കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ പിഎം ശ്രീ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കേരളം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പരമാധികാരത്തിന്മേല്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ലെന്ന രാഷ്ട്രീയ നിലപാട് മുന്‍ നിര്‍ത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാഠ്യപദ്ധതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൂര്‍ണ്ണമായും സംസ്ഥാനത്തിന് നിലനിര്‍ത്തണമെന്നും പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം കേന്ദ്രത്തിന് വിട്ടുനല്‍കാതെ സംസ്ഥാനത്തിന് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ഈ വിഷയത്തില്‍ സംസ്ഥാനത്തിന്റെ കൃത്യമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കുന്നതിനും കരാര്‍ വ്യവസ്ഥകളില്‍ ഇളവുകള്‍ നേടിയെടുക്കുന്നതിനുമായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ ക്യാബിനറ്റ് യോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ എന്‍. ഷംസുദ്ദീന്‍, റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരടങ്ങുന്നതാണ് ഉപസമിതി.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയെ പരസ്യമായി എതിര്‍ക്കുകയും എന്നാല്‍ കേന്ദ്ര ഫണ്ട് (സമഗ്ര ശിക്ഷാ വിഹിതം) തടസ്സപ്പെടാതിരിക്കാന്‍ ക്യാബിനറ്റിനെപ്പോലും അറിയിക്കാതെ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നുവെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം. മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിടുകയും പദ്ധതിയുടെ ഭാഗമായി 99 കോടിയോളം രൂപ കൈപ്പറ്റുകയും, കേന്ദ്രം 106 കോടി രൂപ കൂടി അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പുതിയ സര്‍ക്കാര്‍ നിര്‍ബന്ധിതരായതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറായതിനാല്‍ ഭരണമാറ്റമുണ്ടായാലും സംസ്ഥാനത്തിന് അതില്‍ നിന്ന് പെട്ടെന്ന് പിന്മാറാന്‍ കഴിയില്ല എന്ന നിയമപരമായ ബാധ്യതയും ഇതിന് പിന്നിലുണ്ടെന്ന് സതീശന്‍ അവകാശപ്പെടുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതുപ്രകാരം പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന വ്യവസ്ഥകളിലാണ് കേരളം കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുക. കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അരുത് (പാഠ്യപദ്ധതി സ്വാതന്ത്ര്യം) എന്നതാണ് ഒരാവശ്യം. മുന്‍ സര്‍ക്കാരിന്റെ കാലത്തും കേരളം ഈ പദ്ധതിയെ എതിര്‍ത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. സംസ്ഥാനത്തിന് സ്വന്തം കരിക്കുലത്തിലും സ്‌കൂള്‍ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്ന പൂര്‍ണ്ണമായ അധികാരം ഈ പദ്ധതിയിലൂടെ നഷ്ടപ്പെടുമെന്നും, വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങളെയും കാഴ്ചപ്പാടുകളെയും ഇത് ബാധിക്കുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ആശങ്കപ്പെട്ടിരുന്നു. തങ്ങളുടെ കരിക്കുലത്തിലും സിലബസിലും മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന ഉറപ്പോടെ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ എന്നായിരുന്നു മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് വ്യക്തമാക്കിയിരുന്നത്.
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി കേന്ദ്രം വിഭാവനം ചെയ്യുന്ന എന്‍സിഇആര്‍ടി കരിക്കുലവും മൂല്യനിര്‍ണ്ണയ രീതികളും കേരളത്തിലെ സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇപ്പോഴത്തെ സര്‍ക്കാരും പറയുന്നത്. വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നാണ് സതീശന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. കേരളത്തിന്റേതായ തനത് സിലബസും മതേതര-ശാസ്ത്രീയ മൂല്യങ്ങളിലൂന്നിയ പാഠ്യപദ്ധതിയും നിലനിര്‍ത്താനുള്ള സംസ്ഥാനത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാല്‍ പിന്നീട് നടക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിദ്യഭ്യാസ അജണ്ടയുടെ പൂര്‍ത്തീകരണമാണ്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നതാണ് മറ്റൊരു ആവശ്യമായി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്. നിലവിലെ പിഎം ശ്രീ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്രത്തിന്റെ യു-ഡൈസ് പ്ലസ് പോര്‍ട്ടല്‍ വഴിയാണ് സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നത്. ഇതില്‍ മാറ്റം വരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാനത്തെ ഏത് സ്‌കൂളിലാണ് ഈ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണമായ അവകാശം സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കണം. പ്രാദേശികമായ ആവശ്യങ്ങളും സ്‌കൂളുകളുടെ യഥാര്‍ത്ഥ അവസ്ഥയും വിലയിരുത്തി സ്‌കൂളുകളെ നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് കഴിയണം ഇതൊക്കെയായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
എന്നാല്‍ നിലവിലെ കേന്ദ്ര മാനദണ്ഡങ്ങളും കേരളത്തിന്റെ ഇപ്പോഴത്തെ ആവശ്യങ്ങളും ഒത്തുപോകുന്നതല്ല. അതുകൊണ്ട് തന്നെ കേരള സര്‍ക്കാര്‍ തേടുന്ന ഇളവുകള്‍ പിഎം ശ്രീ പദ്ധതിയുടെ നിലവിലെ കേന്ദ്ര ഘടനയനുസരിച്ച് അംഗീകരിക്കപ്പെടാന്‍ സാധ്യത തുലോം കുറവാണ്.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ വളരെ പ്രസക്തമാണെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കരിക്കുലം തീരുമാനിക്കുന്നതിലും സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നതിലും എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
കരിക്കുലത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഭാഗികമായ സ്വാതന്ത്ര്യമുണ്ടെങ്കിലും കേന്ദ്രത്തിന്റെ ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതോടെ സംസ്ഥാനങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കാന്‍ സമ്മതിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി എന്‍സിഇആര്‍ടി തയ്യാറാക്കുന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പിന്തുടരേണ്ടി വരും.
നിലവില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ സ്റ്റേറ്റ് സിലബസും സ്വന്തം പാഠപുസ്തകങ്ങളും തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പിഎം ശ്രീ സ്‌കൂളുകളില്‍ കേന്ദ്രം വിഭാവനം ചെയ്യുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ത്രിഭാഷാ പദ്ധതി, പുത്തന്‍ മൂല്യനിര്‍ണ്ണയ രീതികള്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടി വരും.
സ്‌കൂളുകളിലെ പഠനനിലവാരവും പുരോഗതിയും വിലയിരുത്തുന്നത് കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ (ഉദാഹരണത്തിന് ‘പരാഖ്’ പോലുള്ള സംവിധാനങ്ങള്‍) വഴിയായിരിക്കും. അതിനാല്‍, പാഠ്യപദ്ധതി പൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരം മാത്രം തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. കേന്ദ്രത്തിന്റെ പൊതുവായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കൂ.
ഏതൊക്കെ സ്‌കൂളുകള്‍ പദ്ധതിക്കായി തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ്ണമായ അധികാരമില്ല. അതിനായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ ഒരു പ്രക്രിയയും മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നത്: ഒന്നാം ഘട്ടം (ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി): യു-ഡൈസ് പ്ലസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചിത ആധുനിക സൗകര്യങ്ങളുള്ള സ്‌കൂളുകളെ കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്വയം തിരഞ്ഞെടുക്കും.
രണ്ടാം ഘട്ടം (സംസ്ഥാനങ്ങളുടെ പങ്ക്): ഈ പോര്‍ട്ടല്‍ തരംതിരിച്ചു നല്‍കുന്ന സ്‌കൂളുകളില്‍ നിന്നും, കേന്ദ്രം നിശ്ചയിച്ചിട്ടുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ (ഉദാഹരണത്തിന്: കളിസ്ഥലം, അഗ്‌നിസുരക്ഷാ സംവിധാനം, മതിയായ അധ്യാപകര്‍ എന്നിവ) പാലിക്കുന്ന സ്‌കൂളുകളെ സംസ്ഥാനങ്ങള്‍ പരിശോധിച്ചു ശുപാര്‍ശ ചെയ്യണം.
മൂന്നാം ഘട്ടം (സ്‌കൂളുകളുടെ മത്സരം): ശുപാര്‍ശ ചെയ്യപ്പെട്ട സ്‌കൂളുകള്‍ സ്വയം ചലഞ്ച് മോഡില്‍ അപേക്ഷിച്ച് യോഗ്യത തെളിയിക്കണം. തുടര്‍ന്ന് കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയാണ് ഇതില്‍ നിന്ന് അന്തിമമായി ഏതൊക്കെ സ്‌കൂളുകള്‍ വേണമെന്ന് തീരുമാനിക്കുന്നത്.
ചുരുക്കത്തില്‍, ഒരു സംസ്ഥാനത്തിന് തങ്ങളുടെ ഇഷ്ടപ്രകാരം ഏതെങ്കിലും ഒരു സ്‌കൂളിനെ നേരിട്ട് പിഎം ശ്രീ സ്‌കൂളായി പ്രഖ്യാപിക്കാന്‍ കഴിയില്ല. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്‌കൂളുകളെ തിരഞ്ഞെടുക്കാനുള്ള ഒരു ‘നടത്തിപ്പുകാരന്‍ മാത്രമായിരിക്കും സംസ്ഥാനങ്ങള്‍.
കേരളം ഈ പദ്ധതിയെ എതിര്‍ത്തിരുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയായിരുന്നു. സംസ്ഥാനത്തിന് സ്വന്തം കരിക്കുലത്തിലും സ്‌കൂള്‍ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്ന പൂര്‍ണ്ണമായ അധികാരം ഈ പദ്ധതിയിലൂടെ നഷ്ടപ്പെടുമെന്നും, വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങളെയും കാഴ്ചപ്പാടുകളെയും ഇത് ബാധിക്കുമെന്നുമായിരുന്നു ആശങ്ക. കരിക്കുലത്തിലും സിലബസിലും മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന ഉറപ്പോടെ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന് മുഖ്യമന്ത്രി സതീശന്‍ പറയുന്നതിനും അടിസ്ഥാനമിതൊക്കെയാണ്.
പ്രതിപക്ഷത്തിരുന്നപ്പോള്‍ പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്ന യുഡിഎഫ്, ഭരണത്തിലെത്തിയപ്പോള്‍ അതുമായി സഹകരിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയാണ് പദ്ധതി നടപ്പിലാക്കാന്‍ ഇളവുകള്‍ തേടിയിരിക്കുന്നത്. കരിക്കുലത്തിലും സ്‌കൂള്‍ തിരഞ്ഞെടുപ്പിലും വിട്ടുവീഴ്ച ചെയ്യാതെ, കേന്ദ്ര ഫണ്ട് സംസ്ഥാനത്തെ കുട്ടികള്‍ക്കായി നേടിയെടുക്കുക എന്ന തന്ത്രപരമായ സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് വി.ഡി. സതീശന്‍ പറയുമ്പോഴും, അത് കേവലം രാഷ്ട്രീയ പ്രതിരോധത്തിനപ്പുറം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത വിരളമാണ്. വരും ദിവസങ്ങളില്‍ മന്ത്രിസഭാ ഉപസമിതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി നടത്തുന്ന ചര്‍ച്ചകളില്‍ കേരളത്തില്‍ പിഎം ശ്രീ പദ്ധതിയുടെ അന്തിമരൂപം വ്യക്തമാകുമെന്ന് വിചാരിക്കാം.
Content Summary; V.D. Satheesan government decides to implement the PM SHRI scheme in Kerala but demands curriculum autonomy and school selection.
This post was last modified on June 17, 2026 1:58 pm
Leave a Comment