only Survivor of the Saudi Bus Tragedy That Claimed 42 Indian Umrah Pilgrims
This post was last modified on November 17, 2025 1:26 pm
Leave a Comment