രണ്ട് വർഷം നീണ്ട തീവ്രമായ സംഘർഷങ്ങൾക്ക് ശേഷം വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ലോകത്തിന്റെ കണ്ണുകൾ യുദ്ധത്തിൽ മുറിവേറ്റവരുടെ ഗാസയിലേക്കാണ്. യുദ്ധവെറി കെട്ടടങ്ങിയെന്ന് സമാധാനപ്പെടുമ്പോഴും കടുത്ത ദുരിതമനുഭവിച്ച പലസ്തീൻ ജനതക്ക്, ഇത് ആഘോഷത്തിൻ്റെ സമയമല്ല മറിച്ച് ദുരന്തത്തിൻ്റെ കണക്കെടുപ്പാണ്. പലായനം ചെയ്തവർ തകർന്നടിഞ്ഞ തങ്ങളുടെ വീടുകൾക്കരികിലേക്ക് മടങ്ങുമ്പോൾ, അവർ തിരയുന്നത് മാസങ്ങൾക്ക് മുമ്പ് തങ്ങളിൽ നിന്ന് വേർപ്പെട്ട് പോയ പ്രിയപ്പെട്ടവരെയാണ്. തകർന്നടിഞ്ഞ ഗാസയുടെ അവശിഷ്ടങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്ക് കാണാൻ അവരുടെ കണ്ണുകൾ തിരയുന്നുണ്ട് അടക്കം ചെയ്യാനും കൂടി വേണ്ടിയാണ്.
യുദ്ധം ശൂന്യമാക്കിയ തെരുവുകളിലൂടെ അവർ നടന്നുനീങ്ങുന്നു. അവരുടെ ലക്ഷ്യം, വീടുകളല്ല, മറിച്ച് തങ്ങളുടെ കുടുംബാംഗങ്ങൾ കുടുങ്ങിക്കിടക്കുന്നു എന്ന് വിശ്വസിക്കുന്ന കെട്ടിടാവശിഷ്ടങ്ങളാണ്. ബോംബാക്രമണത്തിൽ നിലംപൊത്തിയ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ, അവർ കൈകൾകൊണ്ട് മണ്ണും കല്ലുകളും മാറ്റി, ഓരോ ഇഞ്ചും പരതുന്നു. ജീവിച്ചിരിപ്പുണ്ടോ എന്നല്ല, ശരീരം ദ്രവിക്കുന്നതിനു മുൻപ് ഒരു നോക്ക് കാണാൻ കഴിയുമോ എന്ന ഒറ്റ ചിന്തയാണ് ഓരോ പലസ്തീനിയെയും നയിക്കുന്നത്. ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചിരുന്ന 20 ബന്ദികൾ മോചിതരായതിൻ്റെ ആശ്വാസം ലോകം പങ്കുവെക്കുമ്പോൾ, ഗാസയുടെ വടക്കൻ മേഖലയിൽ പതിനായിരക്കണക്കിന് ആളുകൾ മൃതദേഹങ്ങൾ തേടി അവശിഷ്ടങ്ങൾക്കിടയിൽ പരതുകയാണ്.
വടക്കൻ ഗാസയിലെ ജബാലിയ നിവാസിയായ 40 വയസ്സുകാരൻ ഖാലിദ് ഖദ്ര്‍ പങ്കുവെച്ച അനുഭവം ഈ ദുരന്തത്തിൻ്റെ ആഴം വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ കൂടെ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യാൻ അച്ഛനമ്മമാരോട് രണ്ട് ദിവസം അപേക്ഷിച്ചിട്ടും, ശാഠ്യക്കാരനായ പിതാവ് വഴങ്ങിയില്ല. പിതാവിനും മകനുമിടയിലുള്ള സംസാരം പൂർത്തിയാകും മുൻപ് തന്നെ, ഇസ്രയേലി വ്യോമാക്രമണം തങ്ങളുടെ വീട് തകർക്കുകയും മാതാപിതാക്കൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തതായി ഖാലിദ് ഖദ്ര്‍ പറയുന്നു .
വെടിനിർത്തൽ നിലവിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞ് ഖദ്ര്‍ മടങ്ങിയെത്തി, മാതാപിതാക്കളെെ തിരഞ്ഞു. തകർന്ന കോൺക്രീറ്റിനും വളഞ്ഞ ലോഹങ്ങൾക്കും ഇടയിൽ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞത് അവരുടെ തലയോട്ടിയിലെ ചില ഭാഗങ്ങളും കൈപ്പത്തിയുടെ കഷ്ണങ്ങളും മാത്രമായിരുന്നു. മാതാപിതാക്കളുടെ അവശിഷ്ടങ്ങൾ അടക്കം ചെയ്യാൻ ഖദ്ര്‍ അടുത്തുള്ള സെമിത്തേരിയിൽ എത്തിയപ്പോൾ, അതും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടു. ഒടുവിൽ, കേടുപാടുകൾ സംഭവിക്കാത്ത ഏതാനും കല്ലറകൾക്കരികിലായി അദ്ദേഹം അവരെ അടക്കം ചെയ്യാൻ തീരുമാനിച്ചു. ഇത് ഖദ്റിന്റെ മാത്രം അനുഭവമല്ല.
ഖദ്റിനെപ്പോലെ ആയിരക്കണക്കിന് പലസ്തീനികളാണ് പ്രിയപ്പെട്ടവരെ തേടി വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തിയിട്ടുള്ളത്. ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസിയുടെ കണക്കനുസരിച്ച്, ഏകദേശം 10,000 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
യുദ്ധം നിലച്ചതോടെയാണ് ആംബുലൻസ് സർവീസുകൾക്ക് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ ആരംഭിക്കാൻ സാധിച്ചത്. അവർക്ക് മുന്നിലുള്ളത് ഒരു വലിയ ദൗത്യം തന്നെയാണ്. പ്രദേശത്ത് ഏകദേശം 60 കോടി ടൺ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. റോഡുകൾ മിക്കതും തകർന്ന നിലയിലാണ്, ഉപകരണങ്ങളുടെ കുറവ് കാരണം സിവിൽ ഡിഫൻസ് പ്രവർത്തകർ മൺവെട്ടികളും സ്ലെഡ്ജ്ഹാമറുകളും ഉപയോഗിച്ചാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നത്. തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ ആദ്യം ശേഖരിക്കുന്നതിലാണ് തങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വടക്കൻ ഗാസയിലെ സിവിൽ ഡിഫൻസ് മേധാവി ഖാലിദ് അൽ-അയൂബി പറയുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിൻ്റെ മന്ദഗതിയിലായതോടെ നിരാശരായ പലരും കാത്തുനിൽക്കാതെ സ്വന്തം കൈകൾകൊണ്ട് മൃതദേഹങ്ങൾ തേടാൻ തുടങ്ങി. പ്രിയപ്പെട്ടവർ എങ്ങനെ, എപ്പോൾ മരിച്ചു എന്നറിയാത്തതിൻ്റെ വേദനയിൽ മാസങ്ങളോളം കഴിയുകയാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. നഷ്ടപ്പെട്ടവരുടെ ഒരു ചെറിയ അവശിഷ്ടമെങ്കിലും കണ്ടെത്തി അവരോട് വിടപറയാനുള്ള ഒരവസരം തേടുകയാണവർ. തങ്ങൾക്ക് വേണ്ടിയും കൂടി ജീവൻ നഷ്ടപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നത് അവരെ ആദരിക്കുന്നതിനുള്ള ഒരു മാർഗ്ഗമായാണ് കുടുംബങ്ങൾ കരുതുന്നത്.
ഗാസ ഇന്ന്, മാനുഷിക ദുരന്തത്തിൻ്റെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രം വരച്ചുകാട്ടുന്നു. ഇവിടെ വെടിനിർത്തൽ എന്നത് വിജയത്തിൻ്റെ പ്രഖ്യാപനമല്ല, മറിച്ച് നിസ്സഹായതയുടെയും വേദനയുടെയും കണക്കെടുപ്പാണ്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമാധാനത്തോടെ അന്ത്യവിശ്രമം നൽകാൻ സാധിക്കുമോ എന്നറിയാതെ അവശിഷ്ടങ്ങൾക്കിടയിൽ പരതുന്നവരുടെ ഈ ചിത്രം, യുദ്ധത്തിൻ്റെ യഥാർത്ഥ ദുരന്തമുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു.
content summary: As Palestinians return to Gaza, they search the ruins of destroyed homes for the bodies of their loved ones