അധികമായാല്‍ വിഷമാണെങ്കിലും; ട്രംപ് പറഞ്ഞപോലെ വില്ലനല്ല പാരസെറ്റാമോള്‍

വാക്സിനുകളാണ് ഓട്ടിസത്തിന് കാരണമെന്ന വാദങ്ങളും തെറ്റാണ്

paracetamol

മലയാളികളുടെ മരുന്നുപ്പെട്ടിയിൽ പാരസെറ്റാമോൾ സ്ഥാനം പിടിച്ചിട്ട് കാലം കുറേയായി. പനിയോ തലവേദനയോ വന്നാൽ ഡോക്ടറുടെ കുറിപ്പടി പോലുമില്ലാതെ കഴിക്കുന്ന മരുന്നുകളിലൊന്നാണ് പാരസെറ്റാമോൾ. കാലങ്ങളായുള്ള ഉപയോ​ഗത്തിലൂടെ വിശ്വാസം ഉറപ്പിച്ചിട്ടുണ്ട്  ഈ ഇത്തിരിക്കുഞ്ഞൻ മരുന്ന്.

​ഗർഭിണികളായ യുവതികൾ പാരസെറ്റാമോൾ ഉപയോ​ഗിക്കരുതെന്ന വിചിത്ര വാദവുമായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തു വന്നിരിക്കുന്നത്. ​ഗർഭിണികൾ ഈ മരുന്ന് കഴിക്കുന്നത് വഴി ​ഗർഭാവസ്ഥയിലുള്ള കുഞ്ഞിന് ഓട്ടിസം ഉണ്ടാവുമെന്നാണ് ട്രംപ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വേദനയ്ക്കും പനിയ്ക്കുമുള്ള മരുന്നുകളിലൊന്നായി പാരസെറ്റാമോൾ വ്യാപകമായി ഉപയോ​ഗിച്ച് പോരുന്നുണ്ടെങ്കിലും ഇത് കേരളത്തിലെ ജനങ്ങളിൽ തെല്ലൊരു ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ പൂർണ്ണമായി തള്ളിക്കളയുകയാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ ഫാർമസി അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ അബ്ദുൾ ജലീൽ കെ. ഈ വാദത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വ്യക്തമായ തെളിവുകൾ നിരത്താൻ ട്രംപിന് സാധിച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഹെൽത്ത് സെക്രട്ടറിയും മുൻപും ഇത്തരത്തിലുള്ള വാദങ്ങളുമായി രം​ഗത്തു വന്നിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം വിഷയങ്ങൾ ചർച്ചയ്ക്ക് കൊണ്ടുവരേണ്ടത് എന്നാൽ അതിനുള്ള തെളിവുകളൊന്നും ട്രംപിന്റെ കൈവശമില്ലെന്നും ഡോ അബ്ദുൾ ജലീൽ കെ പറയുന്നു.

പാരസെറ്റാമോൾ വില്ലനല്ല

മറ്റെല്ലാ മരുന്നുകളെ പോലെ പാരസെറ്റാമോളിനും അക്യൂട്ട് ടോക്സിറ്റിയുണ്ട്. ഒരു പരിധിയിൽ കൂടുതൽ കഴിച്ചാൽ അവ പ്രത്യാഘാതങ്ങളുണ്ടാക്കും. പാരസെറ്റാമോളിന്റെ ഏറ്റവും വലിയ ദൂഷ്യ വശങ്ങളിൽ ഒന്ന് ലിവർ ടോക്സിറ്റിയാണ്. ഈ മരുന്ന് ഒരു പത്തെണ്ണത്തിൽ കൂടുതൽ കഴിക്കുന്നത് കരൾ സംബന്ധമായ രോ​ഗങ്ങൾക്കും മരണങ്ങൾക്കും വരെ കാരണമാകും. ഡോക്ടർമാർ നിർദേശിക്കുന്ന അളവിൽ പാരസെറ്റാമോൾ കഴികുന്നത് മൂലം ഇതുവരെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

വാക്സിനുകൾ ഉപയോ​ഗിക്കുന്നത് തെറ്റാണെന്ന നിലപാടുള്ള ആളുകൾ, വാക്സിനുകളാണ് ഓട്ടിസത്തിന് കാരണമെന്ന് പലപ്പോഴായി വാദിച്ചിരുന്നു. എന്നാൽ, ആ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഏതു തരത്തിലുള്ള ആരോപണങ്ങളാണെങ്കിലും അത് ശരിയാണെന്ന് കാണിക്കുന്ന വ്യക്തമായ തെളിവുകൾ വേണം. അത് നൽകാൻ ട്രംപിന് സാധിച്ചിട്ടില്ല. അത് സംബന്ധിച്ച വ്യക്തമായ പഠനങ്ങളും വേണം. വ്യക്തമായ പഠനങ്ങൾക്ക് ശേഷം പറയുന്ന വാദമാവണം. ആ​ഗോളതലത്തിൽ നോക്കിയാൽ ഏറ്റവും പ്രചാരമുള്ള ബ്രാൻഡാണ് ടൈലനോൾ. നമ്മൾ ഇവിടെ അതിന് പകരമായി ഉപയോ​ഗിക്കുന്നത് പാരസെറ്റാമോളാണ്.

Also read: പാരസെറ്റമോൾ ഓട്ടിസത്തിന് കാരണമാകും; ട്രംപിൻ്റെ വിവാദ പ്രഖ്യാപനത്തെ വിമർശിച്ച് ശാസ്ത്രലോകം

ടൈലനോൾ അഥവ പാരസെറ്റാമോൾ

വേദന സംഹാരിയെന്ന നിലയിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് ടൈലനോൾ. ​ഗുളികളായും സിറപ്പുകളായുമെല്ലാം ഇവ ഉപയോ​ഗിച്ച് പോരുന്നുണ്ട്. കാലങ്ങളായി ഉപയോ​ഗത്തിലുള്ള മരുന്നുകളിലൊന്നാണ് ഇവ. പലപ്പോഴായുള്ള ഉപയോ​ഗത്തിലൂടെ സുരക്ഷിതമാണെന്ന് ഉറപ്പിക്കാവുന്ന മരുന്നാണിത്. ലക്ഷകണക്കിന് ആളുകൾ ഉപയോ​ഗിച്ച് സേഫ്റ്റി ഡാറ്റയുള്ള മരുന്നെന്ന് പ്രത്യേകത കൂടിയുണ്ട് ടൈലനോളിന്. എന്നാൽ, പതിറ്റാണ്ടുകളായി ഉപയോ​ഗിച്ചു പോരുന്നുവെന്ന കാരണം കൊണ്ട് മാത്രം ഈ മരുന്ന് നല്ലതാണെന്ന വാദം ഞാൻ ഉന്നയിക്കുന്നില്ല. വ്യക്തമായ തെളിവുകൾ നിരത്തിയാൽ അം​ഗീകരിക്കാൻ തയ്യാറാണ്.

ട്രംപ് നേരിട്ട് പറയേണ്ടുന്ന ഒരു വിഷയമായി ഞാനിതിനെ കാണുന്നില്ല. രാഷ്ട്രീയ പ്രഖ്യാപനം പോലെ പറയുന്ന ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് അം​ഗീകരിക്കാൻ കഴിയുക. കോവിഡ് വാക്സിനെതിരെ പോലും പല വിധത്തിലുള്ള ആരോപണങ്ങളുമായി മുന്നോട്ട് വന്നയാളാണ് ട്രംപ്.

ഓട്ടിസം

ജനിതകമായ കാരണങ്ങളാൽ കുട്ടികളിൽ തലച്ചോറിലുണ്ടാവുന്ന വ്യത്യാസത്തെ തുടർന്നുണ്ടാവുന്ന ഒരു രോ​ഗാവസ്ഥയെയാണ് ഓട്ടിസമെന്ന് വിളിക്കുന്നത്. പാരമ്പര്യമായുള്ള കാരണങ്ങളാണ് ഓട്ടിസത്തിന് കാരണമായി പലപ്പോഴും വിലയിരുത്തത്. ഓട്ടിസത്തെ ഒരു ന്യൂറോ ഡെവലപ്പ്മെന്റൽ ​രോ​ഗമായി പരി​ഗണിക്കാം. ആശയവിനിമയം മുതലായ കാര്യങ്ങളിൽ സാധാരണ കുട്ടികളിൽ നിന്ന് പ്രകടമായ വ്യത്യാസം ഓട്ടിസ്റ്റിക്കായ കുട്ടികൾക്കുണ്ടാവും. ഓട്ടിസം ഡിസോഡർ നാഡീവ്യവസ്ഥയെ ബാധിക്കുകയും വ്യക്തിയുടെ മുഴുവൻ സാമൂഹിക വൈഞ്ജാനിക വൈകാരിക തലങ്ങളിൽ വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. ഓട്ടിസം ബാധിതരായ പതിനഞ്ചോളം ശതമാനം ആളുകളിൽ ജീനിലോ ക്രോമസോമിലോ കുഴപ്പം ഉണ്ടാവാറുണ്ട്. ഓട്ടിസം ബാധിതരുടെ കുടുംബാം​ഗങ്ങളിലും അതിന്റെ ല​ക്ഷണങ്ങൾ കണ്ടു വരുന്നു.

ആശങ്ക വേണ്ട

ഇത്തരം പരാമർശങ്ങൾ തീർച്ചയായും ആശങ്കകൾക്ക് വഴി വച്ചേക്കാം. വിദ്യാഭ്യാസം കൊണ്ട് മാത്രം ഇതിലൊരു മാറ്റം വരുമെന്ന് കരുതുന്നില്ല. നല്ല വശങ്ങളെക്കേൾ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്കാണ് ആളുകൾ പ്രാധാന്യം നൽകുന്നത്. എന്നാൽ, ഇത്തരം ആരോപണങ്ങൾ കേട്ട് ആശങ്കപ്പെടേണ്ട ആവശ്യമില്ല. പുതിയ ഒരു വാക്സിനോ മരുന്നോ ആരോ​ഗ്യലോകത്ത് പരിചയപ്പെടുത്തുമ്പോൾ ഇത്തരം ആശങ്കകളുണ്ടാവുന്നത് സ്വാഭാവികമാണ്. പതിറ്റാണ്ടുകളായി ഉപയോ​ഗിച്ച് കൊണ്ട് മരുന്നുകളെക്കുറിച്ച് പറയുന്ന വ്യാജപ്രചരണങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. പാരസെറ്റാമോൾ എലിവിഷമാണെന്ന് പറയുന്ന ആളുകൾ വരെയുണ്ട്. 50 കിലോയുള്ള ഒരു മനുഷ്യൻ കഴിക്കുന്ന അളവിൽ പാരസെറ്റാമോൾ ഏതൊരു ജീവി കഴിച്ചാലും അത് ശരീരത്തിൽ രാസപ്രവർത്തനമുണ്ടാക്കാം. അതിനെയാണ് വളച്ചൊടിച്ച് വിഷമാണെന്ന് പറയുന്നത്. സാധാരണ അളവിൽ ഉപയോ​ഗിച്ചാൽ ഒരു മരുന്നും വിഷമല്ല.

Also read:പറയുന്നത് ശുദ്ധ അസംബന്ധം, പാരസെറ്റാമോൾ ഓട്ടിസത്തിന് കാരണമാകില്ല

content summary: Paracetamol can be harmful in large doses, but as Trump pointed out, it’s not inherently dangerous and has no link to autism

This post was last modified on September 23, 2025 5:44 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment