‘സർക്കാരിനെതിരെ ശബ്‌ദിക്കരുത്’, ഇരുപതിലേറെ യൂട്യൂബ് ചാനലുകൾക്ക് പൂട്ടിടാൻ പാകിസ്ഥാൻ

രാജ്യവിരുദ്ധ ഉള്ളടക്കം ആരോപിച്ചാണ് നടപടി

ഭരണകൂടത്തെ വിമർശിക്കുന്ന യൂട്യൂബ് ചാനലുകൾക്ക് പാകിസ്ഥാനിൽ ഉടൻ പൂട്ടുവീഴും. ചാനലുകൾക്ക് വിലക്കേർപ്പെടുത്തുന്നതിനെക്കുറിച്ച് കണ്ടന്റ് ക്രിയേറ്റേഴ്സിനെ മുൻകൂട്ടി വിവരം അറിയിച്ചതായി ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് അറിയിച്ചു. രാജ്യവിരുദ്ധ ഉള്ളടക്കം ആരോപിച്ചാണ് ഈ ചാനലുകൾ നിരോധിക്കാൻ ഒരുങ്ങുന്നത്. ഇസ്ലാമാബാദിലെ ഒരു പ്രാദേശിക കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. പ്രധാന പ്രതിപക്ഷ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) യുടെയും ജയിലിൽ കഴിയുന്ന പാർട്ടി നേതാവും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും അനുകൂല ചാനലുകളെയും ലക്ഷ്യമിട്ടാണ് നീക്കം. കൂടാതെ, പാകിസ്ഥാൻ സർക്കാരിനും സൈനിക സ്ഥാപനത്തിനുമെതിരെ വിമർശനാത്മക നിലപാടുകൾ സ്വീകരിക്കുന്ന മാധ്യമപ്രവർത്തകരുടെ ചാനലുകളും ഇതിൽ ഉൾപ്പെടുന്നു.

ജൂൺ 2 ന് പുറത്തിറക്കിയ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻസിസിഐഎ)യുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇസ്ലാമാബാദിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ യൂട്യൂബ് ചാനലുകൾ നിരോധിക്കാനുള്ള തീരുമാനം. പത്രങ്ങളെയും ടെലിവിഷനെയും അടിച്ചമർത്താനുള്ള ഈ നീക്കം, പാകിസ്ഥാനിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടുതൽ ദുർബലപ്പെടുത്തും. സമ്മർദ്ദം, സാമ്പത്തിക ലാഭം, സെൻസർഷിപ്പ് എന്നിവയുൾപ്പെടെ വർഷങ്ങളായി മാധ്യമ സ്വാതന്ത്ര്യത്തിൽ അധികാരികൾ കൈകടത്തുന്നുണ്ട്. ഇത് നിരവധി പത്രപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും യൂട്യൂബ്, എക്സ്, ഫേസ്ബുക്ക് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചിരുന്നു, എന്നാൽ അവിടെയും ഇപ്പോൾ വിലക്ക് കല്പിച്ചിരിക്കുകയാണ് പാക് ഭരണകൂടം. കോടതി ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ ചാനലുകൾ പിൻവലിക്കുമെന്നാണ് 27 കണ്ടന്റ് ക്രിയേറ്റേഴ്സിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നടപടിയെക്കുറിച്ച് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പ്രതികരിച്ചിട്ടില്ല.

പരമ്പരാഗത മാധ്യമങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനുശേഷം, സ്വതന്ത്ര ചിന്താഗതിക്കാരായ നിരവധി റിപ്പോർട്ടർമാർ യൂട്യൂബിലേക്ക് ചേക്കേറിയിരുന്നു. 2022 ൽ ഖാൻ സർക്കാർ സ്ഥാനമൊഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അനുഭാവികളായ പത്രപ്രവർത്തകരും ഇതേ രീതി പിന്തുടരുകയുണ്ടയായി.

“അവതാരകരെ പുറത്താക്കുന്നതോ യൂട്യൂബ് ചാനലുകൾ നിരോധിക്കുന്നതോ മാത്രമല്ല പ്രശ്നം. അവരെ പറയാൻ അനുവദിക്കാത്തതും ലോകത്തിൽ നിന്ന് അവർ മറച്ചുവെക്കാൻ ശ്രമിക്കുന്ന മനുഷ്യാവകാശ ലംഘനവുമാണ് പ്രശ്നം, ഇക്കാലത്ത് ഡിജിറ്റൽ മീഡിയയെ അടിച്ചമർത്താൻ കഴിയില്ല”പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയുടെ വക്താവ് സുൽഫിക്കർ ബുഖാരി പറഞ്ഞു. തന്നെ പുറത്താക്കിയതിനുശേഷം തന്റെ പാർട്ടി സൈനിക പിന്തുണയുള്ള അടിച്ചമർത്തൽ നേരിട്ടതായി ഖാൻ പറഞ്ഞു. എന്നാൽ ഈ ആരോപണം സൈന്യം നിഷേധിക്കുകയാണ്.

വിമർശകരെ അടിച്ചമർത്തുന്ന പാകിസ്ഥാനിലെ നിയമ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ ഉത്തരവ്. X, Facebook, TikTok തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരവധി തവണ ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ പാകിസ്ഥാൻ പാർലമെന്റ് ഇലക്ട്രോണിക് കുറ്റകൃത്യ നിയമത്തിൽ സൈബർ ഉള്ളടക്കം കൂടുതൽ നിയന്ത്രിക്കുന്നതിനായി ഒരു പുതിയ ഭേദഗതി അവതരിപ്പിച്ചിരുന്നു. അതിൽ അന്വേഷണ ഏജൻസിയും ട്രൈബ്യൂണലുകളും ഉള്ള ഒരു സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റിയും ഉൾപ്പെടുന്നു. പാകിസ്ഥാൻ കോടതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഡിജിറ്റൽ അവകാശ പ്രവർത്തകൻ ഉസാമ ഖിൽജി പറഞ്ഞു.

തെറ്റായതോ വ്യാജമോ എന്ന് കരുതുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് വർഷം വരെ തടവും രണ്ട് ദശലക്ഷം രൂപ ($7,200) പിഴയും ശിക്ഷിക്കാൻ അത്തരം ട്രൈബ്യൂണലുകൾക്ക് കഴിയും. തർക്കമുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടുന്നതിന് സമാനമായ നിയമങ്ങൾ ഇന്ത്യയിലും അവതരിപ്പിച്ചിട്ടുണ്ട്, അത്തരം നിർദ്ദേശങ്ങളിൽ എക്‌സുമായും ഗൂഗിളുമായും ഇന്ത്യയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. സമീപ വർഷങ്ങളിൽ, ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ നിരവധി യൂട്യൂബ് ചാനലുകൾ നിരോധിച്ചിട്ടുണ്ട്.

content summary: Pakistan bans 27 YouTube channels for broadcasting ‘anti-state content’

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment