ഏകപക്ഷീയമായ പാര്‍ലമെന്റ് ആയിരുന്നു പ്രവചനം. പ്രതിപക്ഷം പൂര്‍ണമായും നിശബ്ദമാകുമെന്ന പ്രചാരണവും ശക്തമായിരുന്നു. പ്രവചനങ്ങളും പ്രചാരണങ്ങളും പാടെ തകര്‍ന്നു. മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെങ്കിലും കഴിഞ്ഞ രണ്ടു തവണത്തേതില്‍ നിന്നും കഠിനമായിരിക്കും മൂന്നാമൂഴം. പാര്‍ലമെന്റ് ഇത്തവണ ബിജെപിയുടെയും അതിന്റെ സഖ്യ കക്ഷികളുടെയും കാര്യാലയമല്ല; ചോദ്യങ്ങളും ചൂണ്ടിക്കാട്ടലുകളുമായി പ്രതിപക്ഷമുണ്ട്. oppositions new faces in parliament, meet ten mps they are first time in lok sabha
ഇത്തവണ, പാര്‍ലമെന്റിലേക്ക് എത്തിയ പുതുനിരയെ നിരീക്ഷിച്ചാല്‍, അതില്‍ ഭരണപക്ഷത്തെ അസ്വസ്ഥമാക്കുന്ന പലരും പ്രതിപക്ഷത്തുണ്ട്. ആ കൂട്ടത്തില്‍ പത്തുപേരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
സഞ്ജന ജാതവ്
രാജസ്ഥാനില്‍ നിന്നുള്ള നാല് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് സഞ്ജന ജാതവ്. ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്ന സഞ്ജനയ്ക്ക് പ്രായം വെറും 25 വയസ്! നിയമബിരുദധാരിയായ സഞ്ജന ഭരത്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ സംവരണ മണ്ഡലമായ ഭരത്പൂരില്‍ 51,983 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മയുടെ സ്വന്തം ജില്ലയില്‍ ഉള്‍പ്പെടുന്നതാണ് ഈ മണ്ഡലം. ആല്‍വാര്‍ ജില്ല പഞ്ചായത്ത് മുന്‍ അംഗ കൂടിയായ സഞ്ജന ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ആല്‍വാറിലെ കതുമാര്‍ സീറ്റില്‍ പക്ഷേ വിജയിക്കാനായില്ല. എന്നാല്‍ ആറു മാസങ്ങള്‍ക്കിപ്പുറം ലോക്‌സഭയിലേക്ക് മിന്നുന്ന വിജയം നേടി പരാജയത്തിന് മറുപടി നല്‍കി.
ചന്ദ്രശേഖര്‍ ആസാദ്
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി സജീവമായുണ്ട് ചന്ദ്രശേഖര്‍ ആസാദ് ‘രാവണ്‍’. ബിജെപിയുടെ ശക്തനായ വിമര്‍ശകന്‍, ദളിത് രാഷ്ട്രീയത്തിന്റെ വക്താവുമായ ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശിലെ നഗിന മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. ബിജെപിയുടെ ഒം കുമാറിനെ 1.51 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആസാദ് തകര്‍ത്തത്. ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായിട്ടില്ലാത്ത ആസാദ്, ആസാദ് സമാജ് പാര്‍ട്ടി(കന്‍ഷിറാം) എന്ന സ്വന്തം പാര്‍ട്ടിയുടെ ലേബലിലാണ് മത്സരത്തിനിറങ്ങിയത്. ഉത്തര്‍പ്രദേശിലെ ദളിത് രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാനാകാത്ത സാഹചര്യത്തിലാണ് ആസാദ് അതേ രാഷ്ട്രീയം പറഞ്ഞ് വിജയിച്ചു കയറിയിരിക്കുന്നത്.
‘രാവണ്‍’ എന്ന് അറിയപ്പെടുന്ന ആസാദും അദ്ദേഹത്തിന്റെ ഭീം ആര്‍മിയും 2017 ല്‍ ഉത്തര്‍പ്രദേശിലെ ഷഹരണ്‍പൂരില്‍ നടന്ന കലാപത്തിലൂടെയാണ് ദേശീയ ശ്രദ്ധ നേടുന്നത്. സവര്‍ണ ജാതിക്കാര്‍ ദളിതരെ ആക്രമിക്കുന്നുവെന്ന ആരോപണവുമായി ആസാദും അദ്ദേഹത്തിന്റെ ഭീം ആര്‍മിയും പ്രക്ഷോഭം ആരംഭിക്കുകയും പൊലീസുമായി ഏറ്റുമുട്ടലിലേക്ക് എത്തുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ കലാപസമാനമായത്. ഷഹരണ്‍പൂര്‍ കലാപത്തിന്റെ പേരില്‍ ‘ രാവണ്‍’ ശിക്ഷിക്കപ്പെട്ടു. ജയില്‍ മോചിതനായശേഷമാണ് അദ്ദേഹം കൂടുതല്‍ ജനകീയനാകുന്നതും, ഉത്തര്‍പ്രദേശിലെ ദളിത് രാഷ്ട്രീയത്തിന്റെ മുഖമാകുന്നതും. പൗരത്വഭേദഗതി ബില്ലിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍ നിരയിലും ആസാദ് ഉണ്ടായിരുന്നു.
ജെനിബെന്‍ നാഗാജി താക്കൂര്‍
ഗുജറാത്തില്‍ നിന്നും ഒരു ദശാബ്ദത്തിനുശേഷമാണ് കോണ്‍ഗ്രസിന് ലോക്‌സഭ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. ജെനിബെന്‍ നാഗാജി താക്കൂറാണ് ഗുജറാത്തില്‍ ബിജെപിയുടെ സമ്പൂര്‍ണ വിജയം തടഞ്ഞത്. വാവ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ അംഗമായ ജെനിബെന്‍ ഇതാദ്യമായാണ് ലോക്‌സഭയിലെത്തുന്നത്. ബാനസ്‌കാന്ത മണ്ഡലത്തില്‍ ബിജെപിയുടെ രേഖബെന്‍ ഹിതേഷ്ഭായ് ചൗധരിയെ 30,406 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജെനിബെന്‍ പരാജയപ്പെടുത്തിയത്.
ആകെയുള്ള 26 സീറ്റുകളും മൂന്നാം തവണയും തങ്ങള്‍ തന്നെ സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഗുജറാത്തില്‍ ഇത്തവണയും ബിജെപി. ഇതര പാര്‍ട്ടിക്കാരുടെ നോമിനേഷനുകള്‍ തള്ളിക്കളയുകയും മത്സരത്തില്‍ നിന്നു പിന്മാറാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നൊക്കെയുള്ള ആരോപണങ്ങളും പരാതികളും പലതും ഉയര്‍ന്നിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തന്റെ മേലും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് ജെനിബെന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്. തന്റെ പ്രചാരണത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയാതെ വന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ നിന്നു കിട്ടിയ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ നടത്തിയതെന്നും ജെനിബെന്‍ നേരത്തെ പറഞ്ഞിരുന്നു.
രാജ്കുമാര്‍ റോത്ത്
രാജസ്ഥാനിലെ ബന്‍സ്വാര മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയില്‍ എത്തുന്ന നേതാവാണ് രാജ്കുമാര്‍ റോത്ത്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച ഭാരത് ആദിവാസി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു രാജ്കുമാര്‍. കടുത്ത മത്സരമായിരുന്നു ബന്‍സ്വാരയില്‍ നേരിടേണ്ടി വന്നത്. രണ്ട് എതിരാളികള്‍ പ്രധാനമായും ഉണ്ടായിരുന്നു. ഭാരത് ആദിവാസി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തിരുമാനിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച അരവിന്ദ് സീത ദാമറിനെയും ബിജെപിയുടെ മഹേന്ദ്രജീത് സിംഗ് മാളവ്യയെയുമായിരുന്നു രാജ്കുമാറിന് നേരിടേണ്ടിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ് മാളവ്യ. അതിനും കൂടിയുള്ള പ്രതികാരമാണ് രാജ് കുമാറിലൂടെ കോണ്‍ഗ്രസ് തീര്‍ത്തത്. മാളവ്യയെ 2.47 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ് കുമാര്‍ തറപറ്റിച്ചത്.
ബന്‍സ്വാര ഇത്തവണ വാര്‍ത്തകളില്‍ ഇടം പിടിച്ച മണ്ഡലമായിരുന്നു. ഇവിടെ നടന്ന പ്രചാരണ പരിപാടിയിലാണ് കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റുക്കാരും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരുമായവര്‍ക്കായി ഹിന്ദുക്കളുടെ സ്വത്തുവകകള്‍ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദി വിളിച്ചു പറഞ്ഞത്. മുസ്ലിം ജനവിഭാഗത്തിനെതിരേ മോദി നടത്തിയ വര്‍ഗീയ പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ബന്‍സ്വാരയില്‍ രാജ്കുമാര്‍ നേടിയ വിജയം.
ശശികാന്ത് സെന്തില്‍
തമിഴ്‌നാട്ടില്‍ ഇത്തവണ താമര വിരിയുമെന്ന പ്രതീക്ഷ ബിജെപി വച്ചത് ഒരു മുന്‍ ഐഎസുകാരനുമേലായിരുന്നു. കോയമ്പത്തൂര്‍ സീറ്റില്‍ മത്സരിച്ച, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ. അണ്ണാമലൈയിലായിരുന്നു മൊത്തം പ്രതീക്ഷയും. മോദി നേരിട്ട് വന്നു പ്രചാരണം നടത്തി. രണ്ടു തവണയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. പക്ഷേ പ്രയോജനം ഉണ്ടായില്ല. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ഡിഎംകെയുടെ ഗണപതി രാജ് കുമാറിനോട് 1.8 ലക്ഷം വോട്ടുകള്‍ക്കാണ് അണ്ണാമലൈ തോറ്റത്.
എന്നാല്‍, മറ്റൊരു മുന്‍ ഐഎസ്സുകാരന്‍ ഇത്തവണ തമിഴ്‌നാട്ടില്‍ നിന്നും ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ശശികാന്ത് സെന്തില്‍. തിരുവള്ളൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ പൊന്‍ ബാലഗണപതിയെ 5.71 ലക്ഷത്തിന്റെ മാര്‍ജിനില്‍ തകര്‍ത്തെറിഞ്ഞാണ് സെന്തില്‍ ആദ്യമായി ലോക്‌സഭയിലേക്ക് പ്രവേശനം നേടിയത്.
2019 ലാണ് ബ്യൂറോക്രസിയില്‍ നിന്നും രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ആശയ പോരാട്ടത്തിന്റെ ഭാഗമായാണ് ഐഎഎസ് പദവി രാജിവച്ച് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നാണ് ദ ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ സെന്തില്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന സെന്തിലിന് പാര്‍ട്ടി പ്രധാന ചുമതലകള്‍ നല്‍കി. പാര്‍ട്ടി വക്താവ് സ്ഥാനത്തിന് പുറമെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ വാര്‍റൂം ചാര്‍ജും സെന്തിലിനായിരുന്നു.
ഇഖ്‌റ ഹസന്‍
18 മത് ലോക്‌സഭയിലെ യുവ മുഖങ്ങളില്‍ ഒരാളാണ് 27 കാരിയായ ഇഖ്‌റ ഹസന്‍. ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ നിന്നും കന്നി വിജയമാണ് ഇഖ്‌റ നേടിയിരിക്കുന്നത്. പാര്‍ലമെന്ററി രംഗത്ത് പുതുമുഖമാണെങ്കിലും രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് ഇഖ്‌റ വരുന്നത്. ബിജെപിയുടെ പ്രദീപ് കുമാറിനെയാണ് 69,000 വോട്ടുകള്‍ക്ക് സമാജ് വാദി പാര്‍ട്ടിയ്ക്കു വേണ്ടി ഇഖ്‌റ തോല്‍പ്പിച്ചത്.
2013 ലെ മുസാഫര്‍നഗര്‍ കലാപം മുതല്‍ ജാട്ട്-മുസ്ലിം തര്‍ക്കങ്ങള്‍ സംഘര്‍ഷഭൂമിയാക്കിയ മണ്ഡലങ്ങളിലൊന്നാണ് കൈരാന. ബിജെപി അവരുടെ ഉത്തര്‍പ്രദേശ് ആധിപത്യം സ്ഥാപിച്ചെടുക്കുന്നത് ഇത്തരം കലാപങ്ങളുടെ അനന്തരഫലങ്ങളിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ കൈരാനയിലെ തോല്‍വി ബിജെപിക്ക് വലിയ ആഘാതമാണുണ്ടാക്കുക.
ലണ്ടനിലെ എസ്ഒഎസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സ് ആന്‍ഡ് ലോയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട് ഇഖ്‌റ. രണ്ട് തവണ എംപിയും രണ്ട് തവണ നിയമസഭ അംഗവുമായിരുന്ന മുന്നാവര്‍ ഹസന്റെ മകളാണ് ഇഖ്‌റ. 2009 ഇഖ്‌റയുടെ മാതാവ് തബ്‌സും ഹസനും കൈരാനയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. ഇഖ്‌റയുടെ സഹോദരന്‍ നഹിദ് ഹസന്‍ കൈരാന അസംബ്ലി മണ്ഡലത്തില്‍ നിന്നും മൂന്നാം തവണയും തുടര്‍ച്ചയായി വിജയിച്ച നേതാവാണ്. 2022 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്ന് മത്സരിച്ചാണ് നഹിദ് വിജയം നേടിയത്. ബിജെപി തങ്ങളോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ഹസന്‍ കുടുംബം ആരോപിക്കുന്നത്. ട്രാഫിക് നിയമലംഘനം, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നഹിദിനെ ജയിലില്‍ അടച്ചിരിക്കുന്നത്.
രാജാറാം സിംഗ്
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) അഥവ സിപിഐഎംഎല്ലിന്റെ രണ്ട് എംപിമാരില്‍ ഒരാളാണ് രാജാറാം സിംഗ്. ബിഹാറിലെ കരാകത് മണ്ഡലത്തില്‍ നിന്നാണ് സിംഗ് ആദ്യമായി ലോക്‌സഭയിലേക്ക് പോകുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭോജ്പുരി നടന്‍ പവന്‍ സിംഗിനെ 1.5 ലക്ഷം വോട്ടിനാണ് സിംഗ് തോല്‍പ്പിച്ചത്. ബിഹാര്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉപേന്ദ്ര കുശ്വഹ ബിജെപി പിന്തുണയുള്ള രാഷ്ട്രീയ ലോക് മോര്‍ച്ചയുടെ സ്ഥാനാര്‍ത്ഥിയായും മത്സരത്തിനുണ്ടായിരുന്നു. 1995 മുതല്‍ 2005 വരെ ബിഹാര്‍ നിയമസഭയില്‍ രണ്ട് തവണ രാജാറാം സിഗ് ഉണ്ടായിരുന്നു. ബിഹാറിലെ കര്‍ഷ നേതാവ് കൂടിയാണ് രാജാറാം.
അവധേഷ് പ്രസാദ്
ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യത്താകമാനം തന്നെ ബിജെപിക്ക് നാണക്കേടുണ്ടാക്കിയ പരാജയത്തിന്റെ കാരണക്കാരനാണ് അവധേഷ് പ്രസാദ്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവായ അവധേഷ് പ്രസാദ് മിന്നുന്ന വിജയമാണ് നേടിയത്. 54,000 വോട്ടുകള്‍ക്കാണ് ബിജെപിയുടെ സിറ്റിംഗ് എംപിയായ ലല്ലു സിംഗിനെ പ്രസാദ് തോല്‍പ്പിച്ചത്. ജനറല്‍ മണ്ഡലത്തില്‍ എസ് പി ഇറക്കിയ ദളിത് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രസാദ്. 400 സീറ്റുകള്‍ കിട്ടിയാല്‍ ഭരണഘടന തിരുത്തുമെന്ന് വെല്ലവിളിച്ച ലല്ലു സിംഗിനുള്ള മറുപടി കൂടിയായിരുന്നു പ്രസാദിന്റെ വിജയം. രാമക്ഷേത്രം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കൊണ്ടുവരുമെന്ന ബിജെപി പ്രതീക്ഷകള്‍ക്ക് കൂടിയാണ് പ്രസാദ് മറുപടി കൊടുത്തത്.
അമ്ര റാം
രാജസ്ഥാനില്‍ നിന്നുള്ള സിപിഎമ്മിന്റെ ഏക എംപിയാണ് അമ്ര റാം. നേരത്തെ രാജസ്ഥാന്‍ നിയമസഭയില്‍ ഏക സിപിഎം പ്രതിനിധിയായിരുന്നു റാം. ശെഖാവത്ത് സമുദായത്തിന്റെ ശക്തി കേന്ദ്രമായ സികാര്‍ മണ്ഡലത്തില്‍ നിന്നാണ് തല മുതിര്‍ന്ന കര്‍ഷക നേതാവായ റാം വിജയിച്ചിരിക്കുന്നത്. ബിജെപിയുടെ സുമേധാനന്ദ് സരസ്വതിയെ 73,000 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
രാജസ്ഥാനില്‍ നടന്ന കര്‍ഷക പോരാട്ടങ്ങളിലെല്ലാം മുന്‍നിരയില്‍ അമ്ര റാം ഉണ്ടായിരുന്നു. നാല് തവണ എംഎല്‍എ ആയിട്ടുള്ള റാം ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ മുന്‍ പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റുമാണ്.
‘എഞ്ചിനീയര്‍’ റഷീദ്
2019 മുതല്‍ ജയിലിലാണ് അബ്ദുള്‍ റഷീദ് ഷെയ്ഖ് എന്ന എഞ്ചിനീയര്‍ റഷീദ്. എന്നാല്‍ ബാരാമുള്ള ലോക്‌സഭ മണ്ഡലത്തിന്റെ ലോക്‌സഭ പ്രതിനിധിയാണ് ഇനി അദ്ദേഹം. ജമ്മു-കശ്മീരില്‍ ജനങ്ങള്‍ക്കിടയില്‍ ‘ എഞ്ചിനീയര്‍’ റഷീദ് എന്ന പേരില്‍ ജനകീയനായ അദ്ദേഹം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെയാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 2.4 ലക്ഷം.
തീവ്രവാദികള്‍ക്ക് ധനസാഹയം നല്‍കി എന്ന കുറ്റം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജന്‍സി 2009 മുതല്‍ റഷീദിനെ ജയിലില്‍ അടച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തു മാറ്റിയതിന് പിന്നാലെയാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. കശ്മീരില്‍ അന്യായമായി തടവിലാക്കപ്പെടുന്നവരുടെ പ്രതിനിധിയായി റഷീദിനെ കണ്ട് ജനം നല്‍കിയ പിന്തുണയാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്.
കടപ്പാട്; ദ സ്‌ക്രോള്‍
Content summary; oppositions new faces in parliament, meet ten mps they are first time in lok sabha