മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ചതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 18 സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് യൂറോപ്യന്‍ ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തി. ജര്‍മ്മനിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. സൗദിക്ക് ആയുധ ഉപരോധം ഏര്‍പ്പെടുത്തിയതായും ജര്‍മ്മനി വ്യക്തമാക്കി. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഷെന്‍ജന്‍ സോണിലെ 26 രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ബാധകമാണ്. ഷെന്‍ജന്‍ സോണിന്റെ ഭാഗമായ ഫ്രാന്‍സിന്റേയും ഭാഗമല്ലാത്ത യുകെയും അടക്കമുള്ള പങ്കാളിത്തത്തിലാണ് ഈ തീരുമാനം. അതേസമയം ഇവരുടെ പേരുകള്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ജര്‍മ്മന്‍ മന്ത്രി തയ്യാറായില്ല. ജര്‍മ്മന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ ഇത്തരത്തില്‍ പേരുകള്‍ പുറത്തുവിടുന്നത് വിലക്കുന്നതായാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
17 സൗദി പൗരന്മാര്‍ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടെന്ന് ആരോപണവിധേയനായ കിരീടാവകാശി സല്‍മാന്‍ രാജകുമാരനെ ഇതില്‍ നിന്ന് ഒഴിവാക്കി. സല്‍മാന്‍ രാജകുമാരനാണ് ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് എന്നാണ് സിഐഎയുടെ കണ്ടെത്തല്‍. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. ജര്‍മ്മനി സൗദിയുമായി ആയുധ ഇടപാടിന് വിലക്കേര്‍പ്പെടുത്തിയെങ്കിലും യുഎസും യുകെയും ഫ്രാന്‍സും ഇതിന് തയ്യാറായിട്ടില്ല.
https://www.azhimukham.com/foreign-mohammed-bin-salman-crown-prince-saudi-arabia-ordered-to-kill-jamal-khashoggi/