UPDATES

‘പാരഡൈസ്’; രാവണന്റെ മണ്ണിൽ രചിക്കപ്പെട്ട മറ്റൊരു രാമായണം

രാവണനും സീതയ്ക്കും മാത്രമാണ് ലങ്കയുടെ രാമായണത്തിൽ പ്രാധാന്യം

                       

പ്രതിഭാശാലിയായ പ്രതിനായകനായിരുന്നു രാവണൻ, സീതയെ അവളുടെ ഇംഗിതത്തിനെതിരായി ഒന്നു തൊടുകപോലും ചെയ്യാത്ത, വാക്കുകൾ കൊണ്ട് പോലും നോവിക്കാത്ത രാവണൻ. രാവണ ഭരണത്തിൽ‌ ലങ്കാവാസികളിൽ ഒരാളും പട്ടിണിയറിഞ്ഞിട്ടില്ല. എണ്ണിപ്പറഞ്ഞ്‌ എടുത്തുകാട്ടാൻ ഒട്ടേറെ ഗുണഗണങ്ങളുണ്ട്‌ വാത്മീകി രാമായണത്തിലെ പ്രതിനായകന്‌. സംവിധായകൻ പ്രസന്ന വിതനാഗേ പാരഡൈസ് ചിത്രത്തിലെ ലങ്കയിലുള്ളവരുടെ മനസിലെ രാവണനും വ്യത്യസ്തനല്ല. ഗുഹയിലുറങ്ങുന്ന രാവണൻ ഒരിക്കലുണർന്ന് അവരെ രക്ഷിക്കും എന്നാണ് ശ്രീലങ്കയിലുള്ളവരുടെ വിശ്വാസം. മറ്റുള്ളവരുടെ മനസിലെ ക്രൂരനായ വില്ലനെയാണ് ഒരു രാജ്യം മുഴുവൻ തങ്ങളുടെ രക്ഷകനായി കാത്തിരിക്കുന്നത്. paradise movie

കലങ്ങി മറിയുന്ന സങ്കീർണതകളുടെ കുത്തൊഴുക്കിൽപെട്ടുഴലുന്ന മനസുമായാണ് പലപ്പോഴും മനുഷ്യ ജീവിതം മുന്നോട്ട് പോവുക. നിരാശയുടെ  കലുഷിതമായ ലോകത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ് ഉല്ലാസയാത്രകൾ, എന്നാൽ ശാന്തമായ യാത്ര പതിയെ ദിശമാറി നിസ്സഹായാതയുടെ ലോകത്തേക്കൊഴുകിയാൽ എന്ത് ചെയ്യും. അത്തരം ഒരു യാത്രയിലേക്കാണ് സംവിധായകൻ പ്രസന്ന വിതനാഗേ പാരഡൈസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

കേശവും അമൃത എന്ന അമ്മുവും തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാനായി ശ്രീലങ്കയിലേക്കെത്തുന്ന യാത്രയിലാണ് പാരഡൈസിന്റെ കഥ ആരംഭിക്കുന്നത്. 2022 ലെ ആഭ്യന്തര കലാപ കാലത്താണ്‌ ഇരുവരും ശ്രീലങ്കയിലെത്തുന്നത്, ലങ്കയുടെ ആ സമയത്തെ അവസ്ഥയെന്തെന്ന ചെറിയ സൂചനകൾ ചുവരെഴുത്തുകൾ വഴിയും, പ്രതിഷേധങ്ങൾ വഴിയും തുടക്കത്തിൽ സംവിധായകൻ നൽകുന്നുണ്ട്.

സ്വന്തം കാര്യത്തിന് മാത്രം മുൻഗണന കൊടുക്കുന്ന അൽപ്പം സ്വാർത്ഥബുദ്ധിയായ കഥാപാത്രമാണ് കേശവ്, എന്നാൽ സഹ ജീവികളോട് കരുണയും ആർദ്രതയും മനസ്സിൽ അലിവിന്റെ നനവും സൂക്ഷിക്കുന്ന കഥാപാത്രമാണ് അമ്മു. ഗർഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിച്ച സ്വാർത്ഥമതിയായ രാമന്റെ പ്രതിച്ഛായയായി പലപ്പോഴും കേശവ് മാറുന്നുണ്ട്. പാചകവാതകത്തിന് വേണ്ടി വഴി തടഞ്ഞ് സമരം ചെയ്യുന്ന സ്ത്രീകളെ കാണിക്കുന്ന സീനിൽ, ലങ്കയിലെ വീട്ടമ്മമാരുടെ അവസ്ഥ അമ്മുവിൻറെ മനസ്സിൽ നിസ്സഹായതയും സഹതാപവും നിറക്കുന്നു. പക്ഷെ, അവർ പാചകവാതകത്തിനായാണ് സമരം ചെയ്യുന്നതെന്ന് കേശവിനോട് പറയുമ്പോൾ ഒരു മൂളലിൽ കേശവ് അത് ഒതുക്കുന്നു. കേശവ് അപ്പോഴും തന്റെ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. സ്വപത്നിയെക്കാളും രാജ്യത്തിനാണ് രാമൻ മുൻഗണന നൽകിയതെങ്കിൽ കേശവിന് സ്വന്തം ജോലിയും പുതിയ പ്രോജക്ടുമാണ് വലുത്.

അമ്മുവും കേശവും താമസിക്കാനെത്തുന്ന എസ്റ്റേറ്റ് ബംഗ്ലാവിലെ മുറിയിൽ നടക്കുന്ന മോഷണമാണ് കഥാഗതി മാറ്റുന്നത്. പിന്നീടങ്ങോട്ട് കലാപം പിടിമുറുക്കിയ ലങ്കയുടെ നേർകാഴ്ചയിലേക്കാണ് ചിത്രം പ്രേക്ഷകനെ കൊണ്ട് പോകുന്നത്. രാജ്യത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച രാമനെ പോലെ, നഷ്ടപെട്ട വസ്തുക്കൾ തിരികെ ലഭിക്കാനുള്ള വ്യഗ്രതയിൽ ഒരു ജീവൻ പൊലിഞ്ഞത് പോലും കേശവിനെ ബാധിച്ചിട്ടേയില്ലെന്നത് അമ്മുവിനെ അമ്പരപ്പെടുത്തുന്നുണ്ട്, ഒപ്പം പ്രേക്ഷകരെയും.  തമ്മിൽ പ്രത്യക്ഷത്തിൽ കാര്യമായ പ്രശ്ങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും മനസുകൊണ്ട് ഇരു ധ്രുവങ്ങളിലേക്ക് ഒഴുകുന്നവരാണ് അമ്മുവും കേശവും. വ്യത്യസ്ത വൈകാരിക മനോഭാവങ്ങൾ അഭിനേതാക്കൾ കൃത്യമായി പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

ഇരുവരുടെയും ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ ആൻഡ്രൂ വിവരിച്ച് നൽകുന്ന കഥകളുറങ്ങുന്ന ലങ്കയുടേയും രാവണന്റേയും മണ്ണിലൂടെയാണ് പിന്നീടുള്ള കഥയുടെ ഒഴുക്ക്. ഒപ്പം ലങ്കയുടെ പ്രകൃതി മനോഹാരിതയും നമ്മിലേക്കും എത്തുന്നു.

വാത്മീകി രാമായണത്തിൽ നിന്ന് വ്യത്യസ്തയായി രാമനെ തേരാളിയാക്കി രാവണ നിഗ്രഹം നടത്തിയ ജൈന രാമായണത്തിലെ സീതയെ പോലെ, ദുർഘടഘട്ടങ്ങളിൽ പെടുമ്പോൾ ഒരു പുരുഷൻ തന്നെ രക്ഷിക്കാൻ വരുമെന്ന് കരുതി സ്ത്രീ അടങ്ങിയിരിക്കുമോ എന്ന് അമ്മു ആൻഡ്രുവിനോട് ചോദിക്കുന്നുണ്ട്. ചോദ്യങ്ങൾ ചോദിക്കാനും പ്രതികരിക്കാനും കേൾപ്പുളള ആധുനിക സീതയായി അമ്മുവും കഥാഗതിയിൽ പരിണമിക്കുന്നു. കഥാപാത്രങ്ങൾ കടന്ന് പോകുന്ന സങ്കീർണതകൾ പ്രേക്ഷകർക്ക് കൂടി അനുഭവവേദ്യമാകുന്ന തരത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.

രാമായണം എന്നാണ് പേരെങ്കിലും രാവണനും സീതയ്ക്കും മാത്രമാണ് ലങ്കയുടെ രാമായണത്തിൽ പ്രാധാന്യം. വാത്മീകി രാമായണത്തിൽ രാവണൻ രാമനാൽ വധിക്കപ്പെട്ടുവെങ്കിലും ശ്രീലങ്കയിലുള്ളവരുടെ വിശ്വാസപ്രകാരം രാവണൻ ഇപ്പോഴും ഉറങ്ങുകയാണെന്നും ഒരിക്കൽ ലങ്കയെ രക്ഷിക്കാൻ വരുമെന്നുമാണ്. ജൈന രാമായണത്തിൽ സീതയുടെ കൈകൊണ്ടാണ് രാവണൻ കൊല്ലപ്പെട്ടതെന്നും രാമൻ സീതയുടെ തേരാളിയായിരുന്നുവെന്നും, ചിത്രം എടുത്ത് പറയുന്നു. ലോകത്താകമാനം 300 ല്‍ അധികം വ്യത്യസ്ത തരം രാമായണങ്ങൾ ഉണ്ടെന്നും അമ്മു പറയുമ്പോൾ ആൻഡ്രൂ അത്ഭുതം കൂറുന്നത് കാണാം. ഒരു പക്ഷേ രാമയണത്തിന് സംവിധായകന്‍ തന്റെതായ രീതിയില്‍ ചമയ്ക്കുന്ന പുതിയ വ്യാഖ്യാനമായിരിക്കാം സിനിമയുടെ ക്ലൈമാക്‌സ്. റോഷൻ മാത്യുവും ദർശന രാജേന്ദ്രനും കേശവിനോടും അമൃതയോടും നൂറു ശതമാനം കൂറ് പുലർത്തിയിട്ടുണ്ട്.

കാലം ഏറെ കടന്ന് പോയെങ്കിലും രാമനും രാവണനും സീതയും എല്ലാം മനുഷ്യന്റെ വ്യത്യസ്ത ഭാവങ്ങളിൽ തന്നെ നിലനില്കുന്നുവെന്ന് തോന്നുംവിധമാണ് ലങ്കയുടെ മണ്ണിലൂടെ ചിത്രം സഞ്ചരിക്കുന്നത്. യഥാർത്ഥത്തിൽ അമ്മുവിലൂടെയും കേശവിലൂടെയും രാവണന്റെ മണ്ണിൽ രചിക്കപ്പെട്ട മറ്റൊരു രാമായണമാണ് സംവിധായകൻ പ്രേക്ഷകർക്കായി ഒരുക്കിയതെന്ന് കരുതാവുന്നതാണ്.

ഇന്ധനമോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത ശ്രീലങ്കൻ ജനതയുടെ ജീവിതത്തിലേക്കാണ് പാരഡൈസ് വെളിച്ചം വീശുന്നത്. പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ നിസ്സഹായാവസ്ഥ ചിത്രത്തിൽ വരച്ചിടാൻ സാധിച്ചിട്ടുണ്ട്. റിസോർട്ട് ജോലിക്കാരൻ ശ്രീയായെത്തുന്ന സുമിത് ഇളങ്കോ, പോലീസ് ഉദ്യോഗസ്ഥനായെത്തുന്ന സർജൻ ഭണ്ഡാരെ എന്ന കഥാപാത്രം അവതരിപ്പിച്ച മഹേന്ദ്ര പെരേര തുടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കും.

content summary;  paradise movie review

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍