കര്‍ണാടകയുടെ ആത്മീയ ലോകത്തും രാഷ്ട്രീയ ലോകത്തും ഒരു പോലെ പ്രധാനിയായ വീരേന്ദ്ര ഹെഗഡെ നിയന്ത്രിക്കുന്ന മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ വെളിപ്പെടുത്തലുകള്‍ ഒരു രാജ്യം ആകമാനം ചര്‍ച്ച ചെയ്യുകയാണ്. ക്ഷേത്രത്തിലെ മുന്‍ശുചീകരണ തൊഴിലാളിയുടെ തുറന്നു പറച്ചിലുകളാലാണ് തുടക്കം. 1992- 2014 കാലഘട്ടത്തില്‍ ക്ഷേത്രഭരണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നേത്രാവതി പുഴയുടെ പരിസരത്തായി താന്‍ നിരവധി പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
എന്നാല്‍ അജ്ഞാതനായ ആ ശുചീകരണ തൊഴിലാളി പറഞ്ഞ കാലത്തിനും മുമ്പേ ധര്‍മസ്ഥലയുടെ മണ്ണില്‍ പൂണ്ടുപോയ ജീവിതങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1980കള്‍ മുതല്‍ക്ക് തന്നെ ധര്‍മ്മസ്ഥലയില്‍ ഇത്തരം കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ‘ അധികാരി’യുടെ സ്വാധീനത്തില്‍ രഹസ്യങ്ങള്‍ രഹസ്യങ്ങളായി തന്നെ തുടര്‍ന്നു. പക്ഷേ എല്ലാവരും ഒരുപോലെ ഭയപ്പെട്ടിരുന്നുമില്ല.
ബല്‍ത്തങ്കടിയില്‍ കര്‍ഷക പോരാട്ടം
പേരിന് മാത്രം പൊലീസ് സ്റ്റേഷനുള്ള ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയെന്ന് വിശേഷിപ്പിക്കുന്ന വീരേന്ദ്ര ഹെഗഡെയ്‌ക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയവരുമുണ്ട്. അത്തരത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് ബെല്‍ത്തങ്കടിയിലെ സിപിഎം പാര്‍ട്ടിയുടേതാണ്. അധര്‍മികള്‍ക്കെതിരേ വര്‍ഷങ്ങളുടെ പോരാട്ട ചരിത്രമുണ്ട് ബെല്‍ത്തങ്കടിയിലെ പാര്‍ട്ടിക്കെന്ന് താലൂക്കിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ സെക്രട്ടറി വിഷ്ണു മൂര്‍ത്തി ഭട്ട് പറയുന്നു.
മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന 75 കാരനായ ഭട്ട് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണെങ്കിലും, പിന്നീട്ട വഴിയിലെ പോരാട്ടനാളുകള്‍ മനസില്‍ ഇപ്പേഴും എരിയുന്നുണ്ട്.
1980-1986 കാലം. കര്‍ഷക സംഘം താലൂക്ക് സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. ഓള്‍ ഇന്ത്യ കിസാന്‍ സഭ സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായിരുന്നു. ബല്‍ത്തങ്കടി, പൂത്തൂര്‍, സുള്ളിയ; ഈ മൂന്ന് പ്രദേശങ്ങളിലും സര്‍ക്കാരിന്റെ റവന്യൂ ഭൂമിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി കര്‍ഷകര്‍ താമസിച്ചിരുന്നു. ജില്ലയില്‍ മാത്രമായി 5000 കര്‍ഷരുണ്ടായിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രദേശത്ത് കൃഷി ചെയ്തുവെന്നാരോപിച്ച് ഇവര്‍ക്ക് മേല്‍ വലിയ തുക പിഴ ചുമത്തിയിരുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നവരുടെ രേഖകളും അവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന പിഴ വിവരങ്ങളുടെ രേഖകളും കണ്ടെടുത്തു. ഇവയെല്ലാം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. ആ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജന്മിമാര്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കിയിരുന്ന തുകയേക്കാള്‍ വലുതായിരുന്നു അത്. സര്‍ക്കാരിന്റെ ഈ നടപടി തുടരാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് ഞങ്ങള്‍ നടത്തിയ സമരമായിരുന്നു ധര്‍മ്മസ്ഥലയിലെ ആദ്യ സമരം. ധര്‍മ്മസ്ഥല പഞ്ചായത്തില്‍ ഇത്തരത്തില്‍ 150 ഓളം കര്‍ഷകരാണുണ്ടായിരുന്നത്. ഇതോടെ അവിടെ കര്‍ഷക സംഘം രൂപീകൃതമായി. കര്‍ഷകരുടെ സംഘടന രൂപീകരിച്ച സമയത്താണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ബെല്‍ത്തങ്കടി താലൂക്കില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനമുണ്ടായി. അവിടെ വെറും 600 വോട്ടിനാണ് അന്ന് സിപിഎം തോല്‍വിയേറ്റ് വാങ്ങുന്നത്. ധര്‍മ്മസ്ഥല സീറ്റില്‍ പാര്‍ട്ടിക്ക് രണ്ടാം സ്ഥാനം ലഭിച്ചു അത് പാര്‍ട്ടിയെ സംബന്ധിച്ച് ഒരു നല്ല സൂചനയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ധര്‍മ്മസ്ഥല മണ്ഡല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സീറ്റില്‍ ആറു സീറ്റുകളിലേക്ക് ഞങ്ങള്‍ മത്സരിച്ചു.
എല്ലാം വീരേന്ദ്ര ഹെഗഡെയുടെ കാല്‍ക്കീഴില്‍
ധര്‍മ്മസ്ഥലയിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെങ്കില്‍ പോലും വീരേന്ദ്ര ഹെഗഡെയുടെ അനുമതി വാങ്ങണമായിരുന്നു. അയാളുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണമെന്നായിരുന്നു ആവശ്യം. നിങ്ങള്‍ക്ക് ആവശ്യമായ എല്ലാം ഒരുക്കാമെന്നും തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പട്ടിക പിന്‍വലിക്കണമെന്ന ആവശ്യവുമായി ഹെഗഡയുടെ നാല് ജോലിക്കാര്‍ അന്ന് എന്നെ സമീപിച്ചു.
തങ്ങള്‍ക്ക് അടിമകളായി നില്‍ക്കുന്ന പാര്‍ട്ടികളെയെല്ലാം ഹെഗഡെ അകമഴിഞ്ഞ് സഹായിച്ചു. ആ കൂറാണ് ഭരണപക്ഷവും പ്രതിപക്ഷവും കാണിക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആയിരുന്നു ഹെഗഡെ സാമ്രാജ്യത്തിന്റെ പിന്തുണ.
പത്മലത കേസ്
ആ സമയത്തെ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റ് ആയിരുന്നു മലയാളിയായ ദേവാനന്ദ്. ഈ തിരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് എസ്ഡിഎം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അയാളുടെ മകള്‍ പത്മലതയെ ഇവര്‍ തട്ടിക്കൊണ്ടു പോകുന്നത്. കോളേജ് കഴിഞ്ഞ് വൈകിട്ട് സുഹൃത്തുകള്‍ക്കൊപ്പം ധര്‍മ്മസ്ഥലയില്‍ ബസിറങ്ങിയത് ആയിരുന്നു പത്മലത. പ്രിന്‍സിപ്പളായിരുന്ന പ്രഭാകരെന്ന വ്യക്തിയും വീരേന്ദ്ര ഹെഗഡെയുടെ സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാറും കാറിലുണ്ടായിരുന്നത്. എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു പത്മലതയെ കൊണ്ടുപോയത്.
സാധാരണയായി ധര്‍മ്മസ്ഥലയില്‍ എന്ത് സംഭവമുണ്ടായാലും പോലീസ് കേസ് ആവാറില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കേണ്ടത് വീരേന്ദ്ര ഹെഗഡെുടെ കാല്‍ ചുവട്ടിലാണ്. പിന്നീട് അയാള്‍ പറയുന്നതാണ് ആ പ്രശ്‌നത്തിനുള്ള പരിഹാരം. എന്നാല്‍ ഞങ്ങള്‍ അന്ന് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഒന്നോ രണ്ടോ ദിവസം നോക്കിയതിന് ശേഷം ആകാം പരാതി സ്വീകരിക്കുന്നതെന്നായിരുന്നു അന്ന് ലഭിച്ച മറുപടി. പരാതി സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്ന് ഞാന്‍ പറഞ്ഞു. ബഹളം കേട്ടെത്തിയ തഹസില്‍ദാരുടെ ആവശ്യപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതാണ് ധര്‍മ്മസ്ഥലയിലെ ആദ്യ പരാതി. വീരേന്ദ്ര ഹെഗഡെയ്‌ക്കെതിരെ ഈ സ്വതന്ത്ര ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ പരാതിയും ഇതാണ്.
നട്ടോജി റാവുവെന്ന ബ്രാഹ്‌മണ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമി തലമുറകള്‍ കൈമാറിയാണ് വീരേന്ദ്ര ഹെഗഡെയുടെ കൈവശമെത്തുന്നത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് നോക്കുന്നവര്‍ വിവാഹം കഴിക്കാറില്ല. ധര്‍മ്മസ്ഥല നഗരവും പഞ്ചായത്തും സംസ്ഥാനവുമുള്‍പ്പെടെ ഹെഗഡെയുടെ അധികാര പരിധിയിലാണ്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിന്റെ വരുമാനത്തെക്കുറിച്ച് വ്യക്തമാക്കുന്ന കണക്കുകള്‍ സമര്‍പ്പിക്കാന്‍ പറഞ്ഞു വരുന്ന ഉത്തരവുകളെല്ലാം ഇവര്‍ തടയും.
ഇഷ്ടം തോന്നിയവരെ സ്വന്തമാക്കുന്ന ക്രൂരത
ധര്‍മ്മസ്ഥലയില്‍ നിരവധി ഗസ്റ്റ് ഹൗസുകളുണ്ട്. അവയിലേതിലെങ്കിലും താമസിക്കുന്ന പെണ്‍കുട്ടികളെ കണ്ട് മോഹം തോന്നിയാല്‍ ഇവര്‍ ഉടനടി സമീപിക്കും. വഴങ്ങുന്നവര്‍ക്ക് പണമോ പാരിതോഷികളങ്ങളോ നല്‍കും. എതിര്‍ത്താല്‍ മരണമായിരിക്കും ഫലം. ഒരു കേസും പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ആവില്ലെന്ന ധൈര്യം ഇവര്‍ക്കുണ്ട്. സഹകരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കും.
നിരവധി കാണാതാകല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയ്‌ക്കെതിരെ അന്ന് സംസാരിച്ച ഒരാളായിരുന്നു എംഎല്‍എ ആയിരുന്ന ആര്‍ വെങ്കിട്ടരാമന്‍. അസംബ്ലിയില്‍ ഈ പ്രശ്‌നം ഉന്നയിച്ചതിന് അദ്ദേഹത്തിനും പലതും നേരിടേണ്ടി വന്നു. സൗജന്യ കേസ് നടക്കുന്ന സമയത്ത് ബിജെപി നേതാവ് ആര്‍ അശോകയാണ് ആഭ്യന്തര മന്ത്രി. അന്ന് സൗജന്യയുടെ വീട്ടില്‍ പോകാതെ ഹെഗഡെയെ സന്ദര്‍ശിച്ച ഇവരില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയുമൊക്കെ ഹെഗഡെയ്ക്ക് പിന്തുണയായുണ്ട്.
ഇവര്‍ക്കെതിരെ സമരവും പ്രതിഷേധവുമായി എത്തുന്ന എല്ലാവര്‍ക്കും ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയതിന് ബല്‍ത്തങ്കടി ബസ് സ്റ്റാന്റില്‍ വച്ച് എന്നെ മര്‍ദിച്ച് അവശനാക്കിയിട്ടുണ്ട്. അന്ന് മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് ചീഫ് ഓഫീസറുടെ സഹായത്തോടെ പരാതി നല്‍കുകയുണ്ടായി. 1987 സെപ്തംബറിലായിരുന്നു ഇത്. ബെല്‍ത്തങ്കടി സ്വദേശിയായിരുന്ന എനിക്ക് നാടുവിട്ട് ഇപ്പോള്‍ മംഗളൂരുവില്‍ താമസിക്കേണ്ടി വന്നതിന്റെ പശ്ചാത്തലം തന്നെ ഈ സംഭവങ്ങളാണ്. ധര്‍മ്മസ്ഥലയിലെ അധികാരകേന്ദ്രമായ വീരേന്ദ്ര ഹെഗഡെയുടെ പതനത്തിന് വേണ്ടിയുള്ള പോരാട്ടം ആരു നടത്തിയാലും അതിന് പിന്തുണയുമായി ഞാനുണ്ടാവും; ആ ഉറപ്പ് നല്‍കിയാണ് ഈ വൃദ്ധന്‍ സംസാരം അവസാനിപ്പിച്ചത്.
content summary; The Padmalatha case was the first reported incident in Dharmasthala and marked the first formal complaint made against Veerendra Heggade
This post was last modified on August 2, 2025 6:11 am
Leave a Comment