97ാമത് ഓസ്കർ നോമിനേഷന് യോഗ്യത നേടിയ ചിത്രങ്ങളുടെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വിട്ട് അക്കാദമി. 323 ചിത്രങ്ങളാണ് പ്രഥമ പരിഗണനാ പട്ടികയിലുള്ളത്. ഏഴ് ഇന്ത്യൻ സിനിമകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. Oscar 2025
പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം, ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ തമിഴ് ചിത്രം കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, ഹിന്ദി ചിത്രമായ സന്തോഷ്, ബംഗാളി ചിത്രമായ പുതുൽ എന്നിവയാണ് ഓസ്കർ പ്രാഥമിക പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ ചിത്രങ്ങൾ.
എസ്എസ് രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാദമി അവാർഡ് നേടിയത് ഇന്ത്യൻ സിനിമയ്ക്ക് ആഗോള തലത്തിൽ മികച്ച അവസരങ്ങൾക്ക് കാരണമായി. വൻ താരനിരയെ അണിനിരത്തി ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിക്കുവാനും ആഗോളതലത്തിൽ അവയെ പ്രമോട്ട് ചെയ്ത് വിജയം നേടാനും പല സിനിമാനിർമാതാക്കൾക്കും ഇപ്പോൾ കഴിയുന്നുണ്ട്.
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ വർഷമായിരുന്നു 2024. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തു.
വമ്പൻ ചിത്രങ്ങൾക്കൊപ്പം റിയലിസ്റ്റിക് സിനിമകളും വളരെയധികം ശ്രദ്ധ നേടിയ വർഷമായിരുന്നു 2024.
മികച്ച ചിത്രങ്ങളുടെ നോമിനേഷന് യോഗ്യത നേടിയവയിൽ ഇന്ത്യൻ ചിത്രങ്ങളായ ആടുജീവിതം, കങ്കുവ, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ചിത്രങ്ങൾ ഇടംനേടിയിട്ടുണ്ട്.
ആടുജീവിതം
നടനും ചലച്ചിത്ര നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലെ നജീബ്. ഗൾഫിലെ കഠിനമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന തൊഴിലാളിയായ നജീബിൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.
കങ്കുവ
7ാം അറിവിന് ശേഷം പീരിയോഡിക് ഡ്രാമ വിഭാഗത്തിൽ സൂര്യ അഭിനയിച്ച ചിത്രമായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവ. വലിയ നിർമാണ ചിലവിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ദിഷ പഠാനി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്.
ഗേൾസ് വിൽ ബി ഗേൾസ്
ശുചി തലാത്തി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഗേൾസ് വിൽ ബി ഗേൾസ് 2024ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. 2024 ഡിസംബറിൽ ഒടിടി റിലീസിന് ശേഷം ചിത്രത്തിന് വ്യാപകമായ നിരൂപക പ്രശംസ ലഭിച്ചു. Oscar 2025
Content Summary: Oscar:Seven Indian films qualified for nominations, including Adu Jeevitham and Kangw
Oscar 2025 Adu Jeevitham kanguva girls will be girls