January 15, 2025 |
Share on

പൂജ ഖേദ്കറെ ഐഎഎസ് അക്കാദമിയിലേക്ക് തിരിച്ചു വിളിച്ചു

ജില്ല പരിശീലിനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

വിവാദ ഐഎഎസ് പ്രൊബേഷണറി ഓഫിസര്‍ പൂജ ഖേദ്കറിനെ ജില്ല പരിശീലനത്തില്‍ നിന്നും തിരിച്ചു വിളിച്ചു. സിവില്‍ സര്‍വീസില്‍ പരിശീലനം നല്‍കുന്ന മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍(എല്‍ബിഎസ്എന്‍എഎ)-ലേക്കാണ് പൂജയെ തിരിച്ചു വിളിച്ചിരിക്കുന്നത്. ജില്ല പരിശീലിന പദ്ധതി തത്കാലം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശമാണ് പൂജയ്ക്ക് കിട്ടിയിരിക്കുന്നത്. അന്വേഷണങ്ങളുടെ ഭാഗമായാണ് നടപടി.

ഒബിസി, പേഴ്‌സണ്‍ വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസബിളിറ്റീസ്(പിഡബ്ല്യുബിഡി) വിഭാഗങ്ങളില്‍ പൂജ നേടിയ ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമാണെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു.

ചൊവ്വാഴ്ച്ച മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗദ്രെ അയച്ച കത്തിലാണ് മസൂറിയിലെ ക്യാമ്പിലേക്ക് മടങ്ങാന്‍ നിര്‍ദേശം കൊടുത്തിരിക്കുന്നത്. നിങ്ങളുടെ ജില്ലാ പരിശീലന പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ആവശ്യമായ തുടര്‍ നടപടികള്‍ക്കായി ഉടനെ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തിരിച്ചുവിളിക്കാനും തീരുമാനിച്ചു എന്നാണ് കത്തില്‍ പറയുന്നത്. ജൂലൈ 23 ന് മുമ്പായി അക്കാദമിയില്‍ ജോയിന്‍ ചെയ്യണമെന്നു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൂനെ കളക്ടര്‍ ഓഫിസില്‍ നിന്നും വാഷിമിലേക്ക് സൂപ്പര്‍ ന്യൂമറി അസിസ്റ്റന്റ് കളക്ടര്‍ പോസ്റ്റിലേക്ക് പൂജയെ സ്ഥലം മാറ്റിയിരുന്നു. ഒബിസി, പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍ നിന്നുള്ള നിയമനമായി പൂജ്ക്ക് ഐഎഎസ് നല്‍കിയതിനു പുറമെ അധികാര ദുര്‍വിനിയോഗം നടത്തിയത്തിന്റെ പേരിലും പൂജയ്‌ക്കെതിരേ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. പ്രൊബേഷണറി ഓഫിസര്‍ എന്ന നിലയില്‍ അവകാശപ്പെടാനാകാത്ത സൗകര്യങ്ങള്‍ പൂജ ആവശ്യപ്പെട്ടിരുന്നു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 821 റാങ്ക് മാത്രമായിരുന്നു പൂജയ്ക്ക്. എന്നാല്‍ ഒബിസി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യം മുതലെടുത്താണ് പൂജ തന്റെ ഐഎഎസ് പദവി ഉറപ്പിച്ചെടുത്തത്.

ശാരീരിക വെല്ലുവിളി നേരിടുന്നുണ്ടെന്ന പൂജയുടെ വാദവും തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ടായിരുന്നു. പൂജയുടെ ഇടത് കാലില്‍ ചലനശേഷിക്കുറവ് ഉണ്ടെങ്കിലും അത് ഏഴ് ശതമാനം മാത്രമാണ്. മാനദണ്ഡം അനുസരിച്ച് 40 ശതമാനം ഭിന്നശേഷിയുള്ള വ്യക്തിക്കാണ് ആനുകൂല്യം ലഭിക്കുക. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് പൂജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നുവെങ്കിലും, ബോര്‍ഡ് നിര്‍ദേശിച്ച മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയയാകാന്‍ പൂജ പലതവണയായി വിസമ്മതിക്കുകയും പൂര്‍ണമായ പരിശോധനകള്‍ നടത്താന്‍ തയ്യാറായതുമില്ല.

വരുമാനം കാണിച്ചതിലും പൂജയ്‌ക്കെതിരേ പരാതിയുണ്ട്. ഏകദേശം 22 കോടിയുടെ ആസ്തിയാണ് പൂജയ്ക്ക് യഥാര്‍ത്ഥത്തില്‍ ഉള്ളതെന്നാണ് പരാതി. അതേസമയം പൂജയുടെ മാതാപിതാക്കളായ മനോരമ, ദിലീപ് ഖേദ്കര്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. എന്നാല്‍ രണ്ടു പേരും ഒളിവില്‍ പോയിരിക്കുകയാണ്.  pooja khedkar government asked her to report to ias academy put on hold district training programme

Post Thumbnail
കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന അമ്മ, പൂജയുടെ വിവാദ ഓഡി കാര്‍ നിയമം ലംഘിച്ചത് 21 തവണവായിക്കുക

Content Summary: pooja khedkar government asked her to report to ias academy put on hold district training programme

×