UPDATES

കോൺഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകൾക്കും മാത്രമല്ല സംഘപരിവാറിനുപോലും വേണ്ടപ്പെട്ടവനായ കെ എം മാണി എന്ന രാഷ്ട്രീയ പ്രതിഭാസം

ഇ എം എസ്സിനും കെ കരുണാകരനും ശേഷം കേരളം കണ്ട മറ്റൊരു ഉദയം എന്നുവേണമെങ്കിൽ പോലും പാലാക്കാരുടെ കുഞ്ഞു മാണിയായി തുടങ്ങി പിന്നീട് കേരളത്തിന്റെ മാണി സാറായി മാറിയ കെ എം മാണിയെ വിശേഷിപ്പിക്കാം

കെ എ ആന്റണി

കെ എ ആന്റണി

                       

അങ്ങനെ ഒടുവുവിൽ മാണി സാറും യാത്രയായി. മലയോര കർഷകരുടെ മിശ്ശിഹാ അല്ലെങ്കിൽ കാൾമാക്സ് എന്നും റോമൻ കാതോലിക്കാ സഭയുടെ എക്കാലത്തെയും പ്രിയങ്കരൻ എന്നോ ഉറ്റ തോഴൻ എന്നൊന്നൊക്കെ ഒരുപാട് വിശേഷണങ്ങളുള്ള മാണി സാർ വിട പറയുമ്പോൾ കേരള രാഷ്ട്രീയത്തിൽ പെട്ടെന്നൊരു ശൂന്യത അനുഭവപ്പെടുക എന്നത് തികച്ചും സ്വാഭാവികം. അതും പതിനേഴാം ലോക് സഭയിലേക്കുള്ള തിരെഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ അതിന്റെ പാരമ്യതയിലേക്കു എത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ. മിത്രങ്ങളെ വെല്ലുന്ന രീതിയിൽ ശത്രുക്കളും ഉണ്ടാകുമ്പോഴും മാണി സാറിന്റെ ദേഹ വിയോഗത്തെ ഓരോരുത്തരും എങ്ങനെ അടയാളപ്പെടുത്തും എന്ന കാര്യത്തിൽ ശങ്ക ഏതുമില്ല. സത്യത്തിൽ ഇക്കഴിഞ്ഞ ആഴ്ച പ്രിയ സുഹൃത്തും പത്ര പ്രവർത്തകനുമായ കെ പി സേതുനാഥ് മാണി സാർ ലെയ്ക് ഷോർ ആശുപത്രിയിൽ ആണെന്നും വാർത്ത മൂടിവെക്കപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ നിമിഷം മുതൽ അറിഞ്ഞിരുന്നു ആ ചാപ്റ്റർ ഏതാണ്ട് ക്ലോസ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന്.

മരിച്ചവരെക്കുറിച്ചു മോശം പറയരുതെന്നാണ്. ഒരു മുതിർന്ന നേതാവിന്റെ, അതും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ഒരാളുടെ മരണം സ്ഥിരീകരിക്കാനെടുത്ത സമയ തീരുമാനത്തെയും ഇവിടെ ചോദ്യം ചെയ്യുന്നില്ല. ഒരു പക്ഷെ മാണി സാർ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഉണ്ടാകാമായിരുന്ന ജനപ്രവാഹം ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഈ മൂടിവെക്കല്‍ എന്നു വേണമെങ്കില്‍ പറയാം. ഇന്ദിര ഗാന്ധി വധവുമായി ബന്ധപ്പെട്ട് എൻ എസ് മാധവൻ എഴുതിയ ‘വൻ മരങ്ങൾ വീഴുമ്പോൾ’ എന്ന കഥയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.

കേരളത്തെ സംബന്ധിച്ചെടത്തോളം അല്ലെങ്കിൽ കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ആരായിരുന്നു കരിംകോഴക്കൽ മാണി മാണി എന്ന കെ എം മാണി എന്ന ചോദ്യത്തിന് ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ എനിക്കുള്ള മറുപടി കേരള രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ കിറു കൃത്യമായി മനസ്സിലാക്കിയ ഒരു രാഷ്ട്രീയ ചാണക്യൻ എന്ന് തന്നെയാണ്. ഇ എം എസ്സിനും കെ കരുണാകരനും ശേഷം കേരളം കണ്ട മറ്റൊരു ഉദയം എന്നുവേണമെങ്കിൽ പോലും പാലാക്കാരുടെ കുഞ്ഞു മാണിയായി തുടങ്ങി പിന്നീട് കേരളത്തിന്റെ മാണി സാറായി മാറിയ കെ എം മാണിയെ വിശേഷിപ്പിക്കാം. ഉള്ളിൽ പുകയുന്ന വിദ്വേഷം കൊണ്ട് നടക്കുന്ന വേളകളിൽ പോലും കമ്മ്യൂണിസ്റ്റുകൾക്കും കോൺഗ്രെസ്സുകാര്‍ക്കും മാത്രമല്ല സംഘ പരിവാറിനുപോലും വേണ്ടപ്പെട്ടവനാകാൻ ഏതൊരു രാഷ്ട്രീയക്കാരനും ഒരു വേറിട്ടൊരു വൈഭവം ആവശ്യമാണ്. അതുകൊണ്ട് നടന്നിരുന്ന വേറിട്ടൊരു രാഷ്ട്രീയ പ്രതിഭാസം ആയി പോലും മാണി സാറിനെ വിശേഷിപ്പിക്കേണ്ടി വരുന്നു എന്നത് ഒരു പക്ഷെ വലിയൊരു രാഷ്ട്രീയ പാപ്പരത്തമായി ഇതെഴുന്ന എന്നെപ്പോലെ തന്നെ പലരും കണ്ടേക്കാമെങ്കിലും അതൊരു യാഥാർഥ്യമായി കേരള രാഷ്ട്രീയം ഇന്നും കൊണ്ടാടുന്നുവെന്നതാണ് വസ്തുത.

തുടക്കത്തിലേ സൂചിപ്പിച്ച മരിച്ചവരെക്കുറിച്ചു ദുഷിപ്പു പറയരുതെന്ന സാമാന്യ മര്യാദ പുലർത്തിക്കൊണ്ട് തന്നെ പറയട്ടെ അധികം വാഴ്ത്തു പാട്ടുകളിലേക്കും കടക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് തീർച്ചയായും എന്റെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന പത്ര പ്രവർത്തന ജീവിതത്തോടും ഒരു രാഷ്ട്രീയകാര്യ ലേഖകൻ എന്ന നിലയിൽ നേരിട്ടും അല്ലാതെയും അറിയുന്ന ഒരു നേതാവിനോട് മരണ ശേഷവും ചെയ്യുന്ന കടുത്ത അപരാധം ആയിരിക്കും എന്ന് മനസ്സ് മന്ത്രിക്കുന്നു. മാണി സാറിന് വിട ചൊല്ലി ഇവിടെ നിറുത്തട്ടെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

Share on

മറ്റുവാര്‍ത്തകള്‍