97ാം ഓസ്‌കര്‍ വേദിയില്‍ അഞ്ച് പുരസ്‌കാരങ്ങളാണ് ചെറിയ ബജറ്റില്‍ നിര്‍മിച്ച സ്വതന്ത്ര സിനിമയായ അനോറ സ്വന്തമാക്കിയത്. സിനിമയുടെ നിര്‍മാണ ചിലവിനേക്കാളും അധികം തുകയാണ് പ്രചാരണത്തിനായി സിനിമ നിര്‍മാണകമ്പനിയായ നിയോണ്‍ ചിലവാക്കിയത്. മാത്രമല്ല വ്യത്യസ്തമായൊരു മാര്‍ക്കറ്റിങ് തന്ത്രമാണ് നിയോണ്‍ ഉപയോഗിച്ചതും. മറ്റ് സ്റ്റുഡിയോകള്‍ ട്രെയിലര്‍ സ്‌ക്രീനിങ്ങും പരസ്യങ്ങളും പ്രചാരണത്തിനായി ആശ്രയിച്ചപ്പോള്‍ ലോസ് ഏഞ്ചല്‍സിലെ മെല്‍റോസ് അവന്യൂവിലുള്ള കിംഗ്‌സ് ഓഫ് ബോഡി എന്ന ഓട്ടോ റിപ്പയര്‍ ഷോപ്പിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് അനോറ ഉല്‍പ്പന്നങ്ങള്‍ക്കായി നിയോണ്‍ ഒരു ഏകദിന പോപ്പ്-അപ്പ് ഷോപ്പ് സ്ഥാപിച്ചു.
കട ഉച്ചകഴിഞ്ഞ് 3 മണിക്കാണ് തുറന്നതെങ്കിലും 300 ഓളം ആരാധകര്‍ രാവിലെ 10 മണി മുതല്‍ തന്നെ ക്യൂവില്‍ എത്തിത്തുടങ്ങി . വസ്ത്രങ്ങളും പോസ്റ്ററുകളും വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഈ ഷോപ്പ് നിയോണിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും ലഭ്യമായിരുന്നു. ചുവന്ന നിറത്തിലുള്ള തോങ്ങുകളും(thongs) സിനിമയിലെ ഡയലോഗുകള്‍ എഴുതിയ ടീ ഷര്‍ട്ടുകളുമാണ് പോപ്പ്-അപ്പ് ഷോപ്പില്‍ വില്‍പ്പനക്ക് വെച്ചത്. തോങ്ങുകള്‍ക്ക് 15 ഡോളറും ടീ ഷര്‍ട്ടുകള്‍ക്ക് 35 ഡോളറുമായിരുന്നു വില.
മൈക്കി ആഡിസണ്‍ന്റെ ആകര്‍ഷകമായ പോസുകളിലുള്ള രണ്ട് ലിമിറ്റഡ് എഡിഷന്‍ ടീ ഷര്‍ട്ടുകളും വില്‍പ്പനക്കുണ്ടായിരുന്നു. ‘ദിസ് ഈസിന്റ് അലൗഡ്, ബട്ട് ഐ ലൈക് യു’, ‘ഷീ വില്‍ ടേക്ക് കെയര്‍ ഓഫ് എവരിതിങ്ങ് യു നീഡ്’ തുടങ്ങിയ ടാഗ്‌ലൈനുകളും ഇതോടെ പ്രചരിക്കാന്‍ തുടങ്ങി. ഈ മാര്‍ക്കറ്റിങ് തന്ത്രം വലിയ രീതിയില്‍ വിജയം കണ്ടു. ഓസ്‌കര്‍ വോട്ടര്‍മാര്‍ക്ക് പകരം സിനിമയുടെ ആദ്യ സ്‌ക്രീനിങ്ങിന് എത്തിയത് ലൈംഗിക തൊഴിലാളികളായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്‌കറില്‍ മികച്ച വിജയം നേടിയ കൊറിയന്‍ ചിത്രമായ പാരസൈറ്റിനെയും നിയോണ്‍ പ്രചാരണം ചെയ്തിരുന്നു. 20 മില്ല്യണ്‍ ഡോളറാണ് മാര്‍ക്കറ്റിംഗിനും പ്രസ് ടൂറിനുമായി അന്ന് ചിലവായത്.
തങ്ങള്‍ സിനിമയിലും നിര്‍മാതാവിലും പ്രേക്ഷകരിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മാര്‍ക്കറ്റില്‍ മാത്രമല്ലെന്നും നിയോണിന്റെ സിഇഒ ടോം ക്വിന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷോണ്‍ ബേക്കറിന്റെ ചിത്രം 6 മില്യണ്‍ ഡോളറിനാണ് നിര്‍മ്മിച്ചത്. മികച്ച ചിത്രത്തിനുള്ള നോമിനികളില്‍ ഏറ്റവും കുറഞ്ഞ ബജറ്റ് കൂടിയാണിത്.
അനോറയുടേതിന് സമാനമായ മാര്‍ക്കറ്റിംഗ് ബജറ്റ് ആയിരുന്നിട്ട് പോലും ദി ബ്രൂട്ടലിസ്റ്റിന് 10 മില്യണ്‍ ഡോളറാണ് ചിലവായത്.
രണ്ട് ചിത്രങ്ങളും ഇപ്പോള്‍ തന്നെ 40 മില്യണ്‍ ഡോളറിലധികം നേടിയിട്ടുണ്ട്. ആപ്പിളുമായും ആമസോണുമായും ഉള്ള സ്ട്രീമിംഗ് ഡീലുകളില്‍ നിന്ന് അനോറ കൂടുതല്‍ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ട്രീമിംഗ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.
Content Summary: The amount spent on advertising for Anora is more than the budget of the film
Anora Oscar 2025