‘കുടിയേറ്റക്കാരായ മാതാപിതാക്കളുടെ അഭിമാനിയായ മകള്‍’

ട്രംപിന്റെ കുടിയേറ്റ നയത്തിന് ഓസ്‌കര്‍ വേദിയിലെ മറുപടി

zoe saldana in oscar 2025

‘സ്വപ്‌നങ്ങളും അന്തസുമുള്ള, കഠിനാധ്വാനം ചെയ്യുന്ന കൈകളുള്ള ഞാൻ
കുടിയേറ്റക്കാരായ മാതാപിതാക്കളുടെ അഭിമാനിയായ മകളാണ്’, 2025ലെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ സോയി സല്‍ദാനയുടെ ഈ വാക്കുകള്‍ ഓസ്‌കര്‍ വേദിയെ ആവേശഭരിതരാക്കി. അവാര്‍ഡ് നേടി പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സോയി സല്‍ദാന തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോഴാണ് ഓസ്‌കറില്‍ നടിയുടെ ഈ പ്രതികരണത്തിന് നിറഞ്ഞ കൈയ്യടി ലഭിക്കുന്നത്.

കൈകാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ച് കുടിയേറ്റക്കാരെ അപമാനിതരാക്കി രാജ്യങ്ങളിലേക്ക് മടക്കി അയക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്യപൂര്‍വ്വ നടപടികള്‍ അരങ്ങേറുന്ന സമയത്ത് കുടിയേറ്റക്കായ പൂര്‍വികരുടെ പിന്‍ഗാമിയായ നടി ഓസ്‌കര്‍ ജേതാവാകുന്നത് ശ്രദ്ധേയമാണ്.

‘എന്റെ മുത്തശ്ശി 1961 ല്‍ ഈ രാജ്യത്തേക്ക് വന്നു. കുടിയേറ്റ മാതാപിതാക്കളുടെ അഭിമാനിയായ ഒരു കുട്ടിയാണ് ഞാന്‍. സ്വപ്നങ്ങളും അന്തസ്സും കഠിനാധ്വാനികളുടെ കൈകളുമുള്ളയാളാണ് ഞാന്‍. അക്കാദമി അവാര്‍ഡ് സ്വീകരിക്കുന്ന ഡൊമിനിക്കന്‍ വംശജനായ ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാന്‍. ഞാന്‍ അവസാനത്തെ ആളായിരിക്കില്ലെന്ന് എനിക്കറിയാം’ മുന്‍ പുരസ്‌കാര ജേതാവ് ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫിന്റെ കൈയില്‍ നിന്ന് തന്റെ ആദ്യ ഓസ്‌കര്‍ വാങ്ങി സോയി സല്‍ദാന പറഞ്ഞു.

‘എന്റെ അമ്മ ഇവിടെയുണ്ട്. എന്റെ കുടുംബം മുഴുവന്‍ ഇവിടെയുണ്ട്. ഈ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. റീത്തയെപ്പോലുള്ള ഒരു സ്ത്രീയിലെ നിശബ്ദ വീരത്വത്തെയും ശക്തിയെയും തിരിച്ചറിഞ്ഞതിനും ശക്തരായ സ്ത്രീകളെക്കുറിച്ച് സംസാരിച്ചതിനും അക്കാദമിക്ക് നന്ദി. എന്റെ സഹ നോമിനികളേ, നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹവും ഒരു യഥാര്‍ത്ഥ സമ്മാനമാണ്, ഞാന്‍ അത് മുന്നോട്ട് കൊണ്ടുപോകും’ സോയി സല്‍ദാന പറഞ്ഞു. തന്റെ ഭാഷ സ്പാനിഷ് ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ട്രംപിന്റെ ഭാഷാ നയത്തെയും സോയി സല്‍ദാന വിമര്‍ശിച്ചു.

ബ്ലോക്ക് ബസ്റ്റര്‍ ഫ്രാന്‍ഞ്ചൈസികളായ അവതാര്‍, മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് (അവഞ്ചേഴ്‌സ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗാലക്‌സി) തുടങ്ങിയവയിലൂടെ ശ്രദ്ധേയയായ അമേരിക്കന്‍ നടിയാണ് സോയി സല്‍ദാന.

ജാക്ക്‌സ് ഒഡിയര്‍ഡ് സംവിധാനം ചെയ്ത എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് സോയി സല്‍ദാന ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഓസ്‌കര്‍ നേടുന്ന ഡൊമിനിക്കന്‍ വംശജയായ ആദ്യ അമേരിക്കക്കാരിയെന്ന നേട്ടവും ഇതിലൂടെ സോയി സല്‍ദാന സ്വന്തമാക്കിയത്.

അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്ന വാദമുന്നയിച്ച് മനുഷ്യത്വരഹിതമായ നടപടികളാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ബന്ധികളാക്കി വിമാനങ്ങളില്‍ നാട്ടിലേക്ക് അയച്ചതില്‍ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Summary: Oscar 2025; proud child of immigrant parents, Zoe Saldana’s response to Trump’s immigration policy
Zoe Saldana Oscar 2025 

This post was last modified on March 3, 2025 3:11 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment