ഇന്ത്യൻ പൗരൻമാരോടുള്ള യുഎസ് നിലപാടിനെയും കേന്ദ്രസർക്കാരിന്റെ മൗനത്തെയും വിമർശിച്ച് കോൺഗ്രസ് നേതാവും വക്താവുമായ പവൻ ഖേര. യുഎസിൽ നിന്ന് നാടു കടത്തുന്നതിനിടയിൽ ഇന്ത്യക്കാരെ കൈവിലങ്ങ് അണിയിപ്പിച്ച ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എക്സ് പോസ്റ്റിലൂടെയാണ് പവൻ ഖേര പ്രതിഷേധമറിയിച്ചത്.
ആരോപണങ്ങളെ തുടർന്ന് 2013ൽ ഇന്ത്യയിൽ നിന്നുള്ള നയതന്ത്രജ്ഞയായ ദേവയാനി ഖോബ്രഗഡെയെ യുഎസിൽ വച്ച് കൈവിലങ്ങണിയിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. വിഷയത്തിൽ അന്നത്തെ കേന്ദ്രസർക്കാർ പ്രതിഷേധത്തെപ്പറ്റിയും ഖേര പോസ്റ്റിൽ പരാമർശിച്ചിരുന്നു. പ്രതിഷേധം ശക്തമായിരുന്നു അന്നത്തെ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് ഈ വിഷയത്തിൽ അന്നത്തെ യുഎസ് അംബാസഡർ നാൻസി പവലിനോട് തന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മുൻ ലോക്സഭ സ്പീക്കർ മീരാ കുമാർ, രാഹുൽ ഗാന്ധി സുശീൽ കുമാർ ഷിണ്ഡെ എന്നീ നേതാക്കൾ ആ സമയത്ത് ഇന്ത്യ സന്ദർശിച്ച യുഎസ് പ്രതിനിധി സംഘത്തെ കാണാൻ വിസമ്മതിച്ചതും ഇന്ത്യൻ സർക്കാർ യുഎസ് എംബസിയ്ക്ക് അനുവദിച്ച് നൽകിയിരുന്ന ആനുകൂല്യങ്ങൾ പിൻവലിച്ചതും പോസ്റ്റിൽ പരാമർശിക്കുന്നു. അമേരിക്കയുടെ നടപടി അപലപനീയമാണെന്ന് മൻമോഹൻ സിംഗ് പറഞ്ഞതായും പോസ്റ്റിൽ കൂട്ടിചേർത്തിട്ടുണ്ട്.
യുഎസിൽ നിന്ന് ഭക്ഷണസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിലെ ഇളവടക്കമുള്ള നിരവധി ആനുകൂല്യങ്ങളായിരുന്നു സർക്കാർ അന്ന് പിൻവലിച്ചത്. 1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെ വിസ തട്ടിപ്പ് കുറ്റത്തിന് ആണ് 2013ൽ അറസ്റ്റിലായത്.
യുഎസ് എംബസി യുദ്ധവിമാനത്തിൽ ഇന്ത്യക്കാരെ നാടുകടത്തുന്നുവെന്ന റിപ്പോർട്ടിന് പുറത്ത് വന്നതിന് ശേഷം യുഎസ് എംബസി നിയമങ്ങൾ ശക്തമാക്കുന്നുവെന്ന് മാത്രമാണ് എംബസി ഈ വിഷയത്തിൽ പ്രതികരിച്ചത്. നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള ശ്രമങ്ങളാണ് തങ്ങളുടേതെന്നും എംബസി കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് പുറമേ ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവടങ്ങളിലേക്കുമാണ് കുടിയേറ്റക്കാരുമായി വിമാനം പറന്നത്. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമായി താമസിക്കുന്ന ഇന്ത്യൻ പൗരൻമാരുടെ മടങ്ങിവരവ് സുഗമമാക്കുമെന്ന് ഇന്ത്യ മുമ്പ് പ്രസ്താവിച്ചിരുന്നു.
ട്രംപ് സർക്കാരിന്റെ രണ്ടാം ഭരണകാലത്തെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് മതിയായ രേഖകളില്ലാതെ അമേരിക്കയിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലേക്കയച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1100 ഇന്ത്യക്കാരെ അമേരിക്ക നാട് കടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2022ലെ കണക്കനുസരിച്ച് യുഎസിൽ ആകമാനം 7,50,000 ഇന്ത്യക്കാരാണ് മതിയായ രേഖകളില്ലാതെ കഴിയുന്നത്. അമേരിക്കയിലെ ടെക്സസിൽ നിന്നാണ് വിമാനം പറന്നുയർന്നത്. വിമാനത്തിൽ എത്ര ഇന്ത്യൻ പൗരൻമാരാണുള്ളതെന്ന കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
content summary: congress leader pawan khera criticized US deportion of indians and central governments approach