December 09, 2024 |

സദ്ദാം ഹുസൈന്‍ തട്ടിയെടുത്ത ബ്രിട്ടീഷ് വിമാനം

രണ്ടു പതിറ്റാണ്ടിനിപ്പുറം വിവാദത്തിലായി യുകെ ഭരണകൂടം

1990 ഓഗസ്റ്റിൽ, 367 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായി ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന ബ്രിട്ടീഷ് എയർവേയ്‌സ് ഫ്‌ളൈറ്റ് BA149. എന്നാൽ അപ്രതീക്ഷിതമായി വിമാനം കുവൈറ്റിൽ ഇറക്കേണ്ടി വന്നു. ഇറാഖ് സൈന്യം വിമാനം ആക്രമിച്ചതിനെത്തുടർന്നായിരുന്നു യാത്ര പാതി വഴിയിലായത്. എന്നാൽ അത് തുടക്കം മാത്രമായിരുന്നു, 5 മാസത്തോളം സൈന്യത്തിന്റെ കൊടിയ പീഡനം നേരിട്ട് അവർ ബന്ദികളാക്കപ്പെട്ടു. രണ്ടു പതിറ്റാണ്ടുകൾക്ക് ഇപ്പുറം യുകെ സർക്കാരിൻ്റെയും ബ്രിട്ടീഷ് എയർവേയ്‌സിൻ്റെയും വീഴ്ച ചൂണ്ടികാണിച്ച് അതിജീവിച്ചവർ നീതി തേടുകയാണ്. സദ്ദാം ഹുസൈൻ്റെ ഭരണകൂടം മനുഷ്യകവചമായി ഉപയോഗിച്ച ഇവർ എന്തുകൊണ്ടാണ് യുകെ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത് ? Saddam Hussein

സദ്ദാം ഹുസൈൻ്റെ അധിനിവേശ സമയത്ത് കുവൈറ്റിൽ ബന്ദികളാക്കിയ ബ്രിട്ടീഷ് എയർവേയ്‌സ് (ബിഎ) യാത്രക്കാരും ജീവനക്കാരും എയർലൈൻസിനും യുകെ സർക്കാരിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അധിനിവേശകാലത്ത് കുവൈറ്റിൽ ബന്ദികളാക്കിയ ഇവരെ മനുഷ്യ കവചമായി ഉപയോഗിച്ചു എന്നാണ് വിമർശനം. കുവൈറ്റിൽ വിമാനം ഇറങ്ങുന്നതിന് മുമ്പ് ബിഎയ്ക്കും സർക്കാരിനും ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഒരു പ്രത്യേക ഓപ്പറേഷൻ ടീമിനെ രഹസ്യമായി കൊണ്ടുപോകാൻ ഈ വിമാനം ഉപയോഗിച്ചുവെന്നും ഇത് സാധാരണക്കാരെ അപകടത്തിലാക്കിയെന്നും അവർ അവകാശപ്പെടുന്നു.

കുവൈറ്റിൽ വിമാനം ഇറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ആക്രമണം നടന്നതെന്ന് ബിഎയ്ക്കും സർക്കാരിനും അറിയാമായിരുന്നതിൻ്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് മോക്ക് എക്സിക്യൂഷൻ ഉൾപ്പെടെയുള്ള പീഡനങ്ങൾക്ക് വിധേയരായ പരാതിക്കാർ പറയുന്നു. 367 യാത്രക്കാരും 18 ജീവനക്കാരുമായി മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള BA149 വിമാനം ഇറാഖി അധിനിവേശ സമയത്ത് 1990 ഓഗസ്റ്റ് 2 ന് കുവൈറ്റിൽ ഇറക്കേണ്ടി വന്നു. യാത്രക്കാരും ജീവനക്കാരും അഞ്ച് മാസത്തോളം തടവിൽ കഴിഞ്ഞു. ബന്ദികളായവർ പീഡനം, ബലാത്സംഗം, പട്ടിണി തുടങ്ങി ഒട്ടനവധി ദുരിതങ്ങളിലൂടെ ആ കുറഞ്ഞ സമയം കൊണ്ട് കടന്നു പോയി.

2021-ൽ, കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ, ആക്രമണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് യുകെ ഫോറിൻ ഓഫീസിന് കൈമാറിയതിന്റെ രേഖകൾ നാഷണൽ ആർക്കൈവ്സ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതോടെ ആക്രമണത്തെ കുറിച്ചുള്ള വിവരം നേരെത്തെ ലഭിച്ചതായി അന്ന്
വിദേശകാര്യ സെക്രട്ടറിയായിരുന്നു ലിസ് ട്രസ് അംഗീകരിച്ചു. എന്നാൽ അധിനിവേശത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ബ്രിട്ടീഷ് എയർവേയ്‌സിന് (ബിഎ) നൽകിയിട്ടില്ലെന്നും അവർ പറയുന്നു. ആക്രമണസമയത്ത് ഏതെങ്കിലും പ്രത്യേക സൈനിക ആവശ്യങ്ങൾക്കായി വിമാനം ഉപയോഗിക്കാൻ സർക്കാർ ശ്രമിച്ചുവെന്ന വാദത്തെ അവർ നിഷേധിച്ചു. എന്നാൽ ആക്രമണത്തെ കുറിച്ച് ബിഎയ്ക്കും അറിയാമായിരുന്നുവെന്നും, രഹസ്യ സൈനികർ ഉണ്ടായിരുന്നതായും പരാതിക്കാരുടെ അഭിഭാഷകർ പറയുന്നു.

56 വയസ്സുള്ള നിക്കോള ഡൗലിംഗ്, BA149 വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായിരുന്നു, ആക്രമണസമയത്ത് കുവൈറ്റിൽ ഏകദേശം രണ്ട് മാസത്തോളം ചെലവഴിക്കുകയും ചെയ്തിരുന്നു. “ഇത്രയും വർഷങ്ങളായി ആരും ഞങ്ങളെ വിശ്വസിച്ചിരുന്നില്ല. ഞങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു. അങ്ങേയറ്റം പരിതാപകരമായിരുന്നു അത്.” അവർ പറയുന്നു. അക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറെ അവർ വിമർശിച്ചു. അവരാണ് ഞങ്ങളെ അങ്ങോട്ട് അയച്ചത്. സദ്ദാം ഹുസൈനിന് വേണ്ടി ഞങ്ങളെ സമ്മാനിക്കുന്നതിന് തുല്യമായിരുന്നു അത്. ബിഎയെപ്പോലെ തന്നെ അവരും ഇതിൽ പങ്കാളിയായിരുന്നു.” നിക്കോള പറയുന്നു.

മോചിതയായപ്പോൾ ബിഎയുടെ പ്രതികരണം ഭയാനകമായിരുന്നുവെന്ന് ഡൗലിംഗ് പറഞ്ഞു. ക്യാബിൻ ക്രൂവിൻ്റെ കുറവ് കാരണം എത്രയും വേഗം ജോലിയിലേക്ക് മടങ്ങാനും, മിഡിൽ ഈസ്റ്റിലേക്ക് തിരികെ അയക്കരുതെന്ന് അഭ്യർത്ഥന നിരസിച്ചതായും അവർ പറഞ്ഞു. സർക്കാർ ഓഫീസുകൾക്കും ബ്രിട്ടീഷ് എയർവേയ്‌സിനും എതിരെ 95 പേർ സമർപ്പിച്ച നിയമപരമായ ക്ലെയിം, പൊതു ഓഫീസിലെ അശ്രദ്ധയ്ക്കും മോശം പെരുമാറ്റത്തിനും സംഭവിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ശ്രമമാണെന്ന് ഡൗലിംഗ് പറഞ്ഞു. ഈ ദുരനുഭവം തൻ്റെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു.

BA149 വിമാനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയവരെ പ്രതിനിധീകരിക്കുന്ന (McCue Jury & Partners LLP) മാത്യു ജൂറി, ഈ ദുരന്തത്തിൽ അതിജീവിതർ നീതി അർഹിക്കുന്നതായി ഗാർഡിയനോട് പ്രതികരിച്ചു. സദ്ദാം ഹുസൈൻ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ച സാഹചര്യത്തെ അംഗീകരിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യാത്തതിന് യുകെ സർക്കാരിനെയും (എച്ച്എംജി) ബ്രിട്ടീഷ് എയർവേസിനെയും അദ്ദേഹം വിമർശിച്ചു. യുകെയുടെ ചരിത്രത്തിലെ ഈ ലജ്ജാകരമായ സംഭവത്തിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനുണ്ടെന്നും അദ്ദേഹം വിമർശിച്ചു. Saddam Hussein

Content summary; people on BA flight held hostage during Saddam Hussein’s invasion in Kuwait sue UK government

Advertisement
×