March 23, 2025 |
Share on

കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന അമ്മ, പൂജയുടെ വിവാദ ഓഡി കാര്‍ നിയമം ലംഘിച്ചത് 21 തവണ

മഹാരാഷ്ട്ര ജൂനിയര്‍ ഐഎഎസ് ഓഫിസറുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടുന്നു

അന്വേഷണം നേരിടുന്ന ജൂനിയര്‍ ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറിനെതിരേ നിരവധി പരാതികളാണ് ഉയരുന്നത്. പൂജയെക്കുറിച്ച് മാത്രമല്ല, അവരുടെ മാതാപിതാക്കളെക്കുറിച്ചുള്ള ആക്ഷേപങ്ങളും ശക്തമാണ്. പിതാവ് ദിലീപ് ഖേദ്കറാണ് പല അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും പൂജയെ പ്രേരിപ്പിച്ചതെന്ന് ആരോപണമുണ്ട്. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 40 കോടിയായിരുന്നു ആസ്തിയായി കാണിച്ചിരുന്നത്. പലയിടങ്ങളിലായി പൂജയുടെ മാതാപിതാക്കളുടെ പേരില്‍ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടെന്നാണ് ആരോപണം. ഇതില്‍ നിയമവിരുദ്ധമായി സ്വന്തമാക്കിയ കൃഷിഭൂമിയുമുണ്ടെന്ന് പറയുന്നു.

ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ഒരു വൈറല്‍ വീഡിയോയാണ് പൂജയുടെ അമ്മ മനോരമ ഖേദ്കറെ വിവാദത്തിലാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് നേരെ കൈത്തോക്ക് ഉയര്‍ത്തി നില്‍ക്കുന്ന മനോരമയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ പഴയതാണെങ്കിലും പൂജയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഐഎഎസ് നേടിയതെങ്ങനെ? പൂജയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചു

പൂജയുടെ പിതാവ് ദിലീപ് വിവിധയിടങ്ങളില്‍ കോടികള്‍ വില വരുന്ന ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് പറയുന്നത്. അക്കൂട്ടത്തില്‍ പൂനെയിലെ മുള്‍ഷി താലൂക്കിലും ഭൂമി വാങ്ങിയിട്ടുണ്ട്. ഈ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിഭൂമി കൂടി കൈക്കലാക്കാന്‍ ഖേദ്കര്‍ കുടുംബം ശ്രമിക്കുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇതിന്റെ പേരില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തിയപ്പോള്‍, അംഗരക്ഷകന്മാരുമായി മനോരമ സ്ഥലത്തെത്തി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന കര്‍ഷകര്‍ക്കു മുന്നില്‍ അവര്‍ ഒരു പിസ്റ്റള്‍ പുറത്തെടുത്തു. തോക്കുമായി കര്‍ഷകരോട് ആക്രോശിക്കുകയും അവരുടെ മുഖത്തിന് നേരെ തോക്ക് വീശുകയും ചെയ്യുന്നു. വീഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ തോക്ക് മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും അതേ തോക്കുമായി കര്‍ഷകരെ ഭീഷണിപ്പെടുത്തുകയാണ്. ‘ എനിക്ക് സ്ഥലത്തിന്റെ രേഖകള്‍ കാണണം. ഈ സ്ഥലം ഇപ്പോള്‍ എന്റെ പേരിലാണ്” മനോരമ ഒരു കര്‍ഷകനോട് മറാത്തിയില്‍ വെല്ലുവിളിക്കുകയാണ്. സ്ഥലം തന്റെ പേരിലാണെന്നും ഇതിന്റെ പേരിലുള്ള കേസ് കോടതിയിലുണ്ടെന്നും കര്‍ഷകന്‍ മറുപടി കൊടുക്കുമ്പോള്‍ മനോരമ തിരിച്ചു ചോദിക്കുന്നത് കോടതി രേഖകള്‍ കാണിക്കാനാണ്. തന്നെ നിയമം പഠിപ്പിക്കാന്‍ വരരുതെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തുന്നുണ്ട്. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഇക്കാര്യങ്ങളെല്ലാം പതിഞ്ഞിരിക്കുന്നത്.

മകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോടും പൊട്ടിത്തെറിച്ചാണ് മനോരമ സംസാരിച്ചത്. ചാനല്‍ കാമറകള്‍ അവര്‍ തള്ളി മാറ്റുന്നതും മാധ്യമപ്രവര്‍ത്തകരോടു ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ആക്രോശിക്കുന്നതുമെല്ലാം പുറത്തു വന്നിരുന്നു.

വിവിധ സ്ഥലങ്ങളിലായി പൂജയും മാതാപിതാക്കളും ഭൂമിയും മറ്റു വസ്തു വകകളും സ്വന്തമാക്കിയിട്ടുണ്ട്. എന്‍ഡിടിവി പറയുന്നത്, 2023 ല്‍ പൂജ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, മഹാരാഷ്ട്രയില്‍ അഞ്ചിടങ്ങളിലായി ഭൂമിയും രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുമായി 22 കോടിയുടെ ആസ്തിയുണ്ടെന്നാണ്. 45 ലക്ഷം വരുന്ന ഒരു അപ്പാര്‍ട്ട്‌മെന്റ് അഹമ്മദ് നഗറിലും 75 ലക്ഷം വില വരുന്നൊരു അപ്പാര്‍ട്ട്‌മെന്റ് പൂനെയിലുമായി വേറെയുമുണ്ട്.

അതേ സമയം പൂജയ്‌ക്കെതിരേ ഉയര്‍ന്നിരിക്കുന്ന മറ്റൊരു പരാതി അവര്‍ ട്രാഫിക് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതുമായി ബന്ധപ്പെട്ടാണ്. പൂജ ഖേദ്കറിനെതിരെയുള്ള പരാതികള്‍ തുടങ്ങുന്നത് അവരുടെ സ്വന്തം ആഡംബര വാഹനമായ ഔഡി കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റിക്കര്‍ പതിപ്പിച്ചതുമൊക്കെയാണ്. ഇപ്പോല്‍ പൂനെ ട്രാഫിക് പൊലീസ് പറയുന്നത് പൂജയുടെ ഓഡി കാര്‍ 21 തവണ ട്രാഫിക് നിയമം ലംഘിച്ചിട്ടുണ്ടെന്നാണ്.

അശ്രദ്ധമായി വാഹനം ഓടിക്കുക, ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പൂജയ്‌ക്കെതിരേ ഉള്ളത്. 27,000 രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ പൂജയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കാറിന്റെ മുന്നിലും പുറകിലും മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റിക്കര്‍ പതിപ്പിച്ചും ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതും കുറ്റങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കാനായി പൂജയുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും അവിടെയാരും തന്നെയുണ്ടായിരുന്നില്ല. ഇത്രയധികം നിയമലംഘനങ്ങള്‍ അവര്‍ നടത്തിയിട്ടും ഇതുവരെ എന്തുകൊണ്ട് നടപടികളൊന്നും എടുത്തില്ലെന്ന വിമര്‍ശനവും പൊലീസിനെതിരേ ഉയര്‍ന്നിട്ടുണ്ട്.

ഐഎഎസ് പരീക്ഷയ്ക്ക് ഒബിസി ക്വാട്ടയിലും പിഡബ്ല്യുഡിബി ക്വാട്ടയിലും ഉള്‍പ്പെടാന്‍ പൂജ വ്യാജരേഖകള്‍ നല്‍കിയോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് അന്വേഷണം നടത്തുക. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  pooja khedkar mother threatening farmers with pistol, pune traffic police said  junior ias officer’s car violated rules 21 times 

Content Summary; pooja khedkar mother threatening farmers with pistol, pune traffic police said  junior ias officer’s car violated rules 21 times

×