ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ നടപ്പാക്കിയ പശ്ചാത്തലത്തിൽ, ഇന്ത്യക്കെതിരായ നടപടിക്ക് പാക് സൈന്യത്തിന് പൂർണ അധികാരം നൽകി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹാബാസ് ഷെരീഫ്. പ്രതികരണം എങ്ങനെ വേണമെന്ന് പാകിസ്ഥാൻ സൈന്യം തീരുമാനിക്കുമെന്നും ഷെഹാബാസ് ഷെരീഫ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ പാകിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ അടുത്ത 36 മണിക്കൂർ നിർത്തിവെച്ചിരിക്കുകയാണ്. വ്യോമപാത പൂർണമായും അടച്ചിരിക്കുകയാണ്. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തയ്യാറായിരിക്കണമെന്ന് പാകിസ്ഥാനിലെ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഇന്ത്യ സൈനിക നടപടി അവസാനിപ്പിച്ചാൽ ആക്രമണം നിർത്താമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തെത്തിയിരുന്നു. പാകിസ്ഥാൻ ഒരു തരത്തിലുള്ള ശത്രുതയ്ക്കും തുടക്കമിട്ടിട്ടില്ലെന്നും എന്നാൽ തങ്ങളെ പ്രകോപിപ്പിച്ചാൽ പ്രതികരിക്കുമെന്നും ഖവാജ ആസിഫ് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്ത്യ പിന്മാറാൻ തീരുമാനിച്ചാൽ, നിലവിലെ പിരിമുറുക്കം കുറയ്ക്കാനും ആക്രമണം അവസാനിപ്പിക്കാനും പാകിസ്ഥാൻ തയ്യാറാണെന്നും ഖവാജ ആസിഫ് അറിയിച്ചിരുന്നു. ഖവാജ ആസിഫിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ നടപടിക്ക് പാക് സൈന്യത്തിന് അധികാരം നൽകി കൊണ്ടുള്ള പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെയാണ് വ്യോമ- കര- നാവിക സേനകൾ സംയുക്തമായി ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. മുരിഡ്കെ, ബഹവൽപൂർ, കോട്ലി ,ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെയും ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെയും ശക്തികേന്ദ്രങ്ങളിലെ ലക്ഷ്യം വെച്ചാണ് ആക്രണം നടന്നത്.
കഴിഞ്ഞ മാസമാണ് പഹൽഗാമിനടുത്തുള്ള ബൈസരൻ പുൽമേട്ടിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ വിനോദസഞ്ചാരികളായ 26 പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. ഒന്നര വർഷം മുൻപ് കശ്മീരിലേക്ക് നുഴഞ്ഞുകയറിയ പാക് ഭീകരരാണ് പ്രദേശത്ത് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. തിരിച്ചറിഞ്ഞ ഭീകരരുടെ രേഖാചിത്രങ്ങളും അന്ന് പൊലീസ് പുറത്തിവിട്ടിരുന്നു.
Content Summary: pakistan prime minister, shehbaz sharif suggests strong retaliation against India