UPDATES

ട്രെന്‍ഡിങ്ങ്

‘നമുക്ക് ജാതിയില്ല’ എന്ന് ഓരോ ദളിതനും പറയാന്‍ കഴിയട്ടെ; എന്നിട്ടാകാം ജാതിക്കോളം വേണോ എന്ന ആലോചന

ഒരു കോളം എന്നെത്തേക്കുമായി ഇല്ലാതാക്കുമ്പോള്‍ ഒരു പക്ഷെ ക്രമേണ ഒഴിവാക്കപ്പെടുന്നത് ഒരു സമൂഹം തന്നെയാവാം

                       

പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണത്തിന്‍റെ 1092 ഇടവം 15-ന്‍റെ ലക്കത്തിന് വിപ്ലവാത്മകമായ ഒരു പ്രത്യേകതയുണ്ടായിരുന്നു. ശ്രീനാരായണ ഗുരു ‘നമുക്ക് ജാതിയില്ല’ എന്ന പ്രഖ്യാപനം നടത്തിയത് അതിലൂടെയായിരുന്നു. ഗുരുവിന്‍റെ അടിസ്ഥാനവര്‍ഗ്ഗ കാഴ്ചപ്പാടില്‍ നിന്നും ഉയര്‍ന്ന മഹത്തായ ഈ ആഹ്വാനം ഇന്ന് നൂറുവര്‍ഷം തികയുമ്പോള്‍ പ്രസക്തമാകുന്നുവെങ്കില്‍ കേരളസമൂഹം മാറിയിട്ടില്ല എന്ന് അടിവരയിട്ടെഴുതേണ്ടതായുണ്ട്. വര്‍ഗ്ഗരഹിത സ്വപ്നം നെയ്ത കമ്മ്യുണിസ്റ്റുകളും ഗാന്ധി മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് മന്ത്രിസഭകളും മാറിമാറി ഭരിച്ചിട്ടും ഈ മനഃസ്ഥിതിയ്ക് മാറ്റം ഉണ്ടായില്ലെന്നു സമ്മതിക്കുകയാണ് ‘നമുക്ക് ജാതിയില്ല’ എന്ന് ഉദ്ഘോഷിക്കുന്ന ഓരോ പാര്‍ട്ടിവേദികളും. എല്ലാ ഉദ്ഘോഷണങ്ങളും നിയമങ്ങളും ലംഘിക്കപ്പെടാനുള്ളതാണെന്ന വിശ്വാസം ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ വളരെ കരുതലോടെ കത്തുസൂക്ഷിക്കുന്നുണ്ട്, അതുതന്നെയാണ് ഗുരുവചനത്തിലും സംഭവിച്ചത്.

ഇതൊരു ആമുഖം മാത്രമാണ് ചര്‍ച്ച ആരംഭിക്കേണ്ടത് ജാതി കോളം ഒഴിവാക്കണോ എന്ന വിഷയത്തെപ്പറ്റിയാണ്‌. സംവരണം എന്നത് ഒരവകാശമാണെന്ന ഭരണഘടനാപരിഗണന നിലനില്‍ക്കുമ്പോള്‍ ജാതി കോളം ഒഴിവാക്കുന്ന പ്രവര്‍ത്തനം ഭരണഘടനാ ലംഘനമാണെന്നത് ആദ്യം തന്നെ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മോശപ്പെട്ട വായനയേതെന്നു ചോദിച്ചാല്‍ അത് ചരിത്രപരമായി ഇന്ത്യയില്‍ ഒരു ജനവിഭാഗം അനുഭവിച്ചു കൊണ്ടിരുന്ന അടിമത്വത്തിനും അവസര സമത്വമില്ലായ്മയ്ക്കും അറുതിവരുത്താന്‍ അതിന്‍റെ പീഡനം നിരന്തരം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ഒരു മനുഷ്യന്‍ സ്വന്തം ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നല്‍കിയ നിയമപരിഗണന എന്ന വ്യക്ത്യാധിഷ്ടിത വ്യാഖ്യാന (personal interpretation)മാണ് സംവരണം എന്നരീതിയിലുള്ളതാണ്. ഈ വായന നടത്തുന്നവരാകട്ടെ ഭരണഘടനാപരമായ സംവരണാവസ്ഥയില്‍ ഇപ്പോള്‍ ഇല്ലാത്തവരും എന്നാല്‍ കിട്ടിയാല്‍ കൊള്ളാം എന്ന് താത്പര്യപ്പെടുന്നവരുമാണ്.

വളരെ പുരോഗമനാത്മകം എന്ന് തോന്നിക്കുന്ന ഒരുനിര്‍ദ്ദേശമാണ് ജാതി കോളം ഒഴിവാക്കുക എന്നത്. എന്നാല്‍ അടിസ്ഥാനപരമായി അത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങള്‍ പലരും അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു. ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നവരെ രണ്ടായി തിരിക്കാം;

ഒന്ന്) ഇത് വളരെ പുരോഗമനാത്മകം എന്ന് വിശ്വസിക്കുന്ന മധ്യവര്‍ഗ്ഗ ദളിതുകള്‍ ഉള്‍പ്പെടുന്ന കമ്മ്യുണിസ്റ്റുകള്‍.

രണ്ട്) ഫലപ്രദമായി സംവരണത്തെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍.

ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്ന ആശയവദികളായ പുരോഗമന പ്രസ്ഥാനക്കാര്‍ ഇതിന്‍റെ ഭാവിഷ്യത്തിനെപ്പറ്റി ഒരിക്കലും വിശകലനം നടത്തിയിട്ടില്ല. റിസര്‍വേഷന്‍ എന്ന ചട്ടം സൃഷ്ടിക്കുമ്പോള്‍ തന്നെ അതിന്‍റെ ശില്‍പ്പികള്‍ അമ്പതു വര്‍ഷത്തിനു ശേഷം ഇതിന്‍റെ പ്രായോഗികതയെക്കുറിച്ച് ഒരു വിചിന്തനം ആവശ്യപ്പെട്ടിരുന്നു. അര നൂറ്റാണ്ടിനുശേഷം വേണമെങ്കില്‍ എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ ഇന്ത്യന്‍ അവസ്ഥയില്‍ ഇനിയൊരു അരനൂറ്റാണ്ടുകൂടി കഴിഞ്ഞാലും ഈ അവസ്ഥയില്‍ നിന്നും മോചനം ലഭിക്കുമെന്ന് ദളിതുകള്‍ പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ പട്ടികജാതി സംവരണം അല്ലാതെ ഒരു പാട് സംവരണങ്ങള്‍ ഭരണഘടനാപരമായ സാധുതയോടെ നിലവില്‍ വന്നു. അവിടെയെല്ലാം ജാതീയമായും മതപരമായും ദേശീയമായും ഉള്ള പരിഗണനകളാണ് ഉണ്ടായത്. അതായത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ന്യൂനപക്ഷ പരിഗണന.

ഈ സംവരണങ്ങളെപ്പറ്റി പൊതുസമൂഹം ചര്‍ച്ച ചെയ്യാതെയാണ് കേവലം 8 ശതമാനം മുതല്‍ 12 ശതമാനം നീക്കിയിരിപ്പ് മാത്രം വാങ്ങിക്കുന്ന പട്ടികജാതി സംവരണത്തെപ്പറ്റിയോര്‍മ്മിച്ചു വ്യാകുലപ്പെടുന്നത്‌. ഇവിടെയാണ് അടിച്ചമര്‍ത്തലിന്റെ പുതിയ പാഠങ്ങള്‍ ആരംഭിക്കുന്നതും. സിദ്ധാന്തവല്‍ക്കരണത്തിന്റെ പുതിയ ഭാഷ്യം ചമയ്ക്കുന്നവര്‍ ഇവര്‍ക്ക് വേണ്ടി വാദിക്കുന്നവരെ മാവോയിസ്റ്റുകളായും ഭീകര പ്രവര്‍ത്തകരായും വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

ജാതിയെന്നത് ഒരു കോളത്തില്‍ ഒതുങ്ങുന്നതല്ല എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മനുഷ്യന്‍ നമുക്ക് ജാതിയില്ലെന്നു പ്രഖ്യാപിക്കുമ്പോള്‍ അതിലും ഒരു വിരോധാഭാസം നിലനിന്നിരുന്നു. നാരായണ ഗുരു അടിസ്ഥാനപരമായി മുന്നോക്ക സമുദായത്തിന്‍റെ പ്രതിനിധിയല്ലായിരുന്നു എന്ന സത്യം. അതായത് നമുക്ക് ജാതിയില്ല എന്ന് വിളിച്ചുപറഞ്ഞത്‌ ഒരു കീഴാളനാണ്. ഇവിടെ ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യമുണ്ട്. തനിക്കു മുകളില്‍ നില്‍ക്കുന്നവരോട് എന്തുകൊണ്ട് ഇങ്ങനെ അദ്ദേഹത്തിന് ഒരു ആഹ്വാനം നടത്താന്‍ സാധിച്ചു? അല്ലെങ്കില്‍ എന്ത് കൈമുതലായുള്ളതുകൊണ്ടാണ് ഇങ്ങനെ നിന്ന് അദ്ദേഹം ധൈര്യമായി സംസാരിച്ചത്. ഒറ്റ ഉത്തരം മാത്രമാണ് അതിനുള്ളത്. അംബേദ്‌ക്കറും നാരായണഗുരുവും നല്‍കിയത് ഒരുത്തരമായിരുന്നു, വിദ്യകൊണ്ട് പ്രബുദ്ധരാകുകയെന്ന്‍ ഗുരുവും പഠിക്കുക പോരാടുക എന്ന് അംബേദ്കറും പറഞ്ഞതിന്‍റെ പൊരുള്‍. ആ അവകാശത്തിനാണ് നിയമപരമായ പിന്‍ബലത്തില്‍ സംവരണം നിലവില്‍ വന്നത്. അതായത് ഒരു പൊതു പ്ലാറ്റ്ഫോമില്‍ നിന്ന് തനിക്കു ചുറ്റുമുള്ളവരെ അഭിസംബോധന ചെയ്യുക എന്ന കേവലമായ ഉദ്ദേശ്യം. ഈ അവസ്ഥ നേടിയത് ഈ ജാതിക്കോളം കറുപ്പും നീലയും മഷിയുപയോഗിച്ച് തെളിച്ചെഴുതിയതുകൊണ്ടാണ്. അതിനെ മധ്യവര്‍ഗ്ഗ ദളിതുകള്‍ക്ക് വേണമെങ്കില്‍ തള്ളിപ്പറയാം. കാരണം ദളിതന് ജാതിപ്പേര് ഭരണഘടനാപരമായി ആക്ഷേപമാകുന്നുവെന്ന നിയമം ഉപയോഗിച്ച്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യര്‍ ഇന്നും മണ്ണെണ്ണ വിളക്കിന്‍റെ തിരിപോലും ഇല്ലാതെയും റെയില്‍ ട്രാക്കുകളിലെ വിസര്‍ജ്യം നീക്കം ചെയ്തും മേട്രോ നഗരങ്ങളുടെ ഓരം പറ്റിയും വിശപ്പടക്കാന്‍ പാടുപെട്ട്, ചത്ത പശുവിന്‍റെ പോലും വിലയില്ലാതെ ജീവിക്കുന്നുണ്ട്. അവരെ കൂടി പരിഗണിക്കേണ്ടേ? ലോകത്തിലെ ഏറ്റവും വലിയ ഷോമാന്‍ ഭരിക്കുന്ന ഈ സ്വച്ഛഭാരതത്തില്‍ ഇങ്ങനെയുള്ള ജനങ്ങളുണ്ടെന്നു നിങ്ങളെങ്കിലും അറിയേണ്ടതല്ലേ?

2012ല്‍ കേരള പി എസ് സി പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പില്‍ ജാതി കോളം വേണമെങ്കില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക്‌ പൂരിപ്പിക്കാതിരിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിലും ഈ നിര്‍ദ്ദേശം പാലിക്കാം എന്ന് പറയുന്നുണ്ട്. അപ്പോള്‍ നിലവിലുള്ള ഈ കാര്യത്തെ വിണ്ടും ഓര്‍മ്മിപ്പിക്കപ്പെടേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ അത് ആരുടെ ആവശ്യമാണ്. ഒരു കോളം എന്നത്തേക്കുമായി ഇല്ലാതാക്കുമ്പോള്‍ ഒരു പക്ഷെ ക്രമേണ ഒഴിവാക്കപ്പെടുന്നത് ഒരു സമൂഹം തന്നെയാവാം. സ്റ്റാര്‍ട്ട്‌ അപ്പിലും ഡിജിറ്റല്‍ ഇന്ത്യയിലും ഒരു അമ്പതു വര്‍ഷം കഴിഞ്ഞാലും എത്താത്ത ഒരു സമൂഹത്തെ ആക്രമിക്കുന്നതിനു തുല്യമാണത്. ഇപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ആത്യന്തികമായി സഹായിക്കുന്നത് സംവരണം എന്ന ജനാധിപത്യപരമായ നിര്‍ദ്ദേശത്തെ എക്കാലവും എതിര്‍ക്കുന്ന ഒരു വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളെയാണ്.

സഖാവ് ഇഎംസിന്‍റെ പല പ്രസംഗങ്ങളിലും അദ്ദേഹം ഐക്യ കേരളം നിലവില്‍ വന്ന കാലത്തെപ്പറ്റിയും അതിന്‍റെ അനിവാര്യതയെ പറ്റിയും കേള്‍ക്കാമായിരുന്നു. ഭാഷാപരമായി ഉണ്ടായ കേരളത്തിലെ ദരിദ്ര നാരായണന്‍മാരെ പറ്റി അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇന്ന് അറുപതു വര്‍ഷം കഴിയുമ്പോഴും ഈ ദരിദ്രനാരായണന്‍മാരില്‍ ഭൂരിഭാഗവും ദളിതുകളും പിന്നോക്കക്കാരും തന്നെ. നമുക്കിതിനെ മറ്റൊന്നുമായി താരതമ്യപ്പെടുത്താം. ഭാഷാപരമായി രൂപം കൊണ്ട എല്ലാ മനുഷ്യഗണങ്ങളിലും അറിയാതെ അംഗീകരിക്കപ്പെടുന്നത് ഭൂരിപക്ഷത്തിന്റെ വിനിമയ ഭാഷയാണ്. അതുതന്നെയാണ് കേരളത്തിന്‍റെ കാര്യത്തിലും സംഭവിച്ചത്. അത് തികച്ചും സാങ്കേതികമാണ്‌. ഈ സാങ്കേതികതയില്‍ നാട്ടുഭാഷകളും ഗോത്രഭാഷകളും പ്രധാന ഭാഷയുടെ നിഴലില്‍ രൂപം നഷ്ടമായി മരിച്ചുകൊണ്ടിരുന്നു. ഈ ഉദാഹരണം തന്നെയാണ് ഒരു ഭൂരിപക്ഷം സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ ജാതി കോളം ഒഴിവാക്കണം എന്ന് പറയുന്നതിലും വായിക്കാന്‍ പറ്റൂ. അത് പ്രഖ്യാപിക്കേണ്ടത്‌ അതിന്‍റെ പ്രിവിലെജില്‍ ജീവിക്കുന്നവരാണ്. അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്നും ഗുരു നമുക്ക് ജാതിയില്ല എന്ന് പ്രഖ്യാപിച്ചത് പോലെ ഓരോ ദളിതനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പൌരനും വിളിച്ചു പറയുന്ന ഒരു നാളില്‍ മാത്രമേ ഈ ജാതി കോളം ഒഴിവാക്കാന്‍ സാധിക്കൂ.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍