‘ആണവായുധ ഭീഷണി മുഴക്കിയിട്ടില്ല’; ഇന്ത്യ പിന്മാറിയാൽ സംഘർഷം അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് പാക് പ്രതിരോധ മന്ത്രി

ആണവ കമാൻഡ് യോഗം വിളിച്ചെന്ന വാദം തെറ്റെന്ന് പാകിസ്ഥാൻ

ഇന്ത്യ – പാക് സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ ഉന്നത ആണവ കമാൻഡ് ബോഡി യോഗം നടത്തിയെന്ന റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. നാഷണൽ കമാൻഡ് അതോറിറ്റിയുടെ ഒരു യോ​ഗവും നടന്നിട്ടില്ലെന്നും ആണവായുധ പ്രയോ​ഗത്തെക്കുറിച്ച് ഒന്നും തന്നെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഖവാജ ആസിഫ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ ദേശീയ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പാകിസ്ഥാന്റെ പരമോന്നത സ്ഥാപനമാണ് നാഷണൽ കമാൻഡ് അതോറിറ്റി. പ്രധാനമന്ത്രി ആണവ കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചതായി പാകിസ്ഥാൻ സൈന്യം പറഞ്ഞിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഈ വിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതിരോധ മന്ത്രി പ്രതികരിച്ചിട്ടില്ല. 1999 ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സംഘ‍ർഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിൽ നടക്കുന്നത്. സംഘർഷം അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങൾ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

ആണവായുധമെന്ന ആശയം വിദൂരസാധ്യതയായി നിലവിലുണ്ടെങ്കിലും ഇപ്പോൾ അതിനെക്കുറിച്ച് ചർച്ച ചെയ്യരുത്. കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഖവാജ ആസിഫ് പറഞ്ഞു.

നിലവിലെ അവസ്ഥ മെച്ചപ്പെട്ടതാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സൈനിക മേധാവിയെയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിളിച്ചിരുന്നതായും പാക് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യ സംഘർഷം നടത്തുന്നത് അവസാനിപ്പിക്കുകയാണെങ്കിൽ പാകിസ്ഥാനും അതിന് തയ്യാറാണെന്നും ഖവാജ ആസിഫ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പരസ്പരം സംസാരിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാന്റെ എല്ലാ ആക്രമണങ്ങളെയും പ്രതിരോധിച്ചതായും പാകിസ്ഥാൻ അതിർത്തിയിലേക്ക് സൈന്യത്തെ നീക്കുന്നുണ്ടെന്നും ഇത് സംഘർഷം രൂക്ഷമാകാനുള്ള സൂചനകൾ കാണിക്കുന്നുണ്ടെന്നും ഇന്ത്യ പറഞ്ഞു. തങ്ങളുടെ സൈന്യം എന്തിനും സജ്ജമാണെന്നും പാകിസ്ഥാനിൽ നിന്ന് പ്രകോപനം ഉണ്ടാകുന്നത് വരെ സംഘർഷം രൂക്ഷമാകില്ലെന്നും ഇന്ത്യ അറിയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ ഇന്ത്യയുടെ മിസൈൽ സംഭരണശാല ഉൾപ്പെടെ നിരവധി ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു. പഞ്ചാബിലെ ഉധംപൂർ, പത്താൻകോട്ട്, ആദംപൂർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ മിസൈൽ ആക്രമണം നടന്നതായി ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ കശ്മീരിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

അതേസമയം, ഇസ്ലാമാബാദിനടുത്തുള്ള മൂന്ന് പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ ഇന്ത്യ മിസൈലുകൾ പ്രയോഗിച്ചതായി പാകിസ്ഥാൻ ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ നേരിടാൻ ഓപ്പറേഷൻ ബുന്യനുൻ മർസൂസ് നടപ്പാക്കുന്നതായും പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്.

Content Summary: pakistan denies nuclear body meeting, conflict will end if India withdraws says pak minister 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment