June 04, 2026 |
Share on

ഓപ്പണ്‍ എഐ വിസില്‍ ബ്ലോവര്‍ സുചിര്‍ ബാലാജി മരിച്ച നിലയില്‍

മരിക്കുന്നതിന് മൂന്നുമാസം മുന്‍പ് ജനറേറ്റീവ് എഐയുടെ വികസനത്തിലെ പകര്‍പ്പവകാശ ലംഘനങ്ങളെക്കുറിച്ച് സുചിര്‍ ബാലാജി പരസ്യമായി പ്രതികരിച്ചിരുന്നു

ഓപ്പണ്‍ എഐയിലെ മുന്‍ ജീവനക്കാരനും ജനറേറ്റീവ് എഐയുടെ വികസനത്തിലെ പകര്‍പ്പവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ച വിസില്‍ബ്ലോവറുമായ സുചിര്‍ ബാലാജിയെ സാന്‍ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. Suchir Balaji

സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് നല്‍കുന്ന വിവരമനുസരിച്ച് നവംബര്‍ 26 നാണ് 26കാരനായ സുചിര്‍ ബാലാജിയുടെ മൃതദേഹം ബുക്കാനന്‍ സ്ട്രീറ്റ് ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയത്. മരണകാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകശ്രമം നടന്നതിനുള്ള തെളിവുകളൊന്നും ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ചിട്ടില്ലായെന്ന് സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് വ്യക്തമാക്കി.

മരിക്കുന്നതിന് മൂന്നുമാസം മുന്‍പ് ജനറേറ്റീവ് എഐയുടെ വികസനത്തിലെ പകര്‍പ്പവകാശ ലംഘനങ്ങളെക്കുറിച്ച് സുചിര്‍ ബാലാജി പരസ്യമായി പ്രതികരിച്ചിരുന്നു. കമ്പനി അവരുടെ പ്രോഗ്രാം വികസിപ്പിക്കുന്നതിനും അതിന്റെ മൂല്യം 150 ബില്യണ്‍ ഡോളറിനപ്പുറം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി അവരുടെ പകര്‍പ്പവകാശമുള്ള ഉള്ളടക്കം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് സുചിര്‍ ബാലാജി ആരോപിച്ചു. ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കാന്‍ വിവരങ്ങള്‍ ശേഖരിച്ച ബിസിനസുകളെയും സംരംഭകരെയും ഓപ്പണ്‍ എഐ പ്രതികൂലമായി ബാധിക്കുമെന്ന് സുചിര്‍ ബാലാജി പറഞ്ഞതായി ഒക്ടോബര്‍ 23ന് പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസിന്റെ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റ് ആവാസവ്യവസ്ഥയ്ക്ക് എഐ ഒരു സുസ്ഥിര മാതൃകയല്ലെന്നും സുചിര്‍ ബാലാജി പറഞ്ഞതായി പ്രസിദ്ധീകരണത്തില്‍ പറയുന്നു.

എന്നാല്‍ സുചിര്‍ ബാലാജി അവസാനമായി ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തെക്കുറിച്ച് പറയുന്നുണ്ട്. നിലവിലെ ജനറേറ്റീവ് എഐ സംവിധാനത്തിന് മുമ്പ് മുതല്‍ ഈ സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് രസകരമായ ഒരു കാഴ്ചപ്പാട് ഉണ്ടെന്ന് കരുതിയതിനാലാണ് ഞാന്‍ ന്യൂയോര്‍ക്ക് ടൈംസിനെ സമീപിച്ചത്. ഓപ്പണ്‍ എഐയുമായുള്ള തര്‍ക്കങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് സുചിര്‍ ബാലാജി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. സുചിര്‍ ബാലാജിയുടെ മരണത്തില്‍ ഓപ്പണ്‍ എഐ പ്രതികരണം അറിയിച്ചിട്ടുണ്ട്. സുചിര്‍ ബാലാജിയുടെ മരണവാര്‍ത്ത അവിശ്വസനീയമാണെന്നും ഏറെ ദുഖകരമാണെന്നും ഓപ്പണ്‍ എഐ പ്രതികരിച്ചു.

നവംബര്‍ 26ന് സുചിര്‍ ബാലാജിയുടെ കുറച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ സുചിര്‍ ബാലാജിയില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ലാറ്റിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.Suchir Balaji
Content summary: OpenAI whistleblower Suchir Balaji found dead

Suchir Balaji OpenAI chatgpt Generative AI

Leave a Reply

Your email address will not be published. Required fields are marked *

×