ഇന്ത്യയുടെ സൈനിക ഓപ്പറേഷന് പ്രതികാമെന്നോണം അതിര്‍ത്തിയില്‍ കനത്ത പാക് ഷെല്ലാക്രമണം. ജമ്മു കശ്മീരില്‍ ഏഴ് സാധാരണക്കാര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച്ച പുലര്‍ച്ചെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം ആരംഭിച്ചത്. ആറുപേര്‍ പൂഞ്ചിലും, ഒരാള്‍ മെന്ദറിലുമാണ് കൊല്ലപ്പെട്ടതെന്നാണ് ജമ്മു-കശ്മീര്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. Pakistan launches border attack, killing seven civilians
മേയ് 6,7 തീയതകളിലായി ജമ്മു-കശ്മീരിലെ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും അപ്പുറത്ത് നിന്നും പീരങ്കി ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ക്രമരഹിതമായ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വടക്കന്‍ കാമാന്‍ഡിന്റെ, പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ സനീല്‍ ഭരത്വാള്‍ അറിയിച്ചത്. പാകിസ്താന്റെ വിവേചനരഹിതമായ ഷെല്‍ ആക്രമണത്തിലും വെടിവയ്പ്പിലുമായി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും സൈനിക വക്താവ് പറയുന്നു.
അതിര്‍ത്തിയില്‍ പല സെക്ടറുകളില്‍ നിന്നായി ശക്തമായ ഷെല്ലാക്രമണമാണ് പാകിസ്താന്‍ നടത്തിയത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി, ഷാപൂര്‍, മങ്കോട്ട് എന്നിവിടങ്ങളിലും രജൗറിയിലെ ലാം, മഞ്ചകോട്ട്, ഗംബീര്‍ ബ്രഹ്‌മാന എന്നിവിടങ്ങളിലും അതിര്‍ത്തി കടന്നുള്ള പാക് വെടിവയ്പ്പ് നടക്കുന്നുണ്ടെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കശ്മീര്‍ താഴ്വരയിലെ ഉറി, തങ്ധാര്‍ സെക്ടറുകളിലും ശക്തമായ പീരങ്കി ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാന്‍കോട്ടില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കശ്മീരില്‍ തകര്‍ന്നു വീണ അജ്ഞാത വിമാനമേത്? റഫേല്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്ന് പാക് അവകാശവാദം
ഭീംബര്‍ ഗാലി സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം പീരങ്കി ആക്രമണം നടത്തിയതായി ഇന്ത്യന്‍ സൈന്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയിരിക്കുന്നതെന്നും, ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. Pakistan launches border attack, killing seven civilians
പാകിസ്താന്‍ നടത്തുന്ന പ്രകോപനം അതിര്‍ത്തി മേഖലയിലെ സാധാരണക്കാരുടെ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണ്. സുരക്ഷ ആശങ്കള്‍ ചൂണ്ടിക്കാട്ടി ജമ്മു, സാംബ, കത്വ, രജൗറി, പൂഞ്ച് എന്നീ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മു, ശ്രീനഗര്‍, ലേ എന്നിവയുള്‍പ്പെടെ ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ബുധനാഴ്ച്ച ഉച്ചവരെ വടക്കന്‍ മേഖലകളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. മറ്റ് വിമാന കമ്പനികള്‍ അവരുടെ സര്‍വീസ് വഴി തിരിച്ചുവിടുകയും യാത്രക്കാര്‍ക്ക് സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യം വച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പാക് സൈനിക താവളങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും, സാഹചര്യം വഷളാക്കുന്നതരത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പറയുന്നുണ്ട്. അതേസമയം പാകിസ്താന്‍ അവകാശപ്പെടുന്നത് റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ അവര്‍ വെടിവച്ച് വീഴ്ത്തിയെന്നാണ്.pakistan resorts to heavy artillery fire in jammu and kashmir border, 7 civilians killed. operation sindoor
Content Summary; pakistan resorts to heavy artillery fire in jammu and kashmir border, 7 civilians killed. operation sindoor
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.