June 04, 2026 |
Share on

പാക് മണ്ണില്‍ ഇന്ത്യയ്ക്ക് കരുത്തേകിയത് റഫാല്‍ യുദ്ധവിമാനങ്ങള്‍

ലക്ഷ്യം തെറ്റാതെ എല്ലാം ചാരമാക്കും

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളും ഘടിപ്പിച്ച റാഫേല്‍ യുദ്ധവിമാനങ്ങളെന്ന് റിപ്പോര്‍ട്ട്. കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായാണ് ആക്രമണത്തില്‍ അണിചേര്‍ന്നത്. സമീപകാലങ്ങളില്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ഏറ്റവും ശ്രദ്ധേയമായ ഓപ്പറേഷനുകളില്‍ ഒന്നായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’.

ആക്രമണത്തിനായി ഇന്ത്യന്‍ സേന ഉപയോഗിച്ച ആയുധങ്ങള്‍ ഫ്രാന്‍സില്‍ നിന്നുള്ളവയായിരുന്നു. ഫ്രാന്‍സിന്റെ അഭിമാനമായ റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നാണ് ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകളും, ക്രൂയിസ് ഹാമര്‍ മിസൈലുകളും പാകിസ്ഥാന്റെ ഭീകര താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ തൊടുത്തത്. സ്‌കാല്‍പ്, ക്രൂയിസ് മിസൈലുകള്‍ ലക്ഷ്യം തെറ്റാതെ തന്നെ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂരിന്റെ ആദ്യഘട്ടമാണിതെന്നാണ് സേന വ്യക്തമാക്കുന്നത്.

ആദ്യമായാണ് റഫാല്‍  യുദ്ധവിമാനം ഒരു ആക്രമണത്തില്‍ പങ്കാളിയാകുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന റഫാല്‍ യുദ്ധവിമാനങ്ങള്‍ ലോകത്തിലെ ഏറ്റവും നൂതനവും മികച്ച പ്രഹരശേഷിയുള്ളതുമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ റഫാലില്‍ നിന്ന് തൊടുക്കുന്ന സബ്‌സോണിക് സ്‌കാല്‍പ് മിസൈലുകള്‍ക്ക് കഴിയും. റഫാല്‍ വിമാനങ്ങള്‍ക്ക് 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ കഴിയും. ഒരേസമയം ആറ് ഹാമറുകള്‍ വരെ വഹിക്കാനാകും.

rafale weapons

റഫാലില്‍ നിന്ന് തൊടുക്കുന്ന സബ്സോണിക്ക് വിഭാഗത്തില്‍പ്പെട്ട സ്‌കാല്‍പ് മിസൈലുകള്‍ക്ക് 450 കിലോ പോര്‍മുന വഹിക്കാനും 300 കിലോമീറ്റര്‍ ദൂരം വരെ പ്രഹരിക്കാനും ശേഷിയുണ്ട്. പോര്‍വിമാനങ്ങളില്‍ നിന്ന് മിസൈലുകള്‍ തൊടുത്ത് കഴിഞ്ഞാല്‍ പിന്നീട് അവ നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല. ‘ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്’ വിഭാഗത്തിലുള്ള ഇവ പ്രധാനമായും കമാന്‍ഡ് സെന്ററുകള്‍, എയര്‍ഫീല്‍ഡുകള്‍ തുടങ്ങിയവ തകര്‍ക്കാനാണ് ഉപയോഗിക്കുന്നത്.

കൂടാതെ ഇവയ്ക്ക് എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, മിസൈലുകള്‍ വഹിക്കാനും ആണവമിസൈലുകള്‍ കൊണ്ടുള്ള ആക്രമണത്തിനും ശേഷിയുണ്ട്. ശത്രുസേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനവും, അത്യാധുനിക റഡാറും ഇവയിലുണ്ട്. ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എഞ്ചിന്‍ കരുത്തും, ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ഇവയ്ക്ക് നിഷ്പ്രയാസം സാധിക്കും.

ഫ്രാന്‍സ് വികസിപ്പിച്ചെടുത്ത ഗൈഡഡ് എയര്‍-ടു-സര്‍ഫേസ് യുദ്ധോപകരണമായ ആംമെന്റ് എയര്‍-സോള്‍ മോഡുലെയര്‍ (AASM) എന്നും അറിയപ്പെടുന്ന ഹാമറും സേന പാക്കിസ്ഥാനെതിരെ പ്രയോഗിച്ചിരുന്നു. ‘ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്സറ്റന്‍ഡഡ് റേഞ്ച്’ (Highly Agile Modular Munition Extended Range) എന്നതിന്റെ ചുരുക്കെഴുത്തായ ഹാമറുകള്‍ക്ക് 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ട്. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമര്‍ 125 കിലോഗ്രാം മുതല്‍ 1,000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. ജിപിഎസ്, ഇന്‍ഫ്രാറെഡ് ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വരെ നിഷ്പ്രയാസം കീഴടക്കാന്‍ സാധിക്കും. ഒരുസമയം ആറ് ഹാമറുകള്‍ വരെ വഹിക്കാന്‍ റഫാല്‍ വിമാനങ്ങള്‍ക്ക് ശേഷിയുണ്ട്. എല്ലാ കാലാവസ്ഥയിലും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നവയാണ് ഇവ. ഡസ്സോള്‍ട്ട് റഫാല്‍, മിറാഷ് 2000D, എ16, തേജസ്, മിഗ്-29 എന്നിവയുള്‍പ്പെടെ വിവിധ യുദ്ധവിമാനങ്ങളുമായി ഇത് പൊരുത്തപ്പെടുന്നുമുണ്ട്. Operation sindoor: India used rafale weapons to target teerorism in pakistan 

Content Summary: Operation sindoor: India used rafale weapons to target teerorism in pakistan

Leave a Reply

Your email address will not be published. Required fields are marked *

×