ഈ കാലഘട്ടത്തില്‍ ഒരുപാടുപേര്‍ കവിതയെഴുതുന്നുണ്ട് . ആള്‍ക്കാരുടെ എണ്ണത്തെ സഹിക്കാന്‍ പറ്റാത്ത അവസ്ഥ എല്ലാവര്‍ക്കും ഉള്ളതാണ്, അത് സ്വാഭാവികവുമാണ്. ഒരു ബസ്സില്‍ നിറയെ ആളുകളുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞു എന്ന് വരില്ല. നമ്മള്‍ അടുത്ത ബസ്സ് കാത്തുനില്‍ക്കും. കവിതകള്‍ വായിക്കുന്നവരും ധാരാളമുണ്ട്. കവിത വായിക്കുന്നവര്‍ പിന്നീട് കവിത എഴുതുന്നവരാകാറുണ്ട്. ഇതൊരു സബ്ജക്റ്റിവിറ്റിയുടെ കാര്യമാണ്. സത്താപരമായിട്ടുള്ള ഒന്നിനെയാണ് നമ്മള്‍ സബ്ജക്റ്റ് എന്നു പറയുന്നത്. നമ്മള്‍ നമ്മളായിരിക്കാനും ചിന്തിക്കാനും ഉള്ള ശേഷിയെ ആണ് സബ്ജക്റ്റ് എന്ന് പറയുന്നത്. കര്‍തൃത്വം എന്നു പറയും. സിമോണ്‍ ദ ബുവെയുടെ സബ്ജക്റ്റിവിറ്റിയെ ക്കുറിച്ചുള്ള അഭിപ്രായം വളരെ വ്യക്തമാണ്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ കാണുന്നത് ഒരു ഒബ്ജ്ക്റ്റായിട്ടാണ്, വസ്തുവായിട്ടാണ്, സബ്ജക്റ്റായിട്ടല്ല. Conversation with a stone എന്നൊരു കവിതയുണ്ട്, വിസ്ലാവാ സിബോഴ്സ്കയുടെ കവിത . കല്ലുമായിട്ട് കവി സംസാരിക്കുകയാണ്. കല്ലിനോട് കല്ലിന്‍റെ ഉള്ളില്‍ പ്രവേശിക്കണം എന്ന് കവി പറയുന്നു . ഉള്ളിൽ പ്രവേശിക്കാനാവില്ല എന്ന് കല്ലു പറയുന്നു. കല്ല് എന്ന ഒബ്ജക്ടാണ് ഇവിടെ സംസാരിക്കുന്നത്. അതായത് ഒബ്ജക്ട് സബ്ജക്ട് ആയി മാറുന്നു എന്നർത്ഥം. അവസാനത്തെ വരി ഞാന്‍ ഓര്‍ക്കുന്നു , കല്ലു പറയുകയാണ്: I don’t have a door.
പാമ്പുകള്‍ പല തരമുണ്ട്. മൂര്‍ഖന്‍ ഏതാണെന്നോ നീര്‍ക്കോലി ഏതാണെന്നോ ചേര ഏതാണെന്നോ പുതിയ തലമുറയ്ക്ക് അറിയില്ല. തവിട്ട ഏതാണ്, കരിമൂര്‍ഖന്‍, വെള്ളമൂര്‍ഖന്‍ ഇതൊന്നും അറിഞ്ഞുകൂടാ. നാമറിയാത്ത എത്രയോ ചെറുജീവികൾ ലോകത്തുണ്ട്. ഇങ്ങനെ അറിവിന്‍റെ വലിയൊരു ലോകത്തെയാണ് പുതിയ കവിത കൊണ്ടുവരുന്നത്. ദളിതരും ആദിവാസികളും അദൃശ്യസമൂഹങ്ങളായി കിടക്കുന്നു. സിനിമ നിലവിലുള്ള ഒരു സിസ്റ്റത്തെ നിലനിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. ജാതിവ്യവസ്ഥയെയും സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്നതിനും ഒക്കെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു മാധ്യമം എന്ന നിലയിലാണ് ഞാന്‍ സിനിമയെ കാണുന്നത്. ഇന്ത്യന്‍ ജനതയെ ഒരുമിപ്പിക്കുന്ന ഒരു മ്യൂസിക്കിന്‍റെ ഘടകം ഉണ്ടുതാനും. എന്നാൽ സിനിമയെക്കാളും വലിയൊരു സാധ്യത കവിതയില്‍ ഞാന്‍ കാണുന്നു. ടി.പി രാജീവന്‍ തന്നെ വിജിലയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. കവിതയുടെ കാലമല്ല ഇത് എന്ന്. അങ്ങനെയല്ല അതിനെ കാണേണ്ടത്.
കവിതയില്‍ സംഭവിക്കുന്ന ഒരു വിപ്ലവമുണ്ട്. നിശ്ശബ്ദവിപ്ലവം. പ്രത്യേകിച്ച് ഒരു മുദ്ര കൊടുക്കാതെ തന്നെ ഒരു റെവല്യൂഷന്‍ ഇന്ന് കവിതയില്‍ നടക്കുന്നുണ്ട്. ഓരോ സ്ത്രീയും കവിത എഴുതുമ്പോള്‍ അവള്‍ ഒരു സബ്ജക്റ്റായി മാറുന്നു. സ്വയം ചിന്തിക്കാന്‍ അവള്‍ക്ക് കഴിയുന്നു. അങ്ങനെ വലിയൊരു മാറ്റം ഈ രംഗത്ത് ഉണ്ടാകുന്നു. നമുക്കറിയാം, മിശ്രവിവാഹം കൂടുതലായി നടക്കുന്നു. പണ്ടൊക്കെ അച്ഛനും അമ്മയും പറയുന്നതേ നമുക്ക് പഠിക്കാന്‍ പറ്റൂ. എന്‍റെ ചാച്ചന്‍ എന്നോട് പറഞ്ഞത്, ബാങ്ക് ജോലിക്കാരനാവാനാണ്. ഞാനതിന് തയ്യാറായില്ല. നിങ്ങള്‍ ചിത്രകാരനാവാന്‍ പഠിക്കണം എന്ന് പറഞ്ഞാല്‍ വിടുകയില്ല. വളരെ എതിര്‍പ്പായിരിക്കും. നിങ്ങളൊക്കെ കവിതയെഴുതാന്‍ പോവുകയാണ്, വേറൊന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ വീട്ടുകാർ പേടിച്ചുപോകും. ഇന്ന് വാട്ട് ഷുഡ് ഐ ബി എന്ന് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ കുറേയധികം മാറിയിട്ടുണ്ട്. മറ്റുള്ളവരുടെ ഉത്കണ്ഠകളെ മറികടന്നുകൊണ്ട് ലോകരാജ്യങ്ങളിലേക്ക് യാത്രപോകുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഞാന്‍ അങ്ങനെയാണ് കാണുന്നത്. എന്തിനാണ് ?
കൊട്ടാരത്തിലെ മുൻതലമുറക്കാരിയായ ഒരു സ്ത്രീ പറയുന്നത് കേട്ടു, പുതിയ തലമുറ ഇങ്ങനെ പുറത്തേക്ക് പോകുന്നത് ശരിയല്ല എന്ന്. എന്തിനാണ് ഇവിടെയിട്ട് ഈ താഴ്ന്ന ജാതിക്കാരെയും മധ്യവര്‍ഗസമൂഹത്തെയും ഒക്കെ ഇവിടെയിട്ട് ഇങ്ങനെ ചവിട്ടിയൊതുക്കാന്‍ വേണ്ടിയാണ് ഇവിടെ തന്നെ ജീവിച്ചോളാന്‍ പറയുന്നത്. നമ്മള്‍ എന്താകണം എന്ന് നമ്മള്‍ തന്നെ തീരുമാനിക്കുന്നതിലേക്ക്, വാട് ഷുഡ് ഐ ബി എന്ന് സ്വയം തീരുമാനിക്കുന്നതിലേക്ക് ഒരു മാറ്റം പുതിയ കവിതയിലും ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതുപോലെ ട്രൈബല്‍ റൈറ്റേഴ്സ് വരുന്നു. അശോകന്‍ മറയൂരും സുകുമാരന്‍ ചലിഗദ്ധയും ധന്യ വേങ്ങച്ചേരിയും. അതുപോലുള്ള എഴുത്തുകാര്‍ ഒരു കൂട്ടമാണ്. ഇനിയും സമൂഹങ്ങൾ വരാനിരിക്കുന്നു അവര്‍ വരുന്നതിലൂടെ അവര്‍ക്കെന്ത് സംഭവിക്കുന്നു ? അവര്‍ക്കൊരു വോയ്സ് ഉണ്ടാവുന്നു. I can speak എന്നുള്ളത് വലിയൊരു കാര്യമാണ്. കവിതയെഴുത്തും ഒരു സംസാരമാണ്. സ്പീച്ചിലേക്കെത്തുകയാണ് കവിത.അവിടെ കവിതയില്‍ ഗ്രാമറിനെ തകര്‍ക്കുന്ന സംഗതിയുണ്ട്. ഭാഷയുടെ ഒരു അട്ടിമറിയാണ് കവിത എന്ന് പറയുന്നതിന്‍റെ കാര്യം അതാണ്. മുളന്തുരുത്തി ആല സംഘടിപ്പിച്ച വിജിലയുടെ കവിതകളും വർത്തമാനവും എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രശസ്ത കവിയും അധ്യാപകനുമായ എസ് ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആല ബദൽ സാംസ്കാരിക വേദി മുളന്തുരുത്തി സംഘടിപ്പിച്ച
വിജിലയുടെ കവിതകളും വർത്തമാനവും എന്ന പരിപാടി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
കുഴൂർ വിത്സൺ, ഡോ.സുമി ജോയി ഒലിയപ്പുറം, ഒ. അരുൺകുമാർ, മനു ജോസ് , ശശികുമാർ കുന്നന്താനം ,അക്ബർ ,
മീര ബെൻ , മിത്ര നീലിമ , അലീന, എം.സി. സുരേഷ് , ആതിര സുരേഷ് , ജിബു കൊച്ചുചിറ ,
അഷ്ന ഷാജു , അജിത് എം പച്ചനാടൻ ,ആതിര ഐ.ടി എന്നിവർ കവിതകളെ കുറിച്ച് സംസാരിച്ചു.
Content Summary; Famous malayalam poet and teacher S. Joseph inaugurated the program Vijila’s Poems and Presents