വസ്ത്രാക്ഷേപം ചെയ്യുന്നതോ സ്ത്രീ സുരക്ഷ; കലാ രാജുവിനെ തട്ടിക്കൊണ്ട് പോയതില്‍ പ്രക്ഷുബ്ദമായി സഭ

കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയര്‍ത്തുന്നതാണോ സ്ത്രീസുരക്ഷ

കൂത്താട്ടുകുളത്ത് കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ പ്രമേയത്തെ തുടര്‍ന്ന് സഭയില്‍ നാടകീയ രംഗങ്ങള്‍. അനൂപ് ജേക്കബ് എംഎല്‍എ ആയിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്ന് കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദ്ധരിച്ച് അനൂപ് ജേക്കബ് നിയമസഭയില്‍ ചോദിച്ചു.opposition mla raises concerns over assault of a cpm woman councilor

‘സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി രണ്ട് ആഴ്ചയ്ക്കുള്ളിലാണ് ജനപ്രതിനിധിയായ ഒരു വനിത ആള്‍ക്കൂട്ടത്തിന് നടുവില്‍ അപമാനിക്കപ്പെട്ടത്. നഗരമധ്യത്തില്‍ സിപിഎമ്മിന്റെ വനിതാ കൗണ്‍സിലറെ സിപിഎം നേതാക്കള്‍തന്നെ മര്‍ദിച്ച് വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുന്നത് എന്ത് സ്ത്രീ സുരക്ഷയാണ്. കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയര്‍ത്തുന്നതാണോ സ്ത്രീസുരക്ഷ. പോലീസ് നോക്കി നില്‍ക്കെയാണ് സംഭവം. സെലിബ്രിറ്റിക്ക് മാത്രമാണോ ഇവിടെ സ്ത്രീസുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു.

അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നില്‍ക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്. ഹണി റോസ് കേസില്‍ ശരവേഗത്തില്‍ നടപടി സ്വീകരിച്ച പോലീസ്, കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അനൂപ് ജേക്കബ് സഭയില്‍ ആരോപിച്ചു.

‘സ്ത്രീ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. കൂടാതെ, കൂത്താട്ടുകുളം വിഷയത്തിലെ പരാതികളില്‍ ശക്തമായ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി മറുപടി നല്‍കി. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിന് അവകാശം ഉണ്ട്. കലാരാജുവിനെ പാര്‍ട്ടി മാറ്റാന്‍ നീക്കം നടത്തി. കാലുമാറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അത് അംഗീകരിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മറ്റൊരു രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ പദവി രാജിവച്ചിട്ട് മാറുന്നതാണ് മര്യാദ. കാലുമാറ്റത്തെ അതേരീതിയില്‍ അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. അത് പൊതുവെ അംഗീകരിക്കപ്പെട്ടതുമാണ്. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പ്രധാന പ്രശ്‌നം. കല രാജുവിന് ഉണ്ടായ പരാതിയില്‍ ശക്തമായ നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ഗൗരവമായി കാണും.അവരുടെ പരാതി ഗൗരവമായി കണ്ടു നടപടി സ്വീകരിക്കും. സ്ഥലത്ത് സംഘര്‍ഷാവസ്ഥയോ മറ്റു ക്രമസമാധാന പ്രശ്നങ്ങളോ നിലവിലില്ല. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചുവരുന്നു. അതിനാല്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല’,- മുഖ്യമന്ത്രി പറഞ്ഞു

എന്നാല്‍ സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. കാലുമാറ്റം ഉണ്ടായാല്‍ തട്ടിക്കൊണ്ട് പോകുമോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. ക്രിമിനലുകളെ സി.പി.എം വളര്‍ത്തിയെടുക്കുന്നു. ഇതാണോ അമ്മമാരോടും സഹോദരിമാരോടുമുള്ള നീതി ബോധം എന്നും വിഡി സതീശന്‍ സഭയില്‍ ചോദിച്ചു.opposition mla raises concerns over assault of a cpm woman councilor

Content Summary: opposition mla raises concerns over assault of a cpm woman councilor

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment