പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദര്‍ശനത്തിനിടയിലെ ഒരു കൗതുകകരമായ ദൃശ്യം ഇന്ത്യന്‍ ഓഹരി വിപണിയില്‍ അപ്രതീക്ഷിത ചലനങ്ങള്‍ സൃഷ്ടിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് നരേന്ദ്ര മോദി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഠായിയായ ‘മെലഡി’ സമ്മാനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് വിപണിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ‘മെലഡി’ മിഠായിയുടെ നിര്‍മ്മാതാക്കള്‍ ആണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ഇരച്ചെത്തുകയായിരുന്നു.
ഇറ്റലി സന്ദര്‍ശനത്തിനിടയില്‍ മെലോണിക്ക് പ്രധാനമന്ത്രി മോദി ഒരു പാക്കറ്റ് മെലഡി ടോഫികള്‍ സമ്മാനിക്കുന്ന വീഡിയോ ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്വന്തം എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ‘സമ്മാനത്തിന് നന്ദി’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ദൃശ്യം നിമിഷങ്ങള്‍ക്കകം വൈറലായി. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിക്ക് മെലോണി അത്താഴവിരുന്ന് ഒരുക്കുകയും ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇരുവരും ചേര്‍ന്ന് ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചകള്‍ക്കിടയിലെ സുന്ദരമായ നിമിഷമാണ് വീഡിയോയില്‍ പകര്‍ത്തിയത്.
ഈ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള ‘പാര്‍ലെ ഇന്‍ഡസ്ട്രീസ്’ എന്ന കമ്പനിയുടെ ഓഹരി വില കുത്തനെ ഉയര്‍ന്നു. വ്യാപാരത്തിനിടയില്‍ കമ്പനിയുടെ ഓഹരികള്‍ 5 ശതമാനം വര്‍ധിച്ച് 5.25 രൂപയിലേക്ക് വരെ എത്തി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഈ ഓഹരി വില വര്‍ദ്ധനവിന് പിന്നില്‍ നിക്ഷേപകര്‍ക്ക് പറ്റിയ വലിയൊരു അബദ്ധമായിരുന്നു.
നമുക്കേവര്‍ക്കും പരിചിതമായ പാര്‍ലെ-ജി, മൊണാക്കോ, ക്രാക്ക്ജാക്ക്, ഹൈഡ് ആന്‍ഡ് സീക്ക് തുടങ്ങിയ ബിസ്‌ക്കറ്റുകളും ‘മെലഡി’ മിഠായിയും നിര്‍മ്മിക്കുന്നത് പ്രശസ്ത എഫ്.എം.സി.ജി കമ്പനിയായ ‘പാര്‍ലെ പ്രോഡക്റ്റ്‌സ്’ ആണ്. എന്നാല്‍ നിക്ഷേപകര്‍ പാര്‍ലെ പ്രോഡക്റ്റ്‌സിന് പകരം പേര് സാദൃശ്യമുള്ള ‘പാര്‍ലെ ഇന്‍ഡസ്ട്രീസ്’ എന്ന കമ്പനിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.
യഥാര്‍ത്ഥത്തില്‍ ‘പാര്‍ലെ ഇന്‍ഡസ്ട്രീസ്’ എന്ന കമ്പനിക്ക് മെലഡി മിഠായിയുമായോ അത് നിര്‍മ്മിക്കുന്ന പാര്‍ലെ പ്രോഡക്റ്റ്‌സുമായോ യാതൊരുവിധ ബന്ധവുമില്ല. റിയല്‍ എസ്റ്റേറ്റ് വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് പാര്‍ലെ ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ പേര് മാത്രമാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ വീഡിയോ വൈറല്‍ ആയതോടെ മെലഡി മിഠായിയുടെ വിപണി മൂല്യം ഉയരുമെന്ന് കരുതി ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ധൃതികൂട്ടിയതാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്.
Content Summary: Parle Industries shares surged 5% after investors mistook it for Melody toffee maker Parle Products, following PM Modi’s chocolate gift to Italian PM Meloni
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.