ആശങ്കാജനകമായ ആരോഗ്യസ്ഥിതി തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇരട്ട ന്യുമോണിയയും സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോഴാണ് രണ്ട് ശ്വാസകോശങ്ങളിലും അണുബാധ സാരമായി ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് വത്തിക്കാന്‍ അറിയിച്ചു. 86 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചെസ്റ്റ് എക്‌സ്-റേയിലാണ് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ (ബൈലാറ്ററല്‍ ന്യുമോണിയ) ബാധിച്ചതായി കണ്ടെത്തിയത്. അണുബാധ മാറാനായി അദ്ദേഹത്തിന് കൂടുതല്‍ ചികിത്സ ആവശ്യമാണെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നേരത്തെ കണ്ടെത്തിയ ശ്വാസകോശ സംബന്ധമായ അണുബാധ (പോളിമൈക്രോബിയല്‍ അണുബാധ) ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്, കോര്‍ട്ടിസോണ്‍ തെറാപ്പി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമാക്കുന്നുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ബ്രോങ്കൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെ വെള്ളിയാഴ്ചയാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫെബ്രുവരി ആദ്യവാരം തന്നെ പാപ്പയ്ക്ക് ബ്രോങ്കൈറ്റിസ് ബാധിച്ചതായി വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അസുഖബാധിതനായിട്ടും അദ്ദേഹം ജോലിയില്‍ തുടരുകയായിരുന്നു. തന്റെ വസതിയില്‍ ചെറിയ മീറ്റിംഗുകള്‍ നടത്തുകയും സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ നിരവധി തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന വലിയ കുര്‍ബാനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ചെറുപ്പത്തില്‍ തന്നെ സിസ്റ്റുകള്‍ കാരണം ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ വലത് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ശസ്ത്രക്രിയ വേദനാജനകമായിരുന്നുവെന്നും ദിവസങ്ങളോളം ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും അദ്ദേഹം തന്റെ ആത്മകഥയായ ഹോപ്പില്‍ എഴുതിയിട്ടുണ്ട്.
നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നു. ഇത് കൃത്യമായി ശ്വാസമെടുക്കുന്നതിന് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ശ്വാസകോശ അണുബാധ വഷളാകാന്‍ കാരണമാകുകയും ചെയ്തിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ഹെര്‍ണിയ, ബ്രോങ്കൈറ്റിസ് എന്നിവ ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ പോപ്പിന് നടത്തിയിട്ടുണ്ട്. Pope Francis has been diagnosed with double pneumonia
Content Summary; Pope Francis has been diagnosed with double pneumonia