മുസ്ലീം ന്യൂനപക്ഷത്തിനെതിരെ മതസ്പര്‍ദ്ധയ്ക്ക് വഴി വയ്ക്കുന്ന തരത്തില്‍ സംസാരിച്ചതിന്റെ പേരിലുള്ള കേസില്‍ മുന്‍ ചീഫ് വിപ്പും ബി.ജെ.പി നേതാവുമായ പി.സി.ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങിയെങ്കിലും രാജ്യത്താകമാനം വെറുപ്പിന്റെ പ്രചരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സൂചനകള്‍. 2023-ലെ അപേക്ഷിച്ചത് 2024-ല്‍ വെറുപ്പിന്റെ പ്രചരണം അഥവാ മുസ്ലീം വിരുദ്ധ പരസ്യ പ്രസ്താവനകള്‍ വര്‍ദ്ധിച്ചത് 74 ശതമാനമാണെന്ന് കഴിഞ്ഞദിവസം വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഒരു ഗവേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പതിവിലും രൂക്ഷമായ മതസ്പര്‍ദ്ധ പ്രചരണം ഹിന്ദുത്വ സംഘടനകള്‍ നടത്തിയത്. ഇന്ത്യയില്‍ നടക്കുന്ന മതസ്പര്‍ദ്ധ പ്രചരണങ്ങളില്‍ 98.5 ശതമാനവും നടക്കുന്നത് മുസ്ലീങ്ങള്‍ക്ക് എതിരെയാണെന്നും പഠനം വ്യക്തമാക്കുന്നു.pc george’s and bjp’s anti muslim remarks and religious rivalry
പോലീസ് കേസെടുക്കുകയോ കോടതി സ്വമേധ്വയാ നടപടികളിലേക്ക് കടക്കുകയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുകയോ ചെയ്തിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ളവര്‍ ഈ വെറുപ്പിന്റെ പ്രചരണത്തില്‍ മുന്നിട്ട് നില്‍ക്കുന്നതായും ഈ പഠനം ചൂണ്ടിക്കാണിച്ചിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിനിടയില്‍ മുസ്ലീങ്ങളെ ‘പെറ്റുകൂട്ടുന്നവര്‍’ എന്നും ‘നുഴഞ്ഞ് കയറ്റക്കാര്‍’ എന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുമെന്നും ഹിന്ദുക്കളുടെ സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നും മോഡി പറഞ്ഞു. മതവിദ്വേഷം നുരഞ്ഞ് പൊന്തിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് നീക്കം ചെയ്യാന്‍ ബി.ജെ.പിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നടന്ന 2024 മേയ് മാസത്തില്‍ മാത്രം 269 മതവിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇന്ത്യ ഹേറ്റ് ലാബ് എന്ന് പേരിട്ടിട്ടുള്ള ആ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പി.സി.ജോര്‍ജ്ജിനെ കൂടാതെ ധാരാളം ബി.ജെ.പി നേതാക്കള്‍ക്കെതിരെയും ചാനല്‍ ചര്‍ച്ചകള്‍ക്കിടയിലും പ്രസംഗങ്ങള്‍ക്കിടയിലും മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷകരമായി സംസാരിച്ചതിനെതിരെ പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പക്ഷേ പലതും പോലീസ് കേസുകളുടെ രൂപത്തിലേക്ക് മാറിയിട്ടില്ല. പൂഞ്ഞാര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിച്ചിരുന്ന കാലത്ത് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മുസ്ലീം സംഘടനകളുടെ വലിയ പിന്തുണ ലഭിച്ചിരുന്ന നേതാവ് കൂടിയാണ് പി.സി.ജോര്‍ജ്ജ്. ബി.ജെ.പി രാഷ്ട്രീയത്തിലേയ്ക്ക് കടന്നതിന് ശേഷം തുടര്‍ച്ചയായി മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ ജോര്‍ജ്ജ്, കാസ എന്നറിയപ്പെടുന്ന ക്രിസ്ത്യന്‍ സമൂഹത്തിനകത്തെ സംഘപരിവാര്‍ പക്ഷക്കാര്‍ക്ക് അനുകൂലമായും രംഗത്തെത്തിയിരുന്നു. അതേസമയം, മുസ്ലീം വിരുദ്ധ മതവിദ്വേഷം കഴിഞ്ഞാല്‍ ഏറ്റവുമധികം രാജ്യത്ത് ആക്രമിക്കപ്പെടുന്ന വിശ്വാസ സമൂഹമാണ് ക്രിസ്ത്യാനികള്‍.
തമിഴ്നാട് ബി.ജെ.പി നേതാവ് അണ്ണമലൈ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഒട്ടേറെ കേന്ദ്ര മന്ത്രിമാരും എം.പിമാരും എന്നിങ്ങനെ മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കുപ്രസിദ്ധയാര്‍ജ്ജിച്ച ഒട്ടേറെ നേതാക്കള്‍ രാജ്യത്തുണ്ട്. ഹരിദ്വാറില്‍ ധര്‍മ്മ സന്‍സദ് അഥവാ മത സമ്മേളനത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ക്ക് ശേഷം പൊലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും അതിനെ തുടര്‍ന്ന് നടപടികള്‍ പുരോഗമിച്ചില്ല. ഗാസിയാബാദിനെ ദസ്നദേവി ക്ഷേത്രത്തിലെ പുരോഹിതന്‍ യതി നരസിംഹാനന്ദാണ് ഏറ്റവും രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളെ കൈകാര്യം ചെയ്തമാതിരി ഇന്ത്യയില്‍ മുസ്ലീങ്ങളെ നേരിടണമെന്ന് അവിടെ മുന്‍ ആര്‍.എസ്.എസ് പ്രചാരകന്‍ കൂടിയായ പ്രബോധാനന്ദ ഗിരി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ അടുത്ത ആളുകൂടിയാണ് പ്രബോധാനന്ദഗിരി. സ്വാധി അന്നപൂര്‍ണ എന്ന ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി അന്ന് മുസ്ലീങ്ങളെ മുഴുവന്‍ കൊന്ന് തള്ളി ഇന്ത്യ ഒരു സമ്പൂര്‍ണ ഹിന്ദുരാജ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നപൂര്‍ണ്ണ എന്ന് പേര് മാറ്റുന്നതിന് മുമ്പ് അവരുടെ പേര് പൂജ ശകുന്‍ പാണ്ഡേ എന്നായിരുന്നു. 2019 ജനുവരി 30ന് ഗോഡ്സെയുടെ ഫോട്ടോയില്‍ പൂജ ചെയ്ത് ഗാന്ധിജിയുടെ ചിത്രത്തിന് നേരെ വെടിയുതിര്‍ത്ത അതേ പൂജ ശകുന്‍ പാണ്ഡെ തന്നെയാണിവര്‍. 2019, 2020, 2021, 2022 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വെറുപ്പിന്റെ പ്രചരണത്തിലും മതവിദ്വേഷത്തിലും ഏര്‍പ്പെട്ടിട്ടും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.pc george’s and bjp’s anti muslim remarks and religious rivalry
Content Summary: pc george’s and bjp’s anti muslim remarks and religious rivalry