സ്വർണകടത്ത് കേസിൽ നടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി പൊലീസ്. ഒരു കിലോ സ്വർണ്ണത്തിന് രന്യയ്ക്ക് 1 ലക്ഷം രൂപയും, ഒരു യാത്രയിൽ 12 മുതൽ 14 ലക്ഷം വരെയും ലഭ്യമായിരുന്നതായി പൊലീസ് വെളിപ്പെടുത്തൽ. കന്നഡ നടിയും ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളുമായ രന്യ റാവുവിനെ മാർച്ച് 3നാണ് ഡിആർഐ അറസ്റ്റ് ചെയ്യുന്നത്. ദുബായിൽ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വർണ്ണം കടത്തുന്നതിനിടയിലാണ് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് രന്യ പിടിയിലാവുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥനാത്തിലാണ് ഡിആർഐ രന്യയെ പിടികൂടാൻ പദ്ധതി തയ്യാറാക്കിയതും പിടികൂടുന്നതും. രന്യ എയർപോർട്ടിൽ എത്തിയ ഉടനെ തന്നെ ഡിആർഐ രന്യയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റിലായതിനെത്തുടർന്ന് രന്യയെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഹാജരാക്കി, കോടതി രന്യയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കയാണ് നിലവിൽ.
രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെയാണ് നിരവധി വെളിപ്പെടുത്തലുകളുമായി പൊലീസ് രംഗത്തെത്തിയത്. സമീപകാലത്ത് റിപ്പോർട്ട് ചെയ്ത സ്വർണകടത്തിൽ ഏറ്റവും വലിയ കേസാണ് രന്യയുടേതെന്ന് പൊലീസ് പറയുന്നു. 14 കിലോയോളം സ്വർണ്ണമാണ് രന്യ കടത്താൻ ശ്രമിച്ചത്. 12.56 കോടി വിലമതിക്കുന്ന വിദേശനിർമ്മിത സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഡിആർഐ പിടികൂടിയതായി ധനകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 4.73 കോടി സ്വത്തുവകകൾ ഉൾപ്പെടെ മുഴുവൻ 17.29 കോടിയാണ് ഡിആർഐ പിടിച്ചെടുത്തത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തന്റെ ദുബായ് യാത്രകൾ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നുവെന്ന് രന്യയുടെ വാദം. എന്നാൽ കണക്കിൽ കവിഞ്ഞ സ്വർണ്ണം രന്യയുടെ കൈവശമുണ്ടായിരുന്നുവെന്ന് ഡിആർഐ വ്യക്തമാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴും രന്യ കസ്റ്റഡിയിൽ തുടരുകയാണ്. 15 ദിവസത്തിനുള്ളിൽ നാല് ദുബായ് യാത്രകൾ നടത്തിയതോടെ ആണ് രന്യ നിരീക്ഷണത്തിലാവുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം 30 ദുബായ് യാത്രകളാണ് രന്യ നടത്തിയത്. ഈ യാത്രയിലെല്ലാം കർശനമായ പരിശോധനകൾ രന്യ ഒഴിവാക്കിയിരുന്നു. രന്യയുടെ യാത്രകൾക്ക് ഒരു പ്രത്യേക പാന്റേണുള്ളതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ താൻ നിർബന്ധിതമായാണ് സ്വർണ്ണം കടത്തിയതെന്ന് രന്യ ആരോപിച്ചു.
കന്നഡ ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റെ മകളെന്ന ലേബൽ ഉപയോഗിച്ചാണ് രന്യ കുറ്റകൃത്യങ്ങൾ ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ കേസിൽ പിതാവിന്റെ സ്വാധീനം രന്യ ഉപയോഗിച്ചിരുന്നു എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ കേസിൽ പിതാവിന്റെ ബന്ധവും ഡിആർഐ അന്വേഷിക്കുന്നുണ്ട്. എന്നാൽ തനിക്ക് പങ്കില്ലെന്നും മകൾക്ക് എതിരെയുള്ള കേസിൽ നിയമം അതിന്റെ ജോലി കൃത്യമായി ചെയ്യുന്നുവെന്നും രാമചന്ദ്ര റാവു ആരോപണങ്ങളോട് പ്രതികരിച്ചു. മകളുടെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങൾ വഴിയാണ് താൻ അറിയുന്നതെന്നും രാമചന്ദ്ര റാവു പറഞ്ഞു.
content summary: Police made revelations after arresting actor Ranya Rao in connection with alleged gold smuggling.