February 19, 2025 |
Share on

സിപിഎം മുന്‍ എംഎല്‍എ അടക്കം14 പേര്‍ കുറ്റക്കാര്‍; ശിക്ഷാവിധി ജനുവരി 3 ന്

സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയ കേസിലാണ് വിധി

പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എയും സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളത്തെ സിബിഐ കോടതി. 10 പേരെ കുറ്റവിമുക്തരാക്കി. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് കേസിലെ ഒന്നാംപ്രതി. ശിക്ഷ ജനുവരി മൂന്നിന് വിധിക്കും. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം വിധി കേള്‍ക്കാന്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോയ കേസിലാണ് വിധി പ്രസ്താവം നടന്നിരിക്കുന്നത്. periya double murder case verdict 

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ കുടുംബപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ശിക്ഷയില്‍ ഇളവ് നേടാനായി കോടതിയെ സമീപിച്ചു. പതിനെഞ്ചാം പ്രതി മാത്രം വധശിക്ഷ നല്‍കണമെന്ന് കോടതിയോട് കരഞ്ഞ് പറഞ്ഞു. തന്നെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും പ്രതി കോടതിയോട് ആവശ്യപ്പെട്ടു.

വിധിയില്‍ സംതൃപ്തിയില്ലെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പ്രതികരിച്ചു. സര്‍ക്കാര്‍ തങ്ങള്‍ക്ക് എന്നും എതിരായിരുന്നു. പൂര്‍ണ നീതി കിട്ടിയിട്ടില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 270 സാക്ഷികളാണുള്ളത്. ആദ്യം ലോക്കല്‍ പോലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്.

2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. 14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. കൃത്യത്തിന് ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം.

മുന്‍ എംഎല്‍ എ യും സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ എന്‍.ബാലകൃഷ്ണന്‍, രാഘവന്‍ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഒന്നാംപ്രതിയും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. പീതാംബരനടക്കമുള്ള 14 പേരെ ക്രൈംബ്രാഞ്ചായിരുന്നു അറസ്റ്റ് ചെയ്തതെങ്കില്‍, മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള 10 പേരുടെ അറസ്റ്റ് സിബിഐയുമാണ് രേഖപ്പെടുത്തിയത്.

കേസില്‍ ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സി.ബി.ഐ. അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിക്കുമുള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്.

വിധി പ്രസ്താവത്തിന്റെ ഭാഗമായി കല്യോട്ട് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. കഴിഞ്ഞദിവസം പ്രദേശത്ത് റൂട്ട് മാര്‍ച്ചും നടത്തിയിരുന്നു. വിധിപ്രസ്താവത്തിന്റെ ഭാഗമായി പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. periya double murder case verdict 

Content Summary: periya double murder case verdict

periya case double murder case in periya kripesh sarath lal latest news kerala news cpm murder 

×