June 26, 2026 |

ദേശീയപാത പൊളിഞ്ഞതിന് കേരളത്തേയും മന്ത്രിയേയും പഴിക്കണോ? സമരങ്ങൾ ആർക്കെതിരെ ? NH 66 ഉയർത്തുന്ന ചോദ്യങ്ങൾ

നിർമ്മാണത്തിലെ അശാസ്ത്രീയതയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്

മലപ്പുറം ജില്ലയിലെ കൂരിയാട് നിർമ്മാണത്തിനിടെ ദേശീയപാതയിൽ വിള്ളലുണ്ടായത് ഏറെ ആശങ്കകൾക്ക് വഴിവച്ചിരുന്നു. ദേശീയ പാത 66ലെ പ്രശ്നങ്ങൾ സുവർണ്ണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാനും ആശങ്ക വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾ പ്രതിപക്ഷ പാർട്ടികൾ നടത്തുന്നുണ്ട്. ​ഈ ശ്രമങ്ങളെ വിമർശിച്ച് കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രം​ഗത്തു വന്നിട്ടുണ്ട്. നി‍ർമ്മാണത്തിനിടയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കുകയും ഇത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം കൂരിയാട് ഹൈവേയുടെ നിർമ്മാണം നടന്നുക്കൊണ്ടിരിക്കെ ഓവർ പാസിൽ നിന്ന് മതിൽ തകർന്ന് സർവ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. റോഡ്നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന വാദങ്ങളും ഉയർന്നിരുന്നു. നാഷണൽ ഹൈവേ അതോറിറ്റിയ്ക്ക് കീഴിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎൻആർസിഎൽ കമ്പനിയാണ് ഹൈവേയുടെ നിർമ്മാണം ഏറ്റെടുത്തത്. കൂരിയാട് അപകടമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ മറ്റു പല പ്രദേശങ്ങളിലുമായി വിള്ളൽ രൂപപ്പെട്ടതായും അപകടമുണ്ടായതായുമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം കൂരിയാടിന് പുറമേ കണ്ണൂർ, തൃശൂർ പ്രദേശങ്ങളിലായി ചിലയിടങ്ങളിലും മണ്ണിടിച്ചിലും വിള്ളലുമുണ്ടായതോടെ പാതയുടെ നിർമ്മാണ ​ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ ശക്തമാവുകയാണ്. കൂരിയാട് നിന്ന് ഏകദേശം മൂന്ന് കിലോ മീറ്റർ മാറി മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മുകളിലെ ഭാരം താങ്ങാനാവാതെ അടിയിലെ മണ്ണ് തെന്നി മാറിയതിന് പിന്നിലെ കാരണമെന്ന് വിദ​ഗ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂരിയാടുണ്ടായ അപകടത്തിനെ മുൻനിർത്തി നിർമ്മാണത്തിലുണ്ടായ അപാകതകൾ വിലയിരുത്താൻ ഐഐടിയിലെ വിദ​ഗ്ധ സംഘത്തെയും കേന്ദ്രം ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമേ നിർമ്മാണത്തിന്റെ കരാറുകാരനും കമ്പനിയ്ക്കുമെതിരെ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കേന്ദ്രം സ്വന്തം സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച തിരിച്ചറിഞ്ഞതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താൻ കാരണമെന്ന് കരുതാം

മലപ്പുറം കൂരിയാട് മൂന്ന് തവണയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശവാസികൾ ആരംഭിച്ച സമരം താത്കാലികമായി നിർത്തി വച്ചിരുന്നെങ്കിലും വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ സമരവുമായി മുന്നോട്ട് പോവുകയാണ് ജനങ്ങൾ. മലപ്പുറത്തിന് പുറമേ തൃശൂരും കണ്ണൂരും പ്രതിഷേധം ശക്തമാണ്. മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ഇതിന് വിശദീകരണവുമായി നിർമ്മാണ കമ്പനികളും എത്തിയിട്ടുണ്ട്. മലകൾ ഇടിച്ച് റോഡ് നിർമ്മിക്കുമ്പോൾ, ഇടിച്ച അരികുകളിൽ കമ്പി തുളച്ചുകയറ്റി നെറ്റ് ചെയ്ത് കോൺക്രീറ്റ് പ്ലാസ്റ്ററിങ് ചെയ്യുന്ന സോയിൽ നെയ്ലിങ് ആണ് ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ ചെയ്തതിരിക്കുന്നത് എന്നാൽ ഇത് ഭൂഘടനയ്ക്ക് യോജിച്ച രീതിയാണോയെന്ന് വിലയിരുത്താനുള്ള പ്രായോ​ഗികപഠനങ്ങളൊന്നും കമ്പനിയുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടില്ല.

നാഷണൽ ഹൈവേ നിർമ്മാണത്തിലെ അശാസ്ത്രീയതയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. സംസ്ഥാനത്തിന് മേൽ നിക്ഷിപ്തമായ കടമ പ്രകാരം പദ്ധതിയക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കൊടുത്തത് മാത്രമാണ് ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഇടപെടൽ. പദ്ധതിയിലേക്കായി ആകെ മുഴുവൻ 25 ശതമാനം വിഹിതം മാത്രം മുടക്കിയിട്ടുള്ള കേരളത്തിനെതിരയുള്ള വിമർശനങ്ങൾക്കിടയിൽ ഈ അപകടത്തിൽ എൻഎച്ച്എഐയുടെ ഉത്തരവാദിത്തം മുക്കി കളയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നാഷണൽ ഹൈവേ അതോറിറ്റി നിലവിൽ യൂണിയൻ സർക്കാരിന്റെ ഏഴാം ഷെഡ്യൂളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അക്കാരണത്താൽ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് അതോറിറ്റിയോട് നിർദേശങ്ങൾ നടത്താനോ നിയമനിർമ്മാണം നടത്താനോ സാധിക്കില്ലെന്ന കാര്യം എല്ലാവർക്കും ധാരണയുളളതുമാണ്. എന്നാൽ ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ, ക്രമസമാധാനം, പ്രാദേശിക ഏകോപനം എന്നിവയ്ക്ക് നേതൃത്വം നൽകേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് അത് കൃത്യമായി നിർവഹിക്കുന്നുമുണ്ട്. നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും നിർദ്ദേശമോ, അധികാര പ്രയോഗങ്ങളോ നടത്തിയാൽ സംസ്ഥാനത്തിനെതിരെ കേന്ദ്രത്തിന് ശക്തമായ നടപടികളെടുക്കാൻ സാധിക്കും കേന്ദ്രത്തിന്റെ നിർദേശം കൃത്യമായി പാലിച്ചതിനാണ് സംസ്ഥാനമിപ്പോൾ പഴി കേൾക്കുന്നത്. എന്നാൽ ഇക്കാര്യം വ്യക്തമായി മനസിലാക്കാനോ വിലയിരുത്താനോ ശ്രമിക്കാതെയാണ് പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

മഹാരാഷ്ട്രയിലെ പനവേൽ മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാത 66ൽ പല കേരളത്തിൽ പല സ്ട്രച്ചുകളിലായാണ് പണി നടക്കുന്നത്. അതിൽ മലപ്പുറത്ത് കൂരിയാടിനടുത്താണ് ആദ്യ അപകടമുണ്ടാവുന്നത്. ഈ ഭാ​ഗത്തിന്റെ ഇംപ്ലിമെന്റിം​ഗ് ഏജൻസി കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന റോഡ് ട്രാൻപസ്പോർട്ട് ആന്റ് ഹൈവേസിന് കീഴിൽ വരുന്ന നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആണ്. അതുകൊണ്ട് തന്നെ ഹൈവേയുടെ ഡിസൈൻ, കരാർദാനം , സൂപ്പർ വിഷൻ, നിർമ്മാണം, മെയിന്റനൻസ് എന്നിവയുടെ ഒരു ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനില്ല. ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്. രാഷ്ട്രീയ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള ഒരു വിഷയമായി ഇതിനെ കാണുമ്പോൾ പരിഹാരം കാണാതെ പോകുന്നത് നിരവധി ജില്ലകളെ ഒരുപോലെ ബാധിക്കുന്ന ഗുരുതര പ്രശ്നത്തിനാണ്.

content summary: The opposition parties have blamed the state government for the destruction of National Highway 66, raising several critical questions about the issue

Leave a Reply

Your email address will not be published. Required fields are marked *

×