February 13, 2025 |
Avatar
അമർനാഥ്‌
Share on

‘നാടകം തന്നെ ജീവിതം’ പി. ജെ. ആന്റണിക്ക് 100 വയസ്

ജീവിതത്തില്‍, ഒരിക്കലും അഭിനയിക്കാത്ത ഉറച്ച നിലപാടുകളുടെ നടന്‍ പി ജെ ആന്റണിക്ക് ജനുവരി ഒന്നിന് നൂറ് വയസ്

നാടക രചയിതാവ്, നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, കഥാകൃത്ത് എന്നിങ്ങനെ പല വേഷങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പി ജെ ആന്റണിയുടെ ജന്മശതാബ്ദി ഈ പുതുവത്സര ദിനത്തിലാണ്. ജീവിതത്തില്‍, ഒരിക്കലും അഭിനയിക്കാത്ത ഉറച്ച നിലപാടുകളുടെ നടന്‍ പി ജെ ആന്റണിക്ക് ജനുവരി ഒന്നിന് നൂറ് വയസ്.P J Antony, Indian stage and film actor 100th birth anniversary 

നിര്‍മാല്യത്തിലെ ‘ഇരക്കുന്ന’ വെളിച്ചപ്പാടായി അഭിനയിച്ച, അതുല്യമായ ആ വേഷത്തിന് 1974 ല്‍ ഭരത് അവാര്‍ഡ് നേടിയ പി.ജെ.ആന്റണിയെ ആദരിക്കാന്‍ അന്നത്തെ ചലച്ചിത്രകലാകാരന്മാരുടെ സംഘടനയായ ചലച്ചിത്ര പരിഷത്തിലെ അംഗങ്ങള്‍ നേരിട്ട് ചെന്ന് വിവരം പറഞ്ഞു. ചലച്ചിത്ര പരിഷത്തിന്റെ എക്‌സിക്യുട്ടീവ് അംഗമായ നോവലിസ്റ്റ് പാറപ്പുറവും, ആന്റണിയുമായി നല്ല അടുപ്പുള്ള നടന്‍ എന്‍. ഗോവിന്ദന്‍ കുട്ടിയും പത്രപ്രവര്‍ത്തകനായ ജമാല്‍ കൊച്ചങ്ങാടിയുമൊക്കെയായിരുന്നു അതിന്റെ ശ്രമക്കാര്‍. ‘അന്ന് ഭരത് അവാര്‍ഡിന് സമ്മാന തുക ഉണ്ടായിരുന്നില്ല; ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമേയുള്ളൂ. അതിനാല്‍ 25,000 രൂപ നല്‍കി ആദരിക്കാനായിരുന്നു പരിഷത്തിന്റെ തീരുമാനം. പാറപ്പുറവും സംഘവും വീട്ടില്‍ ചെന്ന് ആന്റണിയെ കണ്ടു ചലച്ചിത്ര പരിഷത്തിന്റെ തീരുമാനം അറിയിച്ചു. അത് നേരിട്ട് കേട്ടപ്പോള്‍ ആന്റണി പറഞ്ഞു, ”എനിക്ക് അവരുടെ സൗജന്യമൊന്നും വേണ്ട. അഭിനയിച്ച വകയില്‍ കിട്ടാനുള്ള കാശ് വാങ്ങിച്ച് തന്നാല്‍ മതി”. വ്യക്തികളായ നിര്‍മാതാക്കള്‍ തരാനുള്ള കാശിന്റെ കാര്യത്തില്‍ പരിഷത്തിന് എന്ത് ചെയ്യാന്‍ പറ്റും? എന്നായിരുന്നു ഭാരവാഹികളുടെ മറുപടി.
”ഒരു കലാകാരന് കിട്ടേണ്ട കാശ് വാങ്ങി കൊടുക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെന്തിനാണീ പരീഷത്തും പരിഷകളുമൊക്കെ?” ആന്റണി ചോദിച്ചു. ഏറെ നിര്‍ബന്ധിച്ചിട്ടും ആദരം ഏറ്റുവാങ്ങാന്‍ ആന്റണി തയാറായില്ല.

P J Antony

പനകൂട്ടത്തില്‍ ജോസഫ് ആന്റണിയെന്ന പി ജെ ആന്റണി ഒരിക്കലും ഒരു സ്ഥാപനത്തോടോ പ്രത്യയ ശാസ്ത്രത്തോടോ പൂര്‍ണമായും സമരസപ്പെടാന്‍ കഴിയാത്ത കലാകാരനായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബോംബയില്‍ നടന്ന നേവി കലാപത്തില്‍ പങ്കെടുത്ത സൈനികനായിരുന്ന ആന്റണി, പിന്നീട് നാടകത്തിലും സിനിമയിലും അഭിനയിക്കാനെത്തിയപ്പോഴും തന്റെ കലാപവാസന തുടര്‍ന്നു. അജ്ഞതയെ പൊറുപ്പിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അത് അഹങ്കാരമാക്കി പ്രദര്‍ശിച്ചവരെ ആന്റണി വെറുതെ വിട്ടിരുന്നില്ല.
ലൊക്കേഷനുകളില്‍ പ്രധാന താരങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാതെ രണ്ടാം കിടക്കാരായി അന്ന് കണക്കാക്കിയിരുന്ന സിനിമാ സാങ്കേതിക പ്രവര്‍ത്തകരോടും സഹനടന്മാരോടുമായിരുന്നു ആന്റണി ഇടപഴുകിയത്. ഒരു പടത്തിന്റെ സെറ്റില്‍ ഉച്ചഭക്ഷണത്തിന് ആന്റണിക്ക് ചിക്കന്‍ ഫ്രൈ കൊടുത്തു. കൂടെ ഇരിക്കുന്നവര്‍ക്ക് അത് ഇല്ല എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ഇല മടക്കി എഴുന്നേറ്റു. ‘അവരും മനുഷ്യരാണ്. ഞങ്ങളും ജോലി ചെയ്യുന്നു അവരും ജോലി ചെയ്യുന്നു. ഞങ്ങളേക്കാള്‍ കഷ്ടപ്പെടുന്നവരാണ് അവര്‍. അവര്‍ക്ക് കൊടുക്കാത്ത ഒരു വിഭവവും എനിക്ക് വേണ്ട. എന്റെ കൂടെ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഞാന്‍ കഴിക്കുന്നതും കൊടുക്കണം. ഭക്ഷണം ഉപേക്ഷിച്ച് ആന്റണി ഇറങ്ങിപ്പോയി. അതോടെ ഷൂട്ടിംഗ് നിന്നു. നിര്‍മാതാവും സംവിധായകനും ഒടുവില്‍ ഇടപെട്ടു. ഇത് ആവര്‍ത്തിക്കില്ലെന്ന് ആന്റണിക്ക് ഉറപ്പ് കൊടുത്തു. അന്ന് മുതലാണ് സിനിമയില്‍ ചീഫ് ടെക്‌നീഷ്യന്മാര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ ആരംഭിച്ചത്. സിനിമയിലെ ഇത്തരം ഉച്ചനീചത്വങ്ങള്‍ക്കെതിരെ ആന്റണി എന്നും തലക്ഷണം പ്രതികരിച്ചിരുന്നു.

നിര്‍മാല്യത്തിന്റെ സെറ്റില്‍ വേഗത്തില്‍ സംഭാഷണം പറഞ്ഞ പൂനെ ഇന്‍സ്റ്റിട്യൂട്ടില്‍ അഭിനയം പഠിച്ച് വന്ന, പുതുമുഖനടന്‍ രവി മേനോനോട് ആന്റണി പറഞ്ഞു, ”സാവധാനത്തില്‍ ഡയലോഗ് പറഞ്ഞ് ശീലിക്കണം. അല്ലെങ്കില്‍ ഡബ്ബിങ്ങ് തീയറ്ററില്‍ കഷ്ടപ്പെടും. ഇതൊന്നും ഇന്‍സ്റ്റിട്യൂട്ടില്‍ പഠിപ്പിക്കില്ല മോനേ”.

ഒരു പടത്തിന്റെ ഷൂട്ടിങ്ങിനിടെ തന്റെ ഡയലോഗ് തിരുത്താന്‍ ശ്രമിച്ച നടിയോട് ആന്റണി പറഞ്ഞു, ”നീ കോടമ്പാക്കത്ത് കണ്ടമാനം നടക്കുമ്പോള്‍ ഞാന്‍ ഇവിടെ അഭിനയിക്കുകയായിരുന്നു. എന്നെ തിരുത്താന്‍ വരല്ലേ”.

സത്യനും നസീറും കൊടികുത്തി വാണ മലയാള സിനിമയിലെ താര സമ്പ്രദായത്തോട് നിരന്തരം കലഹിച്ചു പോന്ന ധിക്കാരിയായിരുന്നു ആന്റണി. ഒരു സിനിമയുടെ സെറ്റില്‍ ഒരു പ്രമുഖ നടന്‍ എത്താന്‍ വൈകിയപ്പോള്‍ മേക്കപ്പിട്ട് കാത്തിരുന്ന ആന്റണി ക്ഷുഭിതനായി. സഹ സംവിധായകന്‍ സമാധാനിപ്പിക്കാനെത്തിയപ്പോള്‍ തലയിലെ വിഗ്ഗ് ഊരി മേശപ്പുറത്ത് വെച്ചു. ‘…വരുമ്പോള്‍ ഈ വിഗ്ഗ് സജഷനാക്കി ഷോട്ടെടുത്തോടോ’ ഞാന്‍ പോണു. ഇവനൊക്കെ മുഖം കണ്ട് കാണിക്കുന്ന ഭാവാഭിനയം ഞാന്‍ ആസനം കൊണ്ട് കാണിക്കും. അതറിയോ തനിക്ക് ‘ ആന്റണി പൊട്ടിത്തെറിത്തെറിച്ച് ഇറങ്ങിപ്പോയി.

P J Antony

പി.ജെ. ആൻ്റണി , സുരാസു , ജോൺ എബ്രഹാം

കൊച്ചിയിലെ പച്ചാളത്താണ് ആന്റണി ജനിച്ചത്. പിതാവ് ഒരു ബേക്കറിയുടമയായിരുന്നു. പഠിക്കുമ്പോള്‍ തന്നെ, നാടകങ്ങളില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അതിന് തടസമായി. ബോംബെയില്‍ പോയി നേവിയില്‍ ചേര്‍ന്നെങ്കിലും രണ്ടാം ലോക മഹായുദ്ധക്കാലത്ത് നടന്ന നാവിക കലാപത്തില്‍ പങ്കെടുത്തവരെ പിരിച്ചുവിട്ടവരുടെ കൂട്ടത്തില്‍ ആന്റണിയും ഉണ്ടായിരുന്നു. കൊച്ചിയില്‍ തിരിച്ചെത്തിയ ആന്റണി കലാപ്രേമി നിലയം എന്നൊരു നാടക ട്രൂപ്പ് രൂപീകരിച്ച് ”തെറ്റിദ്ധാരണ’ എന്നൊരു നാടകം അവതരിപ്പിച്ച് നാടകരംഗത്ത് പ്രവേശിക്കുകയായിരുന്നു.

പതിവ് കീഴ്വഴക്കങ്ങള്‍ തെറ്റിച്ച് സംവിധാനം ചെയ്ത തന്റെ ആദ്യ നാടകത്തിന് കേട്ട വിമര്‍ശനത്തെ കുറിച്ച് അദ്ദേഹം തന്റെ നാടക സ്മരണകളില്‍ ഇങ്ങനെ കുറിച്ചു. ”ഒരു നാടകം കളിച്ചതിന്റെ പേരില്‍ അമ്മയ്ക്ക് വിളി കേട്ട ആ ദിവസം രാത്രി ഞാനുറങ്ങിയില്ല. ഒരു മനുഷ്യനും ഉണ്ടാകാത്ത ഒരപമാനം എനിക്കുണ്ടായിരിക്കുന്നത് പോലെ തോന്നി. ഒടുവില്‍ ഞാനെടുത്ത തീരുമാനമിതാണ് – ”ഇനി ജീവിക്കണമെങ്കില്‍ ഒരു നാടകകൃത്തും നടനുമായി ജീവിക്കണം. അതിനൊരംഗീകാരം കിട്ടാന്‍ എത്ര കൊല്ലം വേണ്ടമെങ്കിലും, ക്ലേശങ്ങള്‍ അനുഭവിക്കാന്‍ ഞാനൊരുക്കമാണ്”. ഏറെ താമസിയാതെ ആന്റണിയെ അംഗീകാരം തേടിയെത്തി. 1953 ല്‍ ആന്റണി എഴുതിയ ‘ ഇന്‍ക്വിലാബിന്റെ മക്കള്‍’ എന്ന നാടകം ഏറെ കോളിളക്കം സൃഷ്ടിച്ചു. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മൂലം തിരു കൊച്ചിയും മദ്രാസ് ഭരണകൂടവും നാടകം നിരോധിച്ചു. ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷം, നിരോധനം പിന്‍വലിച്ചപ്പോള്‍ ഇരുറൂറോളം സ്റ്റേജുകളില്‍ ഈ നാടകം കളിക്കാന്‍ ക്ഷണിക്കപ്പെട്ടു. അതോടെ പി ജെ ആന്റണി നാടക രംഗത്ത് പ്രശസ്തനായി.

ഒരു കമ്യൂണിസ്റ്റ് അനുഭാവിയായാണെങ്കിലും പൂര്‍ണമായും തന്റെ പ്രതിഭ രാഷ്ട്രീയത്തിന് അടിയറ വയ്ക്കാന്‍ ആന്റണി തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഒരു പ്രൊപ്പഗണ്ട നാടകം എന്നതില്‍ കൂടുതല്‍ പ്രധാന്യം ഇതിന് നല്‍കാന്‍ ആന്റണി തയ്യാറായില്ല. കൊച്ചി തുറമുഖത്തെ തൊഴില്‍ കുഴപ്പവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് നേരെ നടന്ന മട്ടാഞ്ചേരി പോലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച്, നിരോധനാജ്ഞ ലംഘിച്ച് ജാഥ നടത്തിയതിന് ആന്റണി അറസ്റ്റ് ചെയ്യപ്പെട്ടു. അക്കാലത്ത് ആന്റണിയെഴുതിയ ‘കാട്ടാളന്മാര്‍ നാടു ഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ’ എന്നത് മുദ്രാവാക്യം പോലെ ജനങ്ങള്‍ ഏറ്റുപാടിയ ഗാനമായിരുന്നു. രാജീവ് രവി ചിത്രമായ തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഈരടി സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പ്രചാരം നേടിയിരുന്നു.

വിപ്ലവം മാത്രമല്ല, ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിച്ച ആന്റണിയുടെ ‘മൂഷിക സ്ത്രീ’ എന്നത് മലയാളത്തിലെ മികച്ച കോമഡി നാടകങ്ങളിലൊന്നാണ്. ഈ നാടകത്തിന്റെ കഥയില്‍ ഒരു നാടകം ഉണ്ട്. അതില്‍ ‘ഒരാള്‍ ഒരു മരത്തില്‍ തൂങ്ങി മരിക്കുന്നു. ജീവന്‍ വെടിഞ്ഞ ആ നിമിഷം മരം പുഷ്പിക്കുന്നതായി നാടകത്തില്‍’ കാണിക്കുന്നു. ഉടനെ ഒരു കഥാപാത്രം പറയുന്നു, ‘ബള്‍ബിന്റെ പണിയാ മാഷെ !’

P J Antony- vaikom muhammad basheer

വൈക്കം മുഹമ്മദ് ബഷീർ, മധു, പി. ജെ. ആൻ്റണി ഭാർഗവി നിലയത്തിൻ്റെ ചിത്രീകരണ കാലത്ത്

അന്നത്തെ, പരമ്പരാഗത നാടകങ്ങളിലെ പ്രധാന പാര്‍ട്ടായിരുന്നു സ്റ്റേജിലിരുന്ന് പാടുന്ന ഹാര്‍മോണിസ്റ്റ്. അയാള്‍ ആ കാലത്തെ നാടകങ്ങളുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു. നാടകങ്ങളില്‍, ജീവിച്ചാലും മരിച്ചാലും പാട്ട് പാടി രംഗം കൊഴിപ്പിക്കുന്ന ഹാര്‍മോണിസ്റ്റിനെ ആന്റണി പിന്നണിയിലേക്ക് മാറ്റി. കനത്ത എതിര്‍പ്പ് വിളിച്ച് വരുത്തിയ ഒരു പരിഷ്‌ക്കാരമായിരുന്നു ഇത്. ഇതിനെ ഉറപ്പിക്കാനായി ഈ ‘പ്രമേയം അടിസ്ഥാനമാക്കി ആന്റണി ഒരു നാടകം തന്നെ എഴുതി അവതരിപ്പിച്ചു. സ്റ്റേജില്‍ അടയാഭരണങ്ങള്‍ അണിഞ്ഞ് പത്ത് വിരലില്‍ മോതിരവും പഴയ തമിഴ് നാടകങ്ങളുടെ ഹാര്‍മോണിസ്റ്റിനെ നായികനാക്കി പരിഹസിക്കുന്നതായിരുന്നു ഈ നാടകം.

അഭിനേതാക്കളേക്കാളും നാടക ഡയലോഗിനേക്കാളും പ്രാധാന്യം നല്‍കിയിരുന്ന ഹാര്‍മ്മോണിസ്റ്റിനെ വെറും പ്ലേബാക്കിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് ആന്റണിയുടെ ഈ മാറ്റത്തിന്റെ പാത പിന്നിട് കെ പി എ സി ഇത് അവരുടെ നാടകങ്ങളില്‍ സ്വീകരിച്ചു. ആന്റണിയുടെ സംവിധാന ശൈലിയെ കുറിച്ച് സഹപ്രവര്‍ത്തകനും മുതിര്‍ന്ന നാടക സംവിധായകനും എഴുത്തുകാരനുമായ നെല്‍സണ്‍ ഫെര്‍ണാണ്ടസ് പറയുന്നതിങ്ങനെ, ”നടീനടന്മാരുടെ അഭിനയ സിദ്ധിയുടെ അകിട് പിഴിഞ്ഞ് അവരെ കഥാപാത്രങ്ങളാക്കി മാറ്റുന്ന ഇന്ദ്രജാലമായിരുന്നു ആന്റണിയുടെ സംവിധാന കല. ആവശ്യമെന്ന് തോന്നുമ്പോള്‍ മാത്രം അഭിനയിച്ച് കൊടുക്കും. വില്ലനും നായകനും ചെറുപ്പക്കാരനും വൃദ്ധനും എന്ന് വേണ്ട എത് സങ്കീര്‍ണ കഥാപാത്രവും അദ്ദേഹത്തിന്റെ നടന വൈഭവത്തിന് മുന്‍പില്‍ വഴങ്ങുക തന്നെ ചെയ്യും. താന്‍ കാണിച്ച് കൊടുക്കുന്ന രീതി അതേപടി അനുകരിക്കണമെന്നില്ല; അതില്‍ നിന്നും പ്രചോദിതരായി തങ്ങളുടേതായൊരു ആവിഷ്‌ക്കരണ രീതി രൂപകല്‍പ്പന ചെയ്യണമെന്നേയുള്ളൂ.”

ഗീഥയെന്ന പ്രശസ്ത നാടക ട്രൂപ്പിന്റെ ഉടമ ചാച്ചപ്പന്‍ ചില റോളുകള്‍ തന്റെ നാടകങ്ങളില്‍ താന്‍ തന്നെ അഭിനയിക്കണമെന്ന നിര്‍ബന്ധക്കാരനായിരുന്നു. വേഴാമ്പല്‍ എന്ന നാടകത്തിലെ ഒരു പ്രധാന രംഗമഭിനയിക്കുന്നത് ആന്റണി പറഞ്ഞു മനസിലാക്കി, അഭിനയിച്ച് കാണിച്ച് കൊടുത്തു. ഒരച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയെന്ന വികാരം കത്തിജ്വലിക്കേണ്ട നാടകീയ മുഹൂര്‍ത്തമാണ് ഈ രംഗം. പല തവണ ആന്റണി കാണിച്ചു കൊടുത്തിട്ടും ചാച്ചപ്പന്‍ ആ രംഗം അഭിനയിക്കുന്നതില്‍ പരാജയപ്പെട്ടു. അപ്പോള്‍ ആന്റണി പറഞ്ഞു: ‘ഒരാളുടെ മുഖത്ത് രണ്ട് കാര്യങ്ങളാണ് വരുന്നത്. വികാരവും വസൂരിയും. ചാച്ചപ്പന്റെ മുഖത്ത് ആദ്യം പറഞ്ഞത് വരില്ല”.

തൊഴിലിനോടും ജീവിതത്തിനോടും തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തിയ വ്യക്തയായിരുന്നു ആന്റണിയെന്ന് ഒപ്പം അഭിനയിച്ച നടന്‍ പ്രേംജി ഒരിക്കല്‍ പറഞ്ഞു. ആന്റണിയെന്ന കലാകാരനെയും മനുഷ്യനെയും കുറിച്ചുള്ള പ്രേംജിയുടെ കൃത്യമായ നിരീക്ഷണമായിരുന്നു അത്. ‘നമ്മളൊന്ന് ‘ എന്ന നാടകത്തില്‍ ഒരു പഴഞ്ചന്‍ നായര്‍ കാര്‍ന്നോരായി പ്രേംജിയും മകനായി ആന്റണിയും അഭിനയിച്ചിരുന്നു. രണ്ട് വ്യത്യസ്തമായ അഭിനയ ശൈലികള്‍ ഈ നാടകത്തില്‍ കാണുന്ന അനുഭവം ഗംഭീരമായിരുന്നു. അഭിനയത്തെ അക്രമാസക്തമാക്കുന്ന പി. ജെ ആന്റണിയും കീഴ്സ്ഥായില്‍ അഭിനയത്തില്‍ മിതത്വം പാലിക്കുന്ന പ്രേംജിയും ഒരുമിച്ച് ഒരു നാടകത്തില്‍!

കെ.പി.എ.എസി ‘ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ‘ എന്ന നാടകം വിജയക്കൊടി പറപ്പിച്ചിരുന്ന അതേ കാലത്താണ് തൃശൂര്‍ കേരള കലാ വേദി ചെറുകാട് എഴുതിയ ‘നമ്മളൊന്ന്’ കളിച്ചിരുന്നത്. ജന്മിത്വത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും കഥയാണ് നമ്മളൊന്ന്. ഈ രണ്ട് കമ്യൂണിസ്റ്റ് നാടകവേദികള്‍ തമ്മില്‍ അക്കാലത്ത് കനത്ത മത്സരമായിരുന്നു. ആദ്യ അവതരണങ്ങളില്‍ ‘നമ്മളൊന്ന്’ നാടകത്തില്‍ ഗാനങ്ങളില്ലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിലാകട്ടെ നിറയെ പാട്ടുകളും. ‘മാരിവില്ലിന്‍ തേന്‍ മലരേ,’ ‘പൊന്നരിവാളിനമ്പിളിയില്‍ കണ്ണെറിയുന്നോളേ ‘ തുടങ്ങിയ ഒ.എന്‍.വി- ദേവരാജന്‍ കൂട്ടുകെട്ടിന്റെ കെ. എസ്. ജോര്‍ജിന്റെയും സുലോചനയും ആലപിച്ച, അതിലെ ഗാനങ്ങള്‍ കേരളത്തിലെങ്ങും, ജനങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങിയ കാലമായിരുന്നു അത്. കേരള കലാ വേദിയുടെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’, ‘പാട്ടബാക്കി’ തുടങ്ങിയ നാടകങ്ങളുടെ തുടര്‍ച്ചയായി വന്ന ‘നമ്മളൊന്ന്’ നാടകത്തില്‍ പാട്ടേ ഇല്ലായിരുന്നു. കണ്ണൂരില്‍ അഖിലേന്ത്യാ കിസാന്‍ സമ്മേളനത്തില്‍ ഒരു വേദിയില്‍ രണ്ട് നാടകങ്ങളും അവതരിപ്പിച്ചപ്പോള്‍ കെ. പി. എ. സി. ഗായക സംഘം നിറുത്താതെ ഗാനങ്ങള്‍ പാടി ‘നമ്മളൊന്നിനെ’ തോല്‍പ്പിച്ചു കളഞ്ഞു. അന്ന് കെ.പി.എ.സി ആദ്യം അവതരിപ്പിച്ച ഗാനങ്ങള്‍ സമയം കഴിഞ്ഞിട്ടും തീര്‍ന്നില്ല. സമൂഹ ഗാനങ്ങളും ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ ചില ഭാഗങ്ങളും അവതരിപ്പിക്കലുമായിരുന്നു പരിപാടി. സമ്മേളനത്തിന്റെ സൂത്രധാരന്‍ കെ.പി.ആര്‍ ഗോപാലന്‍ പറഞ്ഞിട്ട് പോലും കെ.പി.എ.സി ക്കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. 11 മണി വരെയേ മൈക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഒടുവില്‍ ബഹളമായി. ഒടുവില്‍ സമയം തീര്‍ന്നതിനാല്‍ നാടകം അവതരിപ്പിക്കാന്‍ കേരള കലാവേദിക്ക് കഴിഞ്ഞില്ല. ആ നിസ്സഹായവസ്ഥയില്‍ ഒന്നും ചെയ്യാനാവാതെ കെ. പി. ആര്‍. അവരോട് ക്ഷമായാചനം ചെയ്തു. അന്ന് നാടകം അഭിനയിക്കാതെ മേയ്പ്പ് കഴുകിക്കളയേണ്ടി വന്ന പ്രേംജിയുടെ കണ്ണുകള്‍ നിറഞ്ഞത് കണ്ട ആന്റണി തന്റെ നാടക സ്മരണകളില്‍ ഒരു നടനു മാത്രമേ ആ കണ്ണീരിന്റെ പിന്നിലെ വേദനയറിയൂ എന്നാണ് ഇതേ കുറിച്ച് എഴുതിയത്.

P J Antony

പിജെ ആന്റണി സംവിധാനം ചെയ്ത ഏക ചിത്രമാണ് പെരിയാര്‍

കെ.എസ്. ജോര്‍ജിന്റെയും സുലോചനയുടേയും ആലാപനത്തോട് മത്സരിക്കാനാവില്ലെന്ന് വന്നപ്പോഴാണ് ഒടുവില്‍ കേരള കലാ വേദി പൊന്‍കുന്നം ദാമോദരന്റെ ‘ പച്ചപ്പനന്തത്തേ പുന്നാര പൂമുത്തേ, വയലാര്‍ രാമവര്‍മ്മയുടെ ‘ഇരുനാഴി മണ്ണിനായി ഉഴലുന്ന കര്‍ഷകര്‍’ തുടങ്ങിയ പാട്ടുകള്‍ ചേര്‍ത്തത്. ഗാനങ്ങളുടെ പ്രസക്തി നാടകത്തില്‍ ഉറപ്പിച്ച മലയാള നാടക വേദിയില്‍ വഴിത്തിരിവായ സംഭവമായിരുന്നു അത്.

നാടക രചനയിലും റിഹേഴ്‌സലിലും ആന്റണി തികഞ്ഞ എകാഗ്രതയും ചിട്ടയും പുലര്‍ത്തിയ കലാകാരനായിരുന്നു. അണുവിട വിട്ട് വീഴ്ചയില്ല. താന്‍ എഴുതിയ ഡയലോഗുകളില്‍ അക്ഷരശുദ്ധി ആന്റണി കര്‍ശനമായി പാലിക്കും. മറ്റുള്ളവരെ കൊണ്ടും അത് ചെയ്യിക്കും. ‘ചൊല്ലിപ്പാടം’ എന്നത് നാടകരംഗത്ത് റിഹേഴ്‌സലിന് മുന്‍പ് സ്‌ക്രിപ്റ്റ് വായിച്ച് മനപാഠമാക്കി ഉച്ചാരണ സ്ഫുടതയോടെ ഡയലോഗ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കലാണ്. പ്രശസ്ത നാടക നടനും ഗായകനുമായ മരട് ജോസഫ് ഒരിക്കല്‍ റിഹേഴ്‌സലില്‍ വെള്ളം കുടിച്ചു. പ്രശസ്തമായ ‘പച്ചപ്പനന്തത്തേ പുന്നാര പൂമുത്തേ ഗാനം,’ സ്റ്റേജില്‍ പാടി അഭിനയിച്ച നടനാണ് മരട് ജോസഫ്. ചൊല്ലിപ്പാടം’ കഴിഞ്ഞ് റിഹേഴ്‌സല്‍ തുടങ്ങി. ബുദ്ധിമുട്ട് എന്ന് മരട് ജോസഫ് പറയുന്നത് ഭുധിമുട്ട് ആകുന്നു. കലൂരിലെ റിഹേഴ്‌സ് ക്യാമ്പില്‍ വെച്ചാണ് സംഭവം. ഇത് കേട്ട് ആന്റണി പറഞ്ഞു നിറുത്ത് – ‘ഉച്ചാരണം ശരിയാക്കിയിട്ടേ ഇനി റിഹേഴ്‌സലുള്ളൂ. ക്യാമ്പിലുള്ളവരും അയല്‍പക്കത്തുള്ളവരും നോക്കി നില്‍ക്കെ ആന്റണി അടുക്കളയില്‍ നിന്ന് അരി വെയ്ക്കുന്ന ഒരു ചെമ്പ് കലവും മുട്ടന്‍ കൊടുവടിയും പാചക്കാരനില്‍ നിന്ന് വാങ്ങി. ഒരു പായ നിലത്ത് വിരിച്ച് കലം കമഴ്ത്തി വെച്ചു. എന്നിട്ട് മരടിനോട് പറഞ്ഞു ‘തന്റെ ‘ഭുധിമുട്ട് ‘ ബുദ്ധിമുട്ട് ആകും വരെ ഓരോ പറച്ചിലിലും ഞാന്‍ ഈ കലത്തില്‍ കൊട്ടും, ആ, തുടങ്ങിക്കോ, മരട് തെറ്റി പറയും ആന്റണി വടി കൊണ്ട് കലത്തില്‍ കൊട്ടും, ഡോം !’ എതാണ്ട് രണ്ട് മണിക്കൂര്‍ ഇത് തുടര്‍ന്നു. ഒടുവില്‍ മരട് ജോസഫ് ബോധം കെട്ടു വീണു. എറണകുളം ജനറലാശുപത്രിയില്‍ ‘പ്രവേശിക്കുമ്പോഴും മരട് ജോസഫ് അബോധാവസ്ഥയിലും ആ പദം ഉച്ചരിക്കുകയായിരുന്നു. പക്ഷേ, ഇടയ്‌ക്കെപ്പോഴോ ‘ഭുധിമുട്ട് ‘ ബുദ്ധിമുട്ടായി മാറിയിരുന്നു. അബോധാവസ്ഥയില്‍ കിടക്കുമ്പോഴും ആന്റണി മരടിനോട് പറഞ്ഞു. ‘എടാ ശരിയായി, ശരിയായി ഇനി പറയേണ്ട’. പിന്നിടൊരിക്കല്‍ ആന്റണി മരടിനോട് പറഞ്ഞു. ‘ ഇനി നീ എവിടെപ്പോയി അഭിനയിച്ചാലും അക്ഷരത്തെറ്റിന്റെ , അക്ഷരസ്ഫുടതയുടെ പേരില്‍ നിന്നെ ആരും മാറ്റി നിറുത്തില്ല. അതിന് നീ ഇട വരുത്തില്ല. അതേ നിന്നെ പഠിപ്പിക്കാരുണ്ടായിരുന്നുള്ളൂ. അത് ഞാന്‍ നിന്നെ പഠിപ്പിച്ചിട്ടുണ്ട്.’

നടന്‍ തിലകന്‍ ആന്റണിയുടെ നാടക ട്രൂപ്പില്‍ ആദ്യമായി എത്തിയ കാലം. പുതിയ നാടകത്തിന്റെ റിഹേഴ്‌സല്‍ തുടങ്ങിയിട്ടാണ് തിലകന്‍ എത്തിയത്. നാടക ഡയലോഗ് പഠിക്കാന്‍ സമയം കിട്ടിയില്ല. ആന്റണിയുടെ സ്വഭാവം അറിയാവുന്ന തിലകന്‍ സത്യം പറഞ്ഞു. ‘ഞാന്‍ ഡയലോഗ് കാണാതെ പഠിച്ചിട്ടില്ല.’

നിര്‍ദാക്ഷിണ്യമുള്ള മറുപടി വന്നു. ‘എങ്കില്‍ പുറത്ത് പോകാം’

തിലകന്‍ പതറാതെ പറഞ്ഞു; ‘ഈയൊരു തവണ പ്രോംപ്റ്റ് ചെയ്യാന്‍ അനുവദിക്കണം. ഒറ്റ തവണ മതി. രണ്ടാമത്തെ റിഹേഴ്‌സലിന് വേണ്ട…

ആന്റണി തിലകന്റെ കണ്ണിലേക്ക് തറച്ചു നോക്കി. ആത്മവിശ്വാസത്തിന്റെ ദാര്‍ഷ്ഢ്യം കണ്ടതാകാം അതിന് വഴങ്ങി.

രണ്ടാം റിഹേഴ്‌സലില്‍ പ്രോംപ്റ്റ് ഇല്ല. പക്ഷേ, തിലകന്‍ ഭംഗിയായി ഓര്‍മ്മയില്‍ നിന്ന് എടുത്ത് വള്ളി പുള്ളി തെറ്റാതെ കൃത്യമായി ഡയലോഗ് പറഞ്ഞു.

ആന്റണി തൃപ്തനായി. അവിടെയുണ്ടായിരുന്ന നടീ നടന്മാരെ നോക്കി എന്നിട്ട് പറഞ്ഞു. ”കണ്ട് പഠിക്ക്.” തനിക്ക് ജീവിതത്തില്‍ ലഭിച്ചു വലിയ ബഹുമതിയായി തിലകന്‍ അതിനെ കണക്കാക്കിയിരുന്നു.

വിമോചന സമരക്കാലത്ത് സമരത്തിനെതിരെ ഒരു നാടകം എഴുതിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരുമാനിച്ചു. പറ്റിയ ആള്‍ പി ജെ ആന്റണിയാണെന്ന് കണ്ട പാര്‍ട്ടി മുഖ്യമന്ത്രി ഇഎംഎസ് എറണാകുളം ഗസ്‌റ് ഹൗസില്‍ വന്നപ്പോള്‍ ആന്റണിയെ ഹാജരാക്കി. ഇഎംഎസ് കാര്യം പറഞ്ഞു. ആന്റണി സമ്മതിക്കുകയും ചെയ്തു. ഇഎംഎസ് ചോദിച്ചു ”എപ്പോള്‍ നാടകം തരാനാകും?” എടുത്തടിച്ച പോലെ ഉത്തരം വന്നു. ”നാളെ രാവിലെ”. ആന്റണിയുടെ രചനാ രീതികള്‍ അറിയാത്ത ഇ.എം.എസ് അതൊരു വീണ്‍വാക്കായേ എടുത്തുള്ളൂ. ആന്റണി ഉടനെ ഗസ്റ്റ് ഹൗസില്‍ രണ്ട് മുറിയെടുത്ത് കേട്ടെഴുതാന്‍ രണ്ട് പേരെ എര്‍പ്പാടാക്കി.

ഒരു മുറിയിലുള്ള ആള്‍ക്ക് നാടകത്തിലെ ഒരു രംഗവും മറ്റേ മുറിയിലുള്ള ആള്‍ക്ക് പിന്നീടുള്ള രംഗവും മാറി മാറി പറഞ്ഞു കൊടുത്ത് വെളുപ്പിന് നാടകം പൂര്‍ത്തിയാക്കി. ‘വിമോചനം’ എന്ന ആ നാടകം പാര്‍ട്ടി ആ കാലത്ത് ഒരു പാട് വേദികളില്‍ അവതരിപ്പിച്ചു.

ആത്മവിശ്വാസം ധാരാളമുണ്ടെങ്കിലും ഓരോ നാടകത്തിന്റെയും അവതരണത്തിന്റെ ആദ്യ നിമിഷങ്ങളില്‍ സൈഡ് കര്‍ട്ടനോട് നില്‍ക്കുമായിരുന്ന ആന്റണിയുടെ മനസ്സും ശരീരവും വിറയ്ക്കുമായിരുന്നു. നടനും നാടകൃത്തുമായ പി.ജി. ആന്റണി ഇതേ കുറിച്ച് ഒരിക്കല്‍ ചോദിച്ചു. ‘ഭയമാണടോ, ആദ്യത്തെ ഡയലോഗ് ജനങ്ങളില്‍ എറിഞ്ഞ് പിടിപ്പിക്കണം. എറ്റുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ എന്റെ വിറയല്‍ മാറൂ’. മുന്നിലിരിക്കുന്ന പ്രേക്ഷകര്‍ നമ്മളേക്കാള്‍ വലിയവരാണെന്ന ഒരു കലാകാരന്റെ ഉറച്ചബോധമായിരുന്നു അത്.

അഭിനേതാവിന്റെ ശരീരഭാഷയിലും പടുതികളിലും രംഗസഞ്ചാരങ്ങളിലും ശബ്ദക്രമീകരണങ്ങളിലും ഇത്രയേറെ ശ്രദ്ധിച്ച നാടക സംവിധായകന്‍ അക്കാലത്ത് മലയാള വേദിയിലില്ലായിരുന്നു. നാടകകൃത്തായ ടി.എം. എബ്രഹാം രേഖപ്പെടുന്നു.’ ജന്മവാസനക്ക് പുറമേ പഠനങ്ങളിലൂടെയും താന്‍ സ്വാംശീകരിച്ച അഭിനയകലയെ കുറിച്ചുള്ള വെളിപാടുകള്‍ അതിസുക്ഷ്മമായി വിശദാംശങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ ആന്റണിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. നാടക സംവിധായകന്‍ എന്ന നിലയില്‍ പി.ജെ. ആന്റണിയെ വെല്ലാന്‍ മലയാള നാടക വേദിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല’

കെ.പി. എ.സി ഒരിക്കല്‍ കാമ്പിശ്ശേരിക്ക് അസുഖം ബാധിച്ചപ്പോള്‍ അദ്ദേഹം അഭിനയിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ളയായി പിന്നെ അഭിനയിക്കാന്‍ തിരഞ്ഞെടുത്തത് ആന്റണിയെയാണ്. റിഹേഴ്‌സല്‍ നടക്കവേ ആരോ പറഞ്ഞു. ‘കാമ്പിശ്ശേരി ഇങ്ങനെയല്ല അഭിനയിച്ചത്.’ ഉടനെ ആന്റണി മുഖത്തടിച്ച പോലെ പറഞ്ഞു ‘ഞാന്‍ കാമ്പിശ്ശേരിയാകണോ പരമുപിള്ളയാകണോ?’ സ്വന്തം വ്യാഖ്യാനം അനുസരിച്ചുള്ള ഒരു പുതിയ പരമുപിള്ളയെയായിരുന്നു പ്രേക്ഷകര്‍ പിന്നിട് വേദിയില്‍ കണ്ടത്. സംഭാഷ രീതിയിലും അഭിനയ രീതിയിലും പുതിയ ഒരു പരമുപിള്ളയേയാണ് ആന്റണി അവതരിപ്പിച്ചതെന്ന് ഒ. മാധവനും ജി. ജനാര്‍ദ്ദനക്കുറുപ്പും എഴുതിയത്.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1957 ല്‍ അധികാരത്തില്‍ വരും മുന്‍പ് എറണാകുളത്ത് നടന്ന ഒരു മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പി.ജെ. ആന്റണി കമ്മൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു . അദ്ദേഹം തോല്‍ക്കുക മാത്രമല്ല. പിന്നിട് പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് തന്നെ തോല്‍പ്പിച്ച വ്യക്തിക്ക് വാര്‍ഡില്‍ സ്വീകരണം നല്‍കാന്‍ ആന്റണിയെ ചുമതലപ്പെടുത്തി. ഒരക്ഷരം പറയാതെ അത് അദ്ദേഹം അനുസരിച്ചു. പക്ഷേ, പിന്നിടൊരിക്കലും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചില്ല.  1957 ല്‍ പുറത്ത് വന്ന തകഴിയുടെ കഥയായ ”രണ്ടിടങ്ങഴി’ യിലൂടെയാണ് ആന്റണി ചലചിത്ര നടനാകുന്നത്. അതിന് രണ്ട് വര്‍ഷം മുന്‍പ് പുറത്ത് വന്ന ‘സുഹൃത്ത്’ (1952)എന്ന പടത്തിന് വേണ്ടി ആന്റണി ഗാനങ്ങള്‍ എഴുതിയിരുന്നു. പിന്നീട്, നിണമണിഞ്ഞ കാല്‍പ്പാടുകളിലും രാമു കാര്യാട്ടിന്റെ ‘മുടിയനായ പുത്രനി’ലും അഭിനയിച്ചു.

‘കാറിന്റെ ലൈറ്റ് പോലെ മുഖത്ത് നിന്നും തള്ളി നില്‍ക്കുന്ന വലിയ വട്ടക്കണ്ണുകള്‍. ചിരട്ടയുടെ പരുക്കന്‍ ഫിനിഷിങുമുള്ള മുഖം. തെരുവിലെ കസര്‍ത്തുകാരെപ്പോലെ നെറ്റിയില്‍ നിന്ന് പിന്നിലേത് വളച്ചുവെച്ചിരിക്കുന്ന കമ്പി പോലുള്ള മുടി,” പി കെ ബാലകൃഷ്ണന്‍ ആന്റണിയെ കുറിച്ചെഴുതിയ വാങ്മയ ചിത്രമാണിത്. അന്നത്തെ മലയാള പാരമ്പര്യ ചലച്ചിത്ര നടന രൂപവുമായി സാമ്യമില്ലാത്ത രണ്ട് പ്രമുഖ നടന്‍മാര്‍ ഒന്ന് പി ജെ ആന്റണിയും പിന്നെയൊരാള്‍ സത്യനുമായിരുന്നു.

P J Antony-kaviyoor ponnamma

റോസിയിൽ – കവിയൂർ പൊന്നമ്മയൊത്ത്

തിരക്കഥാകൃത്തായി ആന്റണി അരങ്ങേറുന്നത് 1965 ല്‍ പി എന്‍ മേനോന്റെ ആദ്യ ചിത്രമായ ‘റോസി’ യിലൂടെയാണ്. നാടക രംഗത്ത് പി ജെ ആന്റണി വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ പോലെ, പലതും ചലചിത്ര രംഗത്ത് നടപ്പിലാക്കിയ ആളായിരുന്നു പി എന്‍ മേനോന്‍. ഒരു ട്രാജഡി കഥയായ റോസിയിലെ പ്രധാന നടമാരിലൊരാളും പി ജെ ആന്റണി തന്നെ. ഒരേ സ്വഭാവവും തരംഗ ദൈര്‍ഘ്യവുമുള്ള രണ്ട് പേര്‍ ഒരുമിച്ചാല്‍, സ്വാഭാവികമായും പൊട്ടിത്തെറിയുണ്ടാകുമല്ലോ.

തിരക്കഥ വായിച്ച് കഴിഞ്ഞപ്പോള്‍ മേനോനോട് ആന്റണി പറഞ്ഞു. ”നായികയുടെ മേരിയെന്ന പേര് മാറ്റണം”. മേനോന്‍ പറഞ്ഞു, ”അത് പറ്റില്ല. കഥയുടെ പശ്ചാത്തലത്തിന് അത് അനിവാര്യമാണ്.” എങ്കില്‍ വേറെ, ആളെ നോക്കണമെന്ന് ആന്റണി. ഇതിലെന്താണ് ചൂടാവാന്‍ കാര്യമെന്ന് മേനോന്‍. ആന്റണി ചോദിച്ചു, മേനോന്‍ എഴുതുന്ന തിരക്കഥയില്‍ തന്റെ ഭാര്യയുടെ പേര് ഭാരതിയെന്നുള്ളത് നായികക്കിടുമോ? ”എന്റെ ഭാര്യയുടെ പേര് മേരീന്നാ”. മേനോന് മനസിലായി, ആള്‍ ചില്ലറക്കാരനല്ല. ‘എങ്കില്‍ നായികയുടെ പേര് റോസിയാകട്ടെ’. രണ്ട് പേരും കൈ കൊടുത്തു.

റോസി നല്ലൊരു ചിത്രമായി വിലയിരുത്തപ്പെട്ടെങ്കിലും വാണിജ്യപരമായി പരാജയമായിരുന്നു. മലയാള സിനിമാ രംഗത്തെ ചിട്ടവട്ടങ്ങളോട് പൊരുത്തപ്പെടാന്‍ ആന്റണിയെപ്പോലെ ഒരു നിഷേധിക്ക് സാധിക്കില്ലായിരുന്നു. സിനിമയിലെ വിവേചനപരമായ കീഴ്‌വഴക്കങ്ങളില്‍ വെടിമരുന്ന് പോലെ പൊട്ടിത്തെറിക്കുന്ന ആന്റണിയെ സിനിമാക്കാര്‍ക്കും സഹിക്കാനാവുമായിരുന്നില്ല. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോട് ഷൂട്ടിങ്ങിനിടയില്‍ ആന്റണി പറഞ്ഞു, ‘നിങ്ങളുടെ സംവിധാന വിവരക്കേട് എനിക്ക് സഹിക്കുന്നില്ല, ജാഡകള്‍ തീരെ സഹിക്കുന്നില്ല. ഞാന്‍ ഇതില്‍ അഭിനയിക്കുന്നില്ല’. ആന്റണി സ്ഥലം വിട്ടു. ഏത് സന്ദര്‍ഭത്തില്‍ എങ്ങനെ അഭിനയിക്കണം എന്നതിനെ പറ്റി ഉറച്ച ബോധമുള്ള നടനായിരുന്നു ആന്റണി. സംവിധായകന്റെ ധാരണ അതിനൊത്തതല്ലെങ്കില്‍ അയാള്‍ വെള്ളം കുടിക്കും. മിക്ക സംവിധായകരേയും ഈ കാര്യത്തില്‍ ചോദ്യം ചെയ്ത നടനാണ് ആന്റണി. കേരളത്തിലെ ഏത് ഭാഗത്തേയും, ദേശഭേദമനുസരിച്ചുള്ള ഭാഷാ ശൈലികള്‍ വളരെ വിദഗ്ധമായി കൈ കാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഡബ്ബിങ് തീയറ്ററില്‍ ഒരിക്കല്‍ ഡയലോഗ് മോഡുലേഷന്‍ ഒന്നുകൂടി ഒതുക്കി പറയാമോ എന്ന് സൗണ്ട് എഞ്ചിനീയര്‍ ചോദിച്ചപ്പോള്‍ ഒന്നല്ല ഒരാറ് തരത്തില്‍ ഞാനത് പറയാം നിങ്ങള്‍ക്ക് വേണ്ടത് ഏതാണെന്ന് വച്ചാല്‍ അത് ഉപയോഗിച്ചോ എന്നായിരുന്നു മറുപടി. പിന്നീട് പല മോഡുലേഷനുകളിലുള്ള ഡയലോഗുകളുടെ ഒരു ഘോഷയാത്രയായിരുന്നു.

എഴുപതുകളുടെ ആദ്യം സിനിമാ രംഗം വിട്ട് കൊച്ചിയിലേക്ക് ആന്റണി തിരികെ വന്നു. സിനിമ തന്നെ വേണ്ട എന്ന് വച്ച് നാടക രചനയിലേക്ക് വീണ്ടും തിരിഞ്ഞപ്പോഴാണ് എം ടിയുടെ കത്തുമായി ഒരാള്‍ വരുന്നത്. ‘നിര്‍മാല്യം’ എന്നൊരു ചിത്രമെടുക്കുന്നു വെളിച്ചപ്പാടിന്റെ കഥയാണ്, പ്രതിഫലം ഇത്ര തരും. മറുപടി വന്നയാളിന്റെ കയ്യില്‍ കൊടുത്തുവിടണം.  ആന്റണി മറുപടിയൊന്നും എഴുതിയില്ല. ദൂതനോട് പറഞ്ഞു ‘ഞാന്‍ മതിയെങ്കില്‍, എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാല്‍ മതി’. അങ്ങനെയാണ് ആന്റണി മേലേക്കാവിലെ വെളിച്ചപ്പാടാകാന്‍ ശുകപുരത്തെ മുക്കുതലയിലെത്തുന്നത്. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന എം ടിയുടെ തന്നെ ചെറുകഥയായിരുന്നു ചിത്രത്തിനാധാരം. എം ടി ഈ പടത്തിലെ വേഷത്തെക്കുറിച്ച് ആദ്യമാലോചിച്ചത് നടന്‍ ശങ്കരാടിയുമായിട്ടാണ്. ശങ്കരാടി പറഞ്ഞു, ‘ചെയ്യാന്‍ എനിക്ക് മോഹമുണ്ട്. പക്ഷേ, എന്റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിന് ചേര്‍ന്നതല്ലല്ലോ”. ശങ്കരാടിയാണ് ആന്റണിയെ നിര്‍ദേശിക്കുന്നത്. ആന്റണിയുടെ സ്വഭാവമറിയാവുന്ന എം ടി ആദ്യം തന്നെ നടനുമായി ധാരണയിലെത്തി. ‘ആശാന്‍ ജോലിയുള്ളപ്പോള്‍ കുടിക്കരുത്. രാത്രി വേണമെങ്കില്‍ ആവാം എന്നെ കുഴപ്പത്തിലാക്കല്ലെ !’ ആന്റണി പറഞ്ഞു, ‘കേട്ട അത്ര കുഴപ്പമൊന്നുമില്ല വാസു’.

ചിറങ്ങര അമ്പലത്തിലെ കുളങ്കര വെളിച്ചപ്പാടിന് ദക്ഷിണ വെച്ച് ആന്റണി പഠനമാരംഭിച്ചു. പള്ളിവാളിന്റെ ചലനവും തുള്ളുമ്പോളുള്ള താളവും നടക്കുമ്പോഴുള്ള ചുവടുകളും ഭാവ പ്രകടനങ്ങളും ആന്റണി ഒപ്പിയെടുത്തു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ആന്റണിയെന്ന നടന്‍ മേലേക്കാവിലെ വെളിച്ചപ്പാടായി വേഷ പകര്‍ച്ചയിലെത്തി. കനം കുറഞ്ഞ ഡമ്മി കാല്‍ ചിലമ്പ് നിരസിച്ച്, വെളിച്ചപ്പാടിന്റെ ശരിയായ കാല്‍ ചിലമ്പ്, നല്ല കനമുള്ള ലോഹത്തിലുള്ളത് തന്നെ കാലിലണിഞ്ഞു. എന്നും രാവിലെ കുളിച്ച്, ചന്ദനകുറിയിട്ട് ആന്റണി ഭഗവതിയുടെ നടയില്‍ തൊഴുതിട്ടേ ക്യാമറയ്ക്ക് മുന്‍പിലെത്തുമായിരുന്നുള്ളൂ.

P J Antony

തന്റെ വിശ്വാസത്തേക്കാള്‍ വലുതാണ് കല എന്ന് കരുതിയ ഒരു നടന്റെ വിശ്വാസപ്രമാണമായിരുന്നു അത്. ആ അര്‍പണ ബോധത്തിന്റെയും അദ്ധ്വാനത്തിന്റെയും പൂര്‍ണതയായിരുന്നു നിര്‍മാല്യമെന്ന ചിത്രത്തില്‍ ആന്റണി അഭിനയിച്ച കഥാപാത്രമായ വെളിച്ചപ്പാട്. ദൈന്യതയോടെ, കുടുംബത്തെ പരിപാലിക്കാന്‍ ഭഗവതിയെ മാത്രം മനസില്‍ ധ്യാനിച്ച് നടക്കുന്ന ദരിദ്രനായ, ഭിക്ഷ യാചിക്കുന്ന വെളിച്ചപ്പാട്. ദുരിതങ്ങള്‍ മാത്രം കൈമുതലായ, ജീവിതത്തില്‍ ഭാര്യയുടെ മാനം പോലും കൈമോശം വന്നുവെന്നറിഞ്ഞ് സര്‍വവും നഷ്ടപ്പെട്ട് ദേവിയുടെ നടയില്‍ ഉറഞ്ഞുതുള്ളി, അനുഭവിച്ച കയ്പ്പാകെ ദൈവത്തിന് നേരെ തുപ്പിയ വെളിച്ചപ്പാട് ഹൃദയ വ്യഥയായ് ഒരു പാട് കാലം നോവിച്ച കഥാപാത്രമായി അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഓര്‍മയിലുണ്ട്. ആ വേഷം ആന്റണിയുടെ അഭിനയത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായി മാറി. ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ഭരത് പുരസ്‌കാരം തന്നെ അദ്ദേഹത്തെ തേടിയെത്തി.

അര നൂറ്റാണ്ട് മുന്നിലെ കേരള സൗന്ദര്യം മനോഹരമായി പകര്‍ത്തിയ ചിത്രം കൂടിയാണിത്. നിര്‍മ്മാല്യത്തില്‍ പുഴയുണ്ട്, ആല്‍മരമുണ്ട്, നാടന്‍ വേലികളുണ്ട്, ചെറിയ നാട്ടുവഴികളുണ്ട്, അമ്പലമുണ്ട്, ശാന്തിക്കാരനുണ്ട്, ഉത്സവമുണ്ട്. 50 വര്‍ഷം മുന്‍പത്തെ ഒരു കേരളീയ ഗ്രാമത്തെ മനോഹരമായി ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒപ്പിയെടുത്ത ക്യാമറാമാന്‍ രാമചന്ദ്രബാബുവിന്റെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നാണ് നിര്‍മ്മാല്യം.

ക്ഷേത്രനടനങ്ങളുടെ ചുവടുകളും പെരുമാറ്റരീതികളും അദ്ദേഹത്തില്‍ നിന്ന് മനസ്സിലാക്കുകയും ചെയ്തു. സൂക്ഷ്മമായി നിരീക്ഷിച്ച് എം ടി വിഭാവനം ചെയ്തതുപോലെ വെളിച്ചപ്പാടിനെ സ്‌ക്രീനില്‍ സജീവമാക്കുന്നതില്‍ വിജയിച്ചു. ഒരു ദിവസം മുഴുവന്‍ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ കാലില്‍ കനത്ത വെങ്കല കണങ്കാലില്‍ അടിയേറ്റ് ചോരയൊലിച്ചിട്ടും മയക്കത്തിലെന്ന പോലെ അഭിനയിച്ചു. പിറ്റേന്ന് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നെങ്കിലും വെളിച്ചപ്പാടിന്റെ ഷോട്ട് കുളികഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോള്‍, ഗ്രാമവാസികളുടെ ആദരവ് ഏറ്റുപറഞ്ഞുകൊണ്ട് ഒരു പുഞ്ചിരിയോടെ അദ്ദേഹം അഭിമാനത്തോടെ നടന്നു. അഭിനയ കലയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം അത്രത്തോളം ആയിരുന്നു, അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ അതിശയിക്കാനില്ല. അദ്ദേഹം ശരിക്കും അതിന് അര്‍ഹനാണ്, എന്റെ കരിയറില്‍ ഇത്രയും ഒറിജിനലായ ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല. ക്യാമറ കൊണ്ട് നിര്‍മ്മാല്യത്തിലെ ദൃശ്യങ്ങള്‍ അനശ്വരമാക്കിയ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു എഴുതി.

അഹിന്ദുവും ക്രിസ്ത്യാനിയുമായ പിജെ ആന്റണി ക്ഷേത്രത്തില്‍ ‘പ്രവേശിക്കുന്നത് തടഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ കുറച്ചുപേര്‍ അവിടെയുണ്ടായിരുന്നു. ക്ലൈമാക്സ് ഉള്‍പ്പെടെ എല്ലാ എക്സ്റ്റീരിയര്‍ സീനുകളും പൂര്‍ത്തിയാക്കാന്‍ എംടി പ്ലാന്‍ ചെയ്യുകയും ഷെഡ്യൂള്‍ അവസാനിക്കുമ്പോള്‍ പിജെ ആന്റണി ഉള്‍പ്പെടുന്ന ക്ഷേത്രത്തിന്റെ ഇന്റീരിയര്‍ സീനുകള്‍ നിലനിര്‍ത്തുകയും ചെയ്തു. ആ സമയത്ത് എന്തെങ്കിലും ശക്തമായ എതിര്‍പ്പ് വന്നാല്‍, ഇന്റീരിയര്‍ ഭാഗത്തിന് അനുയോജ്യമായ ഒരു സെറ്റ് സ്ഥാപിച്ച് സിനിമ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി.

എല്ലാ സീനുകളും പൂര്‍ത്തിയാക്കിയ ശേഷം ക്ഷേത്രത്തിനുള്ളില്‍ പി ജെ ആന്റണിയുടെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടി വന്നു, പതിവുപോലെ എതിര്‍ക്കാന്‍ തയ്യാറായവരെ കബളിപ്പിക്കാന്‍ പി.ജെ.ആന്റണിക്ക് പകരം മറ്റൊരു വെളിച്ചപ്പാട് വേഷം ധരിച്ച് വന്നു. അദ്ദേഹം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന്റെ ഒരു നീണ്ട ഷോട്ട് എടുത്തു, ക്ഷേത്രത്തിന്റെ ഉള്‍വശം മുഴുവനായി വീക്ഷിക്കാന്‍ പോകുന്നതിനാല്‍ ക്യാമറയുടെ വ്യൂവില്‍ വരുമെന്ന് പറഞ്ഞ് ആരെയും അകത്തേക്ക് കയറ്റിയില്ല. വാതിലുകള്‍ ഉറപ്പിച്ച ശേഷം, പിന്‍വാതിലിലൂടെ പിജെ ആന്റണിയെ അകത്തേക്ക് കടത്തിവിട്ടു, അദ്ദേഹത്തിന്റെ എല്ലാ രംഗങ്ങളും സൂര്യോദയത്തിന് മുമ്പ് എടുത്തിരുന്നു. പിന്നീട് സിനിമ ഇറങ്ങിയതിന് ശേഷം ക്ഷേത്രം മലിനമാക്കിയതിന് എംടി ക്കെതിരെ കേസെടുക്കുകയും ശുദ്ധീകരണ ചടങ്ങുകള്‍ക്ക് പണം നല്‍കേണ്ടി വരികയും ചെയ്തു. ഈ കുഴപ്പങ്ങള്‍ക്ക് നടുവില്‍ നിതാന്ത ജാഗ്രതയോടെയാണ് രാമചന്ദ്രബാബുവും സംവിധായകനനായ എം.ടി.യും നിര്‍മ്മാല്യം പൂര്‍ത്തിയാക്കിയത്.

‘നിര്‍മ്മാല്യം ആറിനെതിരെ പതിമൂന്ന് വോട്ടുകള്‍ നേടിയാണ് ഫൈനല്‍ റൗണ്ടില്‍ 1974ല്‍ ദേശീയ തലത്തിലെ മികച്ച ചിത്രമായത്. മികച്ച സംവിധായകന്‍, നടന്‍ എന്നീ അംഗീകാരങ്ങള്‍ മലയാളത്തിന് ലഭിച്ചു. സുകുമാരന്‍, രവി മേനോന്‍, സുമിത്ര എന്നീ താരങ്ങള്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് നിര്‍മ്മാല്യം. നിര്‍മ്മാല്യത്തിന് ഭരത് അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യമായി നല്‍കിയ സ്വീകരണത്തില്‍ ആന്റണി പറഞ്ഞത് ഇതായിരുന്നു, ‘എന്നെ സിനിമാ നടന്‍ എന്ന് വിളിക്കരുത്. എന്റെ ആത്മാവും, ചൈതന്യവും നാടകത്തിലാണ്’.

P J Antony Bharat Award

ഭരത് പുരസ്കാരം സ്വീകരിക്കുന്ന പി.ജെ. ആൻ്റണി

ഡല്‍ഹിയില്‍ എം.ടിയോടൊപ്പം ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയ ആന്റണിക്കും കൂടെയുള്ളവര്‍ക്കും നല്ല അനുഭവമായിരുന്നില്ല. ‘ഡല്‍ഹിയിലെ പാദുഷമാര്‍ നമ്മുടെ കലാകാരമാരെ തേജോഹത്യ ചെയ്ത് അപമാനിക്കുകയായിരുന്നു. മാതൃഭൂമി ദിനപത്രം ഇതേ കുറിച്ച് എഴുതി.

മടങ്ങി വന്ന് കേരളത്തില്‍ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി സി. അച്യുതമേനോന്റെ അദ്ധ്യക്ഷതയില്‍ ടാഗോര്‍ തിയേറ്ററില്‍ ഭരത് പി.ജെ. ആന്റണിക്ക് സ്വീകരണം നല്‍കി. മറുപടി പ്രസംഗത്തില്‍ ആന്റണി പറഞ്ഞു.

‘സ്വന്തം കാറും വിമാനമൊക്കെയുള്ള പണക്കാര്‍ക്ക് അവാര്‍ഡുകള്‍ വലിയ അലങ്കാരമാണെങ്കിലും എന്നെപ്പോലെയുള്ളവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്ത ഭാരമാണ്. ദിവസം നാലും അഞ്ചും സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി വൈകി വീട്ടില്‍ ചെല്ലുമ്പോള്‍ അരി വാങ്ങാന്‍ കഴിയാത്തതു കൊണ്ട് പട്ടിണിയില്‍ തളര്‍ന്നു മയങ്ങുന്ന ഭാര്യയേയും കുട്ടികളേയുമാണ് കാണുന്നതെങ്കില്‍ ഈ അവാര്‍ഡ് ഒരു ഭാരമല്ലാതെ മറ്റെന്താണ് ?(‘അന്ന് ഭരത് അവാര്‍ഡിന് സമ്മാന തുക ഉണ്ടായിരുന്നില്ല). മുമ്പ് അവാര്‍ഡ് നിരസിച്ചവനാണ് ഞാന്‍. പട്ടിണി കിടക്കുന്നവന് ഭക്ഷണത്തിന് വല്ലതും നല്‍കാതെ അവാര്‍ഡ് നല്‍കി അപമാനിക്കുന്ന ഈ എര്‍പ്പാടിന് ഞാന്‍ വഴങ്ങുന്നത്,
മദ്രാസിലും, ബോംബയിലും, കല്‍ക്കട്ടയിലും ജീവിക്കുന്ന പര സഹസ്രം മലയാളികള്‍ക്ക് കേരളത്തിന്റെ പേരില്‍ അഭിമാനം കൊള്ളാന്‍ ഇത് വകനല്‍കുമല്ലോ എന്ന് ചിലര്‍ ഉപദേശിച്ചതുകൊണ്ട് മാത്രമാണ്. തമ്പുരാന് മുതുകില്‍ പുണ്ണു വന്നാല്‍ എണ്ണയും കുഴമ്പുമാണ് മരുന്ന്. പുലയന് മുതുകില്‍ പുണ്ണ് വന്നാല്‍ തൂമ്പയാണ് ഔഷധം.’

നാടകത്തില്‍ നിന്നോ, സിനിമയില്‍ നിന്നോ ഒരു കലാകാരന് സ്വരൂപിക്കാന്‍ പറ്റാവുന്ന ഒരു സമ്പാദ്യവും ആന്റണി നേടിയില്ല. പണത്തിന് വേണ്ടി എഴുതാനോ കിട്ടുന്ന പ്രതിഫലം ഭാവിയില്‍ പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനോ ആന്റണിക്ക് കഴിഞ്ഞിരുന്നില്ല. കയ്യില്‍ പണമുണ്ടെങ്കില്‍, വാരിക്കോരി ചിലവാക്കുക. പ്രലോഭനങ്ങളുടെ ലഹരിയും സൗഹൃദങ്ങളും ഒഴിവാക്കാന്‍ അയാള്‍ക്കൊരിക്കലുമായില്ല. രണ്ടറ്റവും കത്തിച്ച മെഴുകുതിരി പോലെയായി ആ ജീവിതം.

നാടകങ്ങളുടെ ഒരു സമാഹാരം എത്തിച്ച് തന്നാല്‍ തന്റെ ഒരു അവതാരിക എഴുതി പ്രസിദ്ധീകരിക്കാമെന്ന് നിരുപക ശ്രേഷ്ഠനായ ജോസഫ് മുണ്ടശ്ശേരി ഒരിക്കല്‍ ആന്റണിയോട് പറഞ്ഞു. മുണ്ടശ്ശേരിയുടെ മകന്‍ കറന്റ് തോമസ് പ്രസാധക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു അന്ന്. മുണ്ടശ്ശേരിയുടെ അവതാരിക ഉണ്ടെങ്കില്‍ പുസ്തകം വിറ്റു പോകും. ആന്റണി പറഞ്ഞു, ”അവതാരികയുടെ പേരിലുള്ള കച്ചവടം വേണ്ട. പി ജെ ആന്റണി എഴുതിയതാണെന്നറിഞ്ഞുള്ള വില്‍പ്പന മതി.”

P J Antony

മുറപ്പെണ്ണിൽ നിന്ന്

നിര്‍മ്മാല്യത്തിന് ശേഷം അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല. കെ പി കുമാരന്റെ അതിഥി, എം എന്‍ തമ്പിയുടെ ”പാദസ്വരം’ തുടങ്ങിയവയാണ് അക്കാലത്ത് അഭിനയിച്ച എടുത്ത് പറയാനുള്ള ചിത്രങ്ങള്‍. നിര്‍മ്മാല്യത്തിലെ അംഗീകാരം സാമ്പത്തികമായി ഒരു പ്രയോജനവും അദ്ദേഹത്തിന് നല്‍കിയില്ല. സ്വീകരണ പീഡനങ്ങള്‍ എറ്റുവാങ്ങി ആരോഗ്യം മോശമായി എന്നത് മാത്രം.

നൂറ്റിപ്പതിനഞ്ചോളം നാടകങ്ങള്‍, എഴ് നോവലുകള്‍, കവിതാ സമാഹാരം, ലേഖന സമാഹാരം, ഗാന സമാഹാരം എന്നിവ രചിച്ചു. 75 ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു, എട്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ഒരു സിനിമ സംവിധാനം ചെയ്തു. 1972 ല്‍ പുറത്തിറങ്ങിയ’ പെരിയാര്‍’ എന്ന ചിത്രം. കഥ, തിരക്കഥ, ഗാനങ്ങള്‍, സംവിധാനം പി ജെ ആന്റണി. പടം പരാജയമായിരുന്നു. നടന്‍ തിലകന്‍ ആദ്യമായി അഭിനയിച്ച ചിത്രമായ പെരിയാര്‍ ഇന്ന് ഓര്‍മിക്കപ്പെടുന്നത് ‘ബിന്ദു ബിന്ദു, ഒതുങ്ങി നില്‍പ്പൂ’ എന്ന ജയചന്ദ്രന്‍ പാടിയ മനോഹരമായ ഗാനത്തിന്റെ പേരിലായിരിക്കും. ആന്റണി തന്നെ എഴുതിയ, പി കെ ശിവദാസ് ഈണമിട്ട ഗാനം.

P J Antony Movie

ആൻ്റണിയുടെ അവസാന ചലച്ചിത്രം

തച്ചോളി ഒതേനിലെ കതിരൂര്‍ ഗുരുക്കള്‍, നഗരമേ നന്ദിയിലെ കാര്‍ ഡ്രൈവര്‍, മുറപ്പെണ്ണിലെ അമ്മാവന്‍, നദിയിലെ വര്‍ക്കി എന്നിങ്ങനെ എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി. മദ്രാസിലെ വാസം അവസാനിപ്പിച്ച് കൊച്ചിയില്‍ വീണ്ടും തിരികെ എത്തി നാടകരംഗത്തേക്ക് വന്നെങ്കിലും ചിത്രമാകെ മാറിയിരുന്നു. പ്രൊഫഷനല്‍ ട്രൂപ്പുകള്‍ നാടകരംഗം പിടിച്ചടക്കി. നാടകം സമൂഹത്തിന്റെ വഴികാട്ടിയാണെന്ന സങ്കല്‍പ്പം മാറി. പുതിയ ഫോര്‍മുലകള്‍, ട്രൂപ്പുകള്‍, ഈ സാഹചര്യത്തില്‍ ആന്റണി പുതിയ നാടക വേദിക്ക് അന്യനായിക്കഴിഞ്ഞിരുന്നു.
പി എ ബക്കറിന്റെ ‘മണ്ണിന്റെ മാറില്‍’ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ഒരിക്കല്‍ കൂടി ആന്റണി മദ്രാസില്‍ എത്തി. ആരോഗ്യം ഒട്ടും നന്നായിരുന്നില്ല. സുഖമില്ലെങ്കില്‍ പിന്നെ ചെയ്യാം ആശാനെ എന്ന് ബക്കര്‍ പറഞ്ഞപ്പോള്‍, വേണ്ട നാളെ ഞാന്‍ ജീവിച്ചിരിക്കുമെന്താണുറപ്പ് എന്നാണ് ആന്റണി മറുപടി പറഞ്ഞത്. ഡബ്ബിങ് ആരംഭിച്ചു. പടത്തില്‍ ഒരു കഥാപാത്രത്തിന്റെ മരണ രംഗമായിരുന്നു ആന്റണിക്ക്. ഡബ്ബ് ചെയ്യാനുള്ളത്. കുറച്ച് വാക്കുകളും ചലനവും മാത്രം. ഏറെ കഴിയും മുന്‍പ്, ആന്റണി ചോര ഛര്‍ദ്ദിച്ച് നിലത്തുവീണു. ഉടനെ വിജയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ആ പ്രതിഭ ജീവന്‍ വെടിഞ്ഞിരുന്നു. 1979 മാര്‍ച്ച് 14 ആയിരുന്നു അന്ന്. 54 വയസ് മാത്രമുള്ളപ്പോഴാണ് പി ജെ ആന്റണി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

മദ്രാസില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന മൃതശരീരം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ അന്ത്യദര്‍ശനത്തിന് വച്ചതിന് ശേഷം പോണേക്കര പള്ളിയില്‍ അടക്കം ചെയ്തു. ഭാര്യ മേരിയോട് മരണത്തിന് മുന്‍പ് ഒരു കാര്യം പറഞ്ഞ് ഉറപ്പ് വരുത്തിയിരുന്നു തന്റെ ദരിദ്രകുടുംബ രക്ഷയ്ക്കായി ഒരുത്തനേയും ഫണ്ട് പിരിക്കാന്‍ അനുവദിക്കരുത്. പി ജെ ആന്റണി എന്ന നിഷേധിയുടെ അവസാനത്തെ കല്‍പ്പന അതായിരുന്നു.

P J Antony family

ഫോട്ടോ ഗ്രാഫർ പി. ഡേവിഡും ശങ്കരാടിയും പി. ജെ. ആൻ്റണിയുടെ കുടംബത്തിനോടൊപ്പം

‘ആന്റണിയേപ്പറ്റി മിക്കവാറും പത്രങ്ങള്‍ എഴുതിയ ചരമക്കുറിപ്പുകള്‍ ഞാന്‍ സശ്രദ്ധം വായിച്ചു. അവയില്‍ മുക്കാലേ മുണ്ടാണിയും ആന്റണിയിലെ ചലചിത്ര നടനെയാണ് പ്രതിപാദിക്കുന്നത്. പക്ഷേ, ആന്റണി ചലച്ചിത്രത്തേക്കാള്‍ ഇഷ്ടപ്പെട്ട കലാമാദ്ധ്യമം നാടകമായിരുന്നുവെന്നത് ചലച്ചിത്ര രംഗം ഉപേക്ഷിച്ച് ആന്റണി ഒരിക്കല്‍ നാടകരംഗത്തേക്ക് തിരിച്ചു പോയി എന്ന് എഴുതി പോകുന്ന പത്രങ്ങള്‍ പോലും മറന്നു കളയുന്നു, അഥവാ അതിന്റെ അര്‍ത്ഥം അവര്‍ക്ക് മനസിലാവുന്നില്ല. പക്ഷേ, ഞാനോര്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകാരായ ഞങ്ങളോര്‍ക്കുന്നത് ഒരു നാടകകൃത്തും, സംവിധായകനുമായ, നാടകാചാര്യനായ ആന്റണിയേയാണ്. ഞങ്ങളുടെ മണ്ണും മറ്റും എഴുതുകയും സംവിധാനം ചെയ്യുകയും അവയില്‍ അഭിനയിക്കുകയും ചെയ്ത ആന്റണിയേയാണ്. വിമോചന സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറം തള്ളിയ ശേഷം നാടുനീളെ അവതരിപ്പിച്ച ഹാസ്യ നാടകങ്ങളുടെ കര്‍ത്താവായ ആന്റണിയെയാണ്. ആന്റണിയിലെ കലാകാരനും വിപ്ലവകാരിയും ഒന്നിനൊന്നു വേര്‍പെടുത്താന്‍ കഴിയാത്ത വണ്ണം അഭേദ്യങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന പല കലാകാരന്‍മാരും തങ്ങള്‍ ചവുട്ടിക്കയറിയ ഏണിപ്പടിയെ തള്ളിത്താഴെയിട്ടു പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ അന്വേഷിച്ച് പോയിട്ടുണ്ട്. മുതലാളിമാര്‍ മാത്രമല്ല, ബുദ്ധിജീവികളെന്നും നിരൂപക കേസരികളെന്നും അഭിമാനിക്കുന്ന മാന്യന്മാര്‍ അത്തരക്കാരെ എന്നും പൂവിട്ട് പൂജിക്കാനും പാടി പുകഴ്ത്താനും മടി കാണിച്ചില്ല. എന്നാല്‍ പി ജെ . ആന്റണി ആ മാര്‍ഗ്ഗം സ്വീകരിച്ചില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനായി തന്നെ ആത്മാര്‍ത്ഥതയോടു കൂടി അദ്ദേഹം കലയെ സ്‌നേഹിച്ചു.’ നവയുഗത്തില്‍ സി. അച്ചുത മേനോന്‍ ചരമ കുറിപ്പില്‍ ആ വലിയ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടെഴുതി.  P J Antony, Indian stage and film actor 100th birth anniversary 

Content Summary; P J Antony, Indian stage and film actor 100th birth anniversary

×