രാജീവ് ഗാന്ധി വധക്കേസിൽ ആദ്യം ടാഡ കോടതി വധശിക്ഷ വിധിച്ച പ്രതിയാണ് പേരറിവാളൻ. പിന്നീട് കോടതി വധ ശിക്ഷ തടവു ശിക്ഷയായി ഇളവ് ചെയ്തു. 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം 4 വർഷം മുൻപ് പേരറിവാളൻ മോചിതനായി. ഇപ്പോൾ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്ന ഒരു അഭിഭാഷകനാണ് പേരറിവാളൻ. നീണ്ട നിയമ പോരാട്ടത്തിലൂടെ നീതി നേടിയ ആ മനുഷ്യന്റെ അനുഭവങ്ങളുടെ നാൾ വഴികൾ നിയമ ചരിത്രത്തിൽ അസാധാരണ സംഭവങ്ങളിലൊന്നാണ്.
150 വർഷം മുൻപ് ലിയോ ടോൾസ്റ്റായി എഴുതിയ ‘ദൈവം സത്യമറിയുന്നു പക്ഷേ കാത്തിരിക്കുന്നു’ എന്നൊരു കഥയുണ്ട്. ചെയ്യാത്ത ഒരു കൊലപാതകത്തിൻ്റെ പേരിൽ കുറ്റം ചുമത്തി ജയിലിലേക്ക് അയയ്ക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു കഥ. പേരറിവാളൻ പറയുന്നത് സത്യമാണെങ്കിൽ, രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളൻ ആ കഥയിലെ നായകൻ ‘ഇവാൻ ദിമിട്രിച്ച് അക്സിയോനോവി’നെ ഓർമിപ്പിക്കുന്നു. എന്നാൽ ടോൾസ്റ്റോയിയുടെ കഥാനായകനെ പോലെ ഒരു ദുരന്ത കഥാപാത്രമായി അയാൾ ഒടുങ്ങിയില്ല. 19 വയസ്സിൽ ജയിലിൽ പോയി നീണ്ട 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം അയാൾ മോചിതനായി. ഇപ്പോൾ പുതിയൊരു ജീവിതമാരംഭിച്ചിരിക്കുന്നു.

35 വർഷം മുൻപ് രണ്ട് 9 വോൾട്ട് ബാറ്ററികൾ തൻ്റെ ജീവിതത്തിനെ ഷോക്കടിപ്പിക്കുമെന്ന് 19 കാരനായ പേരറിവാളൻ ഒരിക്കലും വിചാരിച്ചില്ല. തൻ്റെ ജീവിതത്തിലെ മുഴുവൻ യൗവന കാലമാണ് രണ്ട് ബാറ്ററികൾ വാങ്ങിയതിൻ്റെ പേരിൽ അയാൾക്ക് ജയിലിൽ കിടന്ന് നഷ്ടമായത് അയാൾക്കുമേൽ ആരോപിച്ച കുറ്റം നിസ്സാരമല്ലായിരുന്നു. ഒരു ബോംബുണ്ടാക്കാൻ കാർബാറ്ററി വാങ്ങി നൽകി. 35 വർഷം മുൻപ് , മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ ഇലക്ഷൻ പ്രചരണത്തിനിടയിൽ ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ (Sriperumbudur) വെച്ച് നിഷ്ഠൂരമായി കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ബോംബിൽ ചാർജ് ചെയ്യാൻ ഘടിപ്പിച്ച ബാറ്ററി കടയിൽ നിന്ന് വാങ്ങിയെന്ന കുറ്റം ചാർത്തിയാണ് 1991 ജൂൺ 11നാണ് ചെന്നൈയിലെ പെരിയോർ തിടലിൽ വെച്ച് SIT (Special Investigation Team) പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്.

90 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തിയ, ലോകത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ അന്വേഷണം നടന്ന കേസാണ് രാജീവ് ഗാന്ധി വധം. 1,044 സാക്ഷികള്‍, 10,000 പേജ് സാക്ഷി മൊഴികള്‍, ഒരു ലക്ഷം ഫോട്ടോഗ്രാഫുകള്‍, 500 ഓളം വീഡിയോ കാസ്റ്റെറ്റുകള്‍, 1,447 രേഖകള്‍, 1180 തെളിവുകള്‍, 55 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം. ഇതൊക്കെ ഈ വധക്കേസിന്റെ അപൂര്‍വ്വമായ സവിശേഷതകളാണ്. തമിഴ്നാട്ടില്‍ ആദ്യമായി ടാഡ ഉപയോഗിച്ച കേസ് എന്ന നിലയിലും രാജീവ് ഗാന്ധി വധക്കേസിന് പ്രാധാന്യമുണ്ട്. 35 വര്‍ഷം മുന്‍പ്, 1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീ പെരുംമ്പത്തൂരില്‍ രാത്രി 10 മണിയോടെ ഇലക്ഷന് പ്രചരണത്തിനെത്തിയ മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി പാര്‍ട്ടിക്കാരുടെ സ്വീകരണവും ഹാരാര്‍പ്പണവും സ്വീകരിക്കുന്നതിനിടയില്‍ മാലയണിയിക്കാനെത്തിയ എല്‍. ടി. ടി. ഇ ചാവേർ വനിത പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയടക്കം 16 പേര് തല്‍ക്ഷണം മൃതിയടഞ്ഞു. ഈ ഉഗ്രസ്ഫോടനത്തില്‍ 20 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ നൂറ്റാണ്ടിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായ രാജീവ്ഗാന്ധി വധം പിന്നീട് ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറ്റിമറിച്ച സംഭവമായി മാറി.
ഈ കേസന്വേഷത്തോടെയാണ് LTTE എന്ന ഭീകര സംഘടനയുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് ആദ്യമായി സാധിച്ചത്. ഇന്ത്യ വേണ്ട സമയത്ത് സഹായവും അഭയവും നൽകിയ ഒരു രാജ്യത്തിലെ ഭീകരർ ഇന്ത്യക്കുതന്നെ ഏറ്റവും വലിയ തലവേദനയായി മാറി . തമിഴ്നാട് മുഴുവൻ വ്യാപിച്ച LTTE എന്ന ഭീകര സംഘടനയുടെ തായ്വേര് അറുത്ത് എന്നെന്നേയ്ക്കുമായി ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാൻ രാജീവ് ഗാന്ധി വധം കാരണമായി.
രാജീവ് ഗാന്ധി വധത്തിന്റെ സൂത്രധാരകനായ ശിവരശന് സ്ഫോടന ഉപകരണമായ ബെൽറ്റ് ബോംബ് നിർമ്മിക്കുന്നതിന് 9 വോൾട്ടിന്റെ 2 ബാറ്ററികൾ നൽകിയെന്നാണ് പേരറിവാളന് എതിരായി ഉന്നയിക്കപ്പെട്ട കുറ്റം. 2014 ഫെബ്രുവരി 18 ന് വിചാരണക്കോടതി വിധിച്ച വധശിക്ഷ സുപീം കോടതി പിന്നീട് ജീവപര്യന്തം ശിക്ഷയായി കുറച്ചു. ഡി.ആർ കാർത്തിയൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് ഒരിക്കലും യഥാർത്ഥ തെളിവുകൾ ഒന്നും തന്നെ രാജീവ് ഗാന്ധി വധക്കേസിൽ കുറ്റാരോപിതനായി പ്രതി ചേർക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളനെതിരെ സ്ഥാപിക്കാൻ കഴിഞ്ഞില്ല. എന്നിട്ടും 1991-ൽ രാജീവ് ഗാന്ധിയുടെ വധത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട പേരറിവാളൻ മുപ്പത്തൊന്നു വർഷം തടവിൽ കിടന്നു.

കുറ്റവാളികളെ തിരഞ്ഞ അന്വേഷണ ഏജൻസി പ്രധാന പ്രതിയാക്കാൻ ഒരു തെളിവും ഇല്ലാതെയാണ് രണ്ട് ബാറ്ററി വാങ്ങിയ ആളെ പ്രതി ചേർത്തത്. പേരറിവാളന്റെ കുറ്റ സമ്മതത്തിനുപരിയായി, രാജീവ് ഗാന്ധി കൊല്ലപ്പെടാൻ കാരണമായ ബെൽറ്റ് ബോംബിൽ ഉപയോഗിച്ചത് പേരറിവാളന്റെ കൈവശമുണ്ടായിരുന്ന ബാറ്ററികളാണ് എന്നതിന് ഒരു തെളിവുമുണ്ടായിരുന്നില്ലയെന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ 1991 ഓഗസ്റ്റിൽ ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച ഔദ്യോഗിക അന്വേഷണ കമ്മീഷനായ ജയിൻ കമ്മീഷൻ റിപ്പോർട്ട് ഉപസംഹരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ പറഞ്ഞത് (SIT) ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED- ചാവേർ വനിതയുടെ ബെൽറ്റ് ബോംബ് ) മുഴുവനായോ ഭാഗികമായോ ഇന്ത്യയിൽ നിർമ്മിച്ചതാണോ അതോ വിദേശത്ത് നിന്ന് കൊണ്ടുവന്നതാണോ എന്ന് സ്ഥാപിക്കാൻ ഞങ്ങൾക്ക് തെളിവുകളൊന്നുമില്ല എന്നാണ്. അതായത് ആരാണ് പൂർണ്ണമായി ബോംബ് നിർമിച്ചത് എന്നതിന് തെളിവുകളൊന്നുമില്ല. ഇതേ സമയം, കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇതേ SIT പറയുന്നു. സ്ഫോടകവസ്തു അമേരിക്കയുടെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പരിശോധിക്കുകയും സിംഗപ്പൂരിൽ നിർമ്മിച്ച ഗ്രാനേഡാണിതെന്നും ഇസ്രായേലിലെ ഫോറൻസിക് ലാബിൽ അയച്ച് സ്ഥിരീകരിക്കണമെന്ന് അവർ ഉപദേശിച്ചുവെന്നും. പക്ഷെ, അതൊന്നും SIT ചെയ്തില്ല, ചെയ്യാത്തതിൻ്റെ കാരണം കാർത്തികേയൻ പറയുന്നുമില്ല. SIT തലവൻ്റെ ഈ നിലപാട് ജയിൻ കമ്മീഷനെ ചൊടിപ്പിച്ചു. കമ്മീഷൻ പറഞ്ഞു ‘ലഭ്യമായ തെളിവുകളുടെ ശേഖരം സൂചിപ്പിക്കുന്നത് IED യുടെ ഉള്ളടക്കം, നിർമ്മാണം, ധനസഹായം, ഉറവിടം എന്നിവയുമായി ബന്ധപ്പെട്ട് SIT നടത്തിയ അന്വേഷണത്തിൽ ഗുരുതര പാളിച്ചകൾ ഉണ്ടെന്നാണ്’. വിചാരണ നേരിടുന്ന പ്രതികൾക്ക് ഒരു വിദേശ ഏജൻസിയോ വ്യക്തിയോ ഈ വസ്തുക്കൾ എത്തിച്ചു കൊടുക്കാനുള്ള സാധ്യതയുണ്ടെന്ന് ക്രോസുവിസ്താരത്തിൽ തലവൻ കാർത്തികേയൻ സമ്മതിച്ചു. എന്ത് കൊണ്ട് അത് അന്വേഷിച്ചില്ല? എന്ന കമ്മീഷൻ്റെ ചോദ്യത്തിന് കാർത്തികേയന് “LTTE യാണിത് ചെയ്തത്” എന്നല്ലാതെ വേറെയൊരു മറുപടിയുമില്ലായിരുന്നു. പേരറിവാളൻ കുറ്റവാളിയല്ല എന്ന് മനസിലാക്കാൻ ഇത് ധാരാളമായിരുന്നു. പക്ഷേ, കാര്യങ്ങൾ നേരെ വിപരീതമായാണ് നടന്നത്.

ചെന്നൈയിൽ ജോലാർ പേട്ടയിൽ ഡി. എം. കെ.യുടെ സജീവ പ്രവർത്തകനായ കുയിൽ ദാസൻ്റെയും അർപ്പുതമ്മാളിൻ്റെയും മൂന്ന് മക്കളിൽ ഓരാളാണ് പേരറിവാളൻ. ‘ജ്ഞാനത്തിൻ്റെ ഇരിപ്പിടം’ എന്നാണ് ഈ പേരിനർത്ഥം. അറിവ് എന്ന് അയാളെ വീട്ടിൽ വിളിച്ചു. ചെന്നൈയിൽ പെരിയാർ തിടലിൽ ദ്രാവിഡകഴകത്തിൻ്റെ മുഖപത്രമായ ‘വിടുതലൈ’യിൽ ജോലി ചെയ്യുന്നതോടൊപ്പം B.E.ക്ക് പഠിക്കുമ്പോഴാണ് പേരറിവാളനെ SIT അറസ്റ്റ് ചെയ്യുന്നത് . ചെന്നൈയിലെ ഫോട്ടോഗ്രാഫർമാരുടെ തലതൊട്ടപ്പനും കടുത്ത LTTE അനുഭാവിയുമായ ഫോട്ടോ ജേർണലിസ്റ്റ് ശുഭസുന്ദരത്തിൻ്റെ കീഴിൽ പേരറിവാളൻ എൽ. ടി. ടി. ഇക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു എന്ന് SIT ക്ക് അറിയാമായിരുന്നു.
അർപ്പുതമ്മാളിൻ്റെ അനുഭവ കുറിപ്പുകളിൽ പറയുന്നതനുസരിച്ച് 1991 ജൂൺ 11 ന് ചെന്നൈയിൽ ജോലാർ പേട്ടയിലെ പേരറിവാളൻ്റെ വീട്ടിൽ അർദ്ധ രാത്രിയിൽ സി. ബി. ഐ. എത്തി. വീട് പരിശോധിച്ച ശേഷം അവർ കുയിൽ ദാസനെയും അർപ്പുതമ്മാളിനെയും ചോദ്യം ചെയ്യുകയും മകനായ പേരറിവാളനെ കുറിച്ച് വിവരങ്ങൾ തേടുകയും ചെയ്തു. മകനെ ഉടനെ ചെന്നൈയിലെ SIT ആസ്ഥാനമായ ‘മല്ലിഗെ’ യിൽ ഹാജരാക്കാൻ നിർദേശം നൽകി അവർ സ്ഥലംവിട്ടു. പിറ്റേന്നാൾ അർപ്പുതമ്മാൾ ചെന്നൈയിൽ പോയി പേരറിവാളൻ്റെ ഓഫീസിൽ ചെന്ന് തലേന്നു രാത്രി വീട്ടിൽ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു. മകൻ പറഞ്ഞു “അമ്മ ഭയപ്പെടേണ്ട. നമുക്കിപ്പോൾതന്നെ മല്ലിഗൈയിലേക്കു പോകാം. എന്നെ ചോദ്യം ചെയ്യുമ്പോൾ അവർക്ക് സത്യം ബോധ്യപ്പെടുമല്ലോ’. അവർ രണ്ട് പേരും തിരികെ ജോലാർ പേട്ടയിലെ വീട്ടിൽ എത്തിയപ്പോൾ ഒരു ഓഫീസറുടെ നേതൃത്വത്തിൽ ഒരു പോലീസ് സംഘം അവിടെയുണ്ടായിരുന്നു. അറിവിനെ (പേരറിവാളനെ) ഞങ്ങൾ നാളെ അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് ഹാജരാക്കാം എന്ന് പിതാവായ കുയിൽ ദാസനും മാതാവായ അർപ്പുതമ്മാളും പറഞ്ഞെങ്കിലും ഉടനെ അറിവിനെ കൊണ്ടു പോകുകയാണെന്ന് പോലീസ് പറഞ്ഞു. ‘പേടിക്കാതിരിക്കൂ, കുറച്ചുകാര്യങ്ങൾ അറിവിനോട് ചോദിച്ചറിയാനുണ്ട്. അത്രയേയുള്ളൂ. നാളെ രാവിലെത്തന്നെ വന്ന് നിങ്ങൾ കൊണ്ടുപൊയ്ക്കൊള്ളൂ.’ നേതാവായ പോലിസുദ്യോഗസ്ഥൻ അവരോട് പറഞ്ഞു. അത്രയും നേരം വളരെ അനുഭാവപൂർവം പെരുമാറിയ ആ പോലീസുദ്യോഗസ്ഥരെ സംശയിക്കാൻ അപ്പോൾ അവർക്ക് ഒരു ന്യായവുമില്ലായിരുന്നു.
പ്രത്യേകാന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പേരറിവാളൻ നടന്നുപോകുന്നത് അയാളുടെ മാതാപിതാക്കൾ നിസ്സഹായതയോടെ നോക്കി നിന്നു. അതൊരു നീണ്ട പീഡനത്തിൻ്റെയും ജയിൽ വാസത്തിൻ്റെയും തുടക്കമായിരുന്നെന്ന് പത്തൊമ്പതുകാരനായ അറിവോ അയാളുടെ മാതാപിതാക്കളോ സ്വപ്നത്തിൽ പോലും കരുതിയില്ല. ആ ദിവസത്തിന് ശേഷം 58 നാൾ കഴിഞ്ഞാണ് തടവിൽ കൊടും പീഡനമനുഭവിച്ച തൻ്റെ മകനെ നേരിൽ കാണാൻ പോലും അർപ്പുതമ്മാളിന് കഴിഞ്ഞത്. ക്രൂരമായ മനുഷ്യവകാശ ലംഘനമായിരുന്നു അത്.
1991 മെയ് 21-ന് രാജീവ്ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം നാടെങ്ങും ഈ സംഭവത്തിൻ്റെ വാർത്തകൾക്കു പിറകെയായിരുന്നു. ജൂൺ 19-ന് SIT ഉദ്യോഗസ്ഥർ, രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളനെ പെരിയാർ തിടൽ പരിസരത്തുവച്ച് എസ്ഐടി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു എന്ന വാർത്ത മാധ്യമങ്ങൾക്ക് നൽകി. പേരറിവാളനെ പെരിയാർ തിടലിൽനിന്നും കൊണ്ടുപോയി എട്ടുദിവസങ്ങൾക്ക് ശേഷമായിരുന്നു അത്. പത്രങ്ങളിൽ ഓരോ ദിവസവും പുതിയ പുതിയ വാർത്തകൾ വന്നുകൊണ്ടിരുന്നു. SIT ഫയലുകളിൽ പേരറിവാളൻ എൽടിടിഇ യുടെ ഉറച്ച പ്രവർത്തകനും ബോംബ് വിദഗ്ധനുമായി ചിത്രീകരിക്കപ്പെട്ടു. പോലീസ് പറഞ്ഞ കഥകൾക്ക് മേമ്പൊടിയായി, രാജീവ്ഗാന്ധിയെ വധിക്കാൻ ചാവേർ വനിത തനു ധരിച്ച ബെൽറ്റ്ബോംബ് നിർമ്മിച്ച എൽ ടി ടി ഇ ഭീകരനായി പേരറിവാളൻ മാറി.

രാജിവ് ഗാന്ധി വധക്കേസ് അന്വേഷിച്ച SIT തലവൻ ഡി ആർ കാർത്തികേയനും രാധാ വിനോദ് രാജുവും ചേർന്നേഴുതിയ Triumph of Truth: The Rajiv Gandhi Assassination, the Investigation എന്ന പുസ്തകത്തിൽ അന്വേഷണം ഏറ്റെടുക്കാൻ ഡി.ആർ കാർത്തികേയൻ മുന്നോട്ട് വെച്ച വ്യവസ്ഥകളിൽ ഇങ്ങനെ പറയുന്നു. ‘രണ്ടാമത്തെ വ്യവസ്ഥ, കേസ് കണ്ടുപിടിക്കപ്പെട്ടാലും ഇല്ലെങ്കിലും സംശയിക്കപ്പെടുന്നവരിൽ ആരുടെ മേലും മൂന്നാം മുറ പ്രയോഗിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുകയില്ല എന്നതായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വരുന്നതിന് രണ്ട് വർഷം മുമ്പായിരുന്നു ഇത്’(പേജ് 60). കാർത്തികേയൻ്റെ പുസ്തകത്തിലെ ഈ വ്യവസ്ഥ അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിന്നു. തുടക്കത്തിലേ SIT യുടെ ആസ്ഥാനമായ മല്ലിഗെയിൽ കൊടും പീഡനത്തിന് പേരറിവാളൻ ഇരയായി. മല്ലിഗൈ എന്ന തമിഴ്പദത്തിനർത്ഥം മുല്ലപ്പൂ എന്നാണ്. അഡയാറിലെ പ്രൗഢഗംഭീരമായ SIT കെട്ടിടം, മർദ്ദനമുറയേറ്റ് ചോര പൊടിയുന്ന ആ കെട്ടിടത്തിന് സുഗന്ധം ചൊരിയുന്ന മുല്ലപ്പൂവിൻ്റെ പേരിട്ടതിന്റെ സാംഗത്യം എന്താണ്?

വധക്കേസ് അന്വേഷിക്കുന്ന സിബിഐ യുടെ കീഴിലുള്ള പ്രത്യേകാന്വേഷണസംഘത്തിന്റെ (special task force) ആസ്ഥാനമായിരുന്നു മല്ലിഗൈ. അവിടെ താൻ നേരിട്ട പീഡനങ്ങൾ. ‘കൊലക്കയറിന് മുൻപിൽ ഒരു നിവേദനം’ എന്ന പുസ്തകത്തിൽ പേരറിവാളൻ വിവരിക്കുന്നു- “താഴത്തെ നിലയിലേക്ക് എന്നെ അവർ കൊണ്ടുപോയി. എന്റെ ഷർട്ടും പാൻ്റും നിർബന്ധപൂർവം അഴിച്ചുമാറ്റിയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കാൻ ഞാൻ നിർബന്ധിതനായി. ഇൻസ്പെക്ടർ സുന്ദർരാജനും മറ്റ് രണ്ടുപേരും (അവരുടെ പേര് ഓർക്കുന്നില്ല) എന്റെ നഗ്ന ശരീരത്തിൽ കൈകൾകൊണ്ട് അടിക്കാൻ തുടങ്ങി. ഒരാൾ എന്റെ കാൽപ്പാദം അയാളുടെ ഷൂസുകൊണ്ട് ചവിട്ടിയരച്ചു. പെട്ടെന്ന് ഇൻസ്പെക്ടർ സുന്ദർരാജൻ അയാളുടെ കാൽ മുട്ടുകൊണ്ട് എൻ്റെ വൃഷണങ്ങളിൽ ശക്തമായി ഇടിച്ചു. വേദനകൊണ്ട് പുളഞ്ഞ് ഞാൻ നിലത്തു വീണു. അപ്പോഴും എനിക്കറിയാത്ത എനിക്ക് യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളെക്കുറിച്ചു ചോദിച്ച് അവരെന്നെ മർദ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു.”
“അടുത്ത ദിവസം മല്ലിഗൈയിലെ ‘പീഡന അറ’ എന്നു വിളിക്കപ്പെടുന്ന മുകളിലത്തെ നിലയിലെ മുറിയിലേക്ക് എന്നെ കൊണ്ടുപോയി. ഡിഎസ്പി ശിവജിക്കും ഇൻസ്പെക്ടർമാരായ മാധവൻ, രമേഷ്, ചെല്ലദുരൈ എന്നീ ഉദ്യോഗസ്ഥർക്കുമാണ് എന്നെ കൈമാറിയത്. പീഡനത്തിൽ കുപ്രസിദ്ധി നേടിയ മല്ലിഗൈയിലെ ഉദ്യോഗസ്ഥരാണിവർ. ഭക്ഷണവും വെള്ളവും എനിക്കു നിഷേധിക്കപ്പെട്ടു. മൂത്രമൊഴിക്കാൻപോലും അനുവാദമുണ്ടായിരുന്നില്ല.”
“കൈകൾ നീട്ടിപ്പിടിച്ച് കാലുകൾ വളച്ചുവച്ച് സാങ്കൽപ്പിക കസേരയിൽ ഇരിക്കാൻ ഇൻസ്പെക്ടർമാരായ രമേഷും മാധവനും എന്നോട് ആജ്ഞാപിച്ചു. ദീർഘനേരം അങ്ങനെ തന്നെ നിൽക്കാൻ ഞാൻ നിർബന്ധിതനായി. പിന്നീട് സിമന്റ്റ് നിറച്ച പിവിസി പൈപ്പുകൊണ്ട് കാലിന്റെ പിൻഭാഗത്തെ മസിലുകളിൽ അവർ ആഞ്ഞടിച്ചു. കൈകൾ മടക്കി കൈ മുട്ടുകളിലാണ് ഇൻസ്പെക്ടർ ചെല്ലദുരൈ പിവിസി പൈപ്പു കൊണ്ട് അടിച്ചത്. ഇൻസ്പെക്ടർമാരായ ചെല്ലദുരൈയും മാധവനും അശ്ലീലപദങ്ങൾ ഉപയോഗിക്കുന്നവരിൽ കുപ്രസിദ്ധരായിരുന്നു. മറ്റ് ഉദ്യോഗസ്ഥരും കേട്ടാൽ അറപ്പുളവാക്കുന്ന പദങ്ങൾ ഉപയോഗിക്കുമെങ്കിൽ പോലും ഇക്കാര്യത്തിൽ ഇവർ രണ്ടുപേരും പ്രകടിപ്പിച്ച ‘നൈപുണ്യം’ മറ്റാർക്കുമുണ്ടായിരുന്നില്ല. സഭ്യത നിലനിർത്തുന്നതിനും അത്തരം പദങ്ങൾ വായിക്കുമ്പോഴുണ്ടായേക്കാവുന്ന അമ്പരപ്പ് ഒഴിവാക്കുന്നതിനുംവേണ്ടി അത്തരം വാക്കുകൾ ഞാൻ ഇവിടെ പരാമർശിക്കുന്നില്ല”.
അറസ്റ്റ് ചെയ്തവരെ പീഡിപ്പിക്കുന്നതിൽ സിബിഐ ഓഫിസർമാർ ക്രൂരമായ ആനന്ദം കണ്ടെത്തിയിരുന്നു എന്നതിന് ഞാനൊരു ഉദാഹരണം പറയാം. ഒരിക്കൽ ഒരു ഇൻസ്പെക്ടർ കാണണമെന്നാവശ്യപ്പെട്ടതിനാൽ എന്നെ പീഡന അറയിലേക്ക് കൊണ്ടുപോയി. അദ്ദേഹം എന്നോടു തറയിലിരിക്കാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് എൻ്റെ മുഖത്തിൻ്റെ ഇടതുവശത്ത് ഷൂസിട്ട് ചവിട്ടിക്കൊണ്ട് ആ ഇൻസ്പെക്ടർ അലറി ‘യേണ്ടാ’… പിന്നെ പച്ചത്തെറി. “അതിർത്തി കടന്ന് ഈ രാജ്യത്തെത്തി ഞങ്ങളുടെ നേതാവിനെ നീ കൊല്ലും അല്ലേ?” അപ്പോൾ അവിടെയുണ്ടായിരുന്ന ഇൻസ്പെക്ടർ മാധവൻ പറഞ്ഞു. “ഇവൻ ശ്രീലങ്കനല്ല.. തമിഴ്നാട്ടുകാരനാണ്. അതിനുശേഷം എന്നെ മുറിയിലേക്കുതന്നെ തിരിച്ചയച്ചു(അടഞ്ഞ വാതിലുകൾക്ക് മുൻപിൽ, പേജ് 48,- അർപ്പുതമ്മാൾ/ അനുശീ, ഡി.സി ബുക്സ്, 2013).

1998-ൽ, കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തി ടാഡ കോടതി പേരറിവാളനെയും മറ്റുള്ളവരെയും കുറ്റക്കാരനാണെന്ന് വിധിച്ചു. ആദ്യം കോടതി വധശിക്ഷ വിധിച്ചു. ടാഡ കോടതി 26 പേർക്കാണു വധ ശിക്ഷ വിധിച്ചത്. സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ നാലു പേരുടെ വധശിക്ഷ ശരിവെച്ചു. സ്ത്രീയെന്ന പരിഗണന നൽകി നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതോടെ മൂന്നുപേരെ തൂക്കിലേറ്റാൻ തീരുമാനിച്ചു. അപ്പീലുകളും ഹർജികളും തള്ളപ്പെട്ടു. അന്നത്തെ രാഷ്ട്രപതിയായ പ്രതിഭാപാട്ടീലിനയച്ച ദയാഹർജിയിലായിരുന്നു അവസാന പ്രതീക്ഷ. ദയാഹർജി തള്ളിയതോടെ മൂന്നുപേരെയും തൂക്കിലേറ്റാനുള്ള തീയതി നിശ്ചയിച്ചു. ഈ വിധിക്കെതിരെ സെപ്തംബർ 9-ന് ദ്രാവിഡ പാർട്ടികളുടെ നേതൃത്വത്തിലും മറ്റനേകം ചെറുസംഘടനകളുടെ നേതൃത്വത്തിൻ ആളുകൾ തെരുവിലിറങ്ങി. ‘മൂന്നു തമിഴ് മക്കളുടെയും ജീവൻ രക്ഷിക്കണം’ എന്ന മുദ്രാവാക്യത്താൽ. പ്രക്ഷോഭങ്ങളും സമരങ്ങളും പദയാത്രകളും കൊണ്ട് തമിഴ്നാട് പ്രക്ഷുബ്ധമായി.

സെങ്കൊടിയെന്ന ഇരുപത്തിയൊന്ന് വയസ്സുമാത്രം പ്രായമുള്ള തമിഴ് യുവതി ജീവൻ വെടിഞ്ഞ് തൻ്റെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഈ പ്രശ്നം ലോക ശ്രദ്ധയാകർഷിക്കുന്നത്. തഞ്ചാവൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി അവൾ ആത്മാഹൂതി നടത്തിയതോടെ സംഭവം ആളിക്കത്തി. പേരറിവാളൻ, മുരുകൻ, ശാന്തൻ എന്നിവരുടെ ജീവൻ രക്ഷിക്കാൻ എന്റെ ത്യാഗം സഹായിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുന്നു” എന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് 21-കാരിയായ സെങ്കൊടി ഈ ആത്മാഹുതി നടത്തിയത്.

1999-ൽ സുപ്രീം കോടതി ഈ വിധി ശരിവച്ചു. ദയാഹർജിയിൽ തീരുമാനമെടുക്കുന്നതിൽ ഇന്ത്യാ ഗവൺമെന്റ് 11 വർഷത്തെ കാലതാമസം വരുത്തിയതിനാൽ 2014-ൽ സുപ്രീം കോടതി അദ്ദേഹത്തിന്റെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. പേരറിവാളന്റെ അമ്മയും , സാമൂഹ്യപവർത്തകരും നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടത്തിന് ശേഷം, കൊലപാതകക്കേസിൽ 31 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം, 2022 മെയ് 18-ന് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
രാജീവ് ഗാന്ധി വധക്കേസിൽ അന്വേഷണം നേരിട്ട 26 പേരിൽ 17 പേരിൽ നിന്ന് മാത്രമാണ് കുറ്റസമ്മത മൊഴിയെടുത്തത്. കുറ്റസമ്മതം ഇല്ലാതെ തന്നെ 9 പേരെ നിരപരാധികളായി പ്രഖ്യാപിച്ചു കൊണ്ട് മോചിപ്പിച്ചു. നിയമ വകുപ്പ് 25 പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന്റെയൊ അന്വേഷണ ഉദ്യോഗസ്ഥന്റെയോ മുൻപാകെ നടത്തുന്ന കുറ്റസമ്മതം ഒരു കുറ്റകൃത്യത്തിന്റെ സാധുവായ തെളിവായി കോടതി സ്വീകരിക്കില്ല. എന്നാൽ, ടാഡ നിയമ(ഇപ്പോൾ നിലവിൽ ഇല്ല) ത്തിലെ വകുപ്പ് 15 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ നടത്തുന്ന കുറ്റസമ്മതം തെളിവായി സ്വീകരിക്കാവുന്നതാണ്. തടവ് ശിക്ഷയനുഭവിക്കുന്ന 7 പേർക്കെതിരെയുള്ള ആകെയുള്ള തെളിവ് അവരുടെ തന്നെ കുറ്റസമ്മതമൊഴികളാണ് എന്നതാണ് ഏറെ അതിശയകരം. 1995-ൽ മനുഷ്യത്വ വിരുദ്ധവും അതിക്രൂരവുമായ ടാഡ നിയമം കേന്ദ്ര സർക്കാർ പിൻവലിച്ചു. 1999ൽ പേരറിവാളൻ ഉൾപ്പെടെ രാജീവ് ഗാന്ധി വധക്കേസിൽ പ്രാഥമികമായി പ്രതി ചേർക്കപ്പെട്ട 26 പേരേയും ടാഡ നിയമ പ്രകാരം അവർക്കെതിരെ ചാർത്തപ്പെട്ട എല്ലാ കുറ്റാരോപണങ്ങളിൽ നിന്നും മോചിതരാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.
ടോൾസ്റ്റോയിയുടെ കഥയിലെ നായകൻ അക്സിയോനോവിനേപ്പോലെ പ്രാർത്ഥിച്ചു ജയിൽ ജീവിതം പാഴാക്കാൻ പേരറിവാളൻ തയ്യാറായില്ല. പേരറിവാളൻ ജയിലിൽ പഠനം തുടർന്നു. തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റി നടത്തിയ ഡിപ്ലോമ കോഴ്സിൽ ഒന്നാം സ്ഥാനം നേടി അയാൾ സ്വർണ്ണ മെഡൽ നേടി. പ്ലസ് ടു പരീക്ഷയിൽ തടവുകാരിൽ ഒന്നാം റാങ്കും നേടി. സെൻട്രൽ ജയിലിൽ തടവിൽ കഴിയുമ്പോൾ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ ബാച്ചിലേഴ്സ് ബിരുദം പൂർത്തിയാക്കി, കൂടാതെ ഏഴ് ഡിപ്ലോമ കോഴ്സുകളും അയാൾ പാസ്സായി. 2022-ൽ മോചിതനായശേഷം, പേരറിവാളൻ ബെംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ ലോ കോളേജിൽ ചേർന്നു, ബിരുദം പൂർത്തിയാക്കി. പിന്നീട്, 2025-ൽ അയാൾ അഖിലേന്ത്യാ ബാർ പരീക്ഷ പാസായി. പത്തൊമ്പതാം വയസ്സിൽ രാജീവ് ഗാന്ധി വധക്കേസിൽ, ചെയ്യാത്ത കുറ്റത്തിന് കോടതി മുറിയിൽ പ്രതിയായി നിന്ന പേരറിവാളൻ ഇന്ന് തന്റെ അമ്പത്തിനാലാം വയസ്സിൽ കറുത്ത ഗൗൺ ധരിച്ച് കേസ് വാദിക്കുന്ന അഭിഭാഷകനാണ്. ഇപ്പോൾ അയാൾ തമിഴ്നാട്, പുതുച്ചേരി ബാർ അസോസിയേഷനിൽ ഒരംഗമാണ്.
പേരറിവാളൻ ഇപ്പോൾ തമിഴ്നാട്ടിലെ കോടതിമുറികളിൽ ഒരു അഭിഭാഷകനായി കേസ് പറയുന്നു. മൂന്നു പതിറ്റാണ്ട് പ്രതിയും കുറ്റവാളിയുമായി അയാൾ തന്റെ ജീവിതത്തിലെ 31 വർഷം ജയിലിൽ കഴിയേണ്ടിവന്ന അതേ നിയമവ്യവസ്ഥയിലാണ് പേരറിവാളൻ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ഈ കഴിഞ്ഞ ഏപ്രിലിൽ പ്രാക്ടീസ് ആരംഭിച്ചത്. പേരറിവാളൻ്റെ ലക്ഷ്യം കുറ്റവിമുക്തനായി ജയിലിൽ നിന്ന് പുറത്തു കടക്കുക എന്നതു മാത്രമായിരുന്നില്ല. 1991 മുതൽ ജയിലിൽ കഴിഞ്ഞ തന്റെ അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ അടിസ്ഥാനമാക്കി പേരറിവാളൻ, തെറ്റായ തടങ്കൽ, നീതി കിട്ടാനുള്ള കാലതാമസം, വിചാരണത്തടവുകാരുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ തടവുകാർക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നു. “ഫലപ്രദമായി നീതി ലഭിക്കാത്ത തടവുകാർക്ക് നിയമസഹായം നൽകുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും,” മാധ്യമങ്ങളോട് തൻ്റെ പുതിയ ജീവിതത്തക്കുറിച്ച് പേരറിവാളൻ പറഞ്ഞു.
കേസിലെ പതിനാറാം പ്രതിയായിരുന്ന പേരറിവാളനാണ് ബെൽറ്റ് ബോംബ് തയാറാക്കിയത് എന്നായിരുന്നു SIT യുടെ ആദ്യ നിഗമനം. പേരറിവാളനുള്ള ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലുള്ള പോളിടെക്നിക് ബിരുദമാണ് സംഘത്തിൻ്റെ നിഗമനത്തിന് ആധാരം. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ബെൽറ്റ് ബോംബാണിതെന്നു വ്യക്തമാണ്. വിദേശത്തു നിന്നും രാജീവ് വധത്തിനുവേണ്ടി പ്രത്യേകം നിർമിക്കപ്പെട്ടതാണ് ഇതെന്നായിരുന്നു എൽ.ടി.ടി.ഇ നേതാക്കളിൽ ചിലർ തന്നെ വെളിപ്പെടുത്തിയത്. സ്ഥോടന വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള എൽ.ടി.ടി.ഇ യുടെ വൈദഗ്ധ്യം 1987 മുതൽ IPKF കാലഘട്ടം തുടങ്ങിയപ്പോൾ ഇന്ത്യൻ സൈനിക മേധാവികൾക്ക് അറിയാം. രാജീവ് വധം പോലൊരു പ്രധാന ദൗത്യത്തിന് ആയുധം തയ്യാറാക്കാൻ ബാറ്ററി ഒരു കടയിൽ നിന്നൊക്കെ വാങ്ങാൻ LTTE ശിവരശൻ പേരറിവാളനോട് ആവശ്യപ്പെട്ടു എന്ന SIT കഥയൊക്കെ യുക്തിരഹിതമാണ്. സ്ഫോടനം നടത്താനുപയോഗിച്ച ബെൽറ്റ് ബോംബിൽ ഉപയോഗിച്ചു എന്നു പറയപ്പെടുന്ന ബാറ്ററി വാങ്ങിച്ചുകൊടുത്തതിനാണ് എനിക്ക് വധശിക്ഷ നൽകിയിരിക്കുന്നത്. നാളെ ബോംബ് നിർമിച്ച വ്യക്തിയെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അയാൾക്ക് എന്തു ശിക്ഷയായിരിക്കും കോടതി നൽകുക? പേരറിവാളൻ ചോദിക്കുന്നു.
SIT മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ രഘൂത്തമൻ എഴുതിയ “Conspiracy to Kill Rajiv Gandhi : From CBI Files” എന്ന ഏറെ വിവാദമുയർത്തിയ പുസ്തകത്തിൽ. ബോംബ് നിർമിച്ചതാരെന്ന് SIT ക്ക് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് രഘൂത്തമൻ തുറന്നു സമ്മതിക്കുന്നു. ഇതൊക്കെ പരിഗണിച്ചാൽ കേസിലെ പ്രതിസ്ഥാനത്ത് പേരറിവാളൻ്റെ പേര് അന്യായമായി എഴുതി ചേർത്തതാണെന്ന് ആർക്കും മനസ്സിലാകും.
‘അന്വേഷണ ഉദ്യോഗസ്ഥനായ ഡി.എസ്.പി രഘൂത്തമൻ താൻ സമർപ്പിച്ച രേഖകളിൽ ബോംബിനെക്കുറിച്ചു വിശദീകരിക്കുന്നത് 604 മുതൽ 608 വരെയുള്ള പേജുകളിലാണ്. ബോംബുമായി ബന്ധപ്പെട്ട ഭാഗങ്ങളെല്ലാം കൂട്ടിയോജിപ്പിച്ചത് ശ്രീലങ്കയിലായിരുന്നുവെന്നും അതിനുശേഷമാണ് എൽ.ടി.ടി.ഇ ബോംബ് ഇങ്ങോട്ടുകൊണ്ടു വന്നതെന്നും അദ്ദേഹം പറയുന്നു. മേയ് ഒന്നാം തീയതിക്കുശേഷം ശിവരശൻ ശ്രീലങ്കയിൽ പോയതിനു തെളിവുകളുമില്ല. അങ്ങനെയെങ്കിൽ ഒരു ചോദ്യം പ്രസക്തമാണ്. ഞാൻ വാങ്ങിയ 9 വോൾട്ട് ബാറ്ററി ആര്, എപ്പോൾ, എവിടെവച്ച് ബോംബുമായി കൂട്ടിയോജിപ്പിച്ചു? ഈ പറഞ്ഞ വസ്തുതകൾ എൻ്റെ നിരപരാധിത്വം തെളിയിക്കാൻ പര്യാപ്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു’ പേരറിവാളൻ എഴുതി. ഈ കേസിലെ യഥാർഥ കുറ്റവാളികൾ ആരെന്ന് കണ്ടുപിടിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. രാജീവ്ഗാന്ധിയെ വധിക്കാനുപയോഗിച്ച ബെൽറ്റ് ബോംബ് നിർമിച്ചത് ആരാണെന്നു കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ-എസ്.ഐ.ടി തന്നെ സമ്മതിച്ചിട്ടുണ്ട്. ‘ പേരറിവാളൻ പറയുന്നു. ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായിരുന്ന രഘൂത്തമൻ 2005-ൽ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. ഇന്നുവരേയും അവർക്കതിന് ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ഇന്നും ബെൽറ്റ് ബോംബിൻ്റെ നിർമ്മാണം ആരാണ് നടത്തിയത് എന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളനെ 2022 മെയ് 18 ന് സുപ്രീം കോടതി മോചിപ്പിച്ചു. എന്നാൽ അതേ സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ശാരീരിക മുറിവുകൾ ഭേദമായെങ്കിലും മാനസിക മുറിവുകളുമായി ഇപ്പാഴും ജീവിക്കുന്നുണ്ട്. ഈ സംഭവത്തിന് മറ്റൊരു വശമുണ്ട്. ദുരന്തം ഏറ്റുവാങ്ങിയ മറ്റുള്ള ഇരകൾ. പേരറിവാളൻ്റെ മോചനം തങ്ങൾക്കുള്ള നീതി നിഷേധമാണെന്ന് ശക്തമായി അവർ വാദിക്കുന്നു.
ഗാന്ധിയുമായി വളരെ അടുപ്പമുള്ള ഒരു ദക്ഷിണ മഹിളാ കോൺഗ്രസ് നേതാവായിരുന്നു രാജിവ് ഗാന്ധിയോടൊപ്പം സ്ഫോടനത്തിൽ കൊല്ലപ്പെട്ട എസ്. സംധാനി ബീഗം. സ്ഫോടനത്തിൽ അമ്മ നഷ്ടപ്പെട്ട അവരുടെ മകൻ എസ്. അബ്ബാസിന് വെറും 10 വയസ്സായിരുന്നു അന്ന് പ്രായം. “എന്റെ അച്ഛൻ 1988-ൽ മരിച്ചു, പിന്നീട് 1991-ൽ എന്റെ അമ്മയും കൊല്ലപ്പെട്ടു. മാതാപിതാക്കൾ രണ്ടുപേരും ഇല്ലാതായതോടെ 10 വയസ്സുള്ള ഒരു കുട്ടിയുടെ ബുദ്ധിമുട്ടുകൾ സങ്കൽപ്പിക്കുക. എന്റെ ജീവിതത്തിൽ എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഇരകളുടെ 16 കുടുംബങ്ങൾക്കും അവരുടെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു,” അബ്ബാസ് പറഞ്ഞു. പേരറിവാളൻ്റെ മോചനം അവർക്കൊക്കെ ഒരു ഷോക്കായിരുന്നു. “ഈ വർഷം ഒരു കുറ്റവാളിയെ വിട്ടയച്ചു. ഇത് എന്ത് തരം നീതിയാണ് ? അയാൾ കേസിൽ ഒരു കുറ്റവാളിയാണ്, ഞങ്ങൾ ഇരകളാണ്. എന്ത് മാനുഷിക പരിഗണനയാണ് നിങ്ങൾ അയാളിൽ കാണുന്നത്? അയാളെ വിട്ടയച്ചു, പക്ഷേ അവർക്ക് എന്റെ അമ്മയെ തിരികെ നൽകാൻ കഴിയുമോ?”-എസ്. അബ്ബാസ് ചോദിക്കുന്നു.
പലരുടേയും മനസ്സിൽ ശ്രീപെരുംപുതൂർ സ്ഫോടനത്തിന്റെ മുറിവുകൾ ഇപ്പോഴും മായാതെ കിടക്കുന്നു. 67 വയസ്സുള്ള ജോൺ ജോസഫിന് 1991-ലെ സ്ഫോടനത്തിൽ മൂത്ത സഹോദരൻ എഡ്വേർഡ് ജോസഫിനെ നഷ്ടപ്പെട്ടു. ശ്രീപെരുംപുതൂർ തിരഞ്ഞെടുപ്പ് റാലിക്കായി പോയപ്പോൾ രാജീവ് ഗാന്ധിയുടെ സുരക്ഷയ്ക്കായി ജോലിക്കെത്തിയ എഡ്വേർഡ് ജോസഫ് സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി ഇൻസ്പെക്ടറായിരുന്നു. “എന്റെ സഹോദരന് വെറും 39 വയസ്സായിരുന്നു പ്രായം, അദ്ദേഹത്തിന്റെ മരണം എന്റെ മുഴുവൻ കുടുംബത്തെയും ഇരുട്ടിൽ തള്ളി. എന്റെ അമ്മ ഹൃദയാഘാതം വന്നു മരിച്ചു. എന്റെ സഹോദരഭാര്യ ചെറുപ്പത്തിൽ തന്നെ വിധവയായി, പേരറിവാളന്റെ മോചനം നമുക്കെല്ലാവർക്കും എതിരെയുള്ള കടുത്ത അനീതിയാണ്,” ജോസഫ് പറഞ്ഞു. “അവർക്ക് വധശിക്ഷ വിധിച്ചു. പക്ഷേ, പിന്നീട് അത് ജീവപര്യന്തമായി കുറച്ചു. ജീവപര്യന്തം എന്നാൽ മരണം വരെ ജയിലിൽ കിടക്കുക എന്നാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ വിട്ടയച്ചിരിക്കുന്നു. കോടതിയിൽ നിന്ന് അയാൾ പുറത്തിറങ്ങിയിരിക്കാം, പക്ഷേ ദൈവത്തിന്റെ കോടതിയിൽ ഇതിന് അയാൾ വില നൽകേണ്ടിവരും”- ജോൺ ജോസഫ് പറഞ്ഞു.
1991-ൽ ശ്രീപെരുംപുതൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാജീവ് ഗാന്ധിയെ മാല അണിയിക്കുകയും ഷാളുകൾ അണിയിക്കുകയും ചെയ്ത സ്ത്രീകളെ നിയന്ത്രിക്കുന്ന ജോലിയിലായിരുന്നു സബ് ഇൻസ്പെക്ടർ അനുസൂയക്ക്. “വിഐപിയുടെ അടുത്തേക്ക് വരാൻ ശ്രമിച്ച ചില സ്ത്രീകളെ ഞാൻ നിയന്ത്രിച്ചു. പക്ഷേ, നിമിഷങ്ങൾക്കുള്ളിൽ സ്ഫോടനം നടന്നു,” അനുസൂയ ഓർമ്മിക്കുന്നു. അവരുടെ രണ്ട് വിരലുകൾ നഷ്ടപ്പെട്ടു, ശരീരമാകെ പെല്ലറ്റ് കുത്തിക്കേറി പരിക്കേറ്റു. മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടന്ന അവർ വിരലിന് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി. ആ ആഘാതത്തിൽ നിന്ന് കരകയറാൻ അവൾക്ക് സമയം കിട്ടും മുൻപ്. SIT അന്വേഷണം ഉടൻ ആരംഭിച്ചു, ബോധം വീണ്ടെടുത്ത ഉടനെ സംഭവങ്ങൾ ഓർമ്മിക്കാൻ അവളോട് SIT ആവശ്യപ്പെട്ടു. കേസിലെ പ്രധാന ദൃക്സാക്ഷികളിൽ ഒരാളായിരുന്നു അനസൂയ. “കേസിൽ ഞാൻ ഒരു ദൃക്സാക്ഷിയായിരുന്നു. നളിനിയെയും മറ്റുള്ളവരെയും തിരിച്ചറിയാൻ ഞാൻ സഹായിച്ചു. അന്വേഷണത്തിൽ നൽകിയ സംഭാവനകൾക്ക് അന്നത്തെ എസ്ഐടി ഉദ്യോഗസ്ഥ മേധാവി കാർത്തികേയൻ എനിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകി,” അനസൂയ അഭിമുഖത്തിൽ പറഞ്ഞു.

“രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അവർ കുറ്റവാളികളാണ്, അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു കേസാണിത്. ഈ കുറ്റവാളികളെ വിട്ടയച്ചാൽ അതൊരു ഒരു മോശം മാതൃക സൃഷ്ടിക്കും,” 30 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച എ.ഡി.എസ്.പി അനുസൂയ കൂട്ടിച്ചേർത്തു.
നിരവധി രാഷ്ട്രീയ പാർട്ടികൾ പേരറിവാളന്റെ മോചനത്തെ സ്വാഗതം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഒരിക്കൽ കുറ്റവാളിയായ പേരറിവാളനെ ആലിംഗനം ചെയ്തത് കണ്ടപ്പോൾ, സ്ഥോടടനത്തിൽ മരിച്ച ഇരകളുടെ കുടുംബങ്ങൾ അവരുടെ നിരാശ മാധ്യമങ്ങളോട് പങ്കിട്ടു. “മുഖ്യമന്ത്രി പേരറിവാളനെ കെട്ടിപ്പിടിക്കുന്നത് വളരെ നിരാശാജനകമാണ്. ഞങ്ങളാണ് ഇര, പേരറിവാളനല്ല. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് ഈ രാഷ്ട്രീയ പാർട്ടികൾ പേരറിവാളനെ പിന്തുണയ്ക്കുന്നത്. ഈ രാഷ്ട്രീയക്കാർ ഞങ്ങളെ സന്ദർശിച്ച് ഞങ്ങളുടെ വേദനയും ഞങ്ങളുടെ ജീവിതവും എങ്ങനെ തകർന്നുവെന്ന് കാണണം,” അബ്ബാസ് പറഞ്ഞു.
പേരറിവാളൻ്റെ അമ്മ അവരുടെ അനുഭവ കുറിപ്പിൽ എഴുതി “പേരറിവാളൻ കുറ്റം ചെയ്തുവോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ. ഹൃദയം ഹൃദയത്തെത്തൊടുമ്പോൾ വെളിപ്പെടുന്ന പരമാർത്ഥങ്ങൾക്ക് തെളിവു നല്‍കാനാവില്ല”
ആരാണ് ശരി? കുറ്റമാരോപിച്ച് 31 വർഷം ജയിലിൽ കിടന്ന പേരറിവാളനോ? അയാളെ വിട്ടയച്ചത് നീതിയല്ല എന്ന് വാദിക്കുന്ന സ്ഥോടനത്തിൽ മരിച്ചവരുടെ ഉറ്റവരോ? ആരാണ് ശരി ? രാജീവ് ഗാന്ധി വധക്കേസിൽ ആരും പറയാത്ത, 35 വർഷങ്ങൾ കഴിഞ്ഞിട്ടും ഉത്തരം കിട്ടാത്ത, അനേകം ചോദ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.
Content Summary: A.G. Perarivalan, convicted in the Assassination of Rajiv Gandhi case, spent 31 years in prison before his 2022 release and now practices as a lawyer at the Madras High Court. His release remains controversial, with victims’ families questioning the justice of the decision.