June 14, 2026 |

ഷിംല കരാര്‍ പിന്മാറ്റ ഭീഷണി; നിയന്ത്രണം തെറ്റിക്കുമോ പാകിസ്ഥാന്‍?

ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് പകരമായി സിംല കരാർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ കരാറുകളും നിർത്താനൊരുങ്ങുകയാണെന്ന് പാകിസ്ഥാൻ

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ച നയതന്ത്ര നടപടികൾക്ക് മറുപടി നൽകാനൊരുങ്ങി പാകിസ്ഥാൻ. 1972-ൽ ഇരുരാജ്യങ്ങളും ചേർന്ന് ഒപ്പുവച്ച ഷിംല കരാർ നിർത്തലാക്കാനുള്ള സാധ്യത പാകിസ്ഥാൻ പുറത്തുവിട്ടതായി റിപ്പോർട്ടുകൾ.

പാകിസ്ഥാൻ വ്യക്തമാക്കുന്നത് എന്ത്?

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്ന് ഇന്ത്യ പറയുന്നു. ഇതിനുള്ള മറുപടിയായി, സിന്ധു നദീജല കരാർ സ്വന്തം നിലയിൽ നിർത്തിവച്ചതുൾപ്പെടെ പാകിസ്ഥാനെതിരെ നിരവധി നയതന്ത്ര നടപടികൾ ഇന്ത്യ സ്വീകരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് പകരമായി സിംല കരാർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ കരാറുകളും നിർത്താനൊരുങ്ങുകയാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള കൊലപാതകങ്ങളിൽ ഏർപ്പെടുന്നതും, അന്താരാഷ്ട്ര നിയമങ്ങളെയും, കശ്മീരിനെക്കുറിച്ചുള്ള യുഎൻ പ്രമേയങ്ങളും അവഗണിക്കുന്നതും ഇന്ത്യ അവസാനിപ്പിക്കുന്നതുവരെ കരാറുകൾ നിർത്തിവയ്ക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.

എന്താണ് ഷിംല കരാർ

1971ൽ ഉണ്ടായ ഇന്തോ-പാക് യുദ്ധത്തിൽ ഇസ്ലാമാബാദ് പരാജയപ്പെട്ടതിന് പിന്നാലെ, ഇന്ത്യയുടെ പിന്തുണയോടെ ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്ന് വേർപെട്ടു. 1972 ജൂലൈ 2ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്ഥാൻ പ്രസിഡന്റ് സുൽഫിക്കർ ഭൂട്ടോയും ഷിംല കരാറിൽ ഒപ്പുവച്ചു. ഇരുപക്ഷവും തമ്മിലുള്ള അഞ്ച് വ്യത്യസ്ത കരാറുകൾ ഉൾക്കൊള്ളുന്ന ഒരു ഹ്രസ്വ ഉടമ്പടിയാണ് ഷിംല കരാർ.

പാകിസ്ഥാൻ-ബംഗ്ലാദേശ് തർക്കത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ പിന്തുണച്ചതായിരുന്നു ഇന്തോ-പാക് യുദ്ധത്തിന്റെ പ്രകോപനം. ഇന്ത്യ വിജയിച്ച ആ യുദ്ധത്തിന് ശേഷം ഹിമാചൽ പ്രദേശിൽ വച്ച് ഒപ്പുവച്ച കരാർ ഇരുരാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന പല സംഘർഷങ്ങൾക്കും അവസാനം കുറിയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാം ഉദ്ദേശം. കശ്മീരിൽ നിരന്തരം തുടരുന്ന സംഘർഷങ്ങൾ ഒഴിവാക്കുക എന്നതായിരുന്നു അതിൽ പ്രധാനം.

എന്താണ് നിയന്ത്രണ രേഖ

ജമ്മു കശ്മീർ, ലഡാക്ക് മേഖലകളിൽ ഇന്ത്യൻ പാകിസ്ഥാൻ സൈന്യങ്ങളെ വേർതിരിക്കുന്ന അനൗദ്യോഗിക അതിർത്തിയാണ് നിയന്ത്രണ രേഖ (LoC). 1972ലെ ഷിംല കരാറിന് ശേഷമാണ് നിയന്ത്രണ രേഖ നിലവിൽ വന്നത്. ഇരുരാജ്യങ്ങളും ഈ അതിർത്തി അംഗീകരിക്കുന്നുണ്ടെങ്കിലും ഇതൊരു നിയമപരമായ അതിർത്തിയല്ല.

നിയന്ത്രണ രേഖയുടെ ഒരു ഭാഗം പാകിസ്ഥാനും (പാക് ഒക്യുപൈഡ് കശ്മീർ) ഇന്ത്യ മറ്റൊരു ഭാഗവും (ജമ്മു കശ്മീർ-ലഡാക്) കൈയ്യാളുന്നു.

ഉഭയകക്ഷി ചർച്ചകളിലൂടെയുള്ള പ്രശ്‌ന പരിഹാരം

ഷിംല കരാർ പ്രകാരം ഉഭയകക്ഷി ചർച്ചകളിലൂടെയോ, അല്ലെങ്കിൽ പരസ്പരം സമ്മതമറിയിച്ച മറ്റേതെങ്കിലും സമാധാനപരമായ മാർഗങ്ങളിലൂടെയോ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുന്നതുവരെ, ഇരുപക്ഷവും പ്രകോപിതരാകരുതെന്ന് കരാറിൽ വ്യക്തമാക്കുന്നു. സമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തിനും കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകരുതെന്ന വ്യവസ്ഥയുമുണ്ട്.

കശ്മീർ വിഷയത്തിലെ മറ്റ് രാജ്യങ്ങളുടെ ഇടപെടലിൽ ഇന്ത്യയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാകിസ്ഥാനുമായി നേരിട്ടുള്ള ചർച്ചയിൽ മാത്രമെ കാര്യങ്ങൾ അവതരിപ്പിക്കുയുള്ളു എന്നാണ് കരാറിന്റെ ഒരു ഭാഗത്ത് വ്യക്തമാക്കുന്നത്.

കരാറിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമ്പോൾ

1999-ലെ കാർഗിൽ യുദ്ധം ഉൾപ്പെടെ നിരവധി പോരാട്ടങ്ങളും യുദ്ധങ്ങളും നടന്നിട്ടുണ്ടെങ്കിലും, ഷിംല കരാർ ഒപ്പുവച്ച് 53 വർഷങ്ങൾക്ക് ശേഷവും നിയന്ത്രണ രേഖ നിലനിൽക്കുന്നു. എന്നാൽ ഇപ്പോൾ കരാർ നിർത്തലാക്കാനുള്ള പാകിസ്ഥാന്റെ നീക്കം ശക്തമാണ്.

കരാർ നിർത്തലാക്കുന്നതോടെ നിയന്ത്രണ രേഖ പിന്തുടരേണ്ടതില്ലന്നാണ് പാകിസ്ഥാൻ കരുതുന്നതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയും ഇതേ നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്. പാകിസ്ഥാന്റെ ഈ പ്രതികാര നടപടികളോട് ഇന്ത്യ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം നിയന്ത്രണ രേഖയ്ക്കപ്പുറം കടക്കാൻ ഇന്ത്യയ്ക്കും സാധിക്കുമെന്ന് വ്യക്തമാകുന്നു.

2016, 2019 കാലഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ നിയന്ത്രണ രേഖ കരാർ ലംഘിച്ചിരുന്നു. ഇതിൽ നിന്ന് ഇരുരാജ്യങ്ങളെയും തടയാൻ കരാർ സഹായിച്ചിരുന്നില്ല. നിലവിൽ മോദി സർക്കാരും, മുൻപ് മറ്റു സർക്കാരുകളുടെ കീഴിലുള്ള സൈന്യവും നിയന്ത്രണ രേഖ മറികടന്നിട്ടുണ്ട്.

1972 ജൂലൈയിൽ ഷിംല കരാർ നിലവിൽ വരുന്നതിന് മുൻപ്, കശ്മീർ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച യുഎൻ സുരക്ഷ കൗൺസിൽ 18 പ്രമേയങ്ങൾ പാസാക്കിയിരുന്നു. 1948 ഏപ്രിലിലെ ഒ പ്രമേയമനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും കശ്മീരിൽ ഹിത പരിശോധന നടത്തുന്നതിന് സാഹചര്യങ്ങളൊരുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ജമ്മു കശ്മീരിലെ ജനങ്ങൾക്ക് തങ്ങൾ ഏത് രാജ്യത്തിന്റെ ഭാഗമാകണമെന്ന് തീരുമാനിക്കാം.

1972 മുതൽ ഷിംല കരാർ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെക്കാൾ പ്രധാനമാണെന്നും, കശ്മീർ പ്രശ്‌നം അന്താരാഷ്ട്ര സഹായത്തിലൂടെയല്ല, ഇന്ത്യയും പാകിസ്ഥാനും നേരിട്ട് പരിഹരിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ വാദം. കശ്മീർ പ്രശ്‌നം ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ നിൽക്കുന്നതാണെന്ന് ഇന്ത്യ പലപ്പോഴും വാദിക്കാറുണ്ട്. 2019ൽ പ്രധാനമന്ത്രി മോദി മധ്യസ്ഥത വഹിക്കാൻ തന്നോട് ആവശ്യപ്പെടുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ നിലപാട് ഇത്തരത്തിലാണെങ്കിലും, യുഎൻ പ്രമേയത്തെക്കാൾ ഷിംല കരാറിനാണ് പാകിസ്ഥാൻ പ്രാധാന്യം നൽകുന്നത്. വിഷയത്തിൽ പാകിസ്ഥാന്റെ ഇടപെടൽ പ്രധാനമാണെന്ന് പാകിസ്ഥാൻ വിശ്വസിക്കുന്നു. കൂടാതെ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധത്തിൽ ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങൾ പാലിക്കണമെന്ന് ഷിംല കരാറിൽ പറയുന്നതായി പാകിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തി ഷിംല കരാർ പിൻവലിക്കുന്നതോടെ പാകിസ്ഥാൻ മൂന്നാം കക്ഷിയുടെ ഇടപെടൽ തേടുമെന്നും, ഇന്ത്യ അതിനെ ചെറുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാകിസ്ഥാന് കരാറിൽ നിന്ന് പിൻമാറാൻ കഴിയുമോ

ഷിംല കരാറിൽ ഇരുരാജ്യങ്ങൾക്കും അതിൽ നിന്ന് പിന്മാറാനോ, താൽക്കാലികമായി നിർത്തിവയ്ക്കാനോ ഉള്ള നിയമം പ്രതിപാദിക്കുന്നില്ല. എന്നാൽ കരാർ താൽകാലികമായി നിർത്തിവയ്ക്കുന്നതിനുള്ള നടപടികളാണ് പാകിസ്ഥാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്, ഇത് ഔപചാരിക നടപടിയല്ല.

രണ്ട് കക്ഷി രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടിയിൽ അതിൽ നിന്ന് പിന്മാറുന്നതിനുള്ള വ്യവസ്ഥകൾ എഴുതിച്ചേർത്തിട്ടില്ലെങ്കിൽ, രാജ്യങ്ങൾക്ക് പിന്മാറാനുള്ള കഴിയില്ലെന്ന് ഉടമ്പടി നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വിയന്ന കൺവെൻഷൻ വ്യക്തമാക്കുന്നു. പാകിസ്ഥാൻ വിയന്ന കൺവെൻഷനിൽ ഒപ്പുവച്ചിണ്ടെങ്കിലും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല, അതേസമയം ഇന്ത്യ വിയന്ന കൺവെൻഷനിൽ ഒപ്പുവച്ചിട്ടില്ല.

Content summary; Impact on Bilateral Relations if Pakistan Suspends the Simla Agreement

Leave a Reply

Your email address will not be published. Required fields are marked *

×