പ്രതിരോധ ചെലവില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് പാകിസ്താന്‍. 2026 ജൂണില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പ്രതിരോധ ചെലവില്‍ 17 ശതമാനം വര്‍ദ്ധനവ് വരുത്താനാണ് തീരുമാനം. ഇന്ത്യയില്‍ നിന്ന് സമീപകാലത്തേറ്റ സൈനിക തിരിച്ചടിക്കു പിന്നാലെയാണിത്. പ്രതിരോധ ചെലവ് കൂട്ടിയപ്പോള്‍, സര്‍ക്കാര്‍ ചെലവുകളില്‍ ഗണ്യമായ കുറവാണ് വരുത്തിയത്. പൊതുജനത്തെ ബാധിക്കുന്ന കാര്യങ്ങള്‍ക്കുള്ള സാമ്പത്തികാവശ്യങ്ങളില്‍ ഏഴ് ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 17.57 ട്രില്യണ്‍ രൂപയുടെ(62 ബില്യണ്‍ ഡോളര്‍) കുറവ്.
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ഉണ്ടായ ഏറ്റവും മോശമായ സംഘര്‍ഷമായിരുന്നു കഴിഞ്ഞ മാസം സംഭവിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി പാകിസ്താന് കനത്ത ആഘാതമാണുണ്ടാക്കിയത്. ഇന്ത്യ വിജയിപ്പിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയ പ്രഹരം അയല്‍ക്കാരെ സാരമായി തളര്‍ത്തിയിട്ടുണ്ട്. ഒരു മാസത്തിനിപ്പുറം അവതരിപ്പിച്ചിരിക്കുന്ന പാകിസ്താന്റെ യൂണിയന്‍ ബജറ്റിലും ഇന്ത്യയില്‍ നിന്നേറ്റ ആഘാതത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം.
ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് പ്രതിരോധത്തിനായി ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ചൊവ്വാഴ്ച 2.55 ട്രില്യണ്‍ രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2024-25 ല്‍ 2.18 ട്രില്യണ്‍ രൂപയില്‍ നിന്നാണ് ഇപ്പോഴത്തെ വര്‍ദ്ധനവ്.
ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി നഷ്ടമായ ആയുധങ്ങളുടെ കുറവ് പരിഹരിക്കാനാണ് ഇപ്പോള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. അവിടെ രാഷ്ട്രീയത്തിലായാലും സാമ്പത്തിക കാര്യങ്ങളിലായാലും ഭരണകൂടത്തെക്കാള്‍ സ്വാധീനശക്തി സൈന്യത്തിനാണ്. അതുകൊണ്ട് തന്നെ ദാരിദ്ര്യത്തില്‍ കഴിയുന്നൊരു രാജ്യത്ത്, ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ സൈനിക താത്പര്യങ്ങളാകും സംരക്ഷിക്കപ്പെടുക.
എന്നാല്‍ പാകിസ്താന്‍ ഭരണകൂടം അവരുടെ ജനാധിപത്യ ഉത്തരവാദിത്തം മറന്നുകൊണ്ടാണ് പ്രസ്താവനകള്‍ നടത്തുന്നത്. ബജറ്റിന് അംഗീകാരം കൊടുത്തുകൊണ്ട് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്റെ മന്ത്രിസഭയെ അഭിസംബോധന ചെയ്ത് പറഞ്ഞത്, യുദ്ധത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതുപോലെ, അവരെ ഇനി സാമ്പത്തികമായി കൂടി മറികടക്കണമെന്നാണ്. കഴിഞ്ഞമാസം നടന്ന സൈനിക സംഘര്‍ഷത്തില്‍ നഷ്ടം നേരിടേണ്ടി വന്നത് പാകിസ്താനാണെന്നാണ് ഇന്ത്യ പറയുന്നത്. ഈ മാസം അവസാനം ബജറ്റ് പാര്‍ലമെന്റില്‍ വോട്ടെടുപ്പിനായി അവതരിപ്പിക്കുമെന്നാണ് വിവരം.
കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനാണ് ഇപ്പോള്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം എക്‌സിലെ അവരുടെ ഒരു പോസ്റ്റ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 40 അഞ്ചാം തലമുറ ജെ-35 സ്‌റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ ചൈന തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു എക്‌സിലൂടെ പാകിസ്താന്‍ ലോകത്തെ അറിയിച്ചിരിക്കുന്നത്. കൂടാതെ വ്യോമാക്രമണങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന സൈനിക സാങ്കേതിക ഉപകരണങ്ങള്‍, മിസൈല്‍ പ്രതിരോധ ഉപകരണങ്ങള്‍, സാറ്റ്‌ലൈറ്റ് പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയും ചൈന നല്‍കുമെന്നാണ് പറയുന്നത്. ഇവയ്‌ക്കെല്ലാം കൂടി എത്ര കോടി കൊടുക്കുമെന്ന കാര്യം മാത്രം പറഞ്ഞിട്ടില്ല.
240 ദശലക്ഷം ജനങ്ങളുള്ള പാകിസ്താന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് നേരിടുന്നത്. ഇപ്പോളവരുടെ തല നേരെ നില്‍ക്കാന്‍ സഹായകമാകുന്നത് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യില്‍ നിന്നും അനുവദിച്ചിരിക്കുന്ന ഏഴ് ബില്യണ്‍ ഡോളറാണ്. അതിനിടയിലാണ് ആയുധങ്ങള്‍ വാങ്ങാന്‍ അവര്‍ പണം നീക്കിവയ്ക്കുന്നത്. അതേസമയം അവരുടെ അഭിപ്രായപ്രകാരം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുകയാണ്. തിങ്കളാഴ്ച പുറത്തിറക്കിയ ഒരു ഔദ്യോഗിക സര്‍വേ പ്രവചിച്ചിരിക്കുന്നത്, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക പണപ്പെരുപ്പം 4.7 ശതമാനമായി കുറയുമെന്നാണ്. മുന്‍ വര്‍ഷം 26 ശതമാനമായിരുന്നു. 2024-25 ലെ സാമ്പത്തിക വളര്‍ച്ച ഏകദേശം 2.7 ശതമാനമായിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം 4.2 വളര്‍ച്ച നിരക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമായ കാര്യമല്ലെന്നാണ് അവരുടെ തന്നെ സര്‍വേയില്‍ വ്യക്തമാക്കിയിട്ടുള്ളതും. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശനഭരിതമായൊരു സാമ്പത്തികരംഗമാണ് പാകിസ്താന്റെത്. പലതരം ബലഹീനതകള്‍ അതിനെ ബാധിക്കുന്നുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. അരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള പ്രധാന വിളകളുടെ ഉത്പാദനം 13 ശതമാനം വരെ കുറയാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. പണപ്പെരുപ്പവും ഉയര്‍ന്ന വൈദ്യുതി ചാര്‍ജും വന്‍കിട വ്യവസായത്തെ തകര്‍ത്തിരിക്കുകയാണ്.
പ്രതിരോധ ചെലവുകള്‍ക്കും, കടത്തിന്റെ പലിശയ്ക്കും പണം കണ്ടെത്തുകയാണ് പാക് സര്‍ക്കാര്‍ അവരുടെ പ്രധാന ചുമതലയായി കരുതിയിരിക്കുന്നത്. ഇതിനായി മൊത്തം ചെലവിന്റെ 46 ശതമാനം മാറ്റിവയ്ക്കണം. അതിനായി അവര്‍ ചെയ്യുന്നത്, സര്‍ക്കാര്‍ ചെലുകള്‍ 6.9 ശതമാനം കുറച്ചും, നികുതി വരുമാനം 18 ശതമാനം വര്‍ദ്ധിപ്പിച്ച് 14.1 ട്രില്യണ്‍ രൂപയാക്കുകയുമാണ്. അതായത്, ആയുധം വാങ്ങാനും കടം തീര്‍ക്കാനും ജനത്തിനുമേല്‍ ഭാരം ഏല്‍പ്പിക്കല്‍. 2024-25 ല്‍ സര്‍ക്കാര്‍ നികുതി വരുമാനമായി ലക്ഷ്യമിട്ടത് 12.9 ട്രില്യണ്‍ രൂപയിരുന്നു. എന്നാല്‍ അതില്‍ നിന്നും ഒരു ട്രില്യണ്‍ രൂപ കുറവാണ് കിട്ടിയത്. അതായത്, ആയുധം വാങ്ങിക്കൂട്ടാനും കടം തീര്‍ക്കാനും ജനങ്ങളില്‍ നിന്നും നികുതി പിരിക്കാമെന്ന് ആഗ്രഹിച്ചാല്‍, അത് പോലും നടക്കില്ലെന്ന സ്ഥിതിയാണ് പാകിസ്താനുള്ളത്. Pakistan announced raise defence spending by 17 percent after military clashes with India
Content Summary; Pakistan announced raise defence spending by 17 percent after military clashes with India
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.