നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെട്ടെങ്കിലും അരനൂറ്റാണ്ട് പിന്നിട്ടിട്ടും രാജനെ കൊല ചെയ്തവര്‍ കേരള ജനതയുടെ മനസാക്ഷിയുടെ മുന്നില്‍ മാപ്പ് അര്‍ഹിക്കാത്ത കൊടും കുറ്റവാളികള്‍ തന്നെയെന്ന് നിസംശയം പറയാം.
”ചിത്തഭ്രമം ബാധിച്ച ഭാര്യയോടും തന്റെ ഏക മകന്റെ തിരോധാനം മൂലം അനാഥമായ ഭവനത്തോടും ആ ദുരന്തത്താല്‍ ദുഃഖാര്‍ത്തരായ രണ്ടു പെണ്‍മക്കളോടും കൂടി ഹൃദയം തകര്‍ന്ന ഒരു പിതാവ് കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥരെ സമീപിച്ച ശേഷം 01-3-1976 ല്‍ അപ്രതൃക്ഷനായ തന്റെ പുത്രനെ ഹാജരാക്കുവാന്‍ ഉത്തരവിടുകയെന്ന പാവന കര്‍ത്തവ്യം നിറവേറ്റാന്‍ അപേക്ഷിച്ച് കൊണ്ട് അവസാന ആശ്രയമെന്ന നിലയില്‍ ഈ കോടതിയെ ശരണം പ്രാപിച്ചിരിക്കുകയാണ്”
കേരള ഹൈക്കോടതി ജസ്റ്റീസ് ഖാലിദ്
ഹേബിയസ് കോര്‍പ്പസ് റിട്ട് വിധിന്യായ വേളയില്‍ പറഞ്ഞത്
1976 ഏപ്രില്‍ 13.
”മൃദുഭാവേ ദൃഢകൃത്യേ”
കേരളാ പോലീസിന്റെ മുദ്രാവാക്യം.
കാണാതായ തന്റെ മകനെ തേടി അലഞ്ഞ രാജന്റെ പിതാവ് ടി.വി. ഈച്ചര വാര്യര്‍ കേരളത്തിലെ രണ്ട് പ്രമുഖ നേതാക്കളായ, ഉന്നതാധികാരത്തിലിരിക്കുന്ന രണ്ട് വ്യക്തികളെ നേരില്‍ കാണാന്‍ ഒടുവില്‍ തിരുവനന്തപുരത്ത് എത്തി. ഈച്ചര വാര്യര്‍ക്ക് വ്യക്തിപരമായ അടുപ്പമുള്ള അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനേയും അതേ ബന്ധമുള്ള ‘ശക്തനായ നേതാവായി വളര്‍ന്നു കഴിഞ്ഞ ആഭ്യന്തരമന്ത്രിയായ കെ. കരുണാകരനേയും കണ്ട് രാജനെ കസ്റ്റഡിയില്‍ നിന്ന്’ വിടുവിക്കാനായിരുന്നു ആ വരവ്.
ആഭ്യന്തര മന്ത്രിയുടെ ഔദോഗിക വസതിയായ മന്‍മോഹന്‍ പാലസില്‍ വെച്ച് ഈച്ചര വാര്യരെ കണ്ട കരുണാകരന്‍ അനുഭാവപൂര്‍വ്വം സംസാരിച്ചു. ”മാഷ് ഈ വിവരം എന്തേ നേരത്തെ പറഞ്ഞില്ല? ഞാനറിഞ്ഞിരുന്നെങ്കില്‍ എല്ലാം നേരത്തെ ശരിയാക്കാമായിരുന്നു.” കരുണാകരന്‍ ഒരു നിമിഷം നിറുത്തി. ”എന്റെ മനസില്‍ ഒരു മിന്നല്‍… പിന്നെ രാജനെന്ന് കേള്‍ക്കുമ്പോള്‍ എന്തോ നന്നേ പരിചയം തോന്നുന്നു സീരിയസായ ഏതോ കേസില്‍ അയാള്‍ പെട്ടിട്ടുള്ള പോലെ.”
ഞാന്‍ കരുണാകരനെതിരെ കൈകൂപ്പി. എന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിയാത്ത ഒരു വികാരം കൊണ്ടിടറി. ഞാന്‍ പറഞ്ഞു.
”ഇല്ല അവനതിനൊന്നും കഴിയില്ല. കായണ്ണ പോലീസ് സ്റ്റേഷനാക്രമണം നടക്കുമ്പോള്‍ അവന്‍ ഫാറൂക്ക് കോളേജില്‍ കോളേജ് യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുകയായിയിരുന്നു. രാജന്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ആര്‍ട്ട് അസോസിയേഷന്‍ സെക്രട്ടറി ആയിരുന്നു.”
കരുണാകരന്‍ എന്റെ തോളില്‍ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ സ്വരം നന്നെ മൃദുവായിരുന്നു. ”ഞാന്‍ അന്വേഷിച്ച് ഉടനെ വിവരമറിയിക്കാം എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാം. മാഷും ഞാനും തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ?” കരുണാകരന്‍ പറഞ്ഞു. (അച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍)
കരുണാകരന്‍ ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല. ആദ്യമായി നിയമസഭയില്‍ മുഖ്യമന്ത്രിയായി എത്തിയപ്പോള്‍ ജനതാ പാര്‍ട്ടിയിലെ എം.എല്‍.എ. ശങ്കന്‍ കുട്ടി ” പോലീസ് പിടിച്ചു എന്ന് പറയുന്ന രാജനെന്ന വിദ്യാര്‍ത്ഥിയെ ആറു മാസമായി കാണാനില്ല” സര്‍ക്കാര്‍ സമാധാനം പറയണം എന്ന് നിയമസഭയില്‍ ഉന്നയിച്ചതിന് മറുപടിയായി ആഭ്യന്തര വകുപ്പ് കൂടി വഹിക്കുന്ന കരുണാകരന്‍ പറഞ്ഞു.
”രാജന്റെ അച്ഛനായ ഈച്ചര വാര്യര്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്. ഒരു പഴയ സഹപ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ വെച്ചിട്ടില്ല. ഇല്ലാത്ത ആളിനെക്കുറിച്ച് പോലീസ് എങ്ങനെ സമാധാനം പറയണം?” ഈച്ചര വാര്യരുമായുള്ള കൂടികാഴ്ച നടന്നത് മറച്ചുവെച്ച് നേരെ വിരുദ്ധമായ കാര്യമാണ് അന്ന് കരുണാകരന്‍ പറഞ്ഞത്…
കെ. കരുണാകരൻ രാജൻ കേസ് കാലത്ത്
മുഖ്യമന്ത്രി അച്യുത മേനോനെ കണ്ട് അപേക്ഷിച്ചിട്ടും ഒരു ഫലമുണ്ടായില്ല എന്ന് മാത്രമല്ല കരുണാകരനേയോ, ജയറാം പടിക്കലിനേയോ വിളിച്ച് രാജന്റെ കാര്യം ചോദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദേഹം ശുണ്ഠിയെടുത്തു.
”ഞാനിനി തന്റെ മകനെ അന്വേഷിച്ച് ഒരു തോര്‍ത്തും തോളത്തിട്ട് കേരളത്തിലങ്ങോളമുള്ള പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങണോ” എന്നായിരുന്നു ചോദിച്ചത്. നാക്കെടുത്താല്‍ നുണ മാത്രമേ പറയൂ (കരുണാകരന്‍) എന്ന് സ്വയം നല്ല ബോധമുള്ള ഒരു വ്യക്തിയെ മന്ത്രിസഭയിലെ അംഗമായി കൊണ്ട് നടക്കേണ്ട ഗതികേട് ഞാനറിയുന്ന അച്യുതമേനോന് ഉണ്ടായിരുന്നില്ല” തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഈച്ചര വാര്യര്‍ നിരാശയോടെ എഴുതി. ”രാജന്‍ സംഭവവുമായി ബന്ധപ്പെട്ട് അച്യുതമേനോനില്‍ നിന്നുണ്ടായ അനുഭവമാണ് കരുണാകരനില്‍ നിന്നുണ്ടായ അനുഭവത്തേക്കാള്‍ എന്നെ വേദനിപ്പിച്ചത്. കാരണം കരുണാകരനില്‍ നിന്ന് ഞാനിത്രയേ പ്രതീക്ഷിച്ചുള്ളൂ. മേനോനില്‍ നിന്ന് ഈ അനുഭവം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.”
കക്കയം ക്യാമ്പില്‍ രാജനെ അന്വേഷിച്ച് പോയ ഈച്ചര വാര്യരുടെ അനുഭവങ്ങളോടെയാണ് ‘ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ ആരംഭിക്കുന്നത്. വേദനയോടെ ഹൃദയത്തില്‍ തറഞ്ഞുകേറുന്ന, ഒരു നിസ്സഹായനായ വൃദ്ധപിതാവിന്റെ നീറുന്ന വികാരവിചാരങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ന്ന ആ വരികള്‍ ഒരിക്കല്‍ വായിച്ചവരാരും മറക്കില്ല.
‘ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ആസ്ബറ്റോസ് മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു കക്കയം ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പിന് മുന്നില്‍ ജലാശയമുണ്ടായിരുന്നു. ഈ ജലാശയത്തിന് മുകളിലൂടെ ഒരു മരപ്പാലമിട്ട് ക്യാമ്പ് കരയുമായി ബന്ധിപ്പിച്ച് തോക്ക് മുകളിലേക്കുയുര്‍ത്തിപ്പിടിച്ച ഒരു പോലീസുകാരന്‍ ഇവിടെ സദാ ജാഗരൂകനായി നില കൊണ്ടിരുന്നു.’
ഞാനാ കാവല്‍ക്കാരനോട് നേരെ ചെന്ന് വന്ന കാര്യം പറഞ്ഞു. അയാള്‍ വലിയ ഗൗരവത്തിലായിരുന്നു. പക്ഷേ, എന്നോട് മോശമായ ഒരു വാക്കും പറഞ്ഞില്ല. നേരെ അയാള്‍ ക്യാമ്പിലേക്ക് പോയി. ക്യാമ്പിന്റെ സര്‍വ്വാധിപതി ജയറാം പടിക്കലായിരുന്നു. തിരിച്ച് വന്ന പോലീസുകാരന്‍ ക്യാമ്പിലേക്ക് പോകാന്‍ എനിക്കനുവാദമില്ലെന്നും എന്റെ മകന്‍ രാജന്‍ ക്യാമ്പില്‍ സുഖമായി ഇരിക്കുന്നുവെന്നും എന്നെ അറിയിച്ചു. പെട്ടെന്ന് മനസില്‍ കുളിര്‍മ്മ പരന്നു. അടുത്ത നിമിഷം ഞാന്‍ പറഞ്ഞു. ”എനിക്ക് എന്റെ മോനെ കാണണം.” അയാള്‍ മലപോലെ മുമ്പില്‍ നില്‍ക്കുകയാണ്. തീര്‍ത്തും ഏകനായി നിന്ന് ഞാന്‍ ഒച്ചവെച്ചു. എന്റെ ശബ്ദം വല്ലാത്ത ഉച്ചത്തിലായിരുന്നു.
”എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല” ഗാര്‍ഡ് പറഞ്ഞു. അയാളുടെ മുഖം എന്തുകൊണ്ടോ വിവര്‍ണമായിരുന്നു എന്ന് എനിക്ക് തോന്നി. എങ്കില്‍ ജയറാം പടിക്കലിനെയെങ്കിലും കാണാന്‍ എന്നെ അനുവദിക്കുക ഞാന്‍ വാശിപിടിച്ചു. കുട്ടിയുടേത് പോലുള്ള എന്റെ ശ്യാഠ്യം പിടിക്കല്‍ ജലാശയത്തിന്റെ പ്രതലങ്ങളില്‍ തട്ടി നേര്‍ത്ത ഒരിരമ്പലോടെ പ്രതിധ്വനിച്ചു. ഏറെനേരം ഞാന്‍ ഗാര്‍ഡിന് മുന്‍പില്‍ നിശ്ചേഷ്ടനായി നിന്നു. ഞാന്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഏകാന്തമായ ഒരു കാത്തിരിപ്പിനിടയില്‍ ഒരു കരച്ചില്‍ എന്റെ തൊണ്ടയില്‍ കുരുങ്ങി. കക്കയം ക്യാമ്പിന്റെ അകത്തളങ്ങളിലെ തടവു മുറിയുടെ സുഷിരങ്ങളില്‍ നിന്ന് മകന്റെ അച്ഛാ എന്ന വിളി ഉയരുന്നുണ്ടെന്ന് ഞാന്‍ സംശയിച്ചു. കുറേക്കഴിഞ്ഞ് തളര്‍ന്ന് ഞാന്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങി. ഒരിക്കല്‍ക്കൂടി ക്യാമ്പിലേക്ക് തിരിഞ്ഞു നോക്കി. ആ പോലിസുകാരന്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്… പെട്ടെന്നയാള്‍ കുന്നിലെ പച്ചപ്പിലേക്ക് കണ്ണുതിരിച്ചു’
അടിയന്തരാവസ്ഥയില്‍ പൗരാവകാശം ഇല്ലാതായതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായനായിട്ടും ഈച്ചര വാര്യര്‍ തന്റെ മകനെ കാണാനില്ലെന്നും കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കും കേരളത്തിലെ എം.പി. മാര്‍ക്കും നിവേദനങ്ങള്‍ അയച്ചു.
എ കെ ജിയും വിശ്വനാഥ മേനോനും പാട്യം രാജനുമൊഴികെ ആരും പ്രതികരിച്ചില്ല.
യുവ നേതാവൊക്കെയായ വയലാര്‍ രവിയൊന്നും മറുപടി പോയിട്ട് ഒരു പ്രതികരണം പോലും നല്‍കിയില്ലയെന്ന് ഈച്ചര വാര്യര്‍ എഴുതിയിരിക്കുന്നു.
പ്രതിപക്ഷ നേതാവായ എ.കെ.ജി രാജനെ കണ്ടുപിടിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് അവശ്യപ്പെട്ട് ഇന്ദിരാഗാന്ധിക്ക് ശക്തമായി കത്തെഴുതി. കൂടുതല്‍ ഇടപെടല്‍ നടത്തും മുന്‍പ് എ.കെ.ജി. അന്തരിച്ചു.
1977 ഫെബ്രുവരി 22 ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഉടന്‍ തന്നെ, മൂന്ന് ദിവസത്തിന് ശേഷം കേരളാ ഹൈക്കോടതിയില്‍ ‘ഹേബിയസ് കോര്‍പ്പസ് റിട്ട് ഫയല്‍ ചെയ്തു. പ്രശസ്ത അഭിഭാഷകരായ അഡ്വ കെ.രാംകുമാറും, അഡ്വ ഈശ്വരയ്യരുമായിരുന്നു ഈച്ചര വാര്യരെ സഹായിക്കാനെത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത പി. രാജനെ ഹാജരാക്കാന്‍ പോലീസ് അധികാരികള്‍ക്ക് ഉത്തരവ് നല്‍കണമെന്നായിരുന്നു ഹര്‍ജി ( Prof. Eacharavaryar versus Government of Kerala ). ആഭ്യന്തര സെക്രട്ടറി എസ്. നാരായണ സ്വാമി, ഐ.ജി. വി.എന്‍. രാജന്‍. ജയറാം പടിക്കല്‍ ഡി.ഐ.ജി (ക്രൈം) എന്നിവരായിരുന്നു ആദ്യം റിട്ടിലെ എതിര്‍ കക്ഷികള്‍. തൊട്ടടുത്ത നാള്‍ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല എന്ന കരുണാകരന്റെ നിയമസഭയിലെ പ്രസ്താവന വന്നപ്പോള്‍ ഈച്ചര വാര്യര്‍ ആഭ്യന്തരമന്ത്രി കെ. കരുണാകരനെയും, എസ്.പി. ലക്ഷ്മണയേയും കക്ഷി ചേര്‍ത്ത് പുതിയ ഹര്‍ജി നല്‍കി.
രാജനെ കസ്റ്റഡിയില്‍ എടുത്തുവെന്ന് ഹര്‍ജിക്കാരന്‍ ഈച്ചര വാര്യരും, ഇല്ലെന്ന് എതിര്‍ കക്ഷിയായ സര്‍ക്കാരും വാദിക്കുന്നു. പിറ്റേനാള്‍ ഇന്ത്യയിലെ ദേശീയ പത്രങ്ങള്‍ ഈ റിട്ടിന് വന്‍ വാര്‍ത്താപ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചതോടെ രാജന്‍ കേസ് ഒരു അഖിലേന്ത്യാ വാര്‍ത്താ തരംഗമായി. അടിയന്തരാവസ്ഥയെ എതിര്‍ത്തവരുടെ ശക്തമായ പിന്‍തുണയും, നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഈച്ചര വാര്യര്‍ക്ക് ലഭിച്ചു. അടിയന്തരാവസ്ഥയിലെ പോലീസ് തേര്‍വാഴ്ച്ചക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപംകൊണ്ടു.
‘ഹേബിയസ് കോര്‍പ്പസ് ഹര്‍ജി, വിചാരണയ്ക്കിടയില്‍ രാജനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന രീതിയാല്‍ കെ. കരുണാകരന്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. അന്യായമായ തടങ്കലില്‍ നിന്നും രാജ്യത്തെ ഒരു പൗരന് സ്വാതന്ത്ര്യം വേണമെന്ന അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ഒരു തെളിവെടുപ്പിലൂടെ ഇത് സാധ്യമാക്കാം കോടതി പറഞ്ഞു. അതായത് രാജനെ കസ്റ്റഡിയില്‍ എടുത്തു എന്ന് ഈച്ചര വാര്യര്‍ കോടതിയില്‍ തെളിയിക്കണം. സാക്ഷികളെ വിസ്തരിക്കേണ്ടതില്ല എന്ന സാധാരണ രീതി മറികടന്ന് സാക്ഷിവിസ്താരത്തിനായി അവരെ നേരിട്ട് കോടതിയില്‍ ഹാജരാക്കാം എന്ന് ഈച്ചര വാര്യരുടെ അഭിഭാഷകന്‍ ഈശ്വയ്യര്‍ കോടതിയില്‍ പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു. കരുണാകരനും പോലീസ് മേധാവികളും ഉള്‍പ്പെട്ട ക്രിമിനല്‍ കേസില്‍ നേരിട്ട് വന്ന് അവര്‍ക്കെതിരെ സാക്ഷി പറയുക എന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഇത്തരമൊരു നടപടി ആദ്യമായാണ്.
സാക്ഷികള്‍ ഹാജരാകാതിരിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പല കളികളും നടക്കുന്നെന്ന് ഈച്ചര വാര്യര്‍ക്ക് വിവരം കിട്ടി. അദ്ദേഹം നേരിട്ട് സാക്ഷികളെ കണ്ട് അഭ്യര്‍ത്ഥിച്ചതിനാല്‍ അവരെല്ലാവരും നേരിട്ട് ഹാജരാകാമെന്ന് വാക്ക് നല്‍കി.
ജസ്റ്റിസ് വി. ഖാലിദ്
ഒരു പ്രധാന സാക്ഷിയായ കോളേജിലെ പൊഫ. കെ. കെ. അബ്ദുള്‍ ഗഫൂര്‍ അപ്പോള്‍ ഒരു പഠന പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശത്ത്, യെമനിലായിരുന്നു. കേരളത്തില്‍ നിന്ന് ഒരു ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ അവിടെയെത്തി അദ്ദേഹത്തെ സമീപിച്ച് രാജന്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു. ഒരു വിദേശ രാജ്യത്ത് എത്തി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ച നടപടി കേസിന്റെ ഗൗരവം എടുത്ത് കാണിക്കുന്നു. എല്ലാ കാര്യങ്ങളും ആദ്യം മുതല്‍ക്കേ അറിയാവുന്ന പ്രൊഫ. അബ്ദുള്‍ ഗഫൂര്‍ സമ്മര്‍ദത്തിന് വഴങ്ങിയില്ല എന്ന് മാത്രമല്ല ഇനി തന്നെ നിര്‍ബന്ധിച്ചാല്‍ താന്‍ പരസ്യമായി പ്രതികരിക്കുമെന്ന് തുറന്നടിച്ചു. കേസില്‍ മൊഴി പറയാന്‍ ഇന്ത്യയില്‍ തിരികെ എത്തിയപ്പോള്‍ മറ്റൊരു പോലിസ് ഉദ്യോഗസ്ഥന്‍ കാസര്‍ഗോഡുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് വീണ്ടും സ്വാധീനിക്കാന്‍ ശ്രമം നടത്തി. പ്രൊഫ. അബ്ദുള്‍ ഗഫൂര്‍ ഉറച്ചു നിന്നു.
ഈച്ചര വാര്യര്‍ 12 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. രാജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് കണ്ടു എന്ന് അവര്‍ സത്യവാങ് മൂലം നല്‍കി. കനത്ത സമ്മര്‍ദമുണ്ടായിട്ടും ജീവന്‍ തന്നെ അപകടത്തിലാകും എന്നറിഞ്ഞിട്ടും ഒരൊറ്റ സാക്ഷികളും അതില്‍ നിന്ന് പിന്‍മാറിയില്ല. കക്കയം ക്യാമ്പിലെ കൊടും ക്രൂരതയും, രാജന്റെ മരണവും പിന്നീട് നടന്ന സംഭവ പരമ്പരകളും അവരുടെ മനസാക്ഷിയെ അത്രയ്ക്ക് മുറിപ്പെടുത്തിയിരുന്നു. രാജന്റെ പിതാവിന് നീതി ലഭിക്കുക എന്നതല്ലാതെ മറ്റൊന്നും തന്നെ ഈ 12 പേരുടെ മനസിലില്ലായിരുന്നു.
ആര്‍.സി.സിയിലെ വിദാര്‍ത്ഥികള്‍ തോമസ് ജോര്‍ജ്, ജേക്കബ് ജോണ്‍, ബാലകൃഷ്ണന്‍, ഹോസ്റ്റല്‍ വാച്ച്മാന്‍ നാരായണന്‍ നായര്‍, സ്വീപ്പര്‍മാരായ ചന്ദ്രന്‍, ബാലസുബ്രഹ്‌മണ്യന്‍, മെസ്സിലെ ജീവനക്കാരന്‍ കോരു, കുക്ക് കരുണാകരന്‍, ടൈപ്പ് റേറ്റിംങ് ഇന്‍സ്റ്റിട്യൂട്ടിലെ രാജന്‍ എന്നിവര്‍ സത്യവാങ് മൂലം നല്‍കി. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി സാക്ഷികളെ വിസ്തരിക്കാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് പോറ്റി പ്രഖ്യാപിച്ചു.
ഒന്നാം സാക്ഷി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ബഹാവുദീന് മേല്‍ മൊഴിമാറ്റി പറയാന്‍ ഏറെ സമ്മര്‍ദ്ദമുണ്ടായി. വക്കം മൗലവിയുടെ കുടുംബത്തില്‍ പിറന്ന അദ്ദേഹം അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ ഡോ. സാക്കിര്‍ ഹുസ്സന്റെ ശിഷ്യനായിരുന്നു. (പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതി) ഉന്നത മൂല്യങ്ങള്‍ പുലര്‍ത്തിയ, ഒരു ഉത്തമ അദ്ധ്യാപകനായ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥിയായ രാജന് വേണ്ടി അവസാനം വരെ സത്യപക്ഷത്ത് ഉറച്ചുനിന്നു.
കോടതിയില്‍ പ്രൊഫസര്‍ ബഹാവുദീന്‍ പരിശുദ്ധ ഖുറാന്‍തൊട്ട് സത്യം ചെയ്ത് രേഖകള്‍ സഹിതം മൊഴി നല്‍കി. ‘രാജനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയതായി എനിക്ക് ഉത്തമബോധ്യമുണ്ട്.’
ജസ്റ്റിസ് പോറ്റി ചോദിച്ചു. ‘1976 മാര്‍ച്ച് 1 ന് ശേഷം പി.രാജന്‍ കോളേജില്‍ ഹാജരായിട്ടുണ്ടോ?’
പ്രൊഫസര്‍ ബഹാവുദീന്‍ പറഞ്ഞു. ‘ഇല്ല ആ തീയതിക്ക് ശേഷം രാജന്‍ കോളേജില്‍ ‘ഹാജരായിട്ടില്ല’.
ചരിത്രത്തിലിടം പിടിച്ച ഏപ്രില്‍ 13 ന് രാജന്‍ കേസിന്റെ ഹേബിയസ് കോര്‍പ്പസ് റിട്ടിന്റെ വിധി വന്നു. സാക്ഷി വിസ്താരങ്ങളില്‍ നിന്ന് തെളിഞ്ഞത് രാജനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, കക്കയം ക്യാമ്പില്‍ വെച്ച് രാജന് മര്‍ദ്ദനമേറ്റെന്നും മെയ് 22ന് രാജനെ ഹാജരാക്കണമെന്നും കോടതി വിധിച്ചു.
ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് നിയമവിരുദ്ധമായി രാജനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. പിന്നീട് പ്രതികളുടെ അപേക്ഷ അനുസരിച്ച് ഈ കേസ് കോയമ്പത്തൂര്‍ക്ക് മാറ്റി.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാജന്റെ തിരോധാനവും മര്‍ദ്ദനവും അന്വേഷിച്ച ഡി.ഐ.ജി. രാജഗോപാലിന്റെയും സംഘത്തിന്റെയും അന്വേഷണത്തില്‍ എല്ലാ തെളിവും പ്രതികള്‍ക്കെതിരായിരുന്നു. രാജനെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതായും തെളിഞ്ഞു. ഇതിനിടയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പരാമര്‍ശിക്കപ്പെട്ട ജയറാം പടിക്കലടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ശ്രമിക്കും മുന്‍പ് 1977 മെയ 22 ന് അതായത് കോടതി രാജനെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ദിവസത്തിന് പിറ്റേന്നാള്‍ ജയറാം പടിക്കലിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിന് 302-ാം വകുപ്പനുസരിച്ചും. 201 – തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കല്‍ വെയ്ക്കുക, വകുപ്പ് 348 എന്നിവ ചുമത്തിയാണ് പടിക്കലിനെയും, ലക്ഷ്മണയേയും പുലിക്കോടന്‍ നാരായണനേയും അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവരെ ഹാജരാക്കിയത്. കോടതിയിലും പരിസരത്തും ആളുകള്‍ തിങ്ങിനിറഞ്ഞു. അഡ്വക്കേറ്റ് വേലപ്പന്‍ നായരായിരുന്നു പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.
മജിസ്ട്രറ്റ് ബി.എം. തുളസീദാസ് ചോദിച്ചു. ‘ജാമ്യാപേക്ഷയെ എതിര്‍ക്കുന്നുണ്ടോ?’ ആഴ്ചകള്‍ക്ക് മുമ്പു വരെ തന്റെ മേലധികാരിയായ ജയറാം പടിക്കലിന്റെ ജാമ്യാപേക്ഷയാണ്.
പോലീസ് എസ്.പി. മുഹമ്മദ് കുഞ്ഞി പെട്ടെന്ന് തന്നെ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു ‘ഞാന്‍ ശക്തമായി എതിര്‍ക്കുന്നു.’
‘ജാമ്യം അര്‍ഹിക്കുന്ന വകുപ്പുകളനുസരിച്ചുള്ള കുറ്റം ചുമത്തി FIR. തന്ന ശേഷം ജാമ്യം അര്‍ഹിക്കാത്ത 302-ാം വകുപ്പ് കൂട്ടി ചേര്‍ന്നത് എന്തുകൊണ്ടാണ്? കോടതി ചോദിച്ചു.
‘തുടര്‍ന്നുള്ള അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍’ എസ്.പി. പറഞ്ഞു. ജാമ്യാപേക്ഷ തള്ളി ജൂണ്‍ 4 വരെ റിമാന്‍ഡില്‍ തുടരാന്‍ കോടതി ഉത്തരവിട്ടു.
കോടതിയില്‍ നിന്ന് പ്രതികളെ വന്‍ പോലീസ് സന്നാഹത്തോട് കൂടിയാണ് പുറത്തിറക്കിയത്. രാജന്‍ കേസിലെ പ്രതികളെ നേരില്‍ കണ്ട ജനങ്ങള്‍ രോഷാകുലരായി. പിന്നീട് നടന്നത് ഒരു രാഷ്ടീയ ചലച്ചിത്രത്തിലെ രംഗം പോലെയായിരുന്നു.
‘പ്രതികളെ കണ്‍വെട്ടത്ത് കണ്ടതോടെ അവരുടെ നേരെ തുരുതുരാ കല്ലുകള്‍ വലിച്ചെറിഞ്ഞു. പടിക്കലും പുലിക്കോടനും ജീപ്പിന്റെ പിന്‍സീറ്റില്‍ ചാടിക്കേറി. അന്വേഷണ ഉദ്യോഗസ്ഥന്മാരില്‍ രണ്ടു പേര്‍ മറയായി ഒപ്പമിരുന്നു. ജീപ്പ് മുന്നോട്ട് നീങ്ങിയതോടെ ജനക്കൂട്ടം തേനീച്ചകളേപ്പോലെ ജീപ്പിനെ പൊതിഞ്ഞു. ജീപ്പിന്റെ ക്യാന്‍വാസ് അവര്‍ വലിച്ച് കീറി. കല്ലേറും മുദ്രവാക്യങ്ങളുമായി ജനക്കൂട്ടം ജീപ്പിനെ ആക്രമിച്ചു. ഗത്യന്തരമില്ലാതെ ജീപ്പിന്റെ പിന്നില്‍ തൂങ്ങി നിന്നിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ചാടിയിറങ്ങി കൈയിലുണ്ടായിരുന്ന ചൂരല്‍വടി ആഞ്ഞുവീശി. രണ്ട് പോലീസുകാരും ഇന്‍സ്‌പെക്ടറോടൊപ്പം ചേര്‍ന്നു. ഇതോടെ പരിഭ്രാന്തരായ ജനക്കൂട്ടം നാലുപാടും ചിതറിയോടി. പലരും താഴെ വീണു. താഴെ വീണവര്‍ക്ക് ചവിട്ടേറ്റു. ഇതിനിടയില്‍ ജീപ്പ് സ്ഥലം വിട്ടു.” ഒരു പത്രം എഴുതി.
കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ പീഡിപ്പിക്കാന്‍ ജയറാം പടിക്കലിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് സബ് ജയിലില്‍ നിര്‍മ്മിച്ച ഇടുങ്ങിയ, ഇരുണ്ട മുറികളില്‍ തന്നെ പടിക്കലിനേയും പുലിക്കോടനേയും തുറങ്കിലടച്ചു. വിധി നേരിട്ട് തന്നെ രാജന്‍ കേസിന്റെ കണക്കുകള്‍ തീര്‍ക്കാന്‍ തുടങ്ങി.
ഏപ്രില്‍ 25 ന് ഹൈക്കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി കരുണാകരന്‍ സ്ഥാനം രാജിവെച്ചു. കള്ള സത്യവാങ്ങ് മൂലം നല്‍കിയതിന് കോടതിവിമര്‍ശനവും കരുണാകരന് ഏറ്റുവാങ്ങേണ്ടി വന്നു. കരുണാകരന്‍ പുതിയ സത്യവാങ് നല്‍കി കോടതിയോട് മാപ്പ് ചോദിച്ചു. ആദ്യമായി മാര്‍ച്ച് 10 ന് ഈച്ചര വാര്യരെ കണ്ടുവെന്ന് നമ്മതിച്ചു.
മെയ് 23 ന് സര്‍ക്കാര്‍ അതുവരെ പറഞ്ഞിരുന്ന നിലപാട് മാറ്റി. രാജന്‍ കക്കയം ക്യാമ്പില്‍ മര്‍ദ്ദനത്തില്‍ മരിച്ചുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. രാജന്റെ മരണം മര്‍ദനം മൂലമെന്ന് അന്വേഷണ സംഘം ഉറപ്പാക്കി. കക്കയം ഡാമില്‍ നേവിക്കാരുടെ നേതൃത്വത്തില്‍ മുങ്ങി തപ്പിയെങ്കിലും ഒന്നും ലഭിച്ചില്ല. എല്ലാ വിവരങ്ങളും അറിയായിരുന്നു എന്ന് പടിക്കല്‍ കോടതിയെ അറിയിച്ചു. അതോടെ പ്രതികളെ മേലധികാരികള്‍ കൈവിട്ടു. പടിക്കലും ലക്ഷ്മണയും ഒറ്റപ്പെട്ടു.
കോടതിയില്‍ മര്‍ദ്ദനത്തിന് ഉപയോഗിച്ച ബഞ്ച്, ഇരുമ്പുലക്ക എന്നിവ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ പ്രതിഭാഗം വക്കീല്‍ വാദിച്ചു. ‘റോളറും മറ്റും ഉപയോഗിച്ചുള്ള മര്‍ദ്ദനം ഏറ്റിട്ടും പലരും മരിക്കാതെ പുറത്ത് വന്നിട്ടുണ്ട്. അതിനാല്‍ മര്‍ദ്ദനം മൂലമാണ് രാജന്‍ മരിച്ചതെന്ന് പറയാന്‍ കഴിയില്ല.’
കോടതി: ‘കത്തിക്കുത്തേറ്റവരും മരിക്കാതിരിക്കാം.’
വക്കീല്‍ : ‘ഉലക്കയും ബഞ്ചും പേരാമ്പ്ര സി.ഐ. മോഹനന്‍ ശേഖരിച്ച് കൊണ്ടുവന്നു എന്ന് പറയുന്നു. അത് എന്തിനാണ് എന്ന് പറയുന്നില്ല’
കോടതി: ‘നെല്ല് കുത്താന്‍ ആയിരിക്കില്ലല്ലോ?’
രാജിവെച്ച കരുണാകരന്റെ ഉത്തമവചനങ്ങള്‍ ഇങ്ങനെ
‘രാജിവെയ്ക്കുവാന്‍ ഞാന്‍ ബാദ്ധ്യസ്ഥനല്ല. എങ്കിലും ഉത്തമ കീഴ്വഴക്കം സൃഷ്ടിക്കുന്നതിനായാണ് ഞാന്‍ രാജിവെയ്ക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തിന് അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ സംശയം ഇല്ല’ നിയമവിധേയവും ഭദ്രവും പരിഷ്‌കൃതവും ആയിരുന്നു കഴിഞ്ഞ
ആറ് വര്‍ഷത്തെ നിയമപാലക വ്യവസ്ഥ’.
രാജന്‍ കേസിന്റെ അവസാന വിചാരണ കഴിഞ്ഞപ്പോള്‍ ജയറാം പടിക്കല്‍, മുരളി കൃഷ്ണദാസ്, കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരെ മാത്രമാണ് കോടതി ശിക്ഷിച്ചത്. രാജനെ മര്‍ദ്ദിച്ച് വധിച്ചു എന്നതിന് സംശയാതീതമായി തെളിവില്ല എന്ന് വിധിച്ചു, മൂവരെയും കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അവര്‍ മൂന്നു പേരും മദ്രാസ് ഹൈക്കോടതിയില്‍ പോയി അപ്പീല്‍ നല്‍കി കുറ്റവിമുക്തരായി.
ടി. വി. ഈച്ചര വാര്യരും പി. രാജനും
കുറ്റവാളികളെ ശിക്ഷിക്കുവാന്‍ അപര്യാപ്തമായ അന്വേഷണ രീതിയും പ്രോസിക്യൂഷന്റെ ദുര്‍ബലമായ വാദവും, കോടതിയുടെ മനോഭാവവും കൊലയാളികള്‍ക്ക് തുണയായി. ഈച്ചര വാര്യര്‍ എന്ന വൃദ്ധനായ പിതാവിന്റെ ഒറ്റയാള്‍ പോരാട്ടം അങ്ങനെ നീതി നിഷേധമായി തന്നെ അവസാനിച്ചു. കേസിന്റെ അവസാനം അദ്ദേഹം പറഞ്ഞു ‘ജനാധിപത്യ കേരളത്തിന്റെ കൊടിക്കൂറയില്‍ എക്കാലവും കണ്ണീരില്‍ വിരിഞ്ഞ ഒരു പൂവ് വിടര്‍ന്നു നില്‍ക്കും’
രാജന്‍ കേസില്‍ എന്തുകൊണ്ട് കൊലപാതകികള്‍ ശിക്ഷിക്കപ്പെട്ടില്ല?
ഒറ്റ വാചകത്തില്‍ ഉത്തരം ഇതാണ്
കൊലയാളികള്‍ക്ക് ഭരണകക്ഷിയില്‍ ഉറച്ച പിന്‍തുണയും സ്വാധീനവും ഉണ്ടായിരുന്നു.
‘രാജന്‍ കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഒരിക്കലും ലഭിച്ചില്ല. എന്നതില്‍ എനിക്ക് സങ്കടമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി ഡി.ഐ.ജി ജയറാം പടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ കരുണാകരന്‍ വിദഗ്ധമായി ശ്രമിച്ചു. കേസിന്റെ വിചാരണ കേരളത്തിന് പുറത്താക്കാനുള്ള നീക്കം തന്നെ അതിനായിരുന്നു. നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് തവണ അധികാരത്തില്‍ വന്നെങ്കിലും ഈച്ചര വാര്യര്‍ക്ക് അര്‍ഹമായ നീതി ഒരിക്കലും ലഭിച്ചില്ല.’ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറയുന്നു.
ഓര്‍ക്കുക കേരള പോലീസിന്റെ ഔദ്യോഗിക മുദ്രാവാക്യം ‘മൃദുഭാവേ ദൃഢകൃത്യേ’ എന്നാണ്. ഇതിനര്‍ത്ഥം, ‘മൃദുവായ സ്വഭാവവും ദൃഢമായ പ്രവര്‍ത്തനവും’ എന്നാണ്. എന്നാല്‍ ഭീകര ഭാവവും അനധികൃത കൃത്യവുമാണെന്ന് സങ്കല്‍പ്പത്തിലെങ്കിലും, കേരളത്തില്‍ രാജന്‍ കേസ് തിരുത്തിയെഴുതി. P Rajan’s case; the father who did not get justice, and the criminals who escaped
(അവസാനിച്ചു)
Content Summary: P Rajan’s case; the father who did not get justice, and the criminals who escaped
Leave a Comment