June 26, 2026 |

പന്ത്രണ്ട് വർഷം കൊണ്ട് പിഴിഞ്ഞെടുത്തത് 1700 കോടി; പാലിയേക്കര പകൽ കൊള്ളക്കെതിരെ 5 കൊല്ലമായി പോരാടി അഡ്വ. ഷാജി

പൊതുജനത്തിന്റെ നടുവൊടിക്കുന്ന ​ഗ​താ​ഗതകുരുക്ക്

കരാർ പ്രകാരമുള്ള സുരക്ഷകളില്ല, അടിസ്ഥാന ​ഗതാ​ഗത സൗകര്യങ്ങളില്ല. 2012ൽ ടോൾ പിരിവ് ആരംഭിച്ചപ്പോൾ മുതൽ ഇടപള്ളി മണ്ണൂത്തി ദേശീയ പാതയിലെ പാലിയേക്കര ടോളിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളാണിത്. പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും ടോൾ കമ്പനിയ്ക്കെതിരായ പരാതികൾ കൂടുതൽ ശക്തിപ്പെടുകയാണ്. പൊതുജനത്തെ പിഴിഞ്ഞ് കാശെടുക്കുന്ന കരാർ കമ്പനിയ്ക്കും അതിന് ഒത്താശ ചെയ്യുന്ന നാഷണൽ ഹൈവേ അതോറിറ്റിയ്ക്കുമെതിരെ പ്രതിഷേധം ശക്തമാണ്.

പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി നൽകിയ ഹർജിയിൽ സുപ്രിം കോടതിയുടെ വിമർശനം അറിയിച്ചു. ടോൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി സേവനം നൽകുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. റോഡിന്റെ അവസ്ഥ മോശമായി തുടരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

2012ലായിരുന്നു പാലിയേക്കര ടോൾ പ്രവർത്തനം ആരംഭിക്കുന്നത്. 312 കോടി രൂപയ്ക്ക് കരാർ പൂർത്തിയാക്കാം സൗകര്യങ്ങളൊരുക്കാം ഇതായിരുന്നു ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ടോൾ പ്ലാസ ഏറ്റെടുക്കുമ്പോൾ നൽകിയ വാക്ക്. എന്നാൽ കരാർ അവസാനിക്കുമ്പോൾ പറഞ്ഞ കണക്കിൽ മുഴുവൻ പൊരുത്തക്കേട്. പണി പൂർത്തിയായെന്നും മുഴുവൻ 712 കോടി രൂപയോളം ചിലവായതായും കാണിച്ചു കൊണ്ടാണ് കമ്പനി രം​ഗത്തു വന്നത്. കരാറു കമ്പനിയുടെ വാദത്തിനെതിരെ എതിർപ്പുകൾ ഉയർന്നെങ്കിലും ദേശീയ പാത അതോറിറ്റി പിന്തുണ ലഭിച്ചതോടെ കമ്പനി വാദത്തിൽ തന്നെ ഉറച്ചു നിന്നു. മുടക്കു മുതലിനേക്കാൾ കൂടുതൽ പണം കരാറു കമ്പനിയ്ക്ക് ഈ ടോൾ പിരിവിൽ നിന്ന് ലഭിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.

റോഡുകളുടെ വികസനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വലിയ തുക ചിലവഴിക്കാൻ സാധിക്കില്ല. ആ സാഹചര്യത്തിലാണ് ടോൾ പിരിക്കുന്നത്. ടോൾ ഇനത്തിൽ ലഭിക്കുന്ന തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കും.

യാത്രക്കാരുടെ ദുരിതം വർദ്ധിച്ചതോടെ പാലിയേക്കര ടോൾ പിരിവിനെതിരെ അഡ്വ ഷാജി കോടങ്കണ്ടത്ത് നിയമ യുദ്ധവും ആരംഭിച്ചു. ‘മണ്ണൂത്തി വടക്കഞ്ചേരി ദേശീയ പാതയുമായി ബന്ധപ്പെട്ട 8 വ‌ർഷത്തിന് മേലെയായി കേസ് നടത്തിയിരുന്നു. ആ സമയത്ത് തന്നെയാണ് മണ്ണൂത്തി-ഇടപ്പള്ളി റോഡുമായി ബന്ധപ്പെട്ട് സമീപവാസികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നുവെന്ന വാർത്ത കേൾക്കുന്നത് ആ വിഷയത്തിലൂടെയാണ് പാലിയേക്കര കേസ് ഞാൻ ഏറ്റെടുക്കുന്നത്’. ഷാജി കോടങ്കണ്ടത്ത് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് അഡ്വ ഷാജി സുപ്രീം കോടതിയെ സമീപിച്ചു. കരാറിൽ പറ‍ഞ്ഞത് പ്രകാരമുള്ള അറ്റകുറ്റ പണികൾ പൂർത്തിയായിട്ടില്ലെന്ന് കോടതിയ്ക്കും വ്യക്തമായിരുന്നു. നിയമാനുസൃതമായി നോക്കിയാൽ കമ്പനിയുടെ കരാർ നിർത്തലാക്കേണ്ടുന്ന കാലാവധിയും പൂർത്തിയായിരുന്നു എന്നാൽ കമ്പനിയെ കരാറിൽ നിന്ന് നീക്കം ചെയ്യാതെ കാലാവധി നീട്ടിക്കൊടുക്കയാണ് നാഷണൽ ഹൈവേ അതോറിറ്റി ചെയ്തത്. പൊതുജനത്തിന്റെ പണമുപയോ​ഗിച്ചാണ് ഒരു റോഡ് നിർമ്മിക്കുന്നത്. ആയതിനാൽ ന്യായമായ ലാഭം കഴിഞ്ഞാൽ പണി നിർത്തണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിധിയുണ്ട്. കരാർ പ്രകാരമുള്ള അറ്റക്കുറ്റപ്പണി പൂർത്തിയാക്കാത്ത പക്ഷം ടോൾ പിരിക്കാൻ കമ്പനി അർഹരെല്ലെന്നും കോടതി വ്യക്തമാക്കി. ഈ മൂന്ന് കാര്യങ്ങൾ മുൻനിർത്തിക്കൊണ്ട് അഡ്വ ഷാജി ഒരു ഹർജി നൽകുകയും ചെയ്തു.

പാലിയേക്കര ടോൾ നിലവിൽ വരുന്ന സമയം മുതൽക്കേ തന്നെ പ്രതിഷേധങ്ങൾ ശക്തമാണ്. ടോളിനെതിരെ സമരം ചെയ്തുവന്ന ഒറ്റക്കാരണം മുൻനിർത്തി സംഘടനകൾക്കും നേതാക്കൾക്കുമെതിരെ കേസുകളും നിലവിലുണ്ട്. പുതുക്കാട് പൊലീസിന്റെ ഭാ​ഗത്ത് നിന്ന് പിന്തുണയും ടോൾ കമ്പനിയ്ക്ക് ലഭിക്കുന്നുണ്ട്. പൊതുമുതൽ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് പല കേസുകളും.

ഇതിനിടയിലാണ് വെഹിക്കിൾ അണ്ടർ പാസേജുകളുടെ പണി ആരംഭിക്കുന്നത്. എന്നാൽ ഇവിടുത്തെ റോഡുകൾ സർവ്വീസ് റോഡുകളാണ്. ഭാരവണ്ടികൾക്ക് ‍യാത്ര ചെയ്യാൻ പാകത്തിനുള്ള അടിസ്ഥാനപരമായ സംവിധാനങ്ങൾ റോഡുകൾക്കില്ല എന്നത് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ റോഡ് ഉടനടി നന്നാക്കണമെന്ന ആവശ്യവും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വെഹിക്കിൾ അണ്ടർ പാസേജുകളുടെ പണി നടന്നാൽ ​ഗതാ​ഗതകുരുക്കുണ്ടായേക്കാമെന്ന് മുമ്പേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു അക്കാര്യം ആരും വകവച്ചില്ല.

150 രൂപയോളം ടോൾ നൽകി മണിക്കൂറുകളോളം ബ്ലോക്കിൽ കിടന്നാണ് ആളുകൾ യാത്ര ചെയ്യുന്നത്. പണം നൽകി ഞാനൊരു സർവ്വീസ് അവൈൽ ചെയ്യുമ്പോൾ എനിയ്ക്ക് ആവശ്യമായ സേവനം കൃത്യമായി നൽകാൻ ബദ്ധപ്പെട്ടവർക്ക് സാധിക്കണമെന്ന് യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു.

നിശ്ചിത സമയത്തിൽ അറ്റകുറ്റപണി നടത്തിയെന്ന് ആരോപിച്ച് 100 കോടി രൂപ തട്ടിയതുമായി ബന്ധപ്പെട്ടും ടോൾ കമ്പനിയ്ക്കെതിരെ കേസ് നിലവിലുണ്ട്. ആ കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്. കരാർ പ്രകാരമുള്ള പണി പൂർത്തിയായെന്ന് കാണിച്ച് 125 കോടി തട്ടിച്ചതുമായി ഇഡി കേസും കമ്പനിയ്ക്കെതിരെ നിലവിലുണ്ട്. എല്ലാ അഞ്ചു വർഷം കഴിയുമ്പോഴും റോഡിന്റെ പ്രതലം പൊളിച്ച് പുതിയത് പണിയണമെന്ന് നിയമമുണ്ട്. അതും നടത്തിയിട്ടില്ല.

ബിഒടി കരാറിന്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര ടോൾ പ്രവർത്തിക്കുന്നത്. മണ്ണൂത്തി മുതൽ അങ്കമാലി വരെ ബിഒടി കരാറും അങ്കമാലി മുതൽ ഇടപ്പള്ളി വരെ എംഒടി കരാറുമാണ് നിലവിലുള്ളത്. നിശ്ചിത വർഷാടിസ്ഥാനത്തിൽ ഉണ്ടാവുന്ന വണ്ടികളുടെ വർദ്ധനവ് കണക്കിലെടുത്താണ് കരാറിന്റെ കാലാവധി തീരുമാനിക്കുന്നത്. ഇപ്രകാരം നോക്കിയാൽ ഒരു ദിവസം നൂറു വണ്ടികളോളം തൃശൂർ ആർടിഒയിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാരണം 1700 കോടിയോളമാണ് ഈ വർഷത്തിനിടയിൽ ഇവരുടെ ലാഭം. ഒരു ദിവസം 40,000ത്തിലധികം വാഹനങ്ങളാണ് ഈ റോഡ് കടന്നു പോകുന്നത്. 52 ല​ക്ഷം മുതൽ 60 ല​ക്ഷം വരെ ടോൾ ഇനത്തിൽ കമ്പനി പ്രതിദിനം കളക്ട് ചെയ്യുന്നുണ്ട്. ജീവിത നിലവാര സൂചിക ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് നിശ്ചിത വർഷങ്ങളിൽ ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റിയുടെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നത്. ഈ നിയമങ്ങൾ അനുകൂലമായതും കരാർ കമ്പനിയ്ക്ക് ​ഗുണം ചെയ്യും.

302 കോടിയുടെ ഡിപിആർ, 312 കോടിയുടെ കരാർ, കരാറുകാരൻ പറഞ്ഞ പണി പൂർത്തീകരിക്കാൻ 726 കോടി രൂപ. എന്നാൽ ഈ കണക്കുകളിലെ ലോജിക്ക് സാധാരണക്കാരന് മനസിലാവില്ല. ഈ കണക്കുകളുടെ സ്റ്റേറ്റ്മെന്റ് ഹാജരാക്കാൻ കരാർ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും കൃത്യമായ കണക്കുകളും രേഖകളും ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ദേശീയ പാത നിർമ്മാണത്തിന് വേണ്ടി കരാറു കമ്പനി പലിശയ്ക്ക് പണം വാങ്ങിയെന്നും ഈ പണം നൽകേണ്ടത് പൊതുജനത്തിന്റെ ഉത്തരവാദിത്തമാണെന്നും പറയുമ്പോൾ അത് എങ്ങനെ അം​ഗീകരിക്കാൻ സാധിക്കുമെന്ന് ജനങ്ങൾ ചോദിക്കുന്നു.

നാഷണൽ ഹൈവേ അതോറിറ്റി, കരാറു കമ്പനി, സംസ്ഥാന സർക്കാർ എന്നിങ്ങനെ മൂന്ന് പേരും ചേർന്നുള്ള ഒരു ത്രികക്ഷി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് റോഡുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുക. സംസ്ഥാനം നൽകുന്ന സ്റ്റേറ്റ് സപ്പോർട്ടിം​ഗ് എ​ഗ്രിമെന്റ് ഇതിന് ആവശ്യകമാണ്. അതുകൊണ്ട് റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായല്ല നടക്കുന്നതെന്ന് തോന്നിയാൽ അത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാനത്തിന് സാധിക്കും.

പാലിയേക്കര ടോളിൽ ഒരു ഫാസ്റ്റ്ടാ​ഗ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്, ഇതിനെതിരെയും ​ഗുരുതരമായ പരാതികളുയരുന്നുണ്ട്. നല്ല ​ഗതാ​ഗത സംവിധാനങ്ങളും റോഡുകളും വന്നാൽ ടോൾ കൊടുക്കാൻ തങ്ങൾ തയ്യാറാണെന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നത്. ഫാസ്റ്റ് ടാ​ഗ് സംവിധാനത്തിലുണ്ടാവുന്ന നീണ്ട നിരയെ പഴിക്കാത്ത യാത്രക്കാർ വിരളമായിരിക്കും.

റോഡിന് സമീപത്തായി അശാസ്ത്രീയമായി പണി കഴിപ്പിച്ചിട്ടുള്ള കാന പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. ​ഈ റോഡിൽ മാത്രമായി 30 ബ്ലാക്ക് സ്പോട്ടുകളുണ്ട്. അവയിൽ പതിമൂന്ന് എണ്ണം അതിഭീകരമായതാണ്. അപകട മേഖലകൾ കൂടുതലുള്ള പ്രദേശത്തെയാണ് ബ്ലാക്ക് സ്പോട്ടുകളെന്ന് വിശേഷിപ്പിക്കുന്നത്. ഇത്ര വർഷത്തിനിടയിൽ നടന്ന അപകടങ്ങളുടെ കണക്കനുസരിച്ചാണ് ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം നിർണ്ണയിക്കുന്നത്. വെഹിക്കിൾ അണ്ടർ പാസേജ് വരുന്നതോടെ കുറേ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം കുറയാൻ സാധ്യതയുള്ളതായും വിലയിരുത്തലുകളുണ്ട്.

പരാതികളുയർന്നിട്ടുണ്ട് 13 വ‌ർഷമായിട്ടും ഈ പ്രശ്നങ്ങൾ പരി​ഗണിക്കാനോ ചർച്ച ചെയ്യാനോ നാഷണൽ ഹൈവേ അതോറിറ്റി തയ്യാറായിട്ടില്ല. കരാർ പ്രകാരമുള്ള പണി പൂർത്തിയാവാതെ കരാർ കമ്പനിയ്ക്ക് താൽക്കാലിക കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകിയതും ഇതേ നാഷണൽ ഹൈവേ അതോറിറ്റിയാണ്. കരാറിൽ പറഞ്ഞ പണി പൂർത്തിയാക്കാത്ത കമ്പനിയ്ക്ക് എതിരെ ഇഡി കേസും നിലവിലുണ്ട്. എന്നിട്ടും നാഷണൽ ഹൈവേ അതോറിറ്റി നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്ന് അഡ്വ ഷാജി വ്യക്തമാക്കുന്നുണ്ട്.

പരാതികളെ തുടർന്ന് ടോൾ അടച്ചിട്ടതോടെ പ്രതികാരനടപടിയെന്ന നിലയിൽ കരാറു കമ്പനി അവശ്യ സേവനങ്ങൾ നിർത്തിവയ്ക്കുകയും ആമ്പല്ലൂരും മറ്റു പ്രദേശങ്ങളിലും ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്നുണ്ട്. നാലാഴ്ചയ്ക്കുള്ളിൽ റോഡിന്റെ പണി പൂ‌ർത്തിയാക്കാനും ​ഗതാ​ഗത തടസങ്ങളും നീക്കം ചെയ്യാനുമാണ് കോടതിയുടെ നിർദ്ദേശം. പ്രതിഷേധങ്ങൾ ശക്തമായതോടെ കരാറിൽ പറഞ്ഞത് പ്രകാരമുള്ള പണികൾ തങ്ങൾ പൂർത്തിയാക്കിയെന്നാണ് കരാറു കമ്പനിയുടെ വാദം.

ഈ വിഷയത്തിൽ കളക്ടർ കൃത്യമായ ഇടപെടൽ നടത്തിയിരുന്നു. വിഷയത്തെക്കുറിച്ച് പഠിച്ചതിന് ശേഷം വ്യക്തമായ ഒരു റിപ്പോർട്ട് കളക്ടറിന്റെ ഭാ​ഗത്ത് നിന്ന് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ട് ​ഗുണം ചെയ്തു അതിന്റെ അടിസ്ഥാനത്തിലാണ് ടോൾ പിരിവ് നാലാഴ്ചത്തേക്ക് നിർത്തിവച്ചത്.
​കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നിരുന്നു എന്നാൽ അതിനുള്ള നടപടിയും നാഷണൽ ഹൈവേ അതോറിറ്റി സ്വീകരിച്ചിട്ടില്ല. ടോളിനെതിരായ പരാതികൾ അറിയിക്കാൻ ദേശീയ പാതാ അതോറിറ്റി ഒരു ഹെൽപ്പ്ലൈൻ നമ്പർ നൽകിയിട്ടുണ്ട്. എന്നാൽ ആ നമ്പറും കൃത്യമായി പ്രവർത്തിക്കുന്നില്ല.

ടോൾ പിരിവ് നിർത്തി വച്ചു കൊണ്ടുള്ള വിധി ജനങ്ങൾക്ക് താത്കാലിക ആശ്വാസമാണ്.  അടിപ്പാത നിർമ്മാണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതോടെ യാത്രദുരിതം കുറയുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.

content summary: Paliyekkara toll has collected 1,700 crore over 12 years, with Adv. Shaji leading a legal battle against this

 

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×