പരന്തൂരിലേത് സർക്കാരിൻ്റെ സ്വപ്‌നപദ്ധതി, പ്രതിഷേധിക്കുന്നത് എന്തിന്?
ചെന്നൈയ്ക്ക് സമീപം രണ്ടാമത്തെ വിമാനത്താവളമാണ് കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർമിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മീനാമ്പക്കത്ത് നിന്ന് 59 കി.മീ ദൂരെയാണ് പുതിയ വിമാനത്താവളത്തിൻ്റെ നിർദിഷ്ട സ്ഥലം. പരന്തൂരിലെ ഏകനാപുരം അടക്കം 12 ഗ്രാമങ്ങളിലായാണ് വിമാനത്താവളം നിർമിക്കുക. 4563.56 ഏക്കറിലായി 20,000 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പദ്ധതി ആരംഭിക്കുകയാണെങ്കിൽ അത് 13 ഗ്രാമങ്ങളിലെ ആയിരത്തിലേറെ കുടുംബങ്ങളെയാണ് ബാധിക്കുക. ഇവർ ഈ പ്രദേശത്ത് നിന്ന് കുടിയൊഴിയാൻ നിർബന്ധിതരാവും.
ഏകദേശം മൂവായിരം ആളുകളാണ് ഇവിടെ കൃഷി മുഖ്യജീവിതമാർഗമാക്കി കഴിയുന്നത്. വിമാനത്താവള പദ്ധതിക്ക് വേണ്ടി കൃഷിയിടമെല്ലാം നശിപ്പിക്കപ്പെടും. കൃഷി മാത്രം ചെയ്‌ത് ജീവിക്കാനറിയുന്ന തങ്ങൾ ഇനി എങ്ങോട്ട് പോകണമെന്നും എങ്ങനെ ജീവിക്കുമെന്നുമാണ് ഇവരുടെ ആശങ്ക. ഈ നാട്ടിലെ ജനങ്ങളാരും വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്നില്ലെന്നും തങ്ങൾക്ക് സ്വന്തം ഭൂമി തന്നാൽ മതിയെന്നുമാണ് നാട്ടുകാർ പറയുന്നത്. സ്വന്തം വീടടക്കം ഇല്ലാതാവുമെന്ന ആശങ്ക തെല്ലൊന്നുമല്ല ജനങ്ങളെ ബാധിച്ചിരിക്കുന്നത്.
വിമാനത്താവളം പരന്തൂരിലാവണമെന്ന നിർബന്ധം എന്തിന്?
വർഷങ്ങൾക്ക് മുൻപേ തന്നെ വിമാനത്താവള ചർച്ചകൾ നടന്നിരുന്നെങ്കിലും 2006ൽ ഡി.എം.കെ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ചെന്നൈയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത്. അന്ന് ചെന്നൈയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ശ്രീപെരുംപത്തൂരിനെ വിമാനത്താവളത്തിനുള്ള സാധ്യതാസ്ഥലമായിക്കണ്ട് സർവേ നടത്തിയിരുന്നു. എന്നാൽ ദീർഘകാല പദ്ധതിയായതിനാൽ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. പിന്നീട് 2011-ൽ എഐഎഡിഎംകെ അധികാരത്തിൽ വന്നതിന് പിന്നാലെ വിമാനത്താവളം സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയർന്നെങ്കിലും പദ്ധതിയിൽ യാതൊരു ചലനവുമുണ്ടായില്ല. പിന്നീട് പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് പദ്ധതി വീണ്ടും കടലാസിലൊതുങ്ങി. 2021ൽ എം.കെ സ്റ്റാലിൻ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ചെന്നൈയിലെ പുതിയ വിമാനത്താവളം വീണ്ടും ചർച്ചകളിൽ ഇടം നേടിയത്.
തലസ്ഥാന നഗരമായ ചെന്നൈയ്ക്ക് സമീപത്തെ ആദ്യ വിമാനത്താവളം മീനാമ്പക്കത്താണ് പ്രവർത്തിക്കുന്നത്. 2029 ആവുന്നതോടെ ഈ വിമാനത്താവളം അതിൻ്റെ പൂർണശേഷിയിലേക്ക് എത്തുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. അങ്ങനെയാണ് രണ്ടാമതൊരു വിമാനത്താവളമെന്ന ആലോചനയിലേക്കെത്തിയത്. തുടർന്ന് പാരിസ്ഥിതി-സാമൂഹിക സാമ്പത്തിക സർവേ നടത്തി 11 സ്ഥലങ്ങളെ സാധ്യതാസ്ഥലമായി നിശ്ചയിച്ചത്. അതിൽ ആദ്യഘട്ടത്തിൽ നാലെണ്ണവും പിന്നീട് രണ്ടെണ്ണവും ഷോർട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. കൽപ്പാക്കം ആണവ നിലയം സമീപത്ത് പ്രവർത്തിക്കുന്നുവെന്നതുകൊണ്ട് പാദാളം, തിരുപ്പോരൂർ എന്നീ സ്ഥലങ്ങൾ പട്ടികയിൽ നിന്ന് പുറത്തായത്. ഡിഫൻസ് എയർബേസ് പ്രവർത്തിക്കുന്നതും കൂടുതൽ താമസസ്ഥലങ്ങളുള്ളതിനാലും താമ്പരവും പന്നൂരും പട്ടികയിൽ നിന്ന് പുറത്തായതോടെ പരന്തൂരായി അവസാന സ്ഥലം. ചെന്നൈ നഗരത്തിൽ നിന്ന് 70 കിലോമീറ്റർ ദൂരത്താണ് പരന്തൂർ. ‘സംസ്ഥാനത്തിന്റെ സാമ്പത്തിക- സാമൂഹിക വളർച്ചയ്ക്ക് ചെന്നൈയ്ക്ക് പുതിയ ഒരു വിമാനത്താവളം അത്യാവശ്യമായിരിക്കുന്നു. അതിനാൽ ചെന്നൈയിലെ അടുത്ത ഗ്രീൻഫീൽഡ് വിമാനത്താവളം ചെന്നൈയിലെ പരന്തൂരിൽ നിർമിക്കുമെന്ന് 2022 ഓഗസ്ത് രണ്ടിനാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചത്. എന്നാൽ വലിയ വിമാനസർവീസുകൾ നടത്താനുള്ള പ്രയാസങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ വിമാനത്താവളമെന്ന നിലയിൽ കേന്ദ്രസർക്കാർ പരന്തൂർ പ്രദേശം അന്തിമമാക്കിയത്.
സ്ഥലം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പരന്തൂരിലെ വിമാനത്താവള പദ്ധതിക്കെതിരേ പൊതുജനങ്ങളും പരിസ്ഥിതിവാദികളും രംഗത്തെത്തി. എതിർപ്പ് കടുത്തതോടെ രണ്ടാമതും പാരിസ്ഥിതിക-സാങ്കേതിക- സാമ്പത്തിക പഠനം നടത്താൻ സർക്കാർ രംഗത്തിറങ്ങി. എന്നിട്ടും പ്രതിഷേധങ്ങൾക്ക് അയവുവന്നില്ല. തുടർന്ന് പ്രതിഷേധിക്കുന്ന ഗ്രാമീണരുമായി ചർച്ച നടത്താൻ മന്ത്രിമാരുടെ സമിതി രൂപീകരിച്ച്. സമിതി നിരവധി തവണ ജനങ്ങളുമായി ചർച്ച നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. പ്രതിഷേധം തുടർന്നു.
2022ൽ മാത്രം രണ്ട് തവണയാണ് മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടന്നത്. വിമാനത്താവളത്തിനായി വിട്ടുകൊടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി മൂന്നര ഇരട്ടി വില നൽകാമെന്നയിരുന്നു ഓഗസ്‌തിൽ നടന്ന ചർച്ചയിൽ മന്ത്രിമാർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയത്. ഇതുകൂടാതെ ഒഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുമെന്നും പുതിയ വീടിനായി മറ്റൊരു സ്ഥലം കണ്ടെത്തിക്കൊടുക്കാമെന്നും മന്ത്രിമാർ ഉറപ്പ് നൽകി. ഡിസംബറിൽ ജനങ്ങൾ വീണ്ടും പ്രതിഷേധം ആരംഭിച്ചെങ്കിലും സമവായവുമായി മന്ത്രിമാർ രംഗത്തെത്തിയതോടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. എന്നാൽ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസക്കുറവുള്ളതായാണ് ഒരു വിഭാഗം പ്രതിഷേധക്കാരും സർക്കാർ വൃത്തങ്ങളും പറയുന്നത്. നടപ്പിലാക്കാൻ സാധ്യതയില്ലാത്ത വാഗ്‌ദാനങ്ങളാണ് സർക്കാർ നൽകുന്നത്. മന്ത്രിമാരോ സർക്കാരോ നൽകുന്ന ഉറപ്പുകൾ പൂർണമായും വിശ്വസിക്കാൻ ഗ്രാമവാസികൾ തയ്യാറല്ല. നടപ്പാക്കാൻ പറ്റുന്ന ആ ഉറപ്പുകൾ പോലും വിശ്വസിക്കാൻ തയ്യാറാകാത്ത ഗ്രാമവാസികൾ സർക്കാരിന്റെ ഈ ‘മോഹനവാഗ്ദാനങ്ങൾ’ എങ്ങനെ വിശ്വസിക്കാനാണെന്നാണ് ചില സർക്കാർ വൃത്തങ്ങൾ ഈ വിഷയത്തിൽ പ്രതികരിച്ചത്.
സർക്കാർ നൽകിയ വാഗ്ദാനങ്ങൾ
പരന്തൂർ വിമാനത്താവള പദ്ധതിക്ക് വേണ്ടി വരുന്ന 4563.56 ഏക്കർ സ്ഥലത്തിൽ 3246.30 ഏക്കർ സ്ഥലവും സ്വകാര്യവ്യക്തികളുടേതാണ്. ഇവർക്ക് മൂന്നിരട്ട് നഷ്ടപരിഹാരം നൽകിയാണ് ഭൂമിയേറ്റെടുക്കുക. കുടിയൊഴിക്കപ്പെടുന്നവരുടെ കുടുംബത്തിലെ ഒരാൾക്ക് വീതം സർക്കാർ ജോലി നടക്കും. പദ്ധതി പ്രദേശത്ത് നിന്ന് മാറിപ്പോകുന്ന എല്ലാ ആളുകളെയും മറ്റൊരു സ്ഥലത്ത് ഒരുമിച്ച് പാർപ്പിക്കും. സർക്കാർ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. പ്രദേശത്തെ 360 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നെൽവൈ തടാകം സംരക്ഷിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്തെ നൂറുകണക്കിന് ആളുകളുടെ തൊഴിലും സാമൂഹിക സാഹചര്യവും മെച്ചപ്പെടാൻ പദ്ധതി സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
അടുത്ത 35 വർഷത്തേക്കുള്ള വ്യോമഗതാഗത ആവശ്യങ്ങളെ പരിഗണിച്ചാണ് വിമാനത്താവളം നിർമിക്കുന്നത് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സിവിൽ ഏവിയേഷൻ്റെ സർവേ പ്രകാരം വിമാനത്താവളത്തിന് വേണ്ടി ചെലവഴിക്കുന്ന ഓരോ നൂറുരൂപയും ഭാവിയിൽ 325 രൂപ വീതം വരുമാനമായി തിരിച്ചുലഭിക്കുമെന്നാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി തങ്കം തെന്നരശ് പറഞ്ഞു.
പ്രതിവർഷം 2.2 കോടി യാത്രക്കാരാണ് ചെന്നൈ മീനമ്പാക്കത്തെ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇത് 3.5 കോടിയാവുമെന്നാണ് കരുതുന്നത്. ഈ കണക്കുകൾ ചെന്നൈാ വിമാനത്താവളത്തെ അതിൻ്റെ പരാമവധി ശേഷിയിലേക്കാണ് എത്തിക്കുന്നത്. പുതിയ വിമാനത്താവളത്തിന് പ്രതിവർഷം 10 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
തമിഴ്‌നാട്ടിലെ ജനകീയ വിഷയങ്ങളിൽ പ്രതികരിക്കാനൊരുങ്ങി നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം(ടിവികെ). തമിഴ്‌നാട്ടിലെ പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ പിന്തുണയുമായി എത്തിയിരിക്കുകയാണ് പാർട്ടി. സമരക്കാരെ നേരിട്ട് കണ്ട വിജയ് പാർട്ടിയുടെ പിന്തുണ നേരിട്ട് അറിയിക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച ശേഷം ടിവികെ ഏറ്റെടുക്കുന്ന ആദ്യത്തെ ജനകീയ വിഷയമാണ് പരന്തൂരിലേത്.
സമരം തങ്ങൾ ഏറ്റെടുക്കുകയാണെന്നും പ്രതിഷേധത്തോടൊപ്പമുണ്ടെന്നും വിജയ് പറഞ്ഞു. പരന്തൂരിൽ നേരിട്ടെത്തിയ വിജയ് കർഷകരെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്നും തന്റെ രാഷ്ട്രീയ യാത്ര ഇവിടെ ആരംഭിക്കുകയാണെന്നും വിജയ് വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതി ഉപേക്ഷിക്കണമെന്നും വികസനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പദ്ധതി പരന്തൂരിൽ നടപ്പാക്കരുതെന്നുമാണ് വിജയ് കൂട്ടിച്ചേർത്തത്.
പരന്തൂരിൽ വിമാനത്താവളത്തിനായി 5000 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടതായി വരിക. അങ്ങനെ വന്നാൽ തങ്ങളുടെ കൃഷിയിടവും ജീവിതവും താറുമാറാകുമെന്നാണ് ഗ്രാമവാസികൾ ഒരേ സ്വരത്തിൽ പറയുന്നത്. എന്നാൽ വിമാനത്താവളം ഇതേ സ്ഥലത്ത് തന്നെ കൊണ്ടുവരുമെന്നാണ് പ്രതിഷേധങ്ങൾക്കിടയിലും സർക്കാർ വ്യക്തമാക്കുന്നത്.
content summary; parandur residents protest against chennai s new airport