പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രകോപനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി ഇന്ത്യൻ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തുവെന്നും ഡാറ്റ മോഷ്ടിച്ചുവെന്നുമുള്ള അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ ഹാക്കർമാർ. സംഭവത്തിൽ ഇന്ത്യ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മിലിട്ടറി എഞ്ചിനീയര്‍ സര്‍വീസസില്‍ നിന്നും മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസില്‍ നിന്നുമുള്ള സെന്‍സിറ്റീവ് ഡാറ്റ ഹാക്കര്‍മാര്‍ ആക്‌സസ് ചെയ്തതായി ‘പാകിസ്ഥാന്‍ സൈബര്‍ ഫോഴ്‌സ്’ എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ എക്‌സിലൂടെ അവകാശപ്പെട്ടു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ആര്‍മ്ഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് റഷ്യൻ പ്രസിഡ്ന്റ് വഌഡിമർ പുടിൻ പ്രധാനമന്ത്രിയുമായി നടന്ന ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പുടിൻ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് വ്യോമസേന മേധാവിയുടെ വിശദീകരണം കേട്ട് ഒരു ദിവസത്തിന് ശേഷം, പ്രധാനമന്ത്രി മോദി ഇന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ താൽകാലികമായി നിർത്തിവയ്ക്കുക പോലെ നിരവധി നടപടികൾ പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ വെബ്‌സൈറ്റുകൾക്ക് നേരെ പാക് ഹാക്കർമാർ നടത്തിയ ഏകോപിത സൈബർ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ മൾട്ടി-ലെയേർഡ് സൈബർ സുരക്ഷാ പ്രതിരോധ സംവിധാനമായിരുന്നു ഹാക്കിങ് തിരിച്ചറിഞ്ഞത്. സൈനിക സ്‌കൂളുകളുടെ അടക്കമുള്ള ഇന്ത്യൻ സൈറ്റുകളെ ലക്ഷ്യമിട്ട് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സൈബർ ആക്രമണം നടന്നത്.
ശ്രീനഗറിലെ ആർമി പബ്ലിക് സ്‌കൂൾ, എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ എന്നിവയാണ് പാകിസ്ഥാൻ ഹാക്കേഴ്‌സിന്റെ സൈബർ ആക്രമണം നേരിടേണ്ടി വന്നത്.
ഹാക്കിങ് സംഭവിച്ച നാല് വെബ്‌സൈറ്റുകളും ഉടൻതന്നെ ഓഫ്‌ലൈനില്ഡ നിന്ന് നീക്കം ചെയ്തതായി സൈബർ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കരസേനയുടെ സൈബർ സ്‌പേസ് നേരിട്ട് ഹാക്ക് ചെയ്ത് കടന്നുകയറാനുള്ള ശ്രമവും ഹാക്കർമാർ നടത്തിയിരുന്നുവെങ്കിലും ഇന്ത്യ ഈ ശ്രമം തകർത്തു.
ഐഒകെ ഹാക്കർ എന്ന പേരിൽ പ്രവർത്തിക്കുന്ന ഹാക്കർമാരാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. വെബ്‌സൈറ്റിന്റെ പേജുകളിൽ സൈറ്റ് ഹാക്കഡ് എന്ന് എഴുതിയ ശേഷം പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചിരുന്നു. കശ്മീരിനെ കുറിച്ചുള്ള പ്രകോപനപരമായ സന്ദേശവും ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിൽ ഉണ്ടായിരുന്നു.
content summary; Pakistan-based hackers target India again, taking down several military websites.