സ്ത്രീകളുടെയും കുട്ടികളുടെ നഗ്നത ഒളി കാമറയില്‍ പകര്‍ത്തും
കൊച്ചു കുഞ്ഞുങ്ങളുടെ വരെ നഗ്നത വിറ്റ് കോടികള്‍ കൊയ്തിരുന്ന ശൃംഖല തകര്‍ത്ത് പൊലീസ്. തായ്‌വാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീലച്ചിത്ര ശൃംഖലയിലെ കണ്ണികളാണ് പൊലീസ് വലയിലായത്. ടെലിഗ്രാം ഉള്‍പ്പെടെ ഓണ്‍ലൈനിലെ വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴി കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍, സ്ത്രീകളുടെ അവരറിയാത ചിത്രീകരിച്ച നഗ്നത ദൃശ്യങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കുകയും കാണുകയും ചെയ്തവരെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പൊലീസ് അറിയിച്ചത്, ഈ റെയ്ഡിന്റെ ഭാഗമായി 449 പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്. തായ്‌വാന്‍ ചൈല്‍ഡ് ആന്‍ യൂത്ത് സെക്ഷ്വല്‍ എക്‌സപ്ലോയിറ്റേഷന്‍ പ്രിവന്റേഷന്‍ ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍, സംഘടിത കുറ്റകൃത്യം എന്നിവ ചുമത്തിയാണ് അറസ്റ്റ് നടത്തിയിരിക്കുന്നത്.
ക്രിപ്‌റ്റോകറന്‍സി, നെറ്റ്‌വര്‍ക്ക് ടോക്കണുകള്‍ എന്നിവ വഴി നഗ്ന വീഡിയോകള്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്ന 180 പേര്‍, ഈ ശൃംഖലയുടെ പ്രവര്‍ത്തന ചുമതലയുണ്ടായിരുന്നവര്‍, മാനേജ്‌മെന്റ് ജീവനക്കാര്‍, വീഡിയോ എഡിറ്റര്‍മാര്‍ തുടങ്ങിയവരൊക്കെയൊക്കെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(സിഐബി) അറിയിച്ചത്. അറസ്റ്റിലായവരില്‍ ചാങ് (മുഴുവന്‍ പേരല്ല) എന്നയാളാണ് തായ്‌വാനില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ച്വാങ്ജി സിഫാങ് എന്ന നിലച്ചിത്ര വ്യവസായത്തിന് ചുക്കാന്‍ പിടിച്ചിരുന്നതെന്നാണ് വിവരം. ഏകദേശം 5,000 അംഗങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ അംഗങ്ങളായിരുന്നുവെന്നാണ് പറയുന്നത്. ചൈനയിലാണ് ഇതിന്റെ യഥാര്‍ത്ഥ ഉടമയെന്നും ചാങ് അയാളുടെ പ്രതിനിധിയായിരുന്നുവെന്നുമാണ് തായ്‌പേയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അറസ്റ്റിലായവരില്‍ ചാങ് ഉള്‍പ്പെടെ മൂന്നു പേരെ തടവില്‍ വച്ചിരിക്കുകയാണ്. 16 പേരെ കേസ് എടുത്തശേഷം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. അറസ്റ്റിലായവരില്‍ അധ്യാപകര്‍, സൈനികര്‍, പൊലീസുകാര്‍, ഐടി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ബാധിക്കപ്പെട്ടവരില്‍ നൂറിലധികം പേരെ ഇതിനകം തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്ന റെയ്ഡുകളിലാണ് ഇത്രയധികം പേരെ പൊലീസിന് വലയിലാക്കാന്‍ കഴിഞ്ഞത്. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, തായ്‌വാന്‍, ഹോങ്കോങ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള 25 ലക്ഷത്തിലേറെ രൂപ എന്നിവയും കണ്ടെത്തിയിരുന്നു. 17 ഇടങ്ങളിലായി 64 സംഘങ്ങളായി നടത്തിയ തെരച്ചിലിലാണ് ഇത്രയധികം പേര്‍ കുടുങ്ങിയത്.
രണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, രണ്ട് ടെലിഗ്രാം ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്. കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ വ്യത്യസ്ത പ്രായത്തിലുള്ള പെണ്ണുടലുകള്‍ രഹസ്യമായി പകര്‍ത്തി വില്‍ക്കുകയായിരുന്നു സംഘം. കുളി മുറികള്‍, റെസ്റ്ററന്റുകള്‍, ബാറുകള്‍, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഒളി കാമറകള്‍ വച്ച് ഈ സംഘം പെണ്‍ ശരീരങ്ങളുടെ നഗ്നത പകര്‍ത്തിയിരുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെയും നിയമവിരുദ്ധ ലൈംഗിക ചിത്രീകരണത്തിന്റെയും ദൃശ്യങ്ങളും വീഡിയോകളുടെയും പ്രചാരണം വര്‍ദ്ധിക്കുന്നത് തടയാന്‍ തായ്‌വാന്‍ ഭരണകൂടം ഒന്നും ചെയ്തിരുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. 2023 ല്‍ മാത്രമാണ് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാക്കിയതെന്നാണ് തായ്‌വാനിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സത്രീ സുരക്ഷ ഫൗണ്ടേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തരം നിയമവിരുദ്ധ ശൃംഖലകളെ പൂര്‍ണമായി ഇല്ലാതാക്കുക ശ്രമകരമാണെന്നാണ് സിഐബി ഹൈടെക് ക്രൈം സെന്റര്‍ ഡയറക്ടര്‍ റുഫസ് ലിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കാരണം, ഇവര്‍ ഉപയോഗിക്കുന്നത് വിദേശ അക്കൗണ്ടുകളും ഡൊമൈനുകളും ആയിരിക്കും. തായ്‌വാനില്‍ ഇവരുടെ ബിസിനസ് മാത്രമാണ് നടത്തുന്നത്. ബിസിനസ് നടത്തുന്നവരെ പിടികൂടിയാല്‍ അടുത്ത സംഘത്തെ വച്ച് വീണ്ടുമവര്‍ കച്ചവടം ആരംഭിക്കും. ഇപ്പോള്‍ പിടിയിലായവര്‍ക്ക് പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും, ഞങ്ങളൊരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണ ഒരാള്‍ക്കും വേണ്ടെന്നും ലിന്‍ പറയുന്നുണ്ട്.
ഇപ്പോഴത്തെ റെയ്ഡും അറസ്റ്റിനുമെല്ലാം വഴി തെളിക്കുന്നത് തായ്‌വാനിലെ പ്രശസ്ത ടിവി അവതാരകനായ മിക്കി ഹുവാങ്ങിലൂടെയാണ്. ഏതാണ്ട് രണ്ട് ദശബ്ദാത്തോളമായി തായ്‌വനില്‍ സെലിബ്രിറ്റി ഇമേജില്‍ കഴിയുന്ന ഹുവാങിന്റെ മറ്റൊരു മുഖം തെളിയുന്നത് മീടു മൂവ്‌മെന്റിലൂടെയാണ്. 17 വയസുള്ള ഒരു പെണ്‍കുട്ടിയെ ഉള്‍പ്പെടെ ഹുവാങ് പല സ്ത്രീകളെയും ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നു. പൊലീസ് ഈ പരാതികളില്‍ അന്വേഷണം ആരംഭിച്ചു. അവരുടെ പരിശോധനയില്‍ ഹുവാങില്‍ നിന്നും കണ്ടെടുത്ത 4 ടിബി ഹാര്‍ഡ് ഡ്രൈവ് പരിശോധിച്ചപ്പോള്‍ നൂറു കണക്കിന് നഗ്ന ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവയില്‍ ഏഴെണ്ണം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെതായിരുന്നു. ച്വാങ്ജി സിഫാങ് ഗ്രൂപ്പില്‍ ഹുവാങും അംഗമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരായ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. Police have busted the largest illegal pornography ring in taiwan’s history
Content Summary; Police have busted the largest illegal pornography ring in taiwan’s history