ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലകളില്‍ വന്‍ നാശനഷ്ടം വിതച്ചുകൊണ്ട് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം.തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7:37-നാണ് രാജ്യം നടുങ്ങിയ ഭൂകമ്പമുണ്ടായത്. ഫിലിപ്പീന്‍സിലെ പ്രധാന തെക്കന്‍ ദ്വീപായ മിന്ദനാവോയിലെ ജനറല്‍ സാന്റോസ് നഗരത്തിന്റെ തീരപ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ദുരന്തത്തില്‍ ഇതുവരെ മൂന്ന് പേര്‍ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘ജോലിബീ’യുടെ റസ്റ്റോറന്റ് ഉള്‍പ്പെടെയുള്ള വാണിജ്യ സമുച്ചയങ്ങള്‍ പൂര്‍ണ്ണമായും നിലംപൊത്തുന്ന ദൃശ്യങ്ങള്‍ ജനങ്ങളില്‍ കടുത്ത പരിഭ്രാന്തി പരത്തി. പ്രാഥമിക കണക്കുകള്‍ പ്രകാരം മുപ്പത്തിയേഴോളം കെട്ടിടങ്ങള്‍ക്ക് കടുത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്, ഇതില്‍ ഭൂരിഭാഗവും വാണിജ്യ സ്ഥാപനങ്ങളാണ്.
ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ചില രാജ്യങ്ങളിലെ മുന്നറിയിപ്പുകള്‍ പിന്നീട് പിന്‍വലിച്ചെങ്കിലും ഫിലിപ്പീന്‍സില്‍ ഇപ്പോഴും അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം പലാവു, ഇന്തോനേഷ്യ, ഫിലിപ്പീന്‍സിലെ ദാവാവോ മേഖല എന്നിവിടങ്ങളില്‍ മൂന്നു സെന്റീമീറ്റര്‍ മുതല്‍ 0.8 മീറ്റര്‍ വരെ ഉയരമുള്ള സുനാമി തിരമാലകള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
മിന്ദനാവോയുടെ തെക്കന്‍ തീരങ്ങളിലെ ആറ് പ്രദേശങ്ങളില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാവിലെ 07:42 നും 08:45 നും ഇടയിലാണ് ഈ തിരമാലകള്‍ അനുഭവപ്പെട്ടത്. ഇതില്‍ ചിലയിടങ്ങളില്‍ 1.4 മീറ്റര്‍ (4.6 അടി) വരെ ഉയരത്തിലാണ് തിരമാലകള്‍ ഉയര്‍ന്നത്. കടലില്‍ ഇപ്പോഴും അസാധാരണമായ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ സുനാമി മുന്നറിയിപ്പ് തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് ശാസ്ത്രജ്ഞനായ വിന്‍ഷെല്‍ ഇയാന്‍ സെവില്ല വ്യക്തമാക്കി.
തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ‘ദയവായി ഒട്ടും സമയം കളയാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. പിന്നില്‍ ഉപേക്ഷിച്ചു പോകുന്ന എന്തിനേക്കാളും വിലപ്പെട്ടതാണ് നിങ്ങളുടെ ജീവന്‍,’ എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
ആദ്യത്തെ ശക്തമായ ഭൂചലനത്തിന് ശേഷം പ്രദേശത്ത് തുടര്‍ച്ചയായ ആഫ്റ്റര്‍ഷോക്കുകള്‍ (തുടര്‍ചലനങ്ങള്‍) അനുഭവപ്പെടുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രാദേശിക സമയം രാവിലെ 11 മണി വരെ 138 തുടര്‍ചലനങ്ങളാണ് രേഖപ്പെടുത്തിയത്. ഇവയില്‍ ചിലതിന് 1.3 മുതല്‍ 6.7 വരെ തീവ്രത ഉണ്ടായിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ദുരന്തബാധിത മേഖലകളില്‍ സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും നേതൃത്വത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Content Summary; A massive 7.8-magnitude earthquake hits Mindanao in the Philippines, triggering tsunami waves, collapsing buildings, and leaving at least three dead
This post was last modified on June 8, 2026 11:00 am
Leave a Comment