പഹല്‍ഗാം കേവലം തിരഞ്ഞെടുപ്പ് വിജയത്തിനുള്ള പ്രചാരണായുധം ആക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രതിപക്ഷം. ആക്രമണം നടന്ന് മൂന്നാം ദിവസം പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തതിനെതിരേ നിശിതമായ വിമര്‍ശനമാണ് രാജ്യത്തുയര്‍ന്നിരിക്കുന്നത്. പഹല്‍ഗാം ആക്രമണം നടന്നതിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആദ്യമായി പൊതുമധ്യത്തിലെത്തുന്നത് ഈ വര്‍ഷമവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലാണ്. അവിടെ മധുബനില്‍ സംഘടിപ്പിച്ച ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ ഉത്ഘാടനം ചെയ്തും,അതിനുശേഷം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയലും മോദി പങ്കെടുത്തു.
പഹല്‍ഗാം ആക്രമണം തന്നെയായിരുന്നു തന്റെ പ്രസംഗത്തില്‍ മോദി പ്രധാനമായും ഉപയോഗിച്ചത്. കേള്‍വിക്കാരെ ആവേശം കൊള്ളിക്കുന്ന വാചകങ്ങളായിരുന്നു പ്രധാനമന്ത്രിയുടെത്. ആക്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ശിക്ഷയായിരിക്കും നല്‍കുകയെന്ന്് അദ്ദേഹം ജനക്കൂട്ടത്തെ നോക്കി പറഞ്ഞു. തീവ്രവാദികളുടെ അവശേഷിക്കുന്ന ഇടവും ഇല്ലാതാക്കും. 140 കോടി ഇന്ത്യാക്കാരുടെ ഇച്ഛാശക്തി തീവ്രവാദികളുടെ നട്ടെല്ലൊടിക്കും. സ്വതസിദ്ധമായ ശൈലിക്കും ഒഴുക്കിനും ഹിന്ദിയെ ആശ്രയിക്കുന്ന പ്രധാനമന്ത്രി പ്രത്യേക സാഹചര്യം മനസിലാക്കി ലോകം കൂടി ശ്രദ്ധിക്കാനായി ഇംഗ്ലീഷ് ഉപയോഗിച്ചു. എല്ലാ തീവ്രവാദികളെയും ഇന്ത്യ കണ്ടെത്തുമെന്നും അവരെയെല്ലാം ശിക്ഷിക്കുമെന്നും എന്നുള്ള വാചകം ആഗോള സന്ദേശമാക്കി.
പക്ഷേ, ഇക്കാര്യങ്ങളൊക്കെയും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയില്‍ വോട്ടിനുവേണ്ടി പറയേണ്ടതല്ല എന്നാണ് കോണ്‍ഗ്രസും രാഷ്ട്രീയ ജനതാദളും(ആര്‍ജെഡി) കുറ്റപ്പെടുത്തുന്നത്. ഭീകരാക്രമണത്തില്‍ രാജ്യം ദുഖാചരണത്തില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി തീരുമാനിച്ച പ്രകാരം തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുകയാണ് ചെയ്തതെന്നാണ് ബിഹാര്‍ കോണ്‍ഗ്രസ് ഘടകം ആരോപിക്കുന്നത്. പഹല്‍ഗാം പശ്ചാത്തലത്തില്‍ അമേരിക്കന്‍ പര്യടനം റദ്ദാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരികെ പോന്നകാര്യം കൂടി ഓര്‍മിപ്പിച്ചാണ് മോദിയുടെ ഔചിത്യമില്ലായ്മയെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നത്.
ആര്‍ജെഡിയുടെ ഇന്നലത്തെ എക്‌സ് പോസ്റ്റിലെ പരിഹാസം ഇങ്ങനെയായിരുന്നു; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിതകള്‍ക്ക് ഇതുവരെ തീ കൊളുത്തിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി നാളെ പ്രചാരണത്തിനും പ്രസംഗങ്ങള്‍ക്കുമായി ബിഹാറില്‍ എത്തും.
28 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്, സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. ആക്രമണം നടന്ന വൈകുന്നേരം സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നിരുന്നു. ബുധനാഴ്ച രാത്രി ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് ബുധനാഴ്ച്ച രാവിലെ തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് പോരുകയായിരുന്നു.
എന്നാല്‍, ഇതേ വികാരവും വിവേചനവും ഇവിടെ വന്നശേഷം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. വോട്ടര്‍മാരെ ആകര്‍ഷിക്കാനും ആവേശം കൊള്ളിക്കാനുമായിട്ടല്ല തന്റെ രാജ്യത്തിന്റെ പ്രതികരണങ്ങള്‍ ഒരു പ്രധാനമന്ത്രി പറയേണ്ടതെന്നാണ് രാഷ്ട്രീയക്കാര്‍ക്ക് പുറമെ സമൂഹമാധ്യമങ്ങളിലൂടെ സാധാരണ ജനങ്ങളും അഭിപ്രായപ്പെടുന്നത്.
വൈകാരികമായി കേള്‍വിക്കാരെ കൈയിലെടുക്കാനുള്ള മികവ് ബിഹാര്‍ റാലിയും മോദി പുറത്തെടുത്തിരുന്നു. പ്രസംഗം ആരംഭിക്കുന്നത് മുമ്പ് അദ്ദേഹം സദസിനോട് പഹല്‍ഗാമില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്കായി രണ്ട് മിനിട്ട് മൗനം ആചരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ജനം കൂടുതല്‍ വികാരഭരിതരായി. മൗന പ്രാര്‍ത്ഥനയ്ക്ക് ശേഷം അവര്‍ രോഷത്തോടെ പാകിസ്താന്‍ മുര്‍ദാബാദ് വിളിച്ചു. പിന്നാലെ, തീവ്രാദികള്‍ക്കെതിരേയുള്ള ഇന്ത്യയുടെ പ്രതികരണം എങ്ങനെയൊക്കെയായിരിക്കുമെന്ന് മോദി ഓരോ തവണ പറയുമ്പോഴും ജനത്തിന്റെ ആവേശം കൂടി.
2012 കാലം, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയാണ് നരേന്ദ്ര മോദി, ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ യുപിഎ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന മോദിയുടെ ഒരു വീഡിയോ വ്യാപക പ്രചാരം നേടിയിരുന്നു. തീവ്രവാദികള്‍ക്കും നക്‌സലൈറ്റുകള്‍ക്കും എവിടെ നിന്നാണ് ആയുധങ്ങള്‍ കിട്ടുന്നത്? അവ വിദേശ മണ്ണുകളില്‍ നിന്നെത്തുന്നതാണ്. ഇതുവരെ നിങ്ങള്‍ക്ക് നമ്മുടെ അതിര്‍ത്തികള്‍ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. കുറഞ്ഞപക്ഷം അവ സുരക്ഷിതമാക്കാനെങ്കിലും ശ്രമിക്കൂ” പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ലക്ഷ്യംവച്ചുകൊണ്ട്, മുംബൈയില്‍ സംഘടിപ്പിച്ച ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനിടയില്‍ മോദി നടത്തിയ പരിഹാസമാണിത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ അന്നത്തെ സര്‍ക്കാരിന് സാധിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ സര്‍ക്കാരിന്റെ വീഴ്ച്ചകളെക്കുറിച്ച് മിണ്ടുന്നേയില്ലെന്ന കാര്യവും പ്രതിപക്ഷവും പൊതുസമൂഹവും ചൂണ്ടിക്കാണിക്കുന്നുണ്ട്. PM Modi accused of politicizing Pahalgam attack during Bihar election campaign
Content Summary; PM Modi accused of politicizing Pahalgam attack during Bihar election campaign
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.