July 09, 2025 |

യുദ്ധമല്ല, വേണ്ടത് സമവായം; ഇന്ത്യ കരാര്‍ റദ്ദാക്കിയതുകൊണ്ട് പാകിസ്താന് വെള്ളം കിട്ടാതെ വരില്ല

ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ ഉറച്ച് വിശ്വസിക്കുന്നതിന്റെ ഭാഗമായി നയതന്ത്ര തലങ്ങളിലും ചില നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ വിദേശകാര്യ നയതന്ത്ര നയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതാണ്. പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടിയെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പറയുമ്പോഴും ഈ നയംമാറ്റം ഇന്ത്യയുടെ പൂര്‍വകാല സമീപനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നയംമാറ്റം ഏതൊക്കെ തരത്തിലായിരിക്കും ആഘാതം ഉണ്ടാക്കുക. ഇത് പാകിസ്ഥാനെ മാത്രമാണോ അതോ ഇന്ത്യയുടെ മുന്‍കാല പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലാണോ? സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതിന്റെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന നയങ്ങളെ മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന കെപി ഫാബിയന്‍ വിലയിരുത്തുന്നു.

നിയമപരമായി വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ റദ്ദാക്കാന്‍ പറ്റുന്ന ഒരു കരാര്‍ അല്ല സിന്ധു നദീജല കരാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പ്രശ്‌നപരിഹാരത്തിനായി വേള്‍ഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങളില്‍ അയവ് വരുത്തണം. അല്ലാതെ കരാറില്‍ നിന്ന് പിന്മാറാന്‍ നിലവില്‍ യാതൊരു വ്യവസ്ഥകളുമില്ല. നിയമപരമായി നോക്കുമ്പോള്‍ കരാര്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി ന്യായീകരിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്.

കഴിഞ്ഞകാല നയങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ നീക്കമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പാകിസ്ഥാന്‍ ഭീകരരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന ഉറപ്പ് കിട്ടാത്തിടത്തോളം കാലം സിന്ധു നദീതട കരാര്‍ റദ്ദാക്കുകയല്ല മറിച്ച് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ-പാക് യുദ്ധമുണ്ടായിരുന്ന കാലത്തുപോലും സിന്ധു നദീജല കരാരില്‍ നമ്മള്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ കരാര്‍ സസ്‌പെന്‍ഡ് ചെയ്തു എന്നത് ഒരു പ്രസ്താവന മാത്രമാണ്. ഇതുവരെ പാകിസ്ഥാന് കിട്ടിരുന്ന അളവിലുള്ള വെള്ളം തന്നെയാണ് ഇപ്പോഴും കിട്ടുന്നത്. കരാര്‍ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് വെള്ളത്തിന്റെ പ്രവാഹം നിലയ്ക്കുന്നില്ല. അതേസമയം, ഇന്ത്യ വെള്ളത്തിന്റെ പ്രവാഹത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ യുദ്ധത്തിന് സമാനമായ പ്രവണതയായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കരാര്‍ മരവിപ്പിച്ചുവെങ്കിലും പാകിസ്ഥാന് ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളം തന്നെ സിന്ധു നദിയില്‍ നിന്നും ലഭ്യമാകുന്നുണ്ട്.

ഇന്ത്യ വാഗ അതിര്‍ത്തി തുറന്നുവച്ചാല്‍ പാകിസ്ഥാനില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടേയിരിക്കും. ചില അഖണ്ഡവാദികള്‍ക്ക് നിരപരാധികളായി നടിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മറ്റൊന്ന് യുദ്ധം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു സന്ദര്‍ഭത്തില്‍ എതിര്‍ രാജ്യത്തിന്റെ പൗരന്മാര്‍ക്കെതിരായി നടപടിയെടുക്കുക എല്ലാ രാജ്യങ്ങളിലും നടക്കുന്ന കാര്യമാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ പാക് പൗരന്മാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന നടപടികളിലേക്ക് പോലും കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേക്കാലങ്ങളായി പാകിസ്ഥാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ കൊടുക്കുന്നുണ്ടായിരുന്നു. അതേസമയം ഇന്ത്യയാകട്ടെ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വളരെ വിരളമായാണ് വിസ നല്‍കിയിരുന്നുള്ളൂ. ആ സാഹചര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ നയം കടുപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ വിസയുടെ കാര്യത്തില്‍ നടപടി സ്വീകരിച്ചു. അല്ലെങ്കില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്ഥാന്‍ പേടിച്ചു നില്‍ക്കുകയാണെന്ന് പാക് ജനതയും പറയുമല്ലോ. അതുകൊണ്ടൊക്കെയാകണം അവരും നിലപാടുകള്‍ കടുപ്പിച്ചത്. പലപ്പോഴും എല്ലാ ഗവണ്‍മെന്റുകള്‍ക്കും ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുത്ത് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഉള്ളത്.

ഇപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങളുടെ വ്യോമയാന പാതയും റദ്ദാക്കി. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാനില്‍ വ്യോമപാത ഉണ്ടാകില്ലെന്ന പാക് നടപടിയിലൂടെ നമ്മുടെ വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും. ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. കൂടാതെ വ്യോമാതിര്‍ത്തികള്‍ തമ്മിലുള്ള വലിയ പ്രതിസന്ധികളിലേക്കും കാര്യങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ കഴിവതും വേഗം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ശാശ്വതമായ സമാധാനവും നല്ല ബന്ധവും ഉണ്ടാക്കാവുന്നതാണ്. പക്ഷേ അതിന് സമയമെടുക്കും. അതുകൊണ്ട് തന്നെ അത് എന്ന് നടക്കുമെന്നൊന്നും പറയാന്‍ പറ്റില്ല. ഇപ്പോള്‍ വേണ്ടത് നിലവിലെ പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കുകയാണ്. ഇരുരാജ്യങ്ങളുടെയും വൈര്യം കൂട്ടിയാല്‍ യുദ്ധമുണ്ടാകും. അത് ഇന്ത്യയെയും പാകിസ്ഥാനെയും മാത്രമല്ല ലോകരാജ്യങ്ങളെ പോലും പ്രതികൂലമായി ബാധിക്കും.

ഞാന്‍ ഇപ്പോഴും നയതന്ത്ര പ്രതിനിധിയായി ഉണ്ടായിരുന്നെങ്കില്‍ സിന്ധു നദീതട കരാര്‍ മരവിപ്പിക്കില്ലായിരുന്നു. പകരം ഭീകരരെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കരുത് എന്നതില്‍ പാകിസ്ഥാന് നിശ്ചിത സമയം അനുവദിക്കും. നടപ്പിലാക്കിയില്ലെങ്കില്‍ കരാറില്‍ പുനപരിശോധന നടത്തുമെന്ന് താക്കീത് കൊടുക്കുമായിരുന്നു.

നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാഷിംഗ്ടണിനോടും മോസ്‌കോയോടും ബെയ്ജിങിനോടും പറയുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഗുരുതരമായ ഈ സാഹചര്യത്തില്‍ പാകിസ്ഥാനോട് ഈ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംസാരിച്ച് അവര്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇത്തരത്തില്‍ ഒരു മധ്യസ്ഥ ചര്‍ച്ചയിലൂടെ എന്നെന്നേക്കുമായി സമാധാനം ഉണ്ടാകുമെന്നല്ല, ഇപ്പോഴത്തെ സാഹചര്യത്തെ കുറച്ച് മയപ്പെടുത്താന്‍ കഴിയും.

പാകിസ്ഥാന്‍ ഷിംല കരാര്‍ റദ്ദാക്കിയതിനെ വലിയ കാര്യമായി കാണേണ്ടതില്ല. ഷിംല കരാറിലൂടെ സുല്‍ഫിക്കര്‍ അലി ഭൂട്ടോ, ഇന്ദിരാഗാന്ധിയെ പറ്റിക്കുകയാണ് ചെയ്തത്. ഷിംല കരാറില്‍ നേരത്തെയും, ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും പാകിസ്ഥാന്‍ നിയമലംഘനം നടത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്യേണ്ട ആവശ്യം ഇന്ത്യാ ഗവണ്‍മെന്റിന് ഇല്ലായിരുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും അതിന്റെ രീതി ശരിയാകണം. ധൃതിപിടിച്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഭേദഗതി ചെയ്യേണ്ടിയിരുന്നില്ല. ജമ്മു കശ്മീരിലെ നേതാക്കളുടെ ചെറിയ സമ്മതത്തിലെങ്കിലും ആയിരുന്നു അത് നടപ്പിലാക്കേണ്ടിയിരുന്നത്. പക്ഷേ അതല്ല ഉണ്ടായത്.

നിലവിലെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധമുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധ്യമല്ല. പക്ഷേ, പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അവരൊരു യുദ്ധം നടത്തുകയാണെങ്കില്‍ അത് ചൈനയോട് സംസാരിച്ച് ചൈനയുടെ അനുമതിയോടെ ആകും. ചൈന അനുമതി നല്‍കാതെ പാകിസ്ഥാന്‍ ഒരിക്കലും ഒരു യുദ്ധത്തിന് പുറപ്പെടില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്നും യുദ്ധം തുടങ്ങാനുള്ള സാധ്യതകള്‍ കാണുന്നില്ല. പക്ഷേ ഇന്ത്യ ചില സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തുകയേ ഉള്ളൂ.pahalgam terror attack; It is consensus, not war, that we need

Content Summary: pahalgam terror attack; It is consensus, not war, that we need

Leave a Reply

Your email address will not be published. Required fields are marked *

×