February 13, 2025 |
Share on

കാട്ടുതീ: ഓസ്കർ ചടങ്ങ് മാറ്റില്ല; വാർത്ത വ്യാജമെന്ന് അക്കാദമി

കൊവിഡ് മഹാമാരിയുടെ സമയത്ത് പോലും ചടങ്ങ് മാറ്റിവെച്ചിട്ടില്ലെന്ന് അക്കാദമി

ലോസ് ഏഞ്ചൽസിലെ കാട്ടുതീയെ തുടർന്ന് മാർച്ച് രണ്ടിന് നടത്താൻ തീരുമാനിച്ചിരുന്ന ഓസ്കർ അവാർഡ് ദാന ചടങ്ങ് മാറ്റിവെച്ചുവെന്ന വാർത്ത വ്യാജമെന്ന് ഓസ്കർ അക്കാദമി. ചടങ്ങ് റദ്ദാക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്നും ടോം ഹാങ്ക്സ്, മെറിൽ സ്ട്രീപ്പ് തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടുന്നുവെന്ന് വാദിക്കുന്ന ഉപദേശക സമിതി നിലവിലില്ലെന്നും അക്കാദമി വൃത്തങ്ങൾ വ്യക്തമാക്കി.

അക്കാദമിയിലെ 55 പേരടങ്ങുന്ന ബോർഡ് ഓഫ് ​ഗവർണർമാരാണ് ഓസ്കർ പുരസ്കാരങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതെന്നും അക്കാദമി അറിയിച്ചു. ലോസ് ഏഞ്ചൽസിലെ കാട്ടുതീ കാരണം ഇവൻ്റ് റദ്ദാക്കാൻ പദ്ധതിയുണ്ടെന്ന് യുകെ ടാബ്ലോയിഡായ ദി സൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഈ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് അക്കാദമി അറിയിച്ചതായി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തു.

കാട്ടുതീയെ തുടർന്ന് നോമിനേഷനുള്ള വോട്ടിങ്ങ് പീരിയഡ് നീട്ടി വെക്കുക, ഓസ്കർ നോമിനികളുടെ ഉച്ചഭക്ഷണ വിതരണം മാറ്റിവെക്കുക തുടങ്ങിയ ചില ക്രമീകരണങ്ങൾ നടത്തിയിരുന്നുവെന്ന് അക്കാദമി വ്യക്തമാക്കി. എന്നാൽ അവാർഡ് ദാന ചടങ്ങ് റദ്ദാക്കില്ലെന്നും കൊവിഡ് മഹാമാരിയുടെ സമയത്ത് പോലും ചടങ്ങ് മാറ്റിവെച്ചിട്ടില്ലെന്നും അക്കാദമി പറഞ്ഞു.

ടോം ഹാങ്ക്‌സ് , എമ്മ സ്റ്റോണ്‍ , മെറില്‍ സ്ട്രീപ്പ് , സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നും ലോസ് ഏഞ്ചൽസിലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്കർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചിരുന്നു.

അതേസമയം, കാട്ടുതീയുടെ ആഘാതത്തെ ​ഗൗരവമായി എടുക്കുന്നുവെന്ന് അക്കാദമി വ്യക്തമാക്കി. കാട്ടുതീയിൽ 25 പേരുടെ ജീവൻ നഷ്ടപ്പെടുകയും ഹോളിവുഡ് താരങ്ങളായ മാൻഡി മൂർ, പാരിസ് ഹിൽട്ടൺ തുടങ്ങിയവരുടെ വീടുകൾ അടക്കം കത്തി നശിക്കുകയും ചെയ്തിരുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനായി കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നും അക്കാദമി അറിയിച്ചു.

Content summary: Wildfires: Oscars to proceed as planned; Academy dismisses rumors as false
Oscars Oscars 2025 los angeles wildfire

×