March 15, 2025 |
Share on

‘മോദിയും താക്കൂറും സഭയെ തെറ്റിദ്ധരിപ്പിച്ചു’; സ്പീക്കര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയത്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി എംപി അനുരാഗ് താക്കൂറും ലോക്‌സഭയില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി കോണ്‍ഗ്രസ്. സഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരേ ചട്ടം 115(1) അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ് തമിഴ്‌നാട്ടിലെ വിരുതനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ സ്പീക്കര്‍ക്ക് കത്തയച്ചത്. ചട്ടം 115(1) പ്രകാരം സഭയില്‍ ഒരു എംപി നടത്തിയ തെറ്റിദ്ധാരണജനകമായ പ്രസ്താവനകള്‍ മറ്റൊരു എംപി സഭയില്‍ തന്നെ ഉയര്‍ത്തുന്നതിനു മുമ്പായി സ്പീക്കര്‍ക്ക് എഴുതി അറിയിക്കണം. ഇതിന്‍ പ്രകാരമാണ് കോണ്‍ഗ്രസ് ഓം ബിര്‍ളയ്ക്ക് കത്തെഴുതിയത്.

പ്രധാനമന്ത്രി ചൊവ്വാഴ്ച്ച ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടയില്‍ ആരോപിച്ചത്, സ്ത്രീകള്‍ക്ക് മാസം 8,500 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യാജ വാഗ്ദാനം നല്‍കിയെന്നാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനം മാത്രമായിരുന്നു അതെന്നാണ് കത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്ന പ്രധാനമന്ത്രിയുടെ മറ്റൊരു തെറ്റായ പ്രസ്താവന കോണ്‍ഗ്രസിന്റെ വോട്ട് വിഹിതവുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രി പറഞ്ഞത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച 16 സീറ്റുകളില്‍ വോട്ട് വിഹിതം കുറഞ്ഞു പോയെന്നാണ്. എന്നാല്‍ പാര്‍ട്ടി സ്പീക്കര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ ഇടങ്ങളിലെല്ലാം വോട്ട് വിഹിതം കൂടിയുണ്ടെന്നാണ്.

പ്രധാനമന്ത്രി നടത്തിയ ഗൗരവമേറിയ മറ്റൊരു തെറ്റായ ആരോപണം കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭ്യമാക്കിയിരുന്നില്ലെന്നതാണെന്ന് കത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ജാക്കറ്റുകളുടെ കാര്യത്തില്‍ ചെറിയ കുറവ് നേരിട്ടിരുന്നുവെങ്കിലും അത് പൂര്‍ണമായും ഇല്ലായിരുന്നുവെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്നാണ് പാര്‍ട്ടി പറയുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് പൊലീസുകാര്‍ക്ക് വരെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടായിരുന്നുവെന്നാണ് മുംബൈ ആക്രമണ സമയം ഉദ്ദാഹരണമാക്കി കോണ്‍ഗ്രസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

കത്തില്‍ ആരോപിക്കുന്ന മോദിയുടെ മറ്റൊരു തെറ്റായ പ്രസ്താവന ഫൈറ്റര്‍ ജെറ്റുകളുമായി ബന്ധപ്പെട്ടതാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ആര്‍മിക്ക് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ നല്‍കിയിരുന്നില്ലെന്നാണ് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞതെന്നും അത് തെറ്റിദ്ധാരണ പരത്തുന്ന കാര്യമാണെന്നും കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് സൈന്യത്തിന് മിഗ് 29, ജാഗ്വര്‍, മിറാഷ് 2000, സുഖോയ് എസ് യു 30 തുടങ്ങിയ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.

ബിജെപി എംപി അനുരാഗ് താക്കൂറും ജൂലൈ ഒന്നിന് സഭയില്‍ പറഞ്ഞത് കോണ്‍ഗ്രസ് ഭരണകാലത്ത് സൈന്യത്തിന് ആയുധങ്ങളോ ഫൈറ്റര്‍ ജെറ്റുകളോ നല്‍കിയിരുന്നില്ലെന്നാണ്. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലത്ത് ജാഗ്വര്‍, മിഗ് 29, എസ് യു 30, മിറാഷ് 2000 എന്നിവ സൈന്യത്തിനുണ്ടായിരുന്നു-കത്തില്‍ പറയുന്നു. ‘ നമുക്ക് ആണവായുധം വരെയുണ്ടായിരുന്നു, അതുപോലെ അഗ്നി, പൃഥ്വി, ആകാശ്, നാഗ്, തൃശൂല്‍, ബ്രഹ്‌മോസ് തുടങ്ങിയ മിസൈലുകളും’ കോണ്‍ഗ്രസ് എംപിയുടെ കത്തില്‍ പറയുന്നു.

25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയെന്ന അനുരാഗ് താക്കൂറിന്റെ അവകാശവാദം തെറ്റാണെന്നും അതുപോലെ പ്രധാനമന്ത്രി ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ലെന്ന അവകാശവാദവും തെറ്റാണെന്നും കോണ്‍ഗ്രസ് കത്തില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏത് തരം അവധിയാണ് എടുക്കുന്നതെന്നും കത്തില്‍ കോണ്‍ഗ്രസ് പരിഹാസത്തോടെ ചോദിക്കുന്നുണ്ട്.  pm narendra modi and anurag thakur inaccurate and misleading claims in lok sabha congress writes to speaker

×