അഞ്ച് വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് കരകയറിയിട്ട് അധികകാലമായില്ല, അതിനിടയിലാണ് അതേ പ്രതി വീണ്ടും കുടുംബത്തിലെ രണ്ട് പേരെ കൂടി വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയിൽ അമ്മയേയും മകനേയും ജാമ്യത്തിലിറങ്ങിയ പ്രതി വെട്ടിക്കൊന്നതിന്റെ നടുക്കത്തിലാണ് നാട്.
നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സ്വദേശി ചെന്താമരയാണ് ഇന്ന് രാവിലെ അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊന്നത്. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ചെന്താമര. പകയാണ് വർഷങ്ങളായി തുടരുന്ന വേട്ടയാടലിന് കാരണമെന്ന് കുടുംബം പറയുന്നു.
ചെന്താമരയുടെ ഭീഷണിയെ കുറിച്ച് പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിച്ചു. ഡിസംബർ 29 നാണ് കുടുംബം പരാതി നൽകിയത്. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ രണ്ട് കൊലപാതകങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് കുടുംബം പറയുന്നു.
അജിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മാസങ്ങൾക്ക് മുമ്പാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്. ഇതിന് മുമ്പ് പലതവണ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ല. ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ഡിസംബർ 29ന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതി പൊലീസ് കാര്യമാക്കിയില്ല- അഖില പറയുന്നു. കൊല്ലപ്പെട്ട സുധാകരൻ തമിഴ്‌നാട്ടിൽ ഡ്രൈവറാണ്. ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം.
ചെന്താമര തങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പൊലീസിന് പരാതി നൽകിയിരുന്നു. ആ പരാതിയും പൊലീസ് ഗൗനിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ‘ചെന്താമര സൈക്കോയാണ്. പുതിയ വസ്ത്രമിട്ട് വീടിന് മുന്നിലൂടെ പോയാലോ, വീട്ടിലേക്ക് നോക്കിയാലോ ഫോൺ ചെയ്താലോ വരെ ഇയാൾ അക്രമാസക്തമാകും. സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുന്നതിന് മുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെയും ഇയാൾ കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു’- നാട്ടുകാർ പറയുന്നു.
കുടുംബത്തിൻ്റെ ആരോപണത്തിൽ വിചിത്ര വിശദീകരണവുമായി പൊലീസ്. പരാതിക്ക് പിന്നാലെ ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നെന്ന് ഡിവൈഎസ്പി അജിത് കുമാർ പറഞ്ഞു. ഭീഷണിയെ പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ച് കൊണ്ട് നിന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് താക്കീത് നല്‍കി പറഞ്ഞുവിടുകയായിരുന്നെന്നും ഡിവൈഎസ്‌പി പറഞ്ഞു.
ഡിസംബർ 29 നാണ് ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചെന്താമരയെ പൊലീസ് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇയാൾ, അകത്തേക്ക് കയറാൻ തയ്യാറായിരുന്നില്ല. വേണമെങ്കില്‍ പൊലീസ് പുറത്തേക്ക് വരട്ടെ എന്നായിരുന്നു പ്രതിയുടെ പക്ഷം. അകത്ത് വരാന്‍ പറ്റില്ലെന്ന് ചെന്താമര പറഞ്ഞത് കൊണ്ട്, താൻ പുറത്തേക്ക് വന്നാണ് അയാളെ കണ്ട് സംസാരിച്ചതെന്ന് ഡിവൈഎസ്‌പി പറഞ്ഞു. ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ച ഇയാളെ താക്കീത് നൽകി തിരികെ വിടുകയായിരുന്നു പൊലീസ്.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ചെന്താമരയുടെ ഭാര്യയും മക്കളും പിണങ്ങിപ്പോയത്. ഇതിന് കാരണം അയൽവാസികളാണെന്ന തരത്തിലായിരുന്നു ചെന്താമരയുടെ പെരുമാറ്റം. ഇയാൾക്കെതിരെ പരാതി നൽകിയപ്പോൾ, ജയിൽ ശിക്ഷ കഴിഞ്ഞ് വന്നയാളെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ മറുപടിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സുധാകരന്റെ വീട്ടിലെത്തിയ ചെന്താമര സുധാരകനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊന്നത്. സുധാകരൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരണപ്പെട്ടത്. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു. വെട്ടിക്കൊന്ന ശേഷം ചെന്താമര നെല്ലിയാമ്പതി മേഖലയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അഞ്ച് വർഷം മുമ്പാണ് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്നത്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭാര്യ ഇയാളിൽ നിന്നും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഭാര്യയും താനുമായുള്ള പ്രശ്‌നങ്ങൾക്ക് കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന ധാരണയാണ് ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ചത്. സജിതയും ചെന്താമരയുടെ ഭാര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.
2019 ലാണ് ചെന്താമര സജിതയെ വെട്ടിക്കൊന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പുറകുവശത്തു കൂടി വീടിനുള്ളിൽ കയറി അരുംകൊല നടത്തുകയായിരുന്നു. കേസിൽ പിടിയിലായി ജയിലിൽ കഴിഞ്ഞഇരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് പരോളിൽ പുറത്തിറങ്ങിയത്. സജിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. പുറത്തിറങ്ങിയ പ്രതി വീണ്ടും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാർക്കും സുധാകരന്റെ കുടുംബത്തിനും ഉണ്ടായിരുന്നു.
തുടർന്നാണ് ഡിസംബർ 29 ന് കുടുംബം പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാരും കുടുംബവും പറയുന്നു.
content summary; Palakkad nenmara twin murder case; chenthamara killed two people from a family