June 05, 2026 |
Share on

ഓപ്പറേഷന്‍ സിന്ദൂര്‍; നീതി നടപ്പാക്കപ്പെട്ടു എന്ന് ഇന്ത്യന്‍ ആര്‍മി

പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ

പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യ. 26 മനുഷ്യരെ കൊന്നൊടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്താന്‍ പറയുന്നത്, ഇന്ത്യയുടെ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ്.

കുറച്ചു സമയങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചു, അവിടെ നിന്നാണ് ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്” എന്നാണ് പ്രത്യാക്രമണം സ്ഥിരീകരിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഇന്ത്യയുടെ ഈ പ്രത്യാക്രമണം നിശ്ചയിച്ചപ്രകാരമുള്ളതാണെങ്കിലും, അത് നിയന്ത്രിതവും, സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വയ്ക്കാന്‍ ഇന്ത്യ തയ്യാറായില്ല. പകരം തീവ്രവാദ കേന്ദ്രങ്ങളായിരുന്നു ടാര്‍ഗറ്റ് ചെയ്തത്. വിവേചനരഹതിയമോ ആക്രമണോത്സുകമോ ആയ പ്രവര്‍ത്തിയല്ല ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വളരെ ശ്രദ്ധാപൂര്‍വമായ നടപടിയാണ് ഉണ്ടായിട്ടുള്ളത്. പാക് സൈനിക കേന്ദ്രങ്ങളെ തൊടാതെ, തീവ്രവാദികളെ മാത്രമാണ് ലക്ഷ്യം വച്ചത്.

ഒരു നേപ്പാള് സ്വദേശി ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമാണ്ഇന്ത്യന്‍ സൈന്യം നടത്തിയിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നുണ്ട്. പഹല്‍ഗാമില്‍ നടത്തിയ ഭീകരതയ്ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന ഇന്ത്യയെടുത്ത പ്രതിജ്ഞയാണ് നിറവേറ്റിയിരിക്കുന്നതെന്നും പ്രതിരോധമന്ത്രാലയം പറയുന്നു.

‘ നീതി നടപ്പാക്കപ്പെട്ടിരിക്കുന്നു’ എന്ന് അറിയിച്ചുകൊണ്ട് ഇന്ത്യന്‍ കരസേന എക്‌സില്‍ ഒരു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ പോസ്റ്റില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ചിത്രത്തിനൊപ്പമാണ് ഈ വരിയും എഴുതിയിരിക്കുന്നത്.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം പാക് അധിനിവേശ കശ്മീരിലെ മുസാഫര്‍ബാദില്‍ ഒന്നിലധികം സ്‌ഫോടനശബ്ദം കേട്ടുവെന്നാണ്. ഇന്ത്യ മൂന്നു സ്ഥലങ്ങളില്‍ നിന്നായി പാകിസ്താനെതിരേ മിസൈല്‍ ആക്രമണം നടത്തിയെന്നും, പാകിസ്താന്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും പാക് സൈന്യത്തിന്റെ വക്താവ് എആര്‍വൈ എന്ന പ്രക്ഷേപണ കേന്ദ്രത്തിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ മുകളില്‍ കൂടി പറന്നു പോകുന്നതിന്റെ ശബ്ദം തങ്ങള്‍ കേട്ടതായി മുസാഫര്‍ബാദിലെ പ്രദേശവാസികള്‍ പറഞ്ഞതായി ദി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുസാഫര്‍ബാദിന് സമീപത്തുള്ള ഗ്രാമീണ മേഖലയിലെ ഒരു പ്രദേശം ഒരുകാലത്ത് ലഷ്‌കര്‍-ഇ-തൊയ്ബയുടെ കേന്ദ്രമായിരുന്നു. ഇവിടെയും ആക്രമണം നടത്തിയതായാണ് ഗ്രാമവസികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുസാഫര്‍ബാദ് കൂടാടെ മറ്റ് രണ്ട് സ്ഥലങ്ങളില്‍ കൂടി ഇന്ത്യ ആക്രമണം നടത്തിയെന്നാണ് പാകിസ്താന്‍ സൈനിക വക്താവ് പറയുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ട ബഹവല്‍പൂരിലാണ് മറ്റൊരു ആക്രമണം നടത്തിയത്. ഇവിടെ ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധപ്പെട്ട ഒരു മതശാല സ്ഥിതി ചെയ്യുന്നുണ്ട്. ആക്രമണം നടന്ന മൂന്നമാത്തെയിടം, പാകിസ്താന്‍ അധിനിവേശ കശ്മീരിലെ ഒരു പട്ടണമായ കോട്ലിയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവരുന്നുണ്ടായിരുന്നു. തിരിച്ചടിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിരുന്നു. ആക്രമിക്കുകയല്ല, ഇന്ത്യയുടെ സുരക്ഷ പ്രതിരോധം ഉറപ്പാക്കുകയാണ് രാജ്യം ലക്ഷ്യമിട്ടത്.  Operation Sindoor, Indian Army strikes 9 terrorist sites in Pakistan and Pakistan occupied Kashmir

Content Summary; Operation Sindoor, Indian Army strikes 9 terrorist sites in Pakistan and Pakistan occupied Kashmir

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×