കേരളത്തില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി എത്രത്തോളം അപകടങ്ങളാണ് നമുക്ക് ചുറ്റുമായി നടന്നത്, ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും ഇനിയൊന്ന് ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കാന്‍ മാത്രമേ നമുക്ക് കഴിയുന്നുള്ളു. ഈ അപകടങ്ങളില്‍ ചിലതെങ്കിലും, നമുക്ക് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാന്‍ കഴിയുന്നതാണെന്ന് തോന്നിയിട്ടുണ്ട്. സ്‌കൂള്‍ ബസ് അപകടങ്ങളിലും മറ്റുമൊക്കെ കുട്ടികള്‍ മരണപ്പെടുമ്പോഴും പരിക്കേല്‍ക്കുമ്പോഴും മാത്രമുണ്ടാകുന്ന പരിശോധനയും മറ്റ് കാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നുവെന്നുറപ്പാക്കാന്‍ രക്ഷിതാക്കള്‍ക്കും തയ്യാറാകണം. കണ്ണൂര്‍ വളക്കൈയില്‍ നടന്ന അപകടം ഒരു മുന്നറിയിപ്പായി എടുത്തുകൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളിലെ സ്‌കൂള്‍ ബസുകള്‍ സുരക്ഷിതമാണെന്നുറപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും സാധിക്കും.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസും വാഹനത്തെ സംബന്ധിച്ച കാര്യങ്ങളുമടക്കം അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമൊപ്പം രക്ഷിതാക്കള്‍ കൂടി അന്വേഷിക്കേണ്ടതുണ്ട്. തങ്ങളുടെ മക്കള്‍ എല്ലാ ദിവസവും സ്‌കൂളില്‍ പോയി വരുന്ന വാഹനവും അതിന്റെ ഡ്രൈവറുമെല്ലാം മക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ കൂടി അന്വേഷിക്കേണ്ട സാഹചര്യം നിലവിലുണ്ട്.
അതിനായി വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ പ്രവര്‍ത്തി പരിചയം തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അന്വേഷിക്കുകയും അധ്യാപകരുമായി ഉണ്ടാകാറുള്ള മീറ്റിങുകള്‍ പോലെ ഡ്രൈവര്‍മാരുമായി മീറ്റിങുകള്‍ വെക്കുകയും ചെയ്യാം. കുട്ടികളോട് വാഹനത്തിന്റെ വേഗതയെക്കുറിച്ചും, അശ്രദ്ധമായ ഡ്രൈവിങാണോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനും രക്ഷിതാക്കള്‍ ശ്രമിക്കണം. വാഹനത്തിന്റെ ഫീസ് നല്‍കുന്നതിനോടൊപ്പം തന്നെ ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കള്‍ ചോദിച്ച് മനസ്സിലാക്കുക.
കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകുന്നേരമാണ് സ്‌കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവമുണ്ടായത്. ഈ അപകടത്തില്‍ കണ്ണൂര്‍ തളിപ്പറമ്പിന് സമീപം കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ഇടറോഡിലെ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് മലക്കം മറിഞ്ഞശേഷം പ്രധാന റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായി എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അപകടത്തില്‍പ്പെട്ട വാഹനത്തിന് ഫിറ്റ്നസ് കാലാവധി അവസാനിച്ചിട്ടും ഗതാഗത കമ്മീഷന്‍ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. സ്‌കൂള്‍ മാനേജ്മെന്റിന്റെ ആവശ്യപ്രകാരമാണ് ഫിറ്റ്നസ് കാലാവധി നീട്ടി നല്‍കിയത് എന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയത്.
അതേസമയം, സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്നാണ് എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് പറഞ്ഞു. ബസിന് തകരാറുകള്‍ ഇല്ലായിരുന്നുവെന്ന് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പാളും പറയുന്നു. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവര്‍ അറിയിച്ചിരുന്നില്ല. നാല് മാസം മുമ്പാണ് ഡ്രൈവറെ നിയമിച്ചത് എന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ ഒരു അപകടം നടന്നപ്പോള്‍ മാത്രമാണ് പല രക്ഷിതാക്കളും വാഹനത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചും ഡ്രൈവറുടെ കാര്യക്ഷമതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇത് ഒരു മുന്നറിയിപ്പാണ്, ഓരോ രക്ഷിതാക്കളും നേരിട്ട് തങ്ങളുടെ മക്കള്‍ ദിവസേന പോകുന്ന വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിനുള്ള മുന്നറിയിപ്പ്.
സ്‌കൂള്‍ വാഹനങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍
* സ്‌കൂള്‍ വാഹനങ്ങളുടെ മുന്‍പിലും പിറകിലും എജൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് എന്ന് വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം.
*സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ അല്ലാത്തതും കുട്ടികളെ കൊണ്ട് പോകാന്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങളാണെങ്കില്‍ വെള്ള പ്രതലത്തില്‍ നീല അക്ഷരത്തില്‍ ‘ON SCHOOL DUTY’ എന്ന ബോര്‍ഡ് പതിപ്പിച്ചിരിക്കണം.
*സ്‌കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു.
*സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക്, ഓടിക്കുന്ന വാഹനത്തിന്റെ തരം (Class of vehicle) ഏതാണോ ടി തരത്തില്‍പ്പെടുന്ന വാഹനം ഓടിക്കുവാന്‍ കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം ആവശ്യമാണ്.
*സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വൈറ്റ് കളര്‍ ഷര്‍ട്ടും കറുപ്പ് കളര്‍ പാന്റും കൂടാതെ ഐഡന്റിറ്റി കാര്‍ഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തില്‍ ഡ്രൈവര്‍ കാക്കി കളര്‍ യൂണിഫോം ധരിക്കേണ്ടതാണ്.
*മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതയില്‍ വാഹനമോടിച്ചതിനോ, ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 279, 337, 338, 304A എന്നീ വകുപ്പുകള്‍ പ്രകാരം അപകടകരമായി വാഹനമോടിച്ചതിനോ ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ടവരേയും സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍മാരായി നിയമിക്കരുത് .
* ചുവന്ന സിഗ്‌നല്‍ മറികടക്കുക, ലെയിന്‍ മര്യാദ പാലിക്കാതിരിക്കുക, അംഗീകൃതമല്ലാത്ത വ്യക്തിയെ കൊണ്ട് വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടവരെ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കരുത്.
*സ്‌കൂള്‍ വാഹനങ്ങളില്‍ പരമാവധി 50 കിലോമീറ്ററില്‍ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കേണ്ടതാണ്.
* VLTD (Vehicle Location Tracking Device) സംവിധാനം സ്‌കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ടതും ആയത് ‘Suraksha Mithra’ സോഫ്‌റ്റ്വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
* സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഫിറ്റ്‌നസ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.
* നേരത്തെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പായി തന്നെ മറ്റ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യാന്ത്രിക പരിശോധന (Refer Annexure 1) സ്‌കൂള്‍ തലത്തിലും മോട്ടോര്‍
* വാഹന വകുപ്പ് നടത്തുന്ന സ്‌കൂള്‍ വാഹനം പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ പതിക്കേണ്ടതാണ്.
* വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ (ആയമാര്‍) എല്ലാ സ്‌കൂള്‍ ബസ്സിലും ഉണ്ടായിരിക്കണം.
*സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. എന്നാല്‍ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ആണെങ്കില്‍ ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാവുന്നതാണ് (KMVR 221). യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാന്‍ അനുവദിക്കരുത്.
*ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ്സ് ബോര്‍ഡിംഗ് പോയിന്റ്, രക്ഷിതാറിന്റെ പേര് അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
* വാഹനത്തിന്റെ പുറകില്‍ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്.
* ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാര്‍ഗ്ഗങ്ങള്‍ സംബധിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ആയത് മോട്ടോര്‍ വാഹന വകുപ്പ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.
* ഡോറുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും ഉണ്ടായിരിക്കേണ്ടതാണ്.
* പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉള്‍ക്കൊള്ളുന്ന സുസജ്ജമായ ഫസ്റ്റ് എക്‌സ് ബോക്‌സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കേണ്ടതും ആയത് സ്‌കൂള്‍ അധികാരികള്‍ കാലാകാലങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
* സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കട്ടികളെ പൂര്‍ണമായി ശ്രദ്ധിക്കാന്‍ പറ്റുന്ന രീതിയിലുള്ള parabolic റിയര്‍വ്യൂ മിററും ഉണ്ടായിരിക്കണം.
* വാഹനത്തിനകത്ത് Fire extinguisher ഏവര്‍ക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളില്‍ എളുപ്പത്തില്‍ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിച്ചിരിക്കുകയും ആയതിന്റെ പ്രവര്‍ത്തനക്ഷമത കാലാകാലങ്ങളില്‍ സ്‌കൂള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം.
* വാഹനത്തിന്റെ ജനലുകളില്‍ താഴെ ഭാഗത്ത് നീളത്തില്‍ കമ്പികള്‍ (horizontal grills) ഘടിപ്പിച്ചിരിക്കണം.
* കുട്ടികളുടെ ബാഗുകള്‍ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.
* കൂളിംഗ് ഫിലിം / കര്‍ട്ടന്‍ എന്നിവയുടെ ഉപയോഗം സ്‌കൂള്‍ വാഹനങ്ങളില്‍ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
* സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള Emergency exit സംവിധാനം ഉണ്ടായിരിക്കേണ്ടതും ‘EMERGENCY EXIT’ എന്ന് വെള്ള പ്രതലത്തില്‍ ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കുകയും ചെയ്യണം.
* ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനദ്ധ്യാപകനെയോ റൂട്ട് ഓഫീസര്‍ ആയി നിയോഗിക്കേണ്ടതും അയാള്‍ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങള്‍ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വാഹനത്തിലെ ജീവനക്കാര്‍ക്കും ആവശ്യമെങ്കില്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
* സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം
* വാഹനത്തിന്റെ പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പോലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് ഓഫീസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
* വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷന്‍, ഇന്‍ഷുറന്‍സ് ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തേണ്ടതാണ്.
* സ്‌കൂള്‍ അധികാരികളോ പേരന്റ് ടീച്ചേഴ്‌സ് പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിന്റെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്
* കുട്ടികള്‍ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്തുവെന്നും ഡോര്‍ അടച്ചുവെന്നും ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം മുന്‍പോട്ടു എടുക്കാവൂ.
* കുട്ടികളുടെ ഡ്രൈവിംഗ് സ്വഭാവ രീതികള്‍ രൂപീകരിക്കുന്നതില്‍ സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവര്‍മാരുടെ പങ്കു വളരെ വലുതാണ് ആയതിനാല്‍ തന്നെ മാതൃകാപരമായി തന്നെ വാഹനങ്ങള്‍ ഓടിക്കുന്നു എന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തുകയും മാതൃക ആകേണ്ടതുമാണ് . വെറ്റിലമുറുക്ക് ലഹരിവസ്തുക്കള്‍ ചവയ്ക്കല്‍ മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കരുത്.
* ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നല്‍കുന്നതിനും റോഡ് വാഹനത്തിന്റെ പുറകില്‍ കൂടി മുറിച്ച് കടക്കുന്നതിനും ഡോര്‍ അറ്റന്‍ഡര്‍ സഹായിക്കേണ്ടതാണ്.
* വാഹനം പുറകോട്ട് എടുക്കുന്നത് ഡോര്‍ അറ്റന്‍ഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെയും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണം.
* ക്യാംപസുകളിലും, ചുറ്റും കുട്ടികള്‍ കൂടിനില്‍ക്കുന്ന സന്ദര്‍ഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കര്‍ശനമായി തടയേണ്ടതും വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹനത്തില്‍ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയില്‍ വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സംവിധാനം ഒരുക്കാന്‍ സ്‌കൂള്‍ അധിക്യതര്‍ നടപടി കൈക്കൊള്ളേണ്ടതാണ്.
കടപ്പാട്; സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്
content summary; parents should be aware f security measures of school bus