നിസാമാബാദ് നഗരത്തിന്റെ അംബാസിഡര്‍ ആണ് ഈ ഇരുപത്തിയെട്ടുകാരി.
പാരിസ് ഒളിമ്പിക്‌സില്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യ ഉറ്റുനോക്കുന്നത് രണ്ടുപേരെയാണ്. ഇക്കഴിഞ്ഞ ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ രാജ്യത്തിന്റെ അഭിമാന സ്വര്‍ണം എറിഞ്ഞുവിഴ്ത്തിയ നീരജ് ചോപ്രയാണ് ഒന്നാമന്‍. രണ്ടാമത്തെയാള്‍ തന്റെ ആദ്യ ഒളിമ്പിക്‌സിന് ഇറങ്ങിയ വനിതാ ബോക്‌സര്‍ നിഖാത് സരീന്‍. കഴിഞ്ഞ ദിവസം നിഖാത് സരീന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ജര്‍മ്മനിയുടെ മാക്സി ക്ലോറ്റ്സറിനെയാണ് സരീന്‍ പരാജയപ്പെടുത്തിയത്. 5-0 എന്ന സ്‌കോറിനാണ് രണ്ടുതവണ ലോക ചാമ്പ്യനായ സരീന്റെ മുന്നേറ്റം.ആദ്യ റൗണ്ടില്‍ 3-2 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷമാണ് സരീന്‍ വിജയം പിടിച്ചെടുത്തത്. പിന്നീടുള്ള രണ്ട് റൗണ്ടുകളും 10-9ന് ജയിച്ചാണ് താരം മുന്നേറിയത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനയുടെ വു യുവിനെയാണ് സരീന്‍ നേരിടുക. Paris Olympics: Nikhat Zareen enters pre-quarterfinals.
സത്യത്തില്‍ ബോക്‌സിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം മേരി കോമിന് ശേഷം രാജ്യം ഇത്രയേറെ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു ബോക്‌സര്‍ ഇല്ല എന്ന് തന്നെ പറയാം. 2022, 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഫ്‌ലൈ വെയ്റ്റ് വിഭാഗത്തില്‍ തുടര്‍ച്ചയായി സ്വര്‍ണമണിഞ്ഞത് തന്നെയാണ് അതിന് കാരണം. ലോക ബോക്‌സിങ് സ്വര്‍ണത്തെക്കാള്‍ മഹത്തരമാണ് ഒളിമ്പിക് സ്വര്‍ണം എന്ന് നിഖാതിനും അറിയാം. അതുകൊണ്ട് തന്നെ 140 കോടി ജനങ്ങള്‍ക്കു വേണ്ടി വിശ്വവിജയം പാരിസിലും തുടരാന്‍ തന്നെയാണ് നിഖാതിന്റെ തീരുമാനം. പട്യാലയിലും തുടര്‍ന്ന് ജര്‍മ്മനിയിലും കഠിന പരിശീലനത്തിനു ശേഷമാണ് നിഖാത് പാരിസിലേക്ക് പറന്നിരിക്കുന്നത്. ഒളിമ്പിക്‌സ് വനിതാ ബോക്‌സിങ്ങില്‍ 50 കിലോ വിഭാഗത്തിലെ റൗണ്ട് ഓഫ് 32ല്‍ ജൂലൈ 28നാണ് നിഖാതിന്റെ ആദ്യ മത്സരം.
2011ല്‍ തുര്‍ക്കിയില്‍ നടന്ന യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തന്റെ 15ആം വയസില്‍ തുര്‍ക്കികാരിയായ എതിരാളിയെ ഇടിച്ചു നിലത്തിട്ട് തുടങ്ങിയതാണ് നിഖാത്. 2022ല്‍ അതേ തുര്‍ക്കിയില്‍ ചെന്ന് ഫ്‌ലൈ വെയ്റ്റ് വിഭാഗത്തില്‍ ലോക ബോക്‌സിങ് കിരീടം ഇടിച്ചെടുത്തു നിഖാത് ആ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതയായി. ലെജന്‍ഡറി ബോക്‌സര്‍ മേരി കോമിന് ശേഷം വിദേശത്ത് ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതയും. (മേരി കോം ആറു തവണ ലോക കിരീടം നേടിയതില്‍ നാലും വിദേശത്ത് വച്ചായിരുന്നു). 2023ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം നിലനിര്‍ത്തിയതോടെ പാരിസ് ഒളിമ്പിക്‌സ് റിങ്ങില്‍ ഒരു സ്വര്‍ണം സ്വപ്നം കാണുകയാണ് രാജ്യം. ഒന്നിലധികം തവണ ലോക ചാമ്പ്യന്‍ഷിപ് നേടിയ മറ്റൊരു വനിതാ ബോക്‌സര്‍ മേരി കോം മാത്രം.
തെലങ്കാനയിലെ നിസാമബാദില്‍ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച നിഖാതിനെ പുരുഷന്മാരുടെ കുത്തക ആയിരുന്ന ബോക്‌സിങ് റിങ്ങിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ബോക്‌സര്‍ കൂടിയായ അച്ഛന്‍ മൊഹമ്മദ് ജമീല്‍ അഹ്മദ് ആണ്. വിമര്‍ശിക്കുന്നവരെ ആരാധകര്‍ ആക്കുവാന്‍ നേട്ടങ്ങള്‍ കൊയ്താല്‍ മാത്രം മതിയെന്ന അച്ഛന്റെ ഉപദേശം നിഖാത് അക്ഷരം പ്രതി അനുസരിച്ചു. ഇന്ന് നിസാമാബാദ് നഗരത്തിന്റെ അംബാസിഡര്‍ ആണ് ഈ ഇരുപത്തിയെട്ടുകാരി.
ഇടിക്കൂട്ടില്‍ ഇടി കൊടുക്കല്‍ മാത്രമല്ല വാങ്ങേണ്ടിയും വരുമെന്ന് നിക്കി എന്ന് വിളിപ്പേരുള്ള നിഖാത് പറയുന്നു. ഒരു ഇടി കിട്ടിയാലേ രണ്ടിടി തിരികെ കൊടുക്കാന്‍ വാശി ഉണ്ടാകൂ. പാമ്പുകളെയും ഇരുട്ടിനെയുമൊക്കെ എനിക്ക് പേടിയാണ്, പക്ഷെ പഞ്ചുകളെ പേടിയില്ല. അത് എനിക്ക് ജീവിതത്തിന്റെ ഭാഗമാണ്. എങ്ങനെ ഡീല്‍ ചെയ്യണമെന്ന് നന്നായി അറിയാം. മത്സരത്തിനായി റിങ്ങിലേക്ക് ഇറങ്ങുമ്പോള്‍ മനസ്സില്‍ ജയത്തെക്കുറിച്ചും ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചും മാത്രമേ ചിന്തിക്കാറുള്ളു. എന്റെ നിയന്ത്രണത്തില്‍ ഉള്ളതെ എനിക്ക് ചിന്തിക്കാന്‍ പറ്റുള്ളൂ. എന്റെ 100 ശതമാനം കഴിവും പുറത്തെടുക്കാനാണ് ശ്രമിക്കാറ്. അത് ജയം കൊണ്ടുവരും. അഥവാ പരാജയപ്പെട്ടാലും പിന്നീട് എനിക്ക് അതെ കുറിച്ച് ആലോചിച്ചു സങ്കടപെടേണ്ടിവരില്ല. എന്റെ കഴിവിന്റെ പരമാവധിയാണല്ലോ ഞാന്‍ റിങ്ങില്‍ പുറത്തെടുത്തത്. അത് തന്നെയാണ് എന്റെ പോസിറ്റീവ് എന്നാണ് വിശ്വാസം. ലോക ചാമ്പ്യന്‍ ആകാന്‍ ഞാന്‍ ഏറെ കാര്യങ്ങള്‍ ത്യജിച്ചുകഴിഞ്ഞു. അതിനുമൊക്കെ മുകളിലാണ് ഒളിമ്പിക് സ്വര്‍ണം. ടോക്യോ ഒളിമ്പിക്‌സില്‍ വലിയ നേട്ടമൊന്നും ഉണ്ടാക്കാനാകാതെ ഇന്ത്യന്‍ ബോക്‌സിങ് സംഘം തിരികെയെത്തിയ അന്ന് മുതല്‍ പാരിസ് ഒളിമ്പിക്‌സിനുള്ള ഒരുക്കത്തിലാണ് ഞാന്‍. ടോക്യോ ഒളിമ്പിക്‌സ് കഴിഞ്ഞ ഉടന്‍ ഇക്കാര്യം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അന്നുമുതല്‍ പാരിസ് ലക്ഷ്യമിട്ട് കഠിന പരിശീലനത്തില്‍ ആണ്. മല്‍സരങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുകയാണ്. ഏകാഗ്രതയ്ക്കും ലക്ഷ്യം മനസില്‍ ഉറപ്പിക്കാനുമായി കുടുംബത്തോടും സുഹൃത്തുക്കളോടും പോലും സംസാരിക്കുന്നത് കുറച്ചു. സ്വയം സംസാരിച്ചുകൊണ്ടിരിക്കുകയാണ് ആത്മവിശ്വാസം വളര്‍ത്താനുള്ള വഴിയെന്നും നിക്കി പറയുന്നു.
English Summary: Paris Olympics: Nikhat Zareen enters pre-quarterfinals